Published: 20 Feb 2018

ഏറ്റവും കൂടുതൽ സ്വർണ്ണം അണിയുന്നത് ദക്ഷിണേന്ത്യൻ വധുവാണ്!

Importance of gold in South Indian weddings

ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം, ജീവിതത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന സവിശേഷാവസരമാണ് വിവാഹം. വിവാഹത്തെ എന്നും ഓർമ്മയിൽ സൂക്ഷിക്കുന്ന തരത്തിൽ മാറ്റുന്നതിനുള്ള ഒരു മാർഗ്ഗം അതിനെ 'തകർപ്പൻ സംഭവം' ആക്കുകയാണ്. ഒരു ശരാശരി ഇന്ത്യൻ കുടുംബത്തിലെ ഒരു പെൺകുട്ടിയുടെ വിവാഹം എടുക്കുക. ജീവിതകാലം മുഴുവൻ സ്വരൂപിച്ച പണം അവർ ചെലവിടുന്നു, പോരാത്തതിന്, ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കടം വാങ്ങുന്നു. തികയാതെ വരുമ്പോൾ സ്വത്തിലൊരു ഭാഗം വിൽക്കുന്നു. ഇത്തരത്തിലാണ് ഒരു ശരാശരി ഇന്ത്യൻ വിവാഹം നടക്കുന്നത്. ഇംഗ്ലീഷിൽ ഒരു ചൊല്ലുണ്ട്, 'പ്രണയത്തിലും യുദ്ധത്തിലും വിവാഹത്തിലും എല്ലാം ശരിയാണ്'.

ലോകത്തിൽ സ്വർണ്ണത്തിന്റെ ഏറ്റവും വലിയ ഉപഭോക്താക്കൾ ഇന്ത്യക്കാരാണ്. സമ്പന്ന കുടുംബങ്ങൾ മക്കളുടെ വിവാഹത്തിന് കിലോക്കണക്കിന് സ്വർണ്ണം ഉപയോഗിക്കുന്നത് നിങ്ങൾ കണ്ടിരിക്കും. ദക്ഷിണേന്ത്യയിലാണ് ഈ പ്രവണത കൂടുതൽ കണ്ടുവരുന്നത്. അണിയുന്ന സ്വർണ്ണാഭരണങ്ങളുടെ ഭാരം കൊണ്ട് ദക്ഷിണേന്ത്യൻ വധുവിന്റെ കഴുത്ത് ഉളുക്കും എന്ന് ഇന്ത്യയിൽ പലയിടത്തും കളിയായി പറയാറുണ്ട്. സ്വർണ്ണത്തിന്റെ തിളക്കം മാത്രമല്ല, ഇതിന് കാരണം. പെൺകുട്ടിക്ക് ലഭിക്കുന്ന സാമ്പത്തിക സ്വാതന്ത്ര്യവും പറ്റാവുന്നിടത്തോളം സ്വർണ്ണം സമ്മാനിക്കാൻ മാതാപിതാക്കളെ പ്രേരിപ്പിക്കുന്നു. പരമ്പരാഗതമായി, ഹിന്ദുമതത്തിൽ, സമ്പത്തിന്റെ ദേവതയായ ലക്ഷ്മിദേവിയുടെ അടയാളമായാണ് സ്വർൺനത്തെ കണ്ടുവരുന്നത്. സ്വർണ്ണം ശുഭകരമായ ലോഹമായി പരിഗണിക്കുകയും ചെയ്യുന്നു.

വിവാഹാവസരങ്ങളിൽ ഇന്ത്യക്കാർ സ്വർണ്ണം ഉപയോഗിക്കുന്നതിനെ കുറിച്ച് വേൾഡ് ഗോൾഡ് കൗൺസിൽ ഒരു സർവേ നടത്തിയിട്ടുണ്ട്. 'ഇന്ത്യാസ് ഗോൾഡ് മാർക്കറ്റ്: ഇന്നൊവേഷൻ ആൻഡ് എവല്യൂഷൻ' എന്ന റിപ്പോർട്ട് അനുസരിച്ച്, കേരളത്തിലെ വധുമാരാണ് ഏറ്റവും കൂടുതൽ സ്വർണ്ണം അണിയുന്നത്. ശരാശരി 320 ഗ്രാം അല്ലെങ്കിൽ 40 പവൻ സ്വർണ്ണമാണ് വിവാഹാവസരങ്ങളിൽ ഇന്ത്യൻ വധുമാർ അണിയുന്നത്. ആന്ധ്രാപ്രദേശും തമിഴ്നാടും ഒട്ടും പിറകിലല്ല. ശരാശരി 300 ഗ്രാം സ്വർണ്ണം അവിടെ നിന്നുള്ള വധുമാർ അണിയുന്നു.

മറ്റൊരു കാര്യം കൂടി ഈ റിപ്പോർട്ട് കണ്ടെത്തിയിട്ടുണ്ട്. അമ്പതിനായിരം രൂപാ ലഭിക്കുകയാണെങ്കിൽ എന്തുചെയ്യും എന്ന് വേൾഡ് ഗോൾഡ് കൗൺസിൽ കുറച്ചാളുകളോട് ചോദിച്ചിരുന്നു. 18 വയസ്സിനും 33 വയസ്സിനും പ്രായമുള്ളവരിൽ മൂന്നിൽ ഒരുഭാഗമാളുകളും സ്വർണ്ണത്തിൽ നിക്ഷേപിക്കും എന്ന മറുപടിയാണ് നൽകിയത്. ഇന്ത്യയിൽ 40 ശതമാനവും സ്വർണ്ണം ഉപയോഗിക്കുന്നത് ദക്ഷിണേന്ത്യയാണ്. ഹൈദ്രരാബാദ്, ബാംഗ്ലൂർ, ചെന്നൈ, കൊച്ചി എന്നീ നഗരങ്ങളാണ് പ്രധാന കേന്ദ്രങ്ങൾ. പടിഞ്ഞാറൻ ഇന്ത്യ 25 ശതമാനം സ്വർണ്ണം ഉപയോഗിക്കുന്നു. അഹമ്മദാബാദും മുംബൈയുമാണ് പ്രധാന കേന്ദ്രങ്ങൾ. വടക്കേ ഇന്ത്യയാകട്ടെ 20 ശതമാനം സ്വർണ്ണം ഉപയോഗിക്കുന്നു. കിഴക്കൻ ഇന്ത്യയിലെ ഉപയോഗം വെറും 15 ശതമാനമാണ്. പ്രധാന കേന്ദ്രമാകട്ടെ കൊൽക്കൊത്തയും.

എന്തായാലും പാശ്ചാത്യർ 'ബിഗ് ഫാറ്റ് ഇന്ത്യൻ വെഡ്ഡിംഗ്' എന്ന് വിളിക്കുന്ന ഇന്ത്യൻ വിവാഹങ്ങൾക്ക് ഒട്ടും ഒഴിച്ചുകൂടാൻ പറ്റാത്തതാണ് സ്വർണ്ണം.