Published: 04 Sep 2017

സ്വർണ്ണം കൊണ്ട് ഭൂമിയെ മൂടാനാകുമോ?

'സ്വർണ്ണം കൊണ്ട് ഭൂമിയെ മൂടുക' എന്ന ആശയം കേൾക്കുമ്പോൾ അളവറ്റ സമ്പത്തിന് ഉടമകളായ പ്രഭുക്കന്മാരുടെ സ്വപ്നമെന്നാണ് നമുക്ക് തോന്നുക. എന്നാൽ, സ്വർണ്ണത്തിന് അയവും വഴക്കവും ഉള്ളതിനാൽ, നിലവിൽ ലഭ്യമായ സ്വർണ്ണം അടിച്ചുപരത്തി പാളികളാക്കിയാൽ, ഭൂമിയെ മൂടാൻ പാകത്തിൽ വ്യാപ്തിയുള്ള പാളികൾ ഉണ്ടാക്കാൻ നമുക്ക് കഴിയുമോ?

അതിനാൽ, നമുക്ക് അനുമാനങ്ങൾ മാറ്റിവയ്ക്കാം. സത്യത്തിൽ, ഇങ്ങനെ സ്വർണ്ണം പാളികളാക്കി ഭൂമി മൂടാൻ കഴിയുമോ എന്ന കാര്യം ശാസ്ത്രീയമായി മനസ്സിലാക്കാൻ ശ്രമിക്കാം.

ഇത് കണക്കാക്കുന്നതിന്, ഇനിപ്പറയുന്ന ചോദ്യങ്ങൾക്ക് നാം ഉത്തരം കണ്ടെത്തേണ്ടതുണ്ട്:

1. ഭൂമിയെന്ന ഗ്രഹത്തിൽ എത്രയളവ് സ്വർണ്ണമുണ്ട്?

ഭൂമിയിലേക്ക് എങ്ങനെയാണ് സ്വർണ്ണം വന്നത് എന്നതിനെ കുറിച്ചും ഭൂമിയിൽ സ്വർണ്ണം എങ്ങനെയാണ് നിലനിൽക്കുന്നത് എന്നതിനെ കുറിച്ചും വിവിധ സിദ്ധാന്തങ്ങൾ നിലവിലുണ്ട്. രൂപപ്പെടാൻ തുടങ്ങിയ കാലത്ത്, ഭൂമിയിൽ പതിച്ച വലിയ ഭാരമുള്ള ഉൽക്കകളിൽ നിന്നാണ് ഭൂമിയിൽ സ്വർണ്ണം എത്തിച്ചേർന്നതെന്ന് സിദ്ധാന്തിക്കുന്നവരുണ്ട്. സ്വർണ്ണം അതിന്റെ തനി രൂപത്തിൽ, ഭൂമി രൂപപ്പെടാൻ തുടങ്ങിയ കാലം മുതലേ ഇവിടെയുണ്ട് എന്ന് വാദിക്കുന്നവരുടെ എണ്ണവും കുറവല്ല. എന്നാൽ, നമ്മുടെ ലേഖനത്തിന്റെ ഉദ്ദേശ്യം മറ്റൊരു കാര്യം അറിയലാണ്. അതിനാൽ സ്വർണ്ണത്തിന്റെ ഉത്ഭവം നമുക്കിവിടെ ഘടകമല്ല. നമ്മൾ കണ്ടെത്താൻ ശ്രമിക്കുന്നത് ഭൂമിയിൽ ഭൗതികമായി എത്ര സ്വർണ്ണം ഉണ്ടെന്നാണ്. 'മണി മെറ്റൽ എക്സ്ചേഞ്ച്' എന്ന പ്രസിദ്ധീകരണത്തിൽ വന്ന ഒരു ലേഖന പ്രകാരം, 1493 മുതൽ 2016 വരെയുള്ള കാലയളവിൽ ഏകദേശം 173,000 മെട്രിക് ടൺ സ്വർണ്ണം ഖനനം ചെയ്തെടുത്തിട്ടുണ്ട്. 173,000 മെട്രിക് ടൺ സ്വർണ്ണത്തിന്റെ 91 ശതമാനവും കഴിഞ്ഞ 66 വർഷങ്ങൾക്കുള്ളിലാണ് ഖനനം ചെയ്യപ്പെട്ടിരിക്കുന്നത്.

2. ഭൂമിയുടെ ഉപരിതല വിസ്തീർണ്ണം എത്രയാണ്?

ക്ഷീരപഥത്തിലെ അഞ്ചാമത്തെ വലിയ ഗ്രഹമാണ് ഭൂമി. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ വലുപ്പത്തിന്റെ 10 ശതമാനത്തിലും കുറവാണ് ഭൂമിയുടെ വലുപ്പം. ഭൂമിയുടെ വ്യാസാർദ്ധം 6,371 കിലോമീറ്ററാണ്. നാസയുടെ 'എർത്ത് ഫാക്റ്റ് ഷീറ്റ്' അനുസരിച്ച്, 510.1 മില്യൻ ചതുരശ്ര കിലോമീറ്ററാണ് ഭൂമിയുടെ ഉപരിതല വിസ്തീർണ്ണം.

3. ഭൂമി പൊതിയാൻ എത്ര കനമുള്ള സ്വർണ്ണമാണ് ആവശ്യം?

സ്വർണ്ണ പാളി ഉപയോഗിച്ച് ഭൂമി മുഴുവനായി മൂടുന്നതിന് നിലവിലുള്ള സ്വർണ്ണം എത്ര നേർത്ത ഷീറ്റുകളായി മാറ്റണമെന്ന് മുകളിലെ വിവരങ്ങളും (താരതമ്യേന) ലളിതമായ ഗണിതവും ഉപയോഗിച്ച് നമുക്ക് കണക്കുകൂട്ടി നോക്കാം. കഴിഞ്ഞ 500 വർഷങ്ങളായി ഖനനം ചെയ്തെടുക്കപ്പെട്ടിട്ടുള്ള സ്വർണ്ണം മുഴുവൻ ഉപയോഗിക്കുകയാണെങ്കിൽ 0.01757 നാനോമീറ്റർ കനത്തിൽ സ്വർണ്ണം അടിച്ചുപരത്തി പാളികളാക്കിയാലേ ഭൂമി മൂടാൻ കഴിയൂ. മനുഷ്യന്റെ ഒരു ശരാശരി മുടിയുടെ കനത്തിന്റെ 1 ശതമാനം മാത്രമാണ് മുകളിൽ പറഞ്ഞ കനം. നിർഭാഗ്യകരം എന്ന് പറയട്ടെ, സ്വർണ്ണം എത്ര നേർത്തതാക്കിയാലും 180 നാനോമീറ്ററിനേക്കാൾ കനം കുറയ്ക്കാൻ പറ്റില്ലെന്ന് അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി കണ്ടെത്തിയിട്ടുണ്ട്.

അതിനാൽ, ഭൂമിയെ സ്വർണ്ണം കൊണ്ട് മൂടുന്ന ആശയത്തിന് നമുക്ക് തൽക്കാലം വിട നൽകാം. ഭാവിയിൽ സ്വർണ്ണം വീണ്ടും കനം കുറച്ച് പാളികളാക്കുന്ന സാങ്കേതികവിദ്യ ശാസ്ത്രം കണ്ടെത്തുന്നത് വരെ നമുക്ക് കാത്തിരിക്കാം.