Published: 27 Sep 2017

എങ്ങനെയാണ് സ്വർണ്ണം റീസൈക്കിൾ ചെയ്യേണ്ടത്?

Recycling Gold Bars

സ്വർണ്ണം റീസൈക്കിൾ ചെയ്യുക എന്ന പ്രക്രിയ മനുഷ്യനെടുത്ത സമർത്ഥമായ മുൻകൈയ്യുകളിൽ ഒന്നാണ്. സ്വർണ്ണം എന്നത് പ്രകൃതിദത്തമായ ഒരപൂർവ്വ ലോഹമാണ്. അത് നിർമ്മിക്കാൻ കഴിയില്ല. അതിനാൽ അതിന്റെ ലഭ്യത പരിമിതമാണ്. വാസ്തവത്തിൽ, അടുത്തകാലത്തിറങ്ങിയ ഒരു കണക്കു പറയുന്നത് ഇപ്പോഴത്തെ ഖനനനിരക്കനുസരിച്ച് അടുത്ത 20 വർഷത്തേക്കുള്ള സ്വർണ്ണം മാത്രമെ ഖനികളിൽ അവശേഷിക്കുന്നുള്ളു എന്നാണ്. ഭൂമി വളരെ വലുതാണ്, സ്വർണ്ണം എത്ര ഖനനം ചെയ്താലും തീരില്ല എന്നൊക്കെ വിശ്വസിക്കാൻ എളുപ്പമായിരിക്കാം. എന്നാൽ യാഥാർത്ഥ്യം കുറച്ചേറെ വെല്ലുവിളികൾ നിറഞ്ഞതാണ്. സ്വർണ്ണം ഖനനം ചെയ്യണമെങ്കിൽ അത് ചെലവുകുറഞ്ഞ രീതിയിലായിരിക്കണം. ലാഭകരമായി സ്വർണ്ണം ഖനികളിൽ നിന്ന് കുഴിച്ചെടുക്കുക എന്നത് കൂടുതൽ, കൂടുതൽ ബുദ്ധിമുട്ടേറിയതായി മാറിക്കൊണ്ടിരിക്കുകയാണ്. അതിനു കാരണം, ‘താഴത്തെ കൊമ്പിലെ ഫലങ്ങളെല്ലാം പറിച്ചുകഴിഞ്ഞിരിക്കുന്നു’ എന്നതാണ്. അതായത്, എളുപ്പത്തിൽ ശേഖരിക്കാവുന്ന സ്വർണ്ണമെല്ലാം എടുത്തു കഴിഞ്ഞിരിക്കുന്നു. പുതിയ സൈറ്റുകളിലാണെങ്കിൽ സ്വർണ്ണത്തേക്കാളേറെ വെറും മണ്ണാണ് കൂടുതൽ.

അപ്പോൾ എങ്ങനെ സ്വർണ്ണം റീസൈക്കിൾ ചെയ്തെടുക്കും?

ഏറ്റവും പൊതുവായ മാർഗങ്ങളിലൊന്ന് പാഴായ കൺസ്യൂമർ ഇലക്ട്രോണിക്സ് ഉപകരണങ്ങളിൽ നിന്ന് വേർത്തിരിച്ചെടുക്കുകയാണ്. ഇലക്ട്രോണിക്സ് ഉപകരണങ്ങളിൽ ചെറിയ അളവിൽ സ്വർണ്ണം അടങ്ങിയിട്ടുണ്ട്. പ്രധാനമായും അവയുടെ വൈദ്യുതബോർഡുകളിൽ. അനവധിയാളുകൾ, ചിലർ നേരമ്പോക്കിനായും മറ്റു ചിലർ തൊഴിലായും, ഇത്തരം ഉപകരണങ്ങളിൽ നിന്ന് സ്വർണ്ണം വേർത്തിരിച്ചെടുക്കുന്ന പണയിലേർപ്പെട്ടിട്ടുണ്ട്.

ഈ പ്രക്രിയയുടെ ആദ്യപടി വളരെയേറെ കണക്ടറുകളുള്ള പഴയതോ ഉപേക്ഷിക്കപ്പെട്ടതോ ആയ സർക്യൂട്ട് ബോർഡുകൾ തേടിപ്പിടിക്കുക എന്നതാണ്. കണക്ടറുകളുടെ പിന്നുകളെല്ലാം സ്വർണ്ണം പൂശിയവയായിരിക്കും. സ്വർണ്ണമടങ്ങിയ ഭാഗങ്ങളെല്ലാം ശ്രദ്ധാപൂർവ്വം പറിച്ചെടുത്ത് അവയ്ക്കുമേൽ വീര്യമേറിയ ഒരാസിഡ് മിശ്രിതം (നൈട്രിക് ആസിഡും ഹൈഡ്രോക്ലോറിക് ആസിഡും ചേർന്നത്) ഒഴിക്കുന്നു. ആസിഡ് സ്വർണ്ണവുമായി പ്രതിപ്രവർത്തിച്ച് ഗോൾഡ് ക്ലോറൈഡ് അടങ്ങിയ ഒരു ദ്രാവകമിശ്രിതമായി മാറുന്നു. ഇതിൽ നിന്ന് ഗോൾഡ് ക്ലോറൈഡിനെ വേർത്തിരിക്കാൻ ആ മിശ്രിതം തിളപ്പിക്കുകയോ, വളരെ നേർത്ത അരിപ്പയിലൂടെ കടത്തിവിടുകയോ ചെയ്യുന്നു. അവശേഷിക്കുന്ന പൗഡറിനെ നന്നായി ചൂടാക്കിയാൽ (സ്വർണ്ണത്തിന്റെ മെൽറ്റിങ് പോയ്ന്റിനപ്പുറം) അതൊരു ചെറിയ കുടുക്കിന്റെ രൂപത്തിലുള്ള സ്വർണ്ണക്കട്ടയായി മാറുന്നു. ഒരു കമ്പ്യൂട്ടറിൽ നിന്ന് ലഭിക്കുന്ന സ്വർണ്ണകുടുക്കിന്റെ വലിപ്പത്തിൽ വലിയ മതിപ്പ് തോന്നിക്കുകയില്ലെങ്കിലും, ഒരു ടൺ ഐഫോണിലുള്ള സ്വർണ്ണം ലോകത്തിലെ ഏതു സ്വർണ്ണഖനിയിൽ നിന്നുമെടുക്കുന്ന ഒരു ടൺ അയിരിൽ അടങ്ങിയിരിക്കുന്ന സ്വർണ്ണത്തേക്കാൾ ഏറുമെന്നറിയുമ്പോൾ തീർച്ചയായും നാം ജിജ്ഞാസുക്കളായേക്കും.