Published: 10 Oct 2018

ഹാൾമാർക്ക് ചെയ്യുന്നതിനെ കുറിച്ച് നിങ്ങൾക്കറിയേണ്ടതെല്ലാം

സ്വർണാഭരണങ്ങൾ നമ്മുടെ സവിശേഷ സന്ദർഭങ്ങളെ മനോഹരമാക്കുന്നു , ഒരാൾക്ക് നൽകുവാനും സ്വീകരിക്കുവാനും കഴിയുന്ന ഏറ്റവും മൂല്യമുള്ള സമ്മാനമായും സ്വർണം കണക്കാക്കപ്പെടുന്നു. എന്നാൽ, സ്വർണം വാങ്ങുമ്പോൾ അതിന്റെ പരിശുദ്ധി ഉറപ്പാക്കുന്നതിനായി നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും? ഉത്തരം ലളിതമാണ്, നിങ്ങളുടെ ആഭരണം ഹാൾമാർക്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുക.

എന്നാൽ ഹാൾമാർക്ക് ചെയ്യുക എന്നാൽ എന്താണ്?

ഹാൾമാർക്ക് ചെയ്യുക എന്ന് വെച്ചാൽ, ആഭരണത്തിൽ സ്വർണത്തിന്റെ അനുപാതം ശരിയായ അളവിൽ ഉണ്ടോയെന്ന് കൃത്യമായി നിർണയിക്കുക എന്നാണ്. പരമാർത്ഥത്തിൽ, ഹാൾമാർക്ക് ചെയ്യുക എന്ന് വെച്ചാൽ,അംഗീകാരമുള്ള ഒരു അസേയിംഗ് സ്ഥാപനത്തിൽ നിന്നും സ്വർണത്തിന്റെ പരിശുദ്ധി ഉറപ്പാക്കുന്ന പ്രക്രിയയാണ്.

ആരാണ് ഹാൾമാർക്ക് ചെയ്യുന്നത്?

ഇന്ത്യൻ സർക്കാർ സ്വർണം ഹാൾമാർക്ക് ചെയ്യാൻ ചുമതലപ്പെടുത്തിയ ഒരേയൊരു സ്ഥാപനമാണ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS). സ്ഥാപനങ്ങൾ സ്വയമേവ ചെയ്യുന്നതാണ് BIS ഹാൾമാർക്ക് പ്രക്രിയ, BIS നയങ്ങൾക്കും നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായാണ് ഈ പ്രക്രിയ പ്രവർത്തിക്കുന്നത്. ഈ സ്കീമിന് കീഴിൽ, BIS സർട്ടിഫിക്കറ്റ് ഉള്ള ജ്വല്ലറി സ്ഥാപനങ്ങൾക്ക് അവരുടെ ആഭരണങ്ങൾ BIS ലൈസൻസ് ഉള്ള ഏതൊരു അസേയിംഗ് ആൻഡ് ഹാൾമാർക്കിംഗ് കേന്ദ്രത്തിൽ നിന്നും സർട്ടിഫൈ ചെയ്ത് വാങ്ങാവുന്നതാണ്.

അമൂല്യമായ ലോഹഭാഗങ്ങളുടെ പരിശുദ്ധിയും ഗുണമേന്മയും ഉറപ്പാക്കുന്നതിനായി BIS അസേയിംഗ് ചെയ്യുന്ന ഔദ്യോഗിക മുദ്രയാണ് ഹാൾമാർക്ക്.

ഹാൾമാർക്ക് ചെയ്ത ആഭരണങ്ങൾ കണ്ടാൽ എങ്ങനെയിരിക്കും?

സ്വർണഭാഗത്തിന്റെ ഉൾവശത്തായി സാധാരണയായി കാണപ്പെടുന്ന ഹാൾമാർക്കിന് നാല് ഘടകങ്ങൾ ഉണ്ട്.:

  1. BIS ലോഗോ

    ഇന്ത്യൻ സ്റ്റാൻഡേഡ് ബ്യൂറോയുടെ കോർപ്പറേറ്റ് ലോഗോയാണിത്. ആഭരണങ്ങൾ BIS നിർദ്ദേശിച്ച നിലവാരത്തിലുള്ളതാണെന്ന് ഈ ലോഗോ സാക്ഷ്യപ്പെടുത്തുന്നു.

  2. ലോഹത്തിന്റെ പരിശുദ്ധിയുടെ നിലവാരവും ഫൈൻനസും

    ഈ കോഡ് നിങ്ങളുടെ വാങ്ങലിന്റെ സൂക്ഷ്മ വിവരങ്ങൾ വിശദമാക്കുന്നു.

    ഉദാഹരമായി, 22K916 എന്നതിന് 22 കാരറ്റ് സ്വർണം എന്നാണ് അർത്ഥം.

                         18K750 എന്നത് 18 കാരറ്റ് സ്വർണത്തെ സൂചിപ്പിക്കുന്നു.

                         14K585 എന്നത് 14 കാരറ്റ് സ്വർണത്തെ സൂചിപ്പിക്കുന്നു.

  3. അസേയിംഗ് കേന്ദ്രത്തിന്റെ തിരിച്ചറിയൽ മുദ്ര

    ഏത് AHC-യിൽ നിന്നാണ് സ്വർണം അസേയിംഗും ഹാൾമാർക്കും ചെയ്തതെന്നതിന്റെ സൂക്ഷ്മവിശദംശങ്ങൾ ഇതിലുണ്ട്.

  4. ജ്വല്ലറി സ്ഥാപനത്തിന്റെ തിരിച്ചറിയൽ അടയാളം

    ഈ ലോഗോയോ കോഡോ, ആഭരണങ്ങൾ വിൽക്കുന്ന BIS സർട്ടിഫിക്കറ്റ് ഉള്ള ആഭരണ സ്ഥാപനത്തിന് അവകാശപ്പെട്ടതാണ്.

Certified BIS Gold Hallmark

ഹാൾമാർക്ക് ചെയ്യുന്നത് ഒരു ആവശ്യകതയായി മാറുന്നത് എന്തുകൊണ്ടാണ്?

  1. ഹാൾമാർക്ക് ചെയ്ത സ്വർണം വ്യാജമായിരിക്കാനോ കുറഞ്ഞ കാരറ്റിൽ ഉള്ളതായിരിക്കാനോ സാധ്യമല്ല, കാരണം പരിശുദ്ധിയുടെ കാര്യത്തിൽ ഘട്ടം ഘട്ടമായിട്ടുള്ള വിശദമായ പരിശോധന ഇവിടെ നടക്കുന്നുണ്ട്.
  2. നിങ്ങൾ എപ്പോഴെങ്കിലും ഹാൾമാർക്ക് ചെയ്ത സ്വർണം വിൽക്കാൻ ഉദ്ദേശിക്കുന്നു എങ്കിൽ, അതിനു ശരിയായ വില തന്നെ കിട്ടുമെന്ന് ഈ ഹാൾമാർക്ക് അടയാളം ഉറപ്പാക്കുന്നു. കാരണം ഹാൾമാർക്ക് ചെയ്ത ആഭരണം വാങ്ങുന്ന ആൾക്ക് അതിന്റെ ഗുണമേന്മ ഉറപ്പുനൽകുന്നു. നിങ്ങളുടെ സ്വർണാഭരണങ്ങൾ വിൽക്കുന്നതിനെ കുറിച്ച് കൂടുതൽ അറിയാൻ , ഇവിടെക്ലിക്ക് ചെയ്യുക..
  3. BIS സർട്ടിഫിക്കറ്റ് ഉള്ള ഒരു ജ്വല്ലറി സ്ഥാപനം നിരന്തരമായ സൂക്ഷ്മപരിശോധനയ്ക്ക് കീഴിലാണ്. കാരണം, ജ്വല്ലറി സ്ഥാപനത്തിലും പരിസരങ്ങളിലും അവർ വിൽക്കുന്ന സ്വർണത്തിന്റെ ഗുണമേന്മ കണക്കാക്കുവാൻ BIS ഇടയ്ക്കിടെ പരിശോധന നടത്തുന്നു. സ്വർണത്തിന്റ പരിശുദ്ധിയിൽ എന്തെങ്കിലും വ്യതിയാനങ്ങളുണ്ടെങ്കിൽ ജ്വല്ലറി സ്ഥാപനത്തിന്റെ ലൈസൻസ് തിരിച്ചെടുക്കുന്നു. വിട്ടുവീഴ്ചയില്ലാത്ത നിരീക്ഷണം ഉള്ളതിനാൽ BIS സർട്ടിഫിക്കറ്റ് ഉള്ള ഒരു ജ്വല്ലറി സ്ഥാപനം കുറഞ്ഞ ഗുണനിലവാരത്തിലുള്ള സ്വർണം വിൽക്കാനുള്ള സാധ്യതയേയില്ല.
  4. ഹാൾമാർക്ക് ചെയ്യപ്പെട്ടതല്ലെങ്കിൽ സ്വർണം എത്രമാത്രം ശുദ്ധമാണെന്നു പറയുക സാധ്യമല്ല, ചുരുങ്ങിയ പക്ഷം പരിശീലനം ലഭിക്കാത്ത കണ്ണുകൾക്ക് അതൊട്ടും സാധ്യമല്ല.

ബന്ധപ്പെട്ട ലേഖനം: നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില സാധാരണ സ്വർണ തട്ടിപ്പുകൾ

സ്വർണം ഹാൾമാർക്ക് ചെയ്യുന്നത് നിർബന്ധിതമാണോ?

ഹാൾമാർക്ക് നിർബന്ധമാക്കുന്നതിനു വേണ്ടി ഗവൺമെന്റ് പരിശ്രമിച്ച് വരികയാണെങ്കിലും , ഇപ്പോൾ ഇത് സ്വന്തം ഇഷ്ടപ്രകാരം തീരുമാനിക്കാവുന്നതാണ്.

2017 ജനുവരിയിൽ ഗവണ്മെന്റ്, 14 കാരറ്റ്, 18 കാരറ്റ്, 22 കാരറ്റ് എന്നീ വിഭാഗത്തിലുൾപ്പെട്ട സ്വർണം മാത്രം വിൽക്കുന്നതിനുള്ള അനുവാദം ജ്വല്ലറി സ്ഥാപനങ്ങൾക്ക് നൽകികൊണ്ട് ഹാൾമാർക്ക് വ്യവസ്ഥകളെ പുനഃക്രമീകരിച്ചു, അതുകഴിഞ്ഞ് 2017 ഏപ്രിലിൽ ജ്വല്ലറി സ്ഥാപനങ്ങൾ BIS-മായി നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് നിർദ്ദേശിച്ചു കൊണ്ടുള്ള കരട് നിയമം പുറത്തിറക്കി. അങ്ങനെ ജൂൺ വരെ നിയമപരമായി അനുവാദമുള്ള റിഫൈനറികൾക്ക് മാത്രമേ ഭാഗികമായി -ശുദ്ധമായ സ്വർണം ഇറക്കുമതി ചെയ്യാൻ കഴിയുകയുള്ളു.

ഈ വിധത്തിലുള്ള കർശനമായ നടപടികൾ കാണിക്കുന്നത് നിർബന്ധിതമായ ഹാൾമാർക്ക് പ്രക്രിയ ഉടനെ തന്നെ രാജ്യത്ത് നടപ്പാക്കപ്പെടുമെന്നതാണ്.

ഇപ്പോൾ, ഹാൾമാർക്ക് ചെയ്ത ആഭരണങ്ങൾ മാത്രം വാങ്ങിക്കുന്നതിന് നിർദ്ദേശിക്കുന്നതിനുള്ള കാരണം ഉൾപ്പെടെ, ഹാൾമാർക്ക് ചെയ്യുന്നതിന്റെ എല്ലാ വശങ്ങളും നിങ്ങൾ മനസിലാക്കിക്കഴിഞ്ഞു. ആധികാരികമായ വാങ്ങൽ, ദീർഘകാലത്തേക്കുള്ള സുരക്ഷിതത്വം എന്നിവക്കായി നിങ്ങൾ അടുത്ത തവണ സ്വർണം വാങ്ങുമ്പോൾ അത് ഹാൾമാർക്ക് ചെയ്തതാണെന്ന് ഉറപ്പുവരുത്തുക.