Published: 28 Aug 2017

ബ്രിട്ടീഷ് കാലഘട്ടത്തിലെ സ്വർണ്ണനാണയങ്ങൾ

ഇന്ന് ഇന്ത്യ നോട്ടുകളെയും ‘പ്ലാസ്റ്റിക് പണ’ത്തെയും വളരെയേറെ ആശ്രയിക്കുന്നു. നാണയങ്ങളുടെ ഉപയോഗം കുറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാൽ പഴയകാലം അങ്ങനെയായിരുന്നില്ല. നാണങ്ങളായിരുന്നു വ്യാപാരത്തിന്റെ പ്രധാനമാധ്യമം. അന്ന് നാടുഭരിച്ചിരുന്ന രാജവംശങ്ങൾ ധാരാളമായി നാണയങ്ങൾ പുറത്തിറക്കുകയും ഉപയോഗിക്കുകയും ചെയ്തിരുന്നു. നാണയങ്ങൾ പിറവിയെടുത്തത് ബി.സി. ആറാം നൂറ്റാണ്ടിലാണെന്ന് കരുതപ്പെടുന്നു. പലതരം ലോഹങ്ങളാണ് അവയുണ്ടാക്കാൻ ഉപയോഗിച്ചിരുന്നത്. കൊട്ടാരങ്ങളിൽ സമ്പത്ത് കുമിഞ്ഞുകൂടിയപ്പോൾ സ്വർണ്ണനാണയങ്ങൾ പിറവിയെടുത്തു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിൽ കാലുകുത്തിയ പതിനേഴാം നൂറ്റാണ്ടുവരെ ഇതൊക്കെയായിരുന്നു ഇവിടുത്തെ സ്ഥിതിഗതികൾ. ബ്രട്ടീഷ് ഭരണകാലത്തെ നാണയങ്ങളെ രണ്ട് കാലഘട്ടങ്ങളായി തരംതിരിക്കാം. 1835ന് മുമ്പുള്ള ഈസ്റ്റ് ഇന്ത്യാ കമ്പനി (ഇ.ഐ.സി) യുടെ നാണയങ്ങൾ ആദ്യത്തേതും അതിനുശേഷം ഇന്ത്യ ബ്രിട്ടീഷ് ക്രൗണിന്റെ നേരിട്ടുള്ള ഭരണത്തിൻ കീഴിൽ വന്നതിനുശേഷമുള്ള ഇംബീരിയൽ കാലഘട്ടത്തിലെ നാണയങ്ങൾ രണ്ടാമത്തേതും.

ഇ.ഐ.സി. വലിയ നഗരങ്ങളിൽ പ്രസിഡൻസികൾ എന്ന പേരിൽ കോളനികൾ സ്ഥാപിച്ചപ്പോൾ – മദ്രാസ് പ്രസിഡൻസി, ബോംബെ പ്രസിഡൻസി, ബംഗാൾ (കൽക്കത്ത) പ്രസിഡൻസി – ഓരോ പ്രസിഡൻസികൾക്കും വ്യത്യസ്ത തരത്തിലുള്ള നാണയങ്ങളുണ്ടായി. ആ നാണയങ്ങൾ മികവുറ്റ കരകൗശലവൈദഗ്ധ്യം വിളിച്ചോതുന്നവയായിരുന്നു.

1857-58ൽ ബ്രിട്ടീഷ് ഇന്ത്യയുടെ അധികാരം ഇ.ഐ.സിയിൽ നിന്ന് ബ്രിട്ടീഷ് ക്രൗണിന്റെ കരങ്ങളിലെത്തിയപ്പോൾ തങ്ങളുടെ കീഴിലുള്ള എല്ലാ പ്രവശ്യകൾക്കും ഒരേ തരത്തിലുള്ള നാണയങ്ങൾ നടപ്പിൽ വരുത്തി. നാണ്യമുഖത്ത് ബ്രിട്ടീഷ് രാജാക്കൻമാരുടെയും രാജ്ഞികളുടെയും – കൂടുതലും വിക്ടോറിയ രാജ്ഞിയുടെ – ചിത്രങ്ങൾ ആലേഖനം ചെയ്തവയായിരുന്നു അവ. 1862ൽ ആദ്യത്തെ സ്വർണ്ണനാണയം പുറത്തിറങ്ങിയത് വിക്ടോറിയ രാജ്ഞിയുടെ കീരിടംവെച്ച ചിത്രത്തോടെയായിരുന്നു. സ്വർണ്ണനാണയങ്ങളെ മൊഹർ എന്നാണ് വിളിച്ചിരുന്നത്. ആ നാണയങ്ങൾക്ക് 11.66 ഗ്രാം അഥവാ ഒരു തോല തൂക്കവും 0.9167 മാറ്റുമുണ്ടായിരുന്നു. ഒരു മൊഹറിന്റെ മൂല്യം പതിനഞ്ച് വെള്ളി ഉറുപ്പികയ്ക്കു തുല്ല്യമായിരുന്നു. മറ്റു ലോഹനാണയങ്ങളെ അപേക്ഷിച്ച് മൊഹർ വളരെ കുറച്ചുമാത്രമേ അടിച്ചിറക്കിയിരുന്നുള്ളു.

രാജ്ഞിയുടെ ചിത്രത്തിനൊപ്പം സ്വർണ്ണനാണയങ്ങളിൽ ‘ക്വീൻ വിക്ടോറിയ’ എന്നു കൊത്തിവെച്ചിരുന്നു. അത് പിന്നീട് 1876ൽ വിക്ടോറിയ രാജ്ഞി ‘എംബറസ് ഓഫ് ഇന്ത്യ’ എന്ന പദവി സ്വീകരിച്ചപ്പോൾ ‘വിക്ടോറിയ എംബറസ്’ എന്നായി മാറി.

ഇപ്പോഴും ഇന്ത്യയിൽ വിക്ടോറിയ രാജ്ഞിയുടെ ചിത്രമുള്ള സ്വർണ്ണനാണയങ്ങൾ ആഭരണങ്ങളിൽ പതക്കമായും നെക്ലെയ്സുകളിലും വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്, പ്രധാനമായും ദക്ഷിണേന്ത്യയിൽ. ഇൻഡോ-ബ്രിട്ടീഷ് കാലഘട്ടത്തിലെ സ്വർണ്ണനാണയങ്ങൾക്ക് ഇന്ത്യൻ നാണ്യമുദ്രണങ്ങളിൽ എന്നും സുപ്രധാന സ്ഥാനമുണ്ടായിരിക്കും.