Published: 07 Jul 2017

നിങ്ങള്‍ക്കുവേണ്ടി മാത്രം തയാറാക്കപ്പെട്ടിട്ടുള്ള സ്വര്‍ണനിക്ഷേപ പദ്ധതികള്‍

നിങ്ങള്‍ക്ക് സ്വര്‍ണാഭരണങ്ങളിൽ നിക്ഷേപിക്കണമെന്നുണ്ട്, പക്ഷേ അത് ചെറിയ തവണകളായി വേണമെന്നും പിന്‍വലിക്കുന്ന ദിവസം വലിയൊരു നിക്ഷേപമായി മാറണമെന്നുമുണ്ട്. പല ജ്വല്ലറികള്‍ക്കും അവരുടേതായ രീതിയില്‍ നടത്തുന്ന സ്വര്‍ണ സമ്പാദ്യ പദ്ധതികളുണ്ട്. ഈ പദ്ധതികള്‍ എന്തൊക്കെയാണ് നല്‍കുന്നതെന്ന് നോക്കാം. ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഈ നിക്ഷേപങ്ങള്‍ നിങ്ങള്‍ ബാങ്കില്‍ നിക്ഷേപിക്കുന്ന തുടര്‍നിക്ഷേപങ്ങളെപ്പോലെയാണ്.

ഒരു വ്യത്യാസം മാത്രം. നിങ്ങളുടെ സ്വര്‍ണ നിക്ഷേപ പദ്ധതിയുടെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പണം തിരിച്ചെടുക്കുന്നത് ആഭരണങ്ങളായിട്ടായിരിക്കണം. ഈ ആഭരണങ്ങള്‍ നിങ്ങള്‍ നിക്ഷേപം നടത്തുന്ന ജ്വല്ലറിയില്‍നിന്നുവേണം. ഈ പദ്ധതിയിലെ ഏറ്റവും സാധാരണ നിക്ഷേപം നിങ്ങളോടാവശ്യപ്പെടുന്നത് പദ്ധതി കാലാവധിക്കാലത്ത് പ്രതിമാസം നിശ്ചിത തുക അടയ്ക്കാനാണ്. മിക്ക ജ്വല്ലറികളും ഒരു മാസത്തെ തവണ അവരുടെ പക്കല്‍നിന്ന് മുന്‍കൂറായി അടയ്ക്കും.

ഇങ്ങനെ അടയ്ക്കുന്ന പണം ഈ ജ്വല്ലറിയില്‍നിന്ന് സ്വര്‍ണാഭരണങ്ങൾ വാങ്ങാന്‍ ഉപയോഗിക്കാം- നിങ്ങള്‍ സ്വര്‍ണം വാങ്ങുന്ന ദിവസം നിലവിലുള്ള നിരക്കിലായിരിക്കും ആഭരണങ്ങള്‍ ലഭിക്കുന്നത്. ചില ജ്വല്ലറികള്‍ നിങ്ങളുടെ നിക്ഷേപത്തുകയ്ക്കു തത്തുല്യമായ സ്വര്‍ണ നാണയങ്ങള്‍ വാങ്ങാന്‍ അനുവദിക്കാറുണ്ട്. പക്ഷേ നിങ്ങളുടെ നിക്ഷേപം പണമായി തിരിച്ചുവാങ്ങാന്‍ അനുവദിക്കാറില്ല. പദ്ധതിയില്‍ ചേരുമ്പോള്‍തന്നെ ഇക്കാര്യം അടിവരയിട്ട് വ്യക്തമാക്കും. ചില ജ്വല്ലറികള്‍ പണിക്കൂലിയിലും തേയ്മാന ചെലവിലും ഇളവകുള്‍ നല്‍കും. ചിലര്‍ ഇതു രണ്ടും പൂര്‍ണമായി ഒഴിവാക്കും. മറ്റു ചിലരാകട്ടെ മൂല്യവര്‍ധിത നികുതിയും ഒഴിവാക്കിയായിരിക്കും സ്വര്‍ണം നല്‍കുന്നത്.

ചില പദ്ധതികള്‍ നിങ്ങളുടെ മാസത്തവണകള്‍ക്കു തുല്യമായ സ്വര്‍ണം അപ്പപ്പോള്‍ തന്നെ നിക്ഷേപത്തില്‍ ഉള്‍പ്പെടുത്തും. ഉദാഹരണത്തിന്, നിങ്ങളുടെ മാസത്തവണ ആയിരം രൂപയാണെന്നിരിക്കട്ടെ. ആയിരം രൂപ അടയ്ക്കുന്ന സമയത്ത് ഗ്രാമിന് 2500 രൂപയാണ് നിരക്കെങ്കില്‍ ആ മാസം 1000/2500-=0.4 ഗ്രാം സ്വര്‍ണമായിരിക്കും നിക്ഷേപിക്കപ്പെടുന്നത്. ഇതുപോലെതന്നെയായിരിക്കും എല്ലാ മാസത്തെയും നിക്ഷേപം. ഫലത്തില്‍ ഇത് ഗോള്‍ഡ് എസ്ഐപി (സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്‍റ് പ്ലാന്‍) ആയി മാറുന്നു. ചില ജ്വല്ലറികള്‍ക്ക് നിശ്ചിത തൂക്കം സ്വര്‍ണം വാഗ്ദാനം ചെയ്യുന്ന പദ്ധതികളുണ്ട്. ഇവിടെ പദ്ധതിയില്‍ ചേരുന്ന സമയത്ത് നിങ്ങള്‍ ഓരോ മാസവും എത്ര സ്വര്‍ണം നിങ്ങളുടെ അക്കൗണ്ടിലേയ്ക്ക് വരണമെന്ന് തീരുമാനിക്കണം. തുടര്‍ന്ന് ഓരോ മാസവും അപ്പോഴത്തെ വിപണിവില അനുസരിച്ച് നിശ്ചിത തൂക്കം സ്വര്‍ണത്തിനുള്ള പണം നിങ്ങള്‍ അടയ്ക്കണം. പദ്ധതി കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് മിക്കവാറും ആഭരണങ്ങളായി ഈ സ്വര്‍ണം നിങ്ങള്‍ക്ക് തിരിച്ചെടുക്കാം.

ഈ പദ്ധതിയിലും പണിക്കൂലി, തേയ്മാനക്കൂലി, മൂല്യവര്‍ദ്ധിതനികുതി (വാറ്റ്) എന്നീ ഇനങ്ങളിലൂടെ നിങ്ങള്‍ക്ക് ഇളവുകള്‍ ലഭിക്കാം.

നിങ്ങള്‍ ഉറപ്പാക്കേണ്ടത് എന്തൊക്കെ

നല്ലൊരു ജ്വല്ലറിയിലാണ് നിങ്ങള്‍ പണം നിക്ഷേപിക്കുന്നതെന്ന് ഉറപ്പാക്കണം. കമ്പനി നിയമത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെങ്കിലും നിലവിലുള്ള നിയമമനുസരിച്ച് പബ്ലിക് ലിമിറ്റഡ് കമ്പനികളടക്കമുള്ളവ ഈ സ്വര്‍ണ സമ്പാദ്യപദ്ധതികളെ നിക്ഷേപമായിട്ട് അംഗീകരിക്കുന്നില്ല. അതുകൊണ്ടുതന്നെ ജ്വല്ലറിയുടെ വിശ്വാസ്യതയും പ്രവര്‍ത്തന പരിചയവുമാണ് സുരക്ഷിതത്വത്തിന്‍റെ മാനദണ്ഡങ്ങള്‍. മാത്രമല്ല അറിയപ്പെടുന്ന, നല്ല ജ്വല്ലറികളില്‍മാത്രമേ വലിയ ആഭരണശേഖരണമുണ്ടാവുകയുള്ളു. നിങ്ങളുടെ ഇഷ്ടപ്രകാരമുള്ള ആഭരണം വാങ്ങാന്‍ ഇതു സഹായിക്കും. പദ്ധതികളെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരിക്കണം. എങ്കില്‍മാത്രമെ അവ നല്‍കുന്ന ആനുകൂല്യങ്ങളിലെ ഏറ്റക്കുറച്ചിലുകളെക്കുറിച്ച് മനസിലാവുകയുള്ളു. ഇടയ്ക്കുവച്ച് പദ്ധതിയില്‍നിന്ന് പിന്മാറുന്നതിന്‍റെ വ്യവസ്ഥകളും അറിഞ്ഞിരിക്കണം. എങ്കില്‍മാത്രമെ പിന്മാറുമ്പോൾ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് നിങ്ങള്‍ക്ക് അറിയാന്‍ കഴിയുകയുള്ളു. സ്വര്‍ണത്തിനു വാഗ്ദാനം ചെയ്യപ്പെടുന്ന പരിശുദ്ധി നിങ്ങള്‍ക്ക് ലഭിക്കണമെങ്കില്‍ ഹാള്‍മാര്‍ക്ക് ആഭരണങ്ങള്‍തന്നെ വാങ്ങണം.