Published: 10 Sep 2018

ഓഹരി വിപണി താഴുമ്പോൾ സ്വർണ്ണമെങ്ങനെ പ്രതികരിക്കുന്നു

Investors view gold as a hedge against market uncertainties

ഓഹരിവിപണി താഴുമ്പോൾ സ്വർണ്ണവിലയും താഴോട്ടുപോകുമെന്നത് പൊതുവെയുള്ള ഒരു തെറ്റിദ്ധാരണയാണ്. വാസ്തവത്തിൽ, യാഥാർത്ഥ്യം നേരെ തിരിച്ചാണ്. പല നിക്ഷേപകരും സ്വർണ്ണത്തെ കാണുന്നത് വിപണിയുടെ അസ്ഥിരതകൾക്കെതിരായ ഒരു സുരക്ഷാവേലിയായും നിക്ഷേപങ്ങളുടെ വൈവിധ്യവൽക്കരണത്തിന് സഹായിക്കുകയും ചെയ്യുന്ന ഒന്നായിട്ടാണ്.

വിപണിയിൽ മാന്ദ്യമനുഭവപ്പെടുമ്പോൾ സ്വർണ്ണം ഓഹരികളേക്കാൾ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നു എന്നതാണ് ചരിത്രം.

സ്വർണ്ണം vs നിഫ്റ്റി

സാമ്പത്തിക വർഷം 2008-09-ൽ സെൻസെക്സ് 38% തകർച്ച നേരിട്ടപ്പോൾ, സ്വർണ്ണം 24.58% ആദായം ഉണ്ടാക്കി. അതുപോലെ, 2012-13ൽ നിഫ്റ്റി സ്ഥിരം തോതിൽ നിലനിൽക്കുകയോ താഴോട്ടുപോകാനുള്ള പ്രവണത കാണിക്കുകയോ ചെയ്തപ്പോൾ ഇന്ത്യയിലെ സ്വർണ്ണവിലകൾ മേലോട്ട് കുതിയ്ക്കുകയായിരുന്നു.

കഴിഞ്ഞ ദശകത്തിൽ മിക്കവാറും എല്ലാ സമയത്തും സ്വർണ്ണം നിഫ്റ്റിയുടെ ഒപ്പത്തിനൊപ്പമാണ് പോയിരുന്നതെന്ന് താഴെയുള്ള ചാർട്ട് പരിശോധിച്ചാൽ മനസ്സിലാക്കാം.

Source

സ്വർണ്ണം വേഴ്സസ് S&P 500

1976 മുതലുള്ള വിപണിയുടെ ഏറ്റവും മോശമായ അവസ്ഥകളിൽ സ്വർണ്ണത്തിന്റെയും S&P 500ന്റെയും പ്രകടനം താരതമ്യം ചെയ്താൽ, കഴിഞ്ഞ 40 വർഷക്കാലയളവിൽ S&P 500ലുണ്ടായ 8 വലിയ തകർച്ചകളിൽ 7-ലും സ്വർണ്ണവിലകൾ ഓഹരിവിപണി സൂചികയ്ക്ക് ആപേക്ഷികമായിട്ടാണ് ഉയർന്നതെന്ന് കാണാം.

2008ലെ സാമ്പത്തിക മാന്ദ്യത്തിന്റെ ആദ്യഞെട്ടലിൽ സ്വർണ്ണവില താഴ്ന്നുപോയെങ്കിലും, വർഷാവസാനമാകുമ്പോഴേക്കും 5.5% ആയി മേലോട്ട് കുതിച്ചപ്പോൾ S&P വീഴ്ച തുടർന്നു. ഓഹരിവിപണിയിലെ വിറ്റുകളയലിന്റെ മൊത്തം 18 മാസകാലയളിൽ സ്വർണ്ണവില 25% ലേറെ ഉയർന്നു.

സ്വർണ്ണത്തിന്റെ കാര്യമായ പിൻമാറ്റം (1980-കളുടെ തുടക്കത്തിൽ -46%) നടന്നത് അതിന്റെ വില ആധുനിക ചരിത്രത്തിൽ ഏറ്റവും കൂടിയ കാലത്തിനു തൊട്ടുപിന്നാലെയായിരുന്നു. സ്വർണ്ണവില അതിന്റെ 1970-ലെ താഴ്ന്ന നിലയിൽ നിന്ന് 2300%-ത്തിലേറെ ഉയർന്ന് പത്തുവർഷത്തിന് ശേഷം ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു.

ചരിത്രത്തിൽ നിന്ന് മൊത്തത്തിലുള്ള സന്ദേശമെന്തെന്നാൽ, ഓഹരിവിപണിയുടെ തകർച്ചാവേളയിൽ സ്വർണ്ണവിലകൾ താഴാനുള്ള സാധ്യത ആളുകൾ കരുതുന്നതിനേക്കാൾ തുലോം കുറവാണ് എന്നതാണ്. ഓഹരികൾ സാമ്പത്തിക വളർച്ചയിൽ നിന്നും സുസ്ഥിരതയിൽ നിന്നും പ്രയോജനം നേടുമ്പോൾ, സ്വർണ്ണം സാമ്പത്തിക ദുരവസ്ഥകളിൽ നിന്നും പ്രതിസന്ധികളിൽ നിന്നും നേട്ടം കൈവരിക്കുന്നതായി കാണാം. ഓഹരിവിപണി താഴുമ്പോൾ, ഭീതി പൊതുവെ കൂടുതലാണ്. നിക്ഷേപകർ സുരക്ഷിതമായി ആശ്രയങ്ങൾ തേടുകയും ചെയ്യുന്നു. സ്വർണ്ണം അവയിൽ ഏറ്റവും സുരക്ഷിതമായ ഒന്നായി മാറുന്നു.

ഫെബ്രുവരി 2018ലെ ഓഹരിവിപണി തകർച്ച

ഫെബ്രുവരി 5, 2018, തിങ്കളാഴ്ചയെ ‘വോൾമാഗെഡോൺ’ (വോളിയം അർമാഗെഡോൺ) എന്നാണ് വിളിക്കുക. S&P 113.19 പോയിന്റായി താഴ്ന്നു. അത് ചരിത്രത്തിലെ ഒറ്റ ദിവസത്തെ ഏറ്റവും വലിയ പോയിന്റ് താഴ്ചയായിരുന്നു. പക്ഷേ ഓഹരി വിറ്റുകളയൽ ആരംഭിച്ച് 24 മണിക്കൂറിനുള്ളിലുണ്ടായ മൊത്തം വീഴ്ച 124.21 പോയിന്റായിരുന്നു. മൂലധന ചലനത്തിന്റെയും പലയാനത്തിന്റെയും എരിതീയിൽ എണ്ണയൊഴിച്ചുകൊണ്ട് ബിറ്റ്കോയിൻ സാരമായ പ്രാധാന്യമുള്ള 6,000 ഡോളർ മാർക്കിലെത്തുകയും ചെയ്തു.

ഫെബ്രുവരി 6ലെ പ്രാരംഭ വിൽപ്പനയിൽ ബി.എസ്.ഇ. സെൻസെക്സിന് 1200 ലേറെ പോയിന്റുകളുടെ വീഴ്ചപറ്റി. എൻ.എസ്.ഇ. നിഫ്റ്റി 168 പോയിന്റുകൾ നഷ്ടപ്പെട്ട് 10,498ൽ ക്ലോസു ചെയ്തു.

ഓഹരി വിറ്റുകളയലിന്റെ തുടക്കത്തിൽ സ്വർണ്ണവിലയിൽ വലിയ മാറ്റം സംഭവിച്ചില്ല. എന്നാൽ ഓഹരിവിലകൾ കൂപ്പുകുത്താൻ തുടങ്ങിയപ്പോൾ സ്വർണ്ണത്തിന്റെ നില മെച്ചപ്പെട്ടു. ഓഹരിവിപണിയുടെ തിരിച്ചുവരവ് പെട്ടന്നായിരുന്നെങ്കിലും അത് അധികസമയം നീണ്ടുനിന്നില്ല. ഡൗ ജോൺസിന്റെ വ്യവസായ ശരാശരി 4.6% ആയി താഴ്ന്നു. എന്നാൽ ഏഷ്യൻ ഓഹരികൾ ഫെബ്രുവരി ആറിന്റെ തുടക്കത്തിൽ കുതിപ്പ് പ്രകടിപ്പിച്ചു. ആഗോള ഓഹരി സൂചികകളും കുറച്ചു നഷ്ടം വീണ്ടെടുത്തു. ഓഹരിവിപണികൾ ഫെബ്രുവരി എട്ടിനും ഒൻപതിനും വീണ്ടും നിലംപതിച്ചെങ്കിലും പിന്നീട് ഉയരാൻ തുടങ്ങി. 12 ഫെബ്രുവരി തിങ്കളാഴ്ചയോടെ ഡൗ, ആഴ്ചയിലെ അതിന്റെ പരമാവധി നഷ്ടം ഏതാണ്ട് പകുതിയോളം വീണ്ടെടുത്തു. യൂറോപ്യൻ ഓഹരികൾ 30 ശതമാനത്തിനടുത്ത് ഉയർന്നു. ഈ സമയത്ത് ഏഷ്യയിലെ ഓഹരികൾ നഷ്ടങ്ങൾ മിക്കവാറും നിലനിർത്തി.

ഫെബ്രുവരി രണ്ടിനും പന്ത്രണ്ടിനുമിടയിൽ സ്വർണ്ണവും 0.8% താഴ്ന്നപ്പോൾ, നല്ല പ്രകടനം കാഴ്ചവെച്ചത് ട്രഷറികൾ മാത്രമായിരുന്നു. അതിനർത്ഥം സ്വർണ്ണം നിക്ഷേപ നഷ്ടങ്ങൾ കുറയ്ക്കുകയും ഓഹരിവിപണികൾ വീണ്ടെടുപ്പ് നടത്തിയപ്പോൾ നിക്ഷേപകർക്ക് ലിക്വിഡിറ്റി പ്രദാനം ചെയ്യുകയും ചെയ്തു എന്നാണ്. ആ ആഴ്ചയിൽ യൂറോപ്യൻ കറൻസികൾ യു.എസ്. ഡോളറിന് മുന്നിൽ ദുർബ്ബലമായപ്പോൾ, സ്വർണ്ണം യൂറോയിൽ 0.9% ആയും സ്റ്റെർലിംഗിൽ 1.8% ആയും അവയുടെ ആരോഗ്യം വീണ്ടെടുക്കാൻ സഹായിച്ചു.

വ്യവസ്ഥയിലുണ്ടാകുന്ന നഷ്ടസാധ്യതയ്ക്കെതിരായ സുരക്ഷാവേലി

ഒരു സുരക്ഷിതാശ്രയം എന്ന നിലയിൽ സ്വർണ്ണം നിക്ഷേപകരുടെ ചുവടുമാറ്റത്തിൽ നിന്ന് സാധാരണയായി നേട്ടമുണ്ടാക്കുന്നു. സ്വർണ്ണവും ഓഹരികളുമായുള്ള വിപരീതബന്ധത്തിനർത്ഥം ഓഹരിവിപണയിൽ പിൻവാങ്ങലുകൾ ശക്തമാകുമ്പോൾ, സ്വർണ്ണം പ്രവർത്തനസജ്ജമാകുന്നു. ഈ ചരിത്രപരമായ പ്രവണത ശരി വയ്ക്കുംവിധം സ്വർണ്ണവും ഓഹരികളുമായുള്ള പരസ്പരബന്ധം ഫെബ്രുവരി അഞ്ചിലെ തകർച്ചയുടെ സമയത്ത് ഓഹരിവിലകൾ കൂപ്പുകുത്തുമ്പോൾ കൂടുതൽ കൂടുതൽ നിഷേധാത്മകമായി മാറി.

ഇതിന് അപവാദങ്ങളുമുണ്ട്. സ്വർണ്ണം ഫലപ്രദമായ ഒരു സുരക്ഷാവേലിയാകുന്നത് വിപണിയിലെ പിൻമാറ്റങ്ങൾ ഒന്നിൽക്കൂടുതൽ മേഖലകളെ ബാധിക്കുമ്പോഴോ, കൂടുതൽ കാലം നീണ്ടുനിൽക്കുമ്പോഴോ ആണ്. ഉദാഹരണത്തിന്, 2001ൽ ‘ഡോട്ട്കോം ബബ്ൾ’ പൊട്ടിയപ്പോൾ അന്നത്തെ നഷ്ടസാധ്യത സ്വർണ്ണത്തിനോട് ശക്തമായ പ്രതികരണം ഉളവാക്കാൻ മാത്രം പര്യാപ്തമായിരുന്നില്ല. വിശാലമായ യു.എസ്. സമ്പദ്ഘടന മാന്ദ്യത്തിലേക്ക് വീണപ്പോഴാണ് സ്വർണ്ണവിലകൾ കൂടുതൽ പ്രകടമായി പ്രതികരിച്ചത്. അതുപോലെ, യൂറോപ്പിന് പുറത്തുള്ള നിക്ഷേപകർ 2015ലെ ഗ്രീക്ക് കടപ്രതിസന്ധി അതിരുകവിഞ്ഞൊഴുകാനുള്ള സാധ്യതയെ മുഖവിലയ്ക്കെടുത്തില്ല.

നിക്ഷേപകർക്ക് ഒരുപായം

ഏതു നിക്ഷേപപദ്ധതിയിലായാലും സ്വർണ്ണം ആറ് പ്രധാന കർമ്മങ്ങൾ നിർവ്വഹിക്കുന്നു:

  • സുനിശ്ചിതമായ ദീർഘകാല ആദായം നൽകുന്നു
  • നിക്ഷേപത്തിന്റെ വൈവിധ്യവൽക്കരണത്തിനുള്ള സ്വാതന്ത്ര്യം നൽകുന്നു
  • വിപണിയുടെ മാന്ദ്യകാലത്ത് ലിക്വിഡിറ്റി പ്രദാനം ചെയ്യുന്നു.
  • നഷ്ടസാധ്യത ക്രമീകരിക്കപ്പെട്ട ഉയർന്ന ആദായത്തിലൂടെ നിക്ഷേപത്തിന്റെ പ്രകടനം ഉയർത്തുന്നു.
  • ചരിത്രത്തിലുടനീളം സ്വർണ്ണം പണവിപണിയെ കടത്തിവെട്ടിയിട്ടുണ്ട്.
  • റിയൽ എസ്റ്റേറ്റിന്റെ വിലകൾ പോലും സ്വർണ്ണത്തെ പിന്തുടരുന്നതായി കാണാം.

വളരെ കൂടുതലായ അസ്ഥിരത വിപണികളെ ബാധിക്കുമ്പോൾ എന്തും സംഭവിക്കാം. ഓഹരികളുടെ പ്രകടനം എന്തുമാകട്ടെ, സ്വർണ്ണം നിർവ്വഹിക്കുന്ന അനേകം കർത്തവ്യങ്ങൾ പരിഗണിച്ചാൽ, നിങ്ങളുടെ നിക്ഷേപപദ്ധതികളിൽ അത്യാവശ്യം സ്വർണ്ണം ഉൾപ്പെടുത്തുന്നത് ബുദ്ധിയായിരിക്കും.

ലേഖന ഉറവിടം:

ഗോൾഡ് ഡോട്ട് ഓർഗ് റിപ്പോർട്ട് – മാർക്കറ്റ് സെൽ-ഓഫ് ബോൾസ്റ്റേഴ്സ്: ദ കേസ് ഫോർ ഗോൾഡ്