Published: 04 Nov 2021

വ്യത്യസ്ത അവസരങ്ങളിൽ സ്വർണ്ണാഭരണങ്ങൾ അണിയാനുള്ള പുതിയ വഴികൾ

woman wearing gold jewellery

മഹാമാരി നമ്മുടെ ജീവിതശൈലിയോടു ബന്ധപ്പെട്ട രീതികളിലും മുൻഗണനകളിലും അഭൂതപൂർവകമായ മാറ്റം ഉളവാക്കിയിട്ടുണ്ട്. ആഭരണങ്ങളുടെ, പ്രത്യേകിച്ച് സ്വർണത്തിന്റെ, കാര്യത്തിൽ ഇതു സത്യമാണ്. മഹാമാരിയുടെ കാലത്ത് സ്വർണ്ണത്തിന്റെ വില കുതിച്ചുയർന്നു, എന്നാൽ മറ്റ് സാധനങ്ങളുടെ മൂല്യം ഇടിയുകയാണുണ്ടായത്. ഈ പ്രതിഭാസം സ്വർണ്ണത്തിലെ നിക്ഷേപ സാധ്യതകൾ സംബന്ധിച്ച് കണ്ണുതുറപ്പിക്കുന്ന ഒന്നായിരുന്നു, പ്രത്യേകിച്ച് ഇപ്പോൾ മുപ്പതുകളിൽ എത്തിയവരുടെ കാര്യത്തിൽ.

രാജ്യമെമ്പാടും സ്ഥിതിഗതികളിൽ ഇപ്പോൾ കുറെയൊക്കെ സ്ഥിരത കൈവന്നിരിക്കുന്നതിനാൽ, ആളുകൾ പതുക്കെ മഹാമാരിക്കു മുമ്പുള്ള ജീവിതത്തിലേക്ക് മടങ്ങിവരുകയാണ്; അതായത് ഓഫീസിൽ പോകുന്നു, പുറത്തു പോയി ഭക്ഷണം കഴിക്കുന്നു, വിവാഹാഘോഷങ്ങളിലും മറ്റ് പരിപാടികളിലും പങ്കെടുക്കുന്നു. എന്നിരുന്നാലും, ആളുകൾ ഇപ്പോഴും ജാഗരൂഗരാണ്, അതുകൊണ്ടാണ് സ്വർണ്ണാഭരണങ്ങൾ വാങ്ങുന്ന മിക്കവരും ദിവസേനയും വിശേഷ അവസരങ്ങളിലും ഒരുപോലെ അണിയാവുന്ന വൈവിധ്യമാർന്ന ആഭരണങ്ങൾ തിരയുന്നത്. 

ഇതെല്ലാം മനസ്സിൽ വച്ചുകൊണ്ട്, സ്റ്റൈലിന്റെ കാര്യത്തിൽ മുൻനിരയിൽ തുടരാൻ കഴിയുന്ന സ്വർണ്ണാഭരണങ്ങൾ അണിയാനാകുന്ന ചില നൂതന മാർഗങ്ങൾ നമുക്കു നോക്കാം:

1. ചെറിയ കുടുംബ കൂടിവരവുകൾ/വളരെ അടുപ്പമുള്ളവർ മാത്രം ഉൾപ്പെട്ട ആഘോഷങ്ങൾ

gold jewels

കല്യാണം പോലുള്ള പരമ്പരാഗത അവസരങ്ങളിൽ, പൗരാണിക ലുക്ക് എല്ലായ്പ്പോഴും മികച്ചുനിൽക്കുന്നു. ബ്രേസ്ലെറ്റ് സഹിതമുള്ള ഒരു സ്വർണ്ണ ചോക്കർ നെക്ലേസ് മികച്ച സ്റ്റൈൽ കാഴ്ച്ചവെക്കുന്നു. മാച്ച് ചെയ്യുന്ന കമ്മലുകളാണ് സാധാരണ ഉപയോഗിക്കാറുള്ളതെങ്കിലും വലുപ്പമുള്ള കനത്ത കമ്മലുകൾ നിങ്ങളുടെ മാസ്കിൽ ഉടക്കിയേക്കാം. അതിനാൽ, ചെവികളിൽ ഇടുന്ന ആഭരണങ്ങളെക്കാൾ കഴുത്തിലും കൈത്തണ്ടയിലും അണിയുന്ന ആഭരണങ്ങൾക്കു പ്രാമുഖ്യത കൊടുക്കുന്നതാണ് ബുദ്ധി (മാത്രമല്ല, കൂടുതൽ സുരക്ഷിതവും). 

മൈലാഞ്ചി ഇടൽ പോലുള്ള ഗംഭീര ആഘോഷങ്ങൾക്കായി, മിന്നുന്ന നവരത്ന സ്വർണ്ണ സെറ്റ് അണിയുന്നത് രസകരവും ഉത്സവപ്രതീതി ഉളവാക്കുന്നതും ആയിരിക്കും. കോക്ടെയിലുകൾ, വാർഷികങ്ങൾ, പരമ്പരാഗതമല്ലാത്ത മറ്റ് പരിപാടികൾ എന്നിവയുടെ കാര്യത്തിൽ റോസ് ഗോൾഡിന് കൂടുതൽ സമകാലികവും മനോഹരവുമായ ലുക്ക് നൽകാൻ കഴിയും. ഉദാഹരണത്തിന്, സങ്കീർണ്ണമായ റോസ് ഗോൾഡ് പെൻഡന്റിന്റെയും കമ്മലിന്റെയും സെറ്റ് നിങ്ങൾ അണിഞ്ഞിരിക്കുന്ന വസ്ത്രത്തോടുള്ള താരതമ്യത്തിൽ എടുത്തുനിൽക്കും. പ്രത്യേകിച്ചും നിങ്ങൾ ആഴത്തിലുള്ള, കടും നിറത്തിലുള്ള വസ്ത്രം ധരിക്കുന്നെങ്കിൽ. 

2. വീട്ടിലിരുന്നുള്ള ജോലിയുടെ ഭാഗമായി വീഡിയോ കോളുകളിൽ പങ്കെടുക്കൽ

ജോലിസ്ഥലങ്ങൾ തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിലും, നിരവധി പ്രൊഫഷണലുകൾ ഇപ്പോഴും വീട്ടിൽ നിന്ന് ജോലി ചെയ്യുന്നവരാണ്. അതിനർത്ഥം വീഡിയോ കോളുകളിലൂടെ അവർക്ക് മീറ്റിംഗുകളിലും അവതരണങ്ങളിലും പങ്കെടുക്കേണ്ടതുണ്ട് എന്നാണ്. ഈ കോളുകൾക്കായി പ്രൊഫഷണൽ രീതിയിൽ വസ്ത്രധാരണം ചെയ്യുന്നത് ഒരു പ്രൊഫഷണൽ ലുക്ക് നിലനിർത്താൻ മാത്രമല്ല, നിങ്ങളുടെ ഊർജ്ജസ്വലത വർധിപ്പിക്കാനും സഹായിക്കും. ശരിയായ തരത്തിലുള്ള വസ്ത്രങ്ങളും ആക്സസറികളും മറ്റെന്തിനേക്കാളും നിങ്ങൾക്ക് ആത്മവിശ്വാസം പകരും.

ആക്സസറികളുടെ കാര്യത്തിൽ, പ്രൊഫഷണലായി കാണപ്പെടുന്നതിന് നിങ്ങൾ നെക്ലേസുകളും ചെറിയ കമ്മലുകളും ധരിക്കുന്നുവെന്ന് ഉറപ്പാക്കുക. ചെറിയ വജ്രങ്ങൾ പതിച്ച, വൃത്താകൃതിയിലുള്ള ഒരു ജോഡി സ്വർണ്ണ കമ്മലുകൾ മതി പ്രൊഫഷണലായ, ഗംഭീരമായ ലുക്ക് ലഭിക്കാൻ. അല്ലെങ്കിൽ, ഒരു ചെവിയിൽ സ്വർണ്ണ ഇയർ കഫ് അണിയുന്നത് നിങ്ങളുടെ ലുക്ക് മെച്ചപ്പെടുത്തും, പ്രൊഫഷണൽ ലുക്കും ഉണ്ടായിരിക്കും. എന്നാൽ ബ്രേസ്ലെറ്റുകൾ ഒഴിവാക്കുന്നതാണ് നല്ലത്, കാരണം നിങ്ങൾ ടൈപ്പ് ചെയ്യുമ്പോൾ അവ തടസ്സമായി വർത്തിച്ചേക്കാം.

3. പെട്ടെന്നു പോയി ഒരു കാപ്പി കുടിക്കൽ

സാധാരണ നില ഏറെക്കുറെ തിരിച്ചെത്തിയെന്നു പറയാം, ഒരു കാപ്പി കുടിക്കുന്നതു പോലെ സുഹൃത്തുക്കളുമായി ഒത്തുചേരുന്ന ലളിതമായ ജീവിത സന്തോഷങ്ങൾ ആസ്വദിക്കാൻ പലരും പുറത്തേക്കിറങ്ങാൻ തുടങ്ങിയിരിക്കുന്നു. എന്നിരുന്നാലും, നമ്മൾ ഒരേസമയം സ്റ്റൈലും സുരക്ഷയും തീർച്ചയായും നിലനിർത്തണം. നിങ്ങളുടെ മാസ്കിന്റെ കൂടെ, നിങ്ങളുടെ അടിസ്ഥാന ടീഷർട്ട്-ജീൻസ് ലുക്ക് തൽക്ഷണം ഗംഭീരമാക്കാൻ ഒരു ജോടി സ്വർണ്ണ സ്റ്റഡുകളോ വളയൻ കമ്മലുകളോ ധരിക്കുക.

നിങ്ങൾക്ക് ഒരു ലളിതമായ സ്വർണ്ണ ബ്രേസ്ലെറ്റ് ധരിക്കാം അല്ലെങ്കിൽ ഒരു പെൻഡന്റ്റുള്ള നേർത്ത ചെയിൻ ധരിക്കാം. ഒരു ആക്സസറി മാത്രം ധരിക്കുക എന്നതാണ് പ്രധാന കാര്യം. ചിലപ്പോൾ കുറഞ്ഞ അളവാണ് ഉത്തമം - നിങ്ങൾ ഒരു ഇനം മാത്രമേ ധരിക്കുന്നുള്ളൂ എന്ന വസ്തുത അത് ഒന്നുകൂടി എടുത്തുനിൽക്കാൻ സഹായിക്കും. 

4. വീട്ടിൽ അലസമായിരിക്കുമ്പോൾ

നന്നായി വസ്ത്രധാരണം ചെയ്യേണ്ടത് പ്രധാനമാണെങ്കിലും, വീട്ടിൽ ധരിക്കാനുള്ള വസ്ത്രങ്ങളും അനുബന്ധ ആക്സസറികളും തിരഞ്ഞെടുക്കുമ്പോൾ സുഖസൗകര്യം ഒരു പ്രധാന ഘടകമാണ്. നിങ്ങൾ സോഫയിൽ ചടഞ്ഞിരിക്കുകയാണെങ്കിലും ബനാനാ ബ്രെഡ് ബേക്ക് ചെയ്യുകയാണെങ്കിലും, ലളിതമായ ആഭരണങ്ങൾ നന്നായിരിക്കും. 

കുടുംബ വീഡിയോ കോളുകൾ പോലുള്ള അവസരങ്ങൾക്ക് ഒരു സ്റ്റൈലിഷ് ലുക്ക് ലഭിക്കാൻ, ലളിതവും നേർത്തതുമായ ഒരു സ്വർണ്ണ ചെയിൻ അല്ലെങ്കിൽ ഇനാമൽ അലങ്കാരം കുറഞ്ഞ ചെറിയ പുഷ്പാലങ്കൃത കമ്മലുകൾ തിരിഞ്ഞെടുക്കാവുന്നതാണ്. നിങ്ങളുടെ പതിവു ജോലികൾ ചെയ്യുമ്പോൾ നീളമുള്ള കമ്മലുകളോ ബ്രേസ്ലെറ്റുകളോ ഒഴിവാക്കുന്നതാണ് ബുദ്ധി, കാരണം അവ എന്തിലെങ്കിലുമൊക്കെ ഉടക്കാനിടയുണ്ട്.

5. സാമൂഹിക മാധ്യമങ്ങളിൽ പോസ് ചെയ്യൽ

Woman wearing gold jewellery

Jewellery credits: Chheda Jewels – Only at Dadar T.T. Circle

Woman wearing gold jewellery

Jewellery credits: Curated by the Brand Poonam Soni 

മിക്ക ആളുകളും വീടുകളിൽ ആയിരിക്കുന്നതിനാൽ, നിങ്ങളുടെ സാമൂഹിക മാധ്യമ ഫീഡിൽ ധാരാളം യാത്രാ പോസ്റ്റുകൾ കാണാനിടയില്ല. സവിശേഷമായ, അതുല്യമായ ചില ആഭരണ സ്റ്റൈലിംഗുകൾ പോലുള്ള സവിശേഷമായ എന്തെങ്കിലും പോസ്റ്റ് ചെയ്യാൻ ഇതിലും മികച്ച സമയം ഏതാണ്?

ഗംഭീരമായ ലുക്ക് ലഭിക്കുന്നതിന്, ചിത്രങ്ങളിൽ വേറിട്ടുനിൽക്കുന്ന അതുല്യവും പ്രൗഢവുമായ ഡിസൈനുകളുള്ള ആഭരണങ്ങൾ തിരഞ്ഞെടുക്കുക. ഉദാഹരണത്തിന്, വലിയ രത്നക്കല്ലുകൾ പതിച്ച കട്ടിയുള്ള മോതിരം ദിവസവും ധരിക്കാൻ നിങ്ങൾ മടിച്ചേക്കാം, പക്ഷേ അതൊന്ന് പ്രദർശിപ്പിക്കാനുള്ള ഒരു മികച്ച അവസരമാണിത്.

നിങ്ങളുടെ സ്റ്റൈൽ വെളിവാക്കുന്ന കമ്മലുകൾ നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ, സങ്കീർണ്ണമായി കൊത്തിയെടുത്ത ഡിസൈനുകൾ ഉള്ളവ ധരിക്കുക, അല്ലെങ്കിൽ പരമ്പരാഗതവും ആധുനികവുമായ സ്റ്റൈലുകൾ മിക്സ് ആൻഡ് മാച്ച് ചെയ്ത് ഉപയോഗിക്കുക. ഉദാഹരണത്തിന്, കുന്ദൻ കല്ലുകളുള്ള സ്വർണ്ണ ജംകകളോടോ ചാന്ദ്ബലികളോടോ ഒപ്പം ചുവപ്പ് പോലെ കടും നിറമുള്ള ത്രീ-പീസ് സ്യൂട്ട് ധരിച്ചു നോക്കുക.

ഇതോർക്കുക, ജോലി വീട്ടിൽനിന്ന് ആയാലും ആഘോഷം വീട്ടിൽവെച്ച് ആയാലും, നിങ്ങളുടെ ചമയവും വസ്ത്രധാരണവും അതിലളിതം ആയിരിക്കേണ്ടതില്ല. വ്യത്യസ്ത ലുക്ക് പരീക്ഷിച്ചുനോക്കുക; ലളിതമായ സ്വർണ്ണ ചെയിനുകൾ ഉപയോഗിച്ച് ആരംഭിക്കുക, സ്റ്റൈൽ മെച്ചപ്പെടുത്തി നിങ്ങൾ ആഗ്രിക്കുന്ന മികച്ച ലുക്ക് കൈവരിക്കാൻ നിങ്ങളുടെ ഭാവനാശേഷി ഉപയോഗിക്കുക.