Published: 20 Feb 2018

അസെയിങ്ങ് – സ്വർണ്ണത്തിന്റെ മാറ്റുപരിശോധിക്കുന്ന ശാസ്ത്രം

Gold assay - test gold's purity the right way

നമ്മുടെ കൈവശമുള്ള സ്വർണ്ണം ശുദ്ധമാണോ എന്ന് നമുക്കെങ്ങനെ അറിയാം? നിങ്ങൾ ഒരു സ്വർണ്ണവ്യാപാരിയോ ലോഹം ശുദ്ധീകരിക്കുന്ന വ്യക്തിയോ ആണെങ്കിൽ സ്വർണ്ണത്തിന്റെ മാറ്റു പരിശോധിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ആഭരണങ്ങളായാലും സ്വർണ്ണക്കട്ടിയായാലും അവയുടെ മൂല്യവും പരിശുദ്ധിയും നിശ്ചയിക്കാൻ അവയെ പരിശോധനകൾക്ക് വിധേയമാക്കാറുണ്ട്. ലോഹത്തിന്റെ മാറ്റുനോക്കാൻ വിവിധ മാർഗ്ഗങ്ങൾ അവലംബിക്കാറുണ്ട്. അവയിൽ ചിലതാണ് താഴെ:

  1. കല്ലുകൊണ്ട് മാറ്റുരച്ചുനോക്കൽ (സ്റ്റോൺ അസെയ്)

    പുരാതനകാലം മുതൽക്കേ ഉപയോഗിച്ചുവരുന്ന ഈ രീതിയാണ് സ്വർണ്ണത്തിന്റെ മാറ്റു പരിശോധിക്കാനുള്ള ഏറ്റവും ലളിതമായ മാർഗ്ഗം. നേർത്ത തരികളുള്ള പ്രതലത്തോടുകൂടിയ ഒരുതരം ഇരുണ്ട, കട്ടിയുള്ള ഉരക്കല്ലാണ് ഇതിനായി ഉപയോഗിക്കുന്നത്. സ്വർണ്ണാഭരണം അതിന്മേൽ ഉരച്ചാൽ ഒരു വര തെളിഞ്ഞുകാണും. ആ വരയുടെ നിറമാണ് സ്വർണ്ണത്തിന്റെ പരിശുദ്ധി നിർണ്ണയിക്കുന്നത്.

  2. എക്സ്റേ ഫ്ലൂറെസൻസ് (XRF)

    കല്ലുകൊണ്ടുള്ള പരിശോധനയെ അപേക്ഷിച്ച് ഈ രീതി കൂടുതൽ സങ്കീർണ്ണമാണ്. എന്നാൽ ഇത് ലോഹത്തിന് യാതൊരു കേടുപാടും വരുത്താതെ വേഗത്തിലും കൃത്യതയോടെയും പരിശുദ്ധി പരിശോധിക്കുന്നു. ലോഹത്തിൽ എക്സ്റേ രശ്മികൾ പതിപ്പിക്കുമ്പോൾ ഒരു ഫ്ലൂറെസന്റ് വെളിച്ചം പുറത്തുവരുന്നു. ഈ വെളിച്ചത്തിന് ഊർജ്ജം പകരുന്നത് സ്വർണ്ണത്തിന്റെ അണുഘടനയാണ്. XRF യന്ത്രം ഈ ഊർജ്ജത്തിന്റെ തോത് അളന്ന് സ്വർണ്ണത്തിന്റെ പരിശുദ്ധി നിർണ്ണയിക്കുന്നു, ഒപ്പംതന്നെ കലർപ്പുകളുടെ ശതമാനവും.

  3. തീകൊണ്ടുള്ള പരിശോധന (ഫയർ അസെയ്)

    ഇതൊരു സങ്കീർണ്ണമായ രീതിയാണെങ്കിലും സ്വർണ്ണത്തിന്റെ പരിശുദ്ധി നിർണ്ണയിക്കാനുള്ള ഏറ്റവും വിശ്വസിനീയവും കൃത്യതയുള്ളതുമായ മാർഗ്ഗമായാണ് ഇതിനെ കണക്കാക്കുന്നത്. എന്നാൽ ഈ രീതിയുടെ വിനാശകരമായ സ്വഭാവം കാരണം വലിയ അളവിലുള്ള സ്വർണ്ണമോ സ്വർണ്ണക്കട്ടികളോ പരിശോധിക്കാനാണ് സാധാരണയായി ഇത് ഉപയോഗിക്കുന്നത്. ഫയർ അസെയിൽ ലോഹത്തെ ലെഡ് ഓക്സൈഡും സിലിക്ക, ബോറാക്സ് പോലുള്ള ഉരുകാൻ സഹായിക്കുന്ന വസ്തുക്കളും ചേർത്ത മിശ്രിതത്തിൽ 1650 F (സ്വർണ്ണം ഉരുകാനുള്ള താപനില) ചൂടിൽ കലർത്തുന്നു. ഈ മിശ്രലായിനിയിൽ അടങ്ങിയിരിക്കുന്ന ഈയം സ്വർണ്ണത്തിൽ ഒട്ടിപ്പിടിക്കുന്നു. അതിനുശേഷം ഈ ലായിനി ഒരു മൂശയിലേക്ക് പകർന്ന് തണുപ്പിക്കുന്നു. സാന്ദ്രതയേറിയ ഈയം മൂശയുടെ അടിത്തട്ടിലേക്ക് താഴുന്നു. ഈ ഈയത്തെ ക്യൂപൽ എന്നു വിളിക്കുന്ന സവശേഷമായി ഒരു പാത്രത്തിലിട്ട് വീണ്ടും ചൂടാക്കുന്നു. ഈയത്തെ ഈ പാത്രം വലിച്ചെടുത്ത് സ്വർണ്ണം മാത്രം ബാക്കിയാവുന്നു.

  4. വെറ്റ് അസെയിങ്ങ്

    ലോഹമണ്ണിനെ പൊടിരൂപത്തിലാക്കി ചില അസിഡുകൾ ചേർത്ത മിശ്രിതത്തിൽ അലിയിപ്പിച്ച് രാസപരിശോധനയക്ക് വിധേയമാക്കുന്ന രീതിയാണിത്. പരിശോധനയ്ക്ക് വിധേയമാക്കുന്ന ലോഹം ഏതാണോ അതിനനുസരിച്ച് പരിശോധകൻ വൈദ്യുതവിശ്ലേഷണം വഴിയോ ചില ഉപ്പുകൾ ഉപയോഗിച്ചോ അതിനെ വേർതിരിക്കുന്നു.

    കാരറ്റിനനുസരിച്ചാണ് സ്വർണ്ണത്തിന്റെ പരിശുദ്ധി തരം തിരിക്കുന്നത്. 24 കാരറ്റ് സ്വർണ്ണമാണ് ഏറ്റവും പരിശുദ്ധം. അടങ്ങിയിരിക്കുന്ന സ്വർണ്ണത്തിന്റെ ശതമാനം കണക്കാക്കുന്നത് അതിന്റെ കാരറ്റിനെ 4.167 മായി ഗുണിച്ചാണ്. അതായത്, 18 കാരറ്റ് സ്വർണ്ണത്തിൽ 75 ശതമാനം സ്വർണ്ണമടങ്ങിയിരിക്കുന്നു (18 X 4.167).

സാധാരണയായി പരിശുദ്ധി പരിശോധിക്കുന്ന രീതികൾ XRF ഉം ഫയർ അസെയുമാണ്. കൃത്യതയുള്ള ഈ പരിശോധനാരീതികൾ വ്യാപാരികളെ കൃത്യമായും വേഗത്തിലും സ്വർണ്ണത്തിന്റെ വില കണക്കാക്കാൻ സഹായിക്കുന്നു.