Published: 31 Aug 2017

മുംബൈയിലെ മിഡാസ് സ്പർശം

ഗൂഗിളിൽ 'മിഡാസ് സ്പർശം' എന്ന് തിരയുകയാണെങ്കിൽ മുംബൈയിലെ 15 സ്ഥലങ്ങളെങ്കിലും തിരയൽ ഫലങ്ങളിൽ വരും. ഇവയൊക്കെയും സ്ഥാപനങ്ങളാണ്. കയറ്റുമതി, പരസ്യങ്ങൾ, ബ്യൂട്ടി സലൂൺ, വീഡിയോ പ്രൊഡക്ഷൻ, സോഫ്റ്റ്വെയർ എന്നിങ്ങനെ പല തരത്തിലുള്ള ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനികളാണിവ.

'മിഡാസ് സ്പർശം' എന്ന പ്രയോഗം സ്വർണ്ണവുമായി കെട്ടുപിണഞ്ഞ് കിടക്കുന്നതിനാൽ, ഈ ബിസിനസ്സ് സ്ഥാപനങ്ങളൊക്കെയും തന്നെ നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് നമുക്ക് അനുമാനിക്കാം. തങ്ങളുടെ സ്ഥാപനത്തിന് പേരിടുമ്പോൾ പേരിൽ സ്വർണ്ണവുമായി ബന്ധമുള്ള എന്തോ ഉണ്ടായിരിക്കുന്നതിൽ ഈ സ്ഥാപനങ്ങളുടെ ഉടമകൾ സംതൃപ്തി കൊള്ളുന്നുണ്ട് എന്നും നമുക്ക് അനുമാനിക്കാവുന്നതാണ്.

എന്നാൽ നമ്മൾ അറിയേണ്ട കാര്യം മിഡാസും മിഡാസ് സ്പർശവും അത്ര കണ്ട് സുഖകരമായ ആശയമല്ലെന്നാണ്. മിഡാസിന് ഒട്ടും നല്ല കാര്യമായിരുന്നില്ല തന്റെ 'സ്പർശം'.

ഗ്രീക്ക് പുരാണം അനുസരിച്ച്, ഫ്രിഗിയയിലെ രാജാവായിരുന്നു മിഡാസ്. ഇന്നത്തെ തുർക്കിയിലെ ഒരിടമാണ് ഫ്രിഗിയ. ഒരിക്കൽ, വീഞ്ഞിന്റെയും മുന്തിരി വിളവെടുപ്പിന്റെയും ഗ്രീക്ക് ദേവതയായ ഡിയോനിസസ്, നമ്മുടെ മിഡാസിനോട് എന്ത് വരം വേണമെങ്കിലും ചോദിച്ചുകൊള്ളാൻ ആവശ്യപ്പെട്ടു. തൊടുന്നതെല്ലാം പൊന്നാകണം എന്ന വിചിത്രമായ വരമാണ് മിഡാസ് ആവശ്യപ്പെട്ടത്. ചോദിച്ച പടി ഡിയോനിസസ് വരം നൽകുകയും ചെയ്തു. വരം ലഭിച്ചതിൽ മതിമറന്ന് ആഹ്ലാദിച്ച മിഡാസിന് തന്റെ സിദ്ധിയൊന്ന് പരീക്ഷിച്ചുനോക്കാൻ തിടുക്കമായി.

പുരാണമനുസരിച്ച് മിഡാസ് ആദ്യം സ്പർശിച്ചത് ഒരു ഓക്കുമര ചില്ലയിലാണ്, തുടർന്ന് ഒരു കല്ലിലും, തൊടേണ്ട താമസം രണ്ടും സ്വർണ്ണമായി മാറി. സന്തോഷം കൊണ്ട് മതിമറന്ന മിഡാസ് കൊട്ടാരത്തിലെത്തി. തന്റെ പൂന്തോട്ടത്തിലേക്ക് ഓടിക്കയറിയ രാജാവ് അവിടെ ഉണ്ടായിരുന്ന എല്ലാ റോസാപുഷ്പങ്ങളിലും സ്പർശിച്ച് അവയെയെല്ലാം സ്വർണ്ണമാക്കി മാറ്റി. അത്ഭുതത്തിന്റെ ആവേശം കെട്ടടങ്ങിയപ്പോൾ മിഡാസിന് വിശന്നു. വിഭവസമൃദ്ധമായ സദ്യ ഒരുക്കാൽ രാജാവ് ഭൃത്യന്മാരോട് കൽപ്പിച്ചു. തീൻമേശയിൽ മിഡാസിന് വേണ്ടി രാജകീയ വിരുന്ന് ഒരുങ്ങി. എന്നാൽ കഷ്ടമെന്ന് പറയട്ടെ, വിശന്ന് അവശനായ രാജാവിന് ഒന്നും കഴിക്കാനും കുടിക്കാനും പറ്റിയില്ല. കാരണം പറയേണ്ടല്ലോ! രാജാവ് തൊട്ടതെല്ലാം പൊന്നായി മാറി. താൻ ചോദിച്ച വാങ്ങിയ വരം ശാപമായി മാറുന്നത് കണ്ട് നരകിച്ച് ജീവിക്കേണ്ടി വന്നു ഈ പാവം രാജാവിന്.

മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ക്ലോഡിയസ് ക്ലോഡിയനസ് എന്ന ലാറ്റിൻ കവി മിഡാസിന്റെ ദുർവിധിയെ കുറിച്ച് ഇങ്ങനെ എഴുതുന്നു, "തനിക്ക് കിട്ടിയ വരത്തിനാൽ ആദ്യം മിഡാസ് അഹങ്കാരം കൊണ്ട് ഞെളിഞ്ഞു. കാരണം തൊടുന്നതെല്ലാം പൊന്നാക്കാനുള്ള സിദ്ധിയാണ് മിഡാസിന് ലഭിച്ചത്. എന്നാൽ പാനീയം സ്വർണ്ണമാകുന്നതും ഭക്ഷണം ഉറച്ച് മിന്നിത്തിളങ്ങുന്നതും കാണേണ്ടി വന്നതോടെ തനിക്ക് ലഭിച്ചത് വരമല്ല, ശാപമാണെന്ന് രാജാവിന് മനസ്സിലായി. സ്വർണ്ണത്തിനോടുള്ള അത്യാർത്തിയിൽ സ്വന്തം ജീവിതം ബലികൊടുക്കേണ്ടി വന്നു മിഡാസിന്."

ഭക്ഷണപാനീയങ്ങൾ സ്വർണ്ണമായി മാറുന്നത് കണ്ട് ഞെട്ടിത്തരിച്ചിരുന്ന മിഡാസിന് മുന്നിലേക്ക് രാജകുമാരി കടന്നുവന്നു. പൂന്തോട്ടത്തിലെ റോസാപുഷ്പങ്ങളുടെ സുഗന്ധം നഷ്ടപ്പെട്ടതിന്റെ പരാതി പറയാൻ എത്തിയതായിരുന്നു അവൾ. അവളെ ആശ്വസിപ്പിക്കാൻ മിഡാസ് അവളുടെ ചുമലിൽ കൈകൾ വച്ചു. അവളുടനെ സ്വർണ്ണ പ്രതിമയായി മാറി. ഗ്രീക്ക് തത്വചിന്തകനായ അരിസ്റ്റോട്ടിൽ പറയുന്നത് തനിക്ക് ലഭിച്ച വരം കൊണ്ട് പട്ടിണി കിടന്ന് മരിക്കേണ്ടി വന്നു മിഡാസിന് എന്നാണ്.

പേരിൽ 'മിഡാസ് സ്പർശം' ചേർത്തിട്ടുള്ള മുംബൈയിലെ കമ്പനികൾക്ക് ഈ ദുരന്തകഥ അറിയാമോ, ആവോ!