Published: 28 Aug 2017

വർഷത്തിലൊരിക്കൽ മാത്രം കാണാൻ കഴിയുന്ന പരിശുദ്ധ സ്വർണ്ണാഭരണങ്ങൾ

പുരാതന കാലം തൊട്ടേ ഭാരതീയരുടെ ജീവിതത്തിൽ സ്വർണ്ണത്തിന് വലിയ സ്ഥാനമാണുള്ളത്. ദേവീ ദേവന്മാരുടെ ആഭരണങ്ങളെല്ലാം ഇന്ത്യയിലുള്ള വിവിധ ക്ഷേത്രങ്ങളിൽ നൂറ്റാണ്ടുകളായി നിധി പോലെ സൂക്ഷിക്കുന്നുണ്ട്. അതിൽ ഏറ്റവും വിശിഷ്ടമായ ഒരു നിധി ശബരിമലയിൽ സ്ഥിതി ചെയ്യുന്ന ഭഗവാൻ അയ്യപ്പന്റെ തിരുവാഭരണമാണ്, ശബരിമല കേരളത്തിൽ സ്ഥിതി ചെയ്യുന്ന ഒരു തീർത്ഥാടന കേന്ദ്രമാണ്.

മനുഷ്യ രൂപത്തിലായിരുന്ന ഭഗവാൻ അയ്യപ്പനെ പന്തള രാജാവ് എടുത്ത് മണികണ്ഠനെന്ന് നാമകരണം ചെയ്ത് വളർത്തി. അദ്ദേഹം വിദഗ്ദ്ധ ശിൽപ്പികളോട് ഭഗവാനായുള്ള സങ്കീർണ്ണമായ ആഭരണങ്ങൾ പണിയുവാൻ ആജ്ഞാപിച്ചു. തിരുവാഭരണമെന്നത് ഭഗവാന്റെ പരിപാവനമായ ആഭരണപ്പെട്ടിയാണ്, ഇന്നിത് പന്തളം കൊട്ടാര പരിധിയിലുള്ള സ്രാമ്പിക്കൽ കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്നു.

തിരുവാഭരണത്തിൽ അനവധി സ്വർണ്ണാഭരണങ്ങളടങ്ങിയിരിക്കുന്നു, ഇതിൽ ഭഗവാൻ അയ്യപ്പന്റെ ജീവിതത്തെ കുറിച്ചുള്ള നിഗൂഢ വിശ്വാസങ്ങൾ പുറത്തു കൊണ്ടു വരുന്ന സ്വർണ്ണ മുഖംമൂടിയും പെടുന്നു, ബാക്കിയുള്ള വസ്തുക്കൾ അദ്ദേഹത്തിന്റെ ഇഷ്ട വാഹനമായ കടുവയുടെയും സ്വർണ്ണ ആനയുടെയും ഭാഗങ്ങൾ, ശരപ്പൊലി മാല, വിളക്കുമാല, മണിമാല, എരുക്കു പൂമാല, നവരത്ന മോതിരം പിന്നെ ദേവന്റെ മറ്റു പരിശുദ്ധ ആഭരണങ്ങൾ എന്നിവയാണ്.

തിരുവാഭരണത്തിന്റെ മൂന്ന് ദിവസം നീളുന്ന ഘോഷയാത്ര ജനുവരി 12-നാണ് തുടങ്ങാറുള്ളത്, രാജ കുടുംബത്താൽ നിയമിക്കപ്പെടുന്ന പ്രതിനിധികൾ ദേവന്റെ തിരുവാഭരണങ്ങളടങ്ങിയ പരിശുദ്ധാഭരണപ്പെട്ടി കാടുകളും പുഴകളും കടന്ന് 83 കിലോമീറ്റർ അകലെയുള്ള മലമുകളിലേക്ക് കൊണ്ടുപോകുന്നു. ഈ പ്രക്രിയയുടെ മൂന്നാം ദിവസമാണ് മകരജ്യോതി, അതായത് തിരുവാഭരണം ശബരിമല ക്ഷേത്രത്തിലേക്ക് എത്തുന്ന ദിവസം. ശ്രീ കോവിൽ ദർശനത്തിനായി തുറക്കുന്ന സമയത്ത് ഭക്തർ തിരുവാഭരണങ്ങളണിഞ്ഞ സുന്ദരവും പ്രതാപശാലിയുമായ ഭഗവാൻ അയ്യപ്പനെ പ്രാർത്ഥിക്കുന്നു. ഭഗവാന്റെ ഈ ആഭരണങ്ങളെല്ലാം വർഷത്തിലൊരിക്കൽ മാത്രമേ ദർശിക്കാൻ സാധിക്കുകയുള്ളൂ.

ഈ രാജകീയ ആഭരണങ്ങൾ കൂടാതെ ഭഗവാൻ അയ്യപ്പന്റെ ക്ഷേത്രമായ ശബരിമലയിൽ ആരാധ്യ ദേവന് സമർപ്പിക്കുന്ന സ്വർണ്ണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും പ്രദർശനത്തിനായി വയ്ക്കാറുണ്ട്. ക്ഷേത്രത്തിന്റെ ചെമ്പ് പാളികൾ കൊണ്ടുള്ള മേൽക്കൂരയുടെ മുകളിൽ സ്വർണ്ണം കൊണ്ടുള്ള നാല് താഴിക കുടങ്ങൾ ഘടിപ്പിച്ചിരിക്കുന്നു. ക്ഷേത്രത്തിലേക്കു കയറി വരുന്ന 18-പടികൾ (18-പരിപാവനമായ പടികൾ) അഭിമാനകരമാണ്, ഈ പടികൾ മുൻ കാലത്ത് പഞ്ചലോഹങ്ങളാൽ (പരമ്പരാഗത പ്രാധാന്യമുള്ള അഞ്ച് ലോഹങ്ങൾ) നിർമ്മിക്കപ്പെട്ടവയാണ്. “ഇരുമുടിക്കെട്ട്” (പരിശുദ്ധ വസ്തുക്കൾ അടങ്ങിയ സഞ്ചി) ഏന്തിയ ഭക്തർക്കു മാത്രമേ ഈ പടികൾ കയറുവാനാകൂ. പഴയ അനുഷ്ഠാനങ്ങളുടെ കൃത്യമായുള്ള പിന്തുടർച്ചയാണ് ക്ഷേത്രത്തിന്റെ ശുഭാവസ്ഥ കാത്തു സൂക്ഷിക്കുന്നത്.