Published: 09 Feb 2018

സ്വർണ്ണം ശുദ്ധീകരിക്കുന്നത് എങ്ങനെ?

നിങ്ങളുടെ പ്രിയപ്പെട്ട സ്വർണ്ണ നെക്ലേസ് പണ്ടുപണ്ട് ഒരു പാറക്കഷണത്തിൽ മറ്റ് ലോഹങ്ങൾക്കൊപ്പം സുഷുപ്തിയിലായിരുന്നു എന്നറിയാമോ? സ്വർണ്ണം ഖനനം ചെയ്തെടുക്കുന്ന സമയത്ത്, നമ്മൾ ഇപ്പോൾ ധരിക്കുന്ന പ്രഭയൊന്നും അതിനുണ്ടായിരുന്നില്ല. സ്വർണ്ണത്തിന്റെ ആ ആദിമ രൂപത്തെ അയിര് എന്നാണ് വിദഗ്ധർ വിളിക്കുന്നത്. എവിടെ നിന്നാണ് വേർതിരിച്ചെടുക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കി അയിരിൽ വർദ്ധിച്ച തോതിലോ താഴ്ന്ന തോതിലോ സ്വർണ്ണാംശം ഉണ്ടാകും. അയിരിൽ നിന്ന് സ്വർണ്ണം വേർതിരിച്ചെടുക്കാൻ സ്വർണ്ണപ്പണിക്കാർ സയനൈഡ് ഉപയോഗിക്കുന്നു. സയനൈഡ് ഉപയോഗിച്ച് വേർതിരിച്ചെടുക്കുന്ന സ്വർണ്ണത്തെ 'ഡോർ' എന്നാണ് വിളിക്കുക.

തുടർന്നത് അടുത്ത ഘട്ടത്തിലേക്ക് പോവുന്നു. ഒരു റിഫൈനറിയിൽ വച്ച് ഈ ഡോർ അഗ്നിശുദ്ധി വരുത്തേണ്ടതുണ്ട്. ഈ രസകരമായ പ്രക്രിയയെയാണ് ശുദ്ധീകരണം എന്ന് പറയുന്നത്, ഒരു ഫർണസിൽ വച്ച് ഡോറിനെ ദ്രാവകമാക്കുന്നു, തുടർന്ന് സോഡാ ആഷും ബോറാക്സും ഉപയോഗിച്ച് ഈ ദ്രാവകത്തെ സംസ്ക്കരിച്ചെടുക്കുന്നു. ഈ പ്രക്രിയയിലൂടെ, മാലിന്യങ്ങളിൽ നിന്നും മറ്റ് ലോഹാംശങ്ങളീൽ നിന്നും ശുദ്ധ സ്വർണ്ണം വേർതിരിച്ചെടുക്കപ്പെടുന്നു. സ്വർണ്ണം ശുദ്ധീകരിക്കുന്നതിന് ശാസ്ത്രീയവും സാങ്കേതികപരവുമായ പല രീതികളുണ്ട്. രീതി എന്തുതന്നെ ആയാലും, അനന്തരഫലമായി ലഭിക്കുന്നത് ഗ്രഹത്തിലെ ഏറ്റവും ശുദ്ധമായ സ്വർണ്ണമായിരിക്കും, സൂര്യനെ പോലെ തിളങ്ങുന്ന ബാറുകളായാണ് സ്വർണ്ണം റിഫൈനറിയിൽ നിന്ന് പുറത്തുവരിക.

അപ്പോൾ, നെക്ലേസ് എവിടെ നിന്ന് വരുന്നുവെന്ന് നിങ്ങൾക്ക് മനസ്സിലായല്ലോ, അല്ലേ? മനസ്സിലായെന്ന് കരുതിയെങ്കിൽ തെറ്റി! റിഫൈനറിയിൽ നിന്ന് വരുന്ന സ്വർണ്ണം ശുദ്ധ സ്വർണ്ണമാണ്, മൃദുവുമാണ്. അതുപയോഗിച്ച് നെക്ലേസ് നിർമ്മിക്കാൻ കഴിയില്ല. ഏതെങ്കിലുമൊരു ലോഹസങ്കരവുമായി കൂട്ടിച്ചേർത്താൽ മാത്രമേ, സ്വർണ്ണാഭരണം നിർമ്മിക്കാൻ അതുപയോഗിക്കാൻ കഴിയൂ. നമുക്ക്, നിങ്ങളുടെ പക്കലുള്ള നെക്ലേസ് ഒന്ന് സൂക്ഷ്മമായി പരിശോധിക്കാം. ചിലതരം വെളിച്ചങ്ങളിൽ നിങ്ങളുടെ നെക്ലേസ് ചുവപ്പോ പിനോ ആയ പ്രഭ തൂകുന്നുണ്ടോ? ഇതിന് കാരണം നിങ്ങളുടെ നെക്ലേസിലെ സ്വർണ്ണത്തിൽ ചെമ്പോ മറ്റേതെങ്കിലും ലോഹസങ്കരമോ ഉപയോഗിച്ചിട്ടുണ്ട് എന്നാണ്. വെളുത്ത സ്വർണ്ണത്തിനൊപ്പം പൊതുവെ ചേർക്കുന്നത് വെള്ളിയോ നിക്കലോ ആണ്. സ്വർണ്ണത്തിലേക്ക് ഒരു നിശ്ചിത അളവ് ഇരുമ്പ് ചേർത്താൽ, നീല സ്വർണ്ണം ലഭിക്കുന്നു. ആഭരണത്തിൽ എത്ര അളവ് സ്വർണ്ണം ഉണ്ടെന്നതിനെ അടിസ്ഥാനമാക്കിയാണ് അതിന്റെ കാരറ്റേജ് കണക്കാക്കുന്നത്. 22 കാരറ്റ് സ്വർണ്ണത്തിൽ 91.75 ശതമാനം സ്വർണ്ണാംശമുണ്ട്. വേൾഡ് ഗോൾഡ് കൗൺസി നടത്തിയ ഒരു പഠനമനുസരിച്ച് യൂറോപ്യൻ രാജ്യങ്ങൾ ഇഷ്ടപ്പെടുന്നത് 18 കാരറ്റ് സ്വർണ്ണമാണെങ്കിൽ, ഇന്ത്യക്കാർക്ക് ഇഷ്ടം 22 കാരറ്റ് സ്വർണ്ണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അങ്ങനെ നോക്കുകയാണെങ്കിൽ, നമ്മുടെ പക്കലുള്ള സ്വർണ്ണമാണ് കൂടുതൽ ശുദ്ധസ്വർണ്ണം!