Published: 04 Nov 2021

സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

gold and graph

ഫ്യൂച്ചേഴ്സ് കോൺട്രാക്ട് എന്നാൽ ഭാവിയിലെ ഒരു തീയതിയിൽ സമ്മതിക്കപ്പെട്ട ഒരു വിലയ്ക്ക് ഒരു വസ്തു വാങ്ങുനതിനോ വിൽക്കുന്നതിനോ ഉള്ള ഒരു നിയമപരമായ കരാറാണ്. അംഗീകരിക്കപ്പെട്ട ഫ്യൂച്ചേഴ്സ് കരാറുകൾ സ്വഭാവത്തിൽ നിലവാരം നിശ്ചയിക്കപ്പെട്ടവ ആയിരിക്കും, കൂടാതെ അവ ചരക്കുകൾക്കോ സാമ്പത്തിക ഉപകരണങ്ങൾക്കോ വേണ്ടി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. ഫ്യൂച്ചേഴ്സ് കരാറുകളിലൂടെ കൈമാറ്റ കച്ചവടം, ഔപചാരിക കരാറുകൾ തുടങ്ങിയവയുടെ രൂപത്തിൽ കച്ചവടം ചെയ്യുന്ന ചരക്കുകളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നതാണ് സ്വർണ്ണം.

നൂറ്റാണ്ടുകളായി സ്വർണ്ണം നാണയങ്ങളായും കട്ടികളായും ആഭരണങ്ങളായും വാങ്ങുകയും വിൽക്കപ്പെടുകയും ചെയ്തുവരുന്നു. എടുത്തുപറയുകയാണെങ്കിൽ വർഷങ്ങളിലൂടെ സ്വർണ്ണ വ്യാപാരം, സ്വർണ്ണ കൈമാറ്റ-വ്യാപാര ഫണ്ടുകൾ, ഗോൾഡ് ബോണ്ടുകൾ, ഡിജിറ്റൽ ഗോൾഡ് എന്നിങ്ങനെയുള്ള രൂപങ്ങളായി പരിണമിച്ചിരിക്കുന്നു. ഫ്യൂച്ചേഴ്സ് മാർക്കറ്റുകളിൽ പ്രവർത്തിക്കുന്നവരിലധികവും ഊഹക്കച്ചവടക്കാരോ പന്തയക്കാരോ ആയിരിക്കും. ഊഹക്കച്ചവടക്കാർ ലാഭമുണ്ടാക്കാം എന്ന പ്രതീക്ഷയിൽ മാർക്കറ്റ് റിസ്ക് ഏറ്റെടുക്കുന്നു, എന്നാൽ പന്തയക്കാരാകട്ടെ വില നിലവാരത്തിലുണ്ടാകുന്ന പ്രതികൂല സാഹചര്യങ്ങളെ കൈകാര്യം ചെയ്യുക എന്ന റിസ്ക് ഏറ്റെടുത്ത് ഫ്യൂച്ചേഴ്സ് കരാറുകളിൽ നിക്ഷേപിക്കുന്നു. ഉദ്ദേശ്യം എന്തുതന്നെയായാലും, ഫ്യൂച്ചേഴ്സ് വ്യാപാരം മികച്ചരീതിയിൽ നടത്തുന്നത് സാമ്പത്തിക/ചരക്ക് കമ്പോളങ്ങളെ കുറിച്ച് ആഴത്തിലുള്ള അറിവുള്ള നിക്ഷേപകർ മാത്രമായിരിക്കും. ഈ അറിവ് ഇവരെ മാർക്കറ്റ് റിസ്ക് കൈകാര്യം ചെയ്യുന്നതിനു മാത്രമല്ല ഫ്യൂച്ചേഴ്സ് കരാറുകളുടെ വിലയും പ്രത്യേകതകളും മനസ്സിലാക്കുന്നതിനു കൂടി സഹായിക്കുന്നു.

ഇന്ത്യയിലെ ഗോൾഡ് ഫ്യൂച്ചറുകളുടെ വിവിധ വശങ്ങൾ 

ഇന്ത്യയിൽ ഗോൾഡ് ഫ്യുച്ചറുകളുടെ ട്രേഡിംഗ് മൾട്ടി കമോഡിറ്റി എക്സ്ചേഞ്ചിൽ (MCX) നടത്താവുന്നതാണ്. ഗോൾഡ് ഫ്യൂച്ചേഴ്സ് ട്രേഡിംഗ് എന്നത് ഈ ലോഹം പ്രത്യക്ഷത്തിൽ കൈവശം വയ്ക്കാതെ നടത്തുന്ന ഒരു നിക്ഷേപമാണ്. ഗോൾഡ് ഫ്യൂച്ചറുളുടെ നിക്ഷേപകരുടെ ഉദ്ദേശ്യം എന്നത് സ്വർണ്ണം സ്വന്തമാക്കുന്നതോ അതിൽ നിക്ഷേപിക്കുന്നതോ അല്ല. അവർ സ്വർണ്ണത്തിൻറെ വിലയും വ്യവഹാരവും തങ്ങളുടെ റിസ്കുകളിൽനിന്ന് സംരക്ഷണം നേടുന്നതിനുള്ള ഒരു മാധ്യമമായി ഉപയോഗിക്കുന്നു 

വിവിധ തരത്തിലുള്ള ഗോൾഡ് ഫ്യൂച്ചറുകൾ: MCX-ൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വ്യാപാരം വിവിധ വലുപ്പങ്ങളിലുള്ള ലോട്ടുകളായി നടക്കുന്നു. ലോട്ടിന്റെ വലുപ്പമാണ് നിങ്ങളുടെ ഇടപാടിന്റെ മൂല്യത്തെ തീരുമാനിക്കുന്നത്. 1 കിലോ ഗോൾഡിന്റെ ലോട്ട് സൈസ് കൂടാതെ, ഗോൾഡ് മിനി, ഗോൾഡ് പെറ്റൽ, ഗോൾഡ് ഗിനി തുടങ്ങിയ കരാറുകളിലും ഇന്ത്യയിൽ ഫ്യൂച്ചേഴ്സ് വ്യാപാരത്തിൽ ഏർപ്പെടാൻ കഴിയുന്നതാണ്. ഒരു മിനി കരാർ എന്നത് 100 ഗ്രാമിന്റെയാണ്, ഗിനി 8 ഗ്രാമിന്റെയും പെറ്റൽ 1 ഗ്രാമിന്റെയുമാണ്. എന്നിരുന്നാലും ഏറ്റവും വ്യാപകമായി വ്യാപാരം ചെയ്യപ്പെടുന്നത് 1 കിലോ ഗോൾഡ് ആണ്, അതുകൊണ്ടുതന്നെ ഇതാണ് ഏറ്റവും വേഗത്തിൽ പണമായി മാറ്റുവാൻ കഴിയുന്നതും. 

ഗോൾഡ് ഫ്യൂച്ചേഴ്സ് കരാർ: കോൺട്രാക്ട് ലോഞ്ച് കലണ്ടർ പ്രകാരം MCX-ൽ ഗോൾഡ് ഫ്യൂച്ചേഴ്സ് ലഭ്യമാണ്. ഗോഡ് കരാറുകൾ നിലവിൽ എല്ലാ രണ്ടു മാസങ്ങളിലും 12 മാസ കാലയളവിലേക്കായി അവതരിപ്പിക്കപ്പെടുന്നു. അവതരിപ്പിക്കപ്പെടുന്ന മാസത്തിന്റെ 16-ാം ദിവസം കരാർ ആരംഭിക്കുകയും കാലഹരണപ്പെടുന്ന മാസത്തിന്റെ 5-ാം ദിവസം വരെ വ്യാപാരം ചെയ്യാൻ സാധിക്കുകയും ചെയ്യുന്നു. ട്രേഡിംഗ് യൂണിറ്റ് 1 കിലോ ആയിരിക്കുമ്പോൾ ഗോൾഡ് ക്വട്ടേഷൻ 10 ഗ്രാമിൽ നൽകുന്നു, ഓർഡറിന്റെ പരമാവധി സൈസ് 10 കിലോ വരെ ആകാം.

ഒത്തുതീർപ്പ് പ്രക്രിയ: ഗോൾഡ് ഫ്യൂച്ചേഴ്സ് കരാറിൽ, കരാറിന്റെ ഒത്തുതീർപ്പ് എല്ലാ മാസവും 5-ാം ദിവസം നടക്കുന്നു. നിങ്ങൾക്ക് കരാർ ഒത്തുതീർപ്പ് ഉണ്ടാക്കുകയോ (പ്രത്യക്ഷത്തിൽ സ്വർണ്ണം എടുക്കുകയോ) നിങ്ങളുടെ പൊസിഷൻ മാസത്തിന്റെ 1-ാം ദിവസത്തിനു മുൻപ് സ്ക്വയർ ഓഫ് ചെയ്യുകയോ ചെയ്യാവുന്നതാണ്. നിങ്ങൾ കരാർ ഒത്തുതീർപ്പ് ചെയ്യുവാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ, അത് 995 സംശുദ്ധിയെ സൂചിപ്പിക്കുന്ന അക്കങ്ങൾ രേഖപ്പെടുത്തിയ സ്വർണക്കട്ടികൾ ആയിരിക്കും.

മാർജിൻ: യഥാർത്ഥ മാർജിനിൽ എല്ലായ്പ്പോഴും ഏറ്റക്കുറച്ചിലുണ്ടാകുമെങ്കിലും, ഫെബ്രുവരി 2022 സ്വർണ്ണ കരാറിലെ പ്രാരംഭ മാർജിൻ എന്നത് 6% ആയി അല്ലെങ്കിൽ SPAN മാർജിൻ, ഇവയിൽ ഏതാണോ കൂടുതൽ അതായി, ക്രമപ്പെടുത്തിയിരിക്കുന്നു. നിങ്ങൾക്ക് ഫ്യൂച്ചേഴ്സ് കരാറിൽ 1 ലക്ഷത്തിന്റെ പൊസിഷനാണ് ഉള്ളതെങ്കിൽ, മാർജിൻ പെയ്മെൻറ് എന്നത് 6000 രൂപ ആയിരിക്കും. 6000 രൂപ നൽകി 1 ലക്ഷത്തിന്റെ എക്സ്പോഷർ ഉണ്ടായിരിക്കുകയെന്നാൽ ഉയർന്ന ലാഭത്തിനുള്ള സാദ്ധ്യതയുണ്ട് എന്നാണ്. നിങ്ങൾ ഈ കരാർ ഒത്തുതീർപ്പാക്കുകയാണെങ്കിൽ, നിങ്ങൾ ആസ്പദമായ സ്വർണ്ണത്തിൻറെ മുഴുവൻ മൂല്യവും, ബാധകമായ നികുതിയുൾപ്പടെ, നൽകേണ്ടതാണ്. 

പ്രത്യക്ഷത്തിലുള്ള സ്വർണ്ണം: MCX ഗോൾഡ് ഫ്യൂച്ചർ കരാറുകളിൽ പ്രത്യക്ഷത്തിലുള്ള സ്വർണ്ണത്തിന്റെ സംശുദ്ധി ലണ്ടൻ ബുള്ളിയൻ മെർചൻറ് അസോസിയേഷൻ-സർട്ടിഫൈഡ് റിഫൈനറീസ് സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. MMTC-PAMP എന്നത് ഇന്ത്യയിലെ അത്തരത്തിലുള്ള ഒരു സർട്ടിഫൈഡ് റിഫൈനറിയാണ്. നാണയങ്ങൾ ഉൾപ്പടെയുള്ള സ്വർണ്ണം, ഇലക്ട്രോണിക് രൂപത്തിൽ, MCX-ന്റെ ക്ലിയറിംഗ് കോർപ്പറേഷനായ COMRIS സിസ്റ്റത്തിൽ സൂക്ഷിക്കാവുന്നതാണ്. നൽകുന്നതോ സൂക്ഷിക്കുന്നതോ ആയ മുഴുവൻ സ്വർണ്ണത്തിനും അതിന്റെ മാറ്റ് സ്ഥിരീകരിക്കുന്ന പത്രമുണ്ട്, കൂടാതെ അതിന്റെ പണിക്കൂലി സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ ഇലക്ട്രോണിക് ആയി സൂക്ഷിച്ചിട്ടുള്ള സ്വർണ്ണം എളുപ്പത്തിൽ വ്യാപാരം ചെയ്യാനും പണമാക്കി മാറ്റാനും സാധിക്കും. 

ഫ്യൂച്ചേഴ്സ് കരാറുകൾ ഒരു ഉദാഹരണത്തിലൂടെ മനസ്സിലാക്കുന്നു:

  • നിങ്ങൾ ഒരു ഗോൾഡ് ഫ്യൂച്ചേഴ്സ് കരാറിൽ ഇപ്പോൾ ഏർപ്പെടുന്നു എന്ന് വിചാരിക്കുക. സ്വർണ്ണത്തിന്റെ അവസാനം വ്യാപാരം ചെയ്ത വില എന്നത് 10 ഗ്രാമിന് 50,000 രൂപയാണെന്നും കരുതുക, അപ്പോൾ 1 മിനി ലോട്ടിനുള്ള നിങ്ങളുടെ കരാർ മൂല്യം 50 ലക്ഷം രൂപയായിരിക്കും. 
  • MCX ടിക് സൈസ് അല്ലെങ്കിൽ മിനിമം പ്രൈസ് മൂവ്മെൻറ് എന്നത് ഒരു ഗ്രാമിന്/ഒരു രൂപയാണ്. അതിനാൽ, ഈ കരാറിൽ നിങ്ങൾക്ക് ഓരോ രൂപയുടെയും വർധനവിൽ അല്ലെങ്കിൽ കുറവിൽ നിങ്ങൾക്ക് 100 രൂപയുടെ ലാഭം അല്ലെങ്കിൽ നഷ്ടം ഉണ്ടാകും. പ്രസ്തുത കരാറിൽ നിന്നുള്ള നിങ്ങളുടെ ലാഭമോ നഷ്ടമോ ആയിരിക്കും അത്.

ഗോൾഡ് ഫ്യൂച്ചറുകളുടെ വ്യാപാരത്തിലെ പ്രക്രിയ എന്താണ്?

  1. ആരംഭമെന്ന നിലയിൽ, നിങ്ങൾ MCX-ൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു ബ്രോക്കറുമായി ചേർന്ന് ഒരു കമോഡിറ്റി ട്രേഡിംഗ് അക്കൗണ്ട് തുറക്കേണ്ടതാണ്. ഇങ്ങനെ അക്കൗണ്ട് തുറക്കുന്നതിനായി ഒരു ഫോറം പൂരിപ്പിച്ച് നൽകുകയും വ്യക്തിയെ തിരിച്ചറിയുന്നതിനും താമസത്തിന്റെ വിലാസം തെളിയിക്കുന്നതിനുമുള്ള അടിസ്ഥാന KYC രേഖകൾ, പാസ്സ്പോർട്ട് സൈസ് ഫോട്ടോ, ബാങ്ക് വിവരങ്ങൾ തുടങ്ങിയവ നൽകുകയും വേണം. 
  2. നിങ്ങളുടെ അക്കൗണ്ട് തുറന്നു കഴിഞ്ഞാൽ, മാർജിൻ തുക നിങ്ങൾ ബ്രോക്കറിൽനിന്ന് എടുത്തിട്ടുള്ള മാർജിൻ അക്കൗണ്ടിൽ നിക്ഷേപിക്കേണ്ടതാണ്. ഗോൾഡ് ഫ്യൂച്ചേഴ്സ് കരാർ രേഖയിൽ നിങ്ങൾക്ക് മാർജിൻ നിരക്ക് കാണാവുന്നതാണ്. വ്യാപാരത്തിലുണ്ടാകുന്ന നഷ്ടം മൂലം നിങ്ങളുടെ പ്രാരംഭ മാർജിൻ കുറയുകയാണെങ്കിൽ, അത് പരിഹരിക്കുന്നതിനായി നിങ്ങൾ മെയ്ൻറനൻസ് മാർജിൻ നിക്ഷേപിക്കേണ്ടതുണ്ട്. പ്രാരംഭ മാർജിൻ പരിപാലിക്കുന്നതിന് ആവശ്യമായ തുകയായിരിക്കും ഇത്. 

നിങ്ങൾ ഈ പണം ട്രാൻസ്ഫർ ചെയ്തുകഴിഞ്ഞാൽ, നിങ്ങൾക്ക് ലോഗ് ഇൻ ചെയ്തിട്ട് തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9.00 മണി മുതൽ രാത്രി 11.30 വരെ ഗോൾഡ് ഫ്യൂച്ചേഴ്സിൽ ട്രേഡ് ചെയ്യാവുന്നതാണ്. 

ഒരു ഗോൾഡ് ഫ്യൂച്ചേഴ്സ് നിക്ഷേപകന് സ്വർണ്ണ നിക്ഷേപങ്ങളെ പറ്റിയും സമ്പദ് വ്യവസ്ഥയ്ക്ക് അതിലുള്ള സ്വാധീനത്തെ കുറിച്ചും സ്വർണ്ണ വ്യാപാര ആവാസ വ്യവസ്ഥയെ കുറിച്ചും ആഴത്തിലുള്ള അറിവ് ഉണ്ടായിരിക്കണം. ഫ്യൂച്ചേഴ്സ് കരാറുകളിലെ നഷ്ടവും ലാഭവും വളരെ ഉയർന്നത് ആയതിനാൽ, മുൻപ് വിവരിച്ച കാര്യങ്ങളിലുള്ള ആഴത്തിലുള്ള അറിവ് ഏറ്റവുമധികം ശുപാർശ ചെയ്യപ്പെട്ടിരിക്കുന്നു.