Published: 01 Sep 2017

വാൽനക്ഷത്രങ്ങളിൽ നിന്നാണോ ഭൂമിയിൽ സ്വർണ്ണം എത്തിയത്?

സിനിമാ സംവിധായകനായ ജെയിംസ് കാമറൂണിന്റെ അവതാർ എന്ന സിനിമ - അദ്ദേഹത്തിന്റെ തന്നെ ഏലിയൻസ് എന്ന പഴയൊരു സിനിമയും - അമൂല്യമായ ലോഹങ്ങൾക്ക് വേണ്ടി അന്യഗ്രഹങ്ങളിൽ പര്യവേക്ഷണം നടത്തുന്നതിന്റെ കഥയാണ്. കൊളംബിയൻ കാലഘട്ടത്തിന് മുമ്പുള്ള തദ്ദേശ അമേരിക്കക്കാർ, സ്വർണ്ണത്തിൽ സൂര്യന്റെ ശക്തി അടങ്ങിയിരിക്കുന്നുവെന്ന് വിശ്വസിച്ചു. ലോകത്തിലെ ലോഹമല്ല, ലോകത്തിന് പുറത്ത് നിന്ന് വന്നൊരു വസ്തുവാണ് സ്വർണ്ണമെന്ന് അവർ ചിന്തിച്ചു. ലോഹങ്ങളുടെ ഉത്ഭവത്തെ കുറിച്ച് പഠിക്കുന്ന ജിയോളജിസ്റ്റുകൾ പറയുന്നത്, ചരിത്രാതീത കാലത്ത് ഭൂമിയുമായി കൂട്ടിയിടിച്ച ഒരു വലിയ ഉൽക്കയിൽ നിന്നാണ് സ്വർണ്ണം ഭൂമിയിൽ എത്തിയത് എന്നാണ്.

രൂപീകരണ സമയത്ത് ഭൂമി ചുട്ടുപഴുത്ത് ഉരുകിയൊലിക്കുകയായിരുന്നു എന്നും സാന്ദ്രതയും ഭൂഗുരുത്വ ബലവും കാരണം ഉരുകിയൊലിക്കുന്ന പാറയെല്ലാം ഭൂമിയുടെ കേന്ദ്ര ഭാഗത്ത് അടിഞ്ഞുവെന്നും ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയിലെ ജിയോളജിസ്റ്റുകൾ പറയുന്നു. എന്നാൽ ഇടക്കിടെ അഗ്നിപർവ്വതങ്ങൾ പൊട്ടിയൊലിക്കുമ്പോൾ പാറ വീണ്ടും ഭൂമിയുടെ ഉപരിതലത്തിലേക്ക് തന്നെ പൊന്തിവന്നു. ഭൂമിയുടെ ഉപരിതലത്തിൽ ഉണ്ടായിരുന്ന ഇരുമ്പ് പോലുള്ള എല്ലാ ഭാരമുള്ള ലോഹങ്ങളും പതുക്കെപ്പതുക്കെ ഭൂമിയുടെ കേന്ദ്രഭാഗത്ത് അടിഞ്ഞു. അങ്ങനെ ഭൂമിയിലെ വിലപിടിപ്പുള്ള ലോഹങ്ങൾ, ഉപരിതലത്തിൽ നാമമാത്രമായി മാറി.

ഒലീവ് ഓയിൽ നിറച്ചിട്ടുള്ള ഒരു പാത്രത്തിൽ വിനാഗിരി തുള്ളികൾ ഒഴിക്കുമ്പോൾ, വിനാഗിരി തുള്ളികൾ ഗ്ലാസ്സിന്റെ അടിഭാഗത്ത് അടിയുന്ന പ്രക്രിയ, ഭൂമിയിലെ ഘന ലോഹങ്ങളെല്ലാം ഭൂമിയുടെ കേന്ദ്രഭാഗത്ത് അടിഞ്ഞതിന് സമാനമാണെന്ന് ലണ്ടൻ ഇമ്പീരിയൽ കോളേജിലെ ജിയോളജിസ്റ്റായ മാത്തിയാസ് വിൽബോർഡ് പറയുന്നു. ഇതിനർത്ഥം, കാലക്രമേണ ഭാരമുള്ള ലോഹമെല്ലാം ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് അപ്രത്യക്ഷമായി എന്നാണ്. എന്നാൽ 200 മില്യൺ വർഷം മുമ്പ് ഒരു ഉൽക്കയുമായി ഭൂമി കൂട്ടിയിടിച്ചതോടെ സ്ഥിതിഗതികൾ മാറി. വിലപിടിപ്പുള്ള ലോഹങ്ങൾ ഈ ഉൽക്കയിൽ നിന്ന് ഭൂമിയുടെ ഉപരിതലത്തിന് ലഭിച്ചു.

നിലവിലെ പഠനം അനുസരിച്ച്, ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് മണ്ണും പാറയും അടക്കമുള്ള 1,000 ടൺ മെറ്റീരിയൽ എടുക്കുകയാണെങ്കിൽ അതിൽ നിന്ന് ലഭിക്കുക വെറും 1.3 ഗ്രാം സ്വർണ്ണമാണ്. എന്നാൽ ഭൂമിയുടെ രൂപീകരണ പ്രക്രിയയുമായി താരതമ്യപ്പെടുത്തി നോക്കുമ്പോൾ അത്ര സ്വർണ്ണം പോലും ഭൂമിയുടെ ഉപരിതലത്തിൽ അവശേഷിക്കാൻ പാടുള്ളതല്ല. ബിബിസി ന്യൂസിന് നൽകിയ ഒരു അഭിമുഖത്തിൽ, ഈ 'ഉൽക്ക തിയറി' മാത്രമാണ് ഭൂമിയിൽ കാണപ്പെടുന്ന സ്വർണ്ണത്തിന് ന്യായീകരണമായി നൽകാൻ കഴിയുക എന്ന് വിൽബോർഡ് ഊന്നിപ്പറയുകയുണ്ടായി. 3.8 ബില്യൺ വർഷങ്ങൾക്ക് മുമ്പ് നടന്ന ഈ ഉൽക്ക പതനത്തെ "ടെർമിനൽ ബൊംബാർഡ്മെന്റ്" എന്നാണ് വിൽബോർഡ് വിശേഷിപ്പിക്കുന്നത്.

ഭൂമിയുടെ ഉപരിതലത്തിൽ കാണുന്ന സ്വർണ്ണത്തിന്റെ ധാരാളിത്തത്തെ വിശദീകരിക്കുന്നതിനുള്ള ഏക മാർഗ്ഗമായി ഭൂരിഭാഗം ശാസ്ത്രജ്ഞന്മാരും വിശ്വസിക്കുന്നത് ഈ തിയറിയെയാണ്. എന്നിരുന്നാലും, കുറച്ച് ശാസ്ത്രജ്ഞന്മാർക്ക് മറ്റൊരു അഭിപ്രായമാണുള്ളത്. അവരുടെ അഭിപ്രായത്തിൽ, ഭൂമിയുടെ ഉപരിതലത്തിൽ കാണുന്ന സ്വർണ്ണത്തിൽ ഗണ്യമായൊരു അളവ്, ഭൂമിയുടെ രൂപീകരണ സമയം തൊട്ടേ ഉപരിതലത്തിൽ ഉണ്ടായിരുന്നതാണ്.

സ്വർണ്ണത്തിന്റെ ഭൂരിഭാഗവും, ഇരുമ്പുമായി ചേർന്ന് ഭൂമിയുടെ കേന്ദ്രഭാഗത്തേക്ക് അപ്രത്യക്ഷമായെങ്കിലും, ഗണ്യമായൊരു ശതമാനം, അതായത് 0.2%, ഭൂമിയുടെ ഉപരിതലത്തിന് 700 കിലോമീറ്റർ ആഴത്തിലുള്ള മാഗ്മാ സമുദ്രത്തിൽ (മാന്റിലിന്റെ ബാഹ്യ ഭാഗം) ലയിച്ചു. ഈ സ്വർണ്ണമാകട്ടെ, ഇടക്കിടെയുണ്ടായ അഗ്നിപർവ്വത സ്ഫോടനങ്ങളിൽ മുകളിലേക്ക് പൊന്തിവന്ന് ഉപരിതലത്തിലെത്തി. ഈ ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ നമ്മളിന്ന് ഖനനം ചെയ്ത് ഉപയോഗിക്കുന്ന സ്വർണ്ണം ഇതാണ്.