Published: 27 Sep 2017

സ്വർണ്ണം റീസൈക്കിൾ ചെയ്യേണ്ട ആവശ്യകത എന്തുകൊണ്ട്?

Gold Metal Recycling

മനുഷ്യസമൂഹത്തിൽ സ്വർണ്ണത്തിന്റെ സ്വാധീനം വളരെ വിപുലമാണ്. കാലം ശക്തിപ്പെടുത്തിയ ഒരു ബാന്ധവമാണത്. ആഭരണങ്ങളും ദന്തശിഖരങ്ങളും മുതൽ ബഹിരാകാശപേടകവും ഇലക്ട്രോണിക്സും അടങ്ങിയ മനുഷ്യന്റെ നിരവധി കണ്ടുപിടുത്തങ്ങൾക്ക് മൂല്യമേകുന്നതാണ് സ്വർണ്ണത്തിന്റെ സവിശേഷതകൾ.

എന്നാൽ ഭൂമിയിൽ നിന്ന് സ്വർണ്ണം കുഴിച്ചെടുക്കുന്നതും മറ്റും എളുപ്പമായേക്കുകയില്ലാത്ത ഒരു കാലം അതിവിദൂരമല്ല. പുതുതായി സ്വർണ്ണം ലഭ്യമല്ലാതെവരുന്ന ഒരവസ്ഥ ലോകം താമസിയാതെ അഭിമുഖീകരിച്ചേക്കും. അതിനാൽ സ്വർണ്ണം റീസൈക്കിൾ ചെയ്യേണ്ടത് മുമ്പെങ്ങുമില്ലാത്തവിധം ആവശ്യമായി വന്നിരിക്കുകയാണിപ്പോൾ. ഈ ദിശയിൽ കാര്യമായ പ്രവർത്തനങ്ങൾ നടത്തുന്ന ഒരു കമ്പനിയുണ്ട്. വേറാരുമല്ല, കണ്ടുപിടുത്തങ്ങളുടെ രാജാവായ ആപ്പിൾ!

സ്മാർട്ട് ഫോൺ പോലുള്ള കൺസ്യൂമർ ഇലക്ട്രോണിക്സ് ഉത്പന്നങ്ങളിൽ ചെറിയ അളവിൽ സ്വർണ്ണം അടങ്ങിയിട്ടുണ്ട്. സ്വർണ്ണത്തിന്റെ മികച്ച വൈദ്യുതിവാഹകശക്തിയും (കൻഡക്ടിവിറ്റി) അതിലുപരി തുരുമ്പിനെ പ്രതിരോധിക്കാനുള്ള ശേഷിയുമാണ് ഇതിനു കാരണം. തുരുമ്പുകയറിയ ലോഹക്കമ്പികളിലൂടെ വൈദ്യുതി പ്രവഹിക്കാത്തതിനാൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉടൻ നിശ്ചലമാകുന്നു. മികച്ച വൈദ്യുതിവാഹകശേഷി മാത്രമാണ് ശാസ്ത്രജ്ഞൻമാർക്ക് മുഖ്യമെങ്കിൽ വെള്ളിയാണ് ഏറ്റവും അനുയോജ്യം. വെള്ളിയാണ് മനുഷ്യന് അറിയാവുന്നതിൽ വെച്ച് ഏറ്റവും കൻഡക്ടിവിറ്റിയുള്ള ലോഹം. പക്ഷേ ദൗർഭാഗ്യമെന്നു പറയട്ടെ, വെള്ളി അതിവേഗത്തിൽ തുരുമ്പുപിടിക്കുന്നു. സ്വർണ്ണത്തിന്റെ ഭീമമായ വില കാരണം എൻജിനീയർമാർ വെള്ളിയേക്കാൾ കൂടുതൽ തുരുമ്പിനെ പ്രതിരോധിക്കാൻ കഴിവുള്ള ചെമ്പിനെയാണ് മുഖ്യമായും ആശ്രയിക്കുന്നത്. പക്ഷേ, സ്വർണ്ണത്തെ അപേക്ഷിച്ച് ചെമ്പിന് കൻഡക്ടിവിറ്റി കുറവാണ്. സ്വർണ്ണം വളരെ പരിമിതമായാണ് ഇലക്ട്രോണിക്സ് ഉപകരണങ്ങളിൽ ഉപയോഗിച്ചു വരുന്നത്. രണ്ട് ഇലക്ട്രോണിക് ഭാഗങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഇടങ്ങളിലാണ് പ്രധാനമായും ഇത് ഉപയോഗിക്കുന്നത്.

അപ്പോൾ നിങ്ങളുടെ ഫോണിൽ എത്രമാത്രം സ്വർണ്ണം കാണും? ഒരു ഐഫോണിൽ ശരാശരി 0.034 ഗ്രാം സ്വർണ്ണമടങ്ങിയിരിക്കുന്നു. അത് ഒന്നുമല്ലല്ലോ എന്നു തോന്നിയേക്കാം. പക്ഷേ ഇത് ഒരു ഫോണിന്റെ കാര്യം മാത്രം. ഒരുപാടു ഫോണുകളിലെ സ്വർണ്ണം കണക്കാക്കുമ്പോഴോ? അതുകൊണ്ടാണ് ആപ്പിളിന് അതിന്റെ റീസൈക്ലിങ് പ്രോഗ്രാമിൽ 90 മില്ല്യൺ പൗണ്ട് ഇലക്ട്രോണിക് പാഴ്വസ്തുക്കളിൽ നിന്ന് 2,204 പൗണ്ട് സ്വർണ്ണം ലഭിച്ചത്. 43.5 മില്ല്യൺ യു.എസ്. ഡോളർ വിലവരുന്ന ആ സ്വർണ്ണം ആപ്പിളിന് മുതൽക്കൂട്ടായി. അവരുടെ സ്വർണ്ണത്തിന്റെ ആവശ്യം മുഴുവനും നിറവേറ്റാനായില്ലെങ്കിലും റീസൈക്ലിങ് കൊണ്ട് ഭാഗികമായി അത് നിറവേറി.