Published: 05 Sep 2017

എന്താണ് ഗോൾഡ് സ്റ്റാൻഡേർഡ്

ആദ്യകാലത്ത് സ്വർണ്ണനാണയങ്ങൾ ലോകത്തിന്റെ പൊതുവായ കറൻസിയായിരുന്നു. പണത്തിൽ ഒരു മൂല്യമടങ്ങിയിരിക്കുന്നു എന്ന സമീപനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അത്. ഒരു സ്വർണ്ണനാണയം രണ്ടായി പിളർത്തിയാൽ രണ്ടുപകുതികളും ഒന്നിന്റെ മൂല്യം പങ്കുവെക്കും. കാലം കടന്നുപോയപ്പോൾ, സാധനങ്ങളുടെയും സേവനങ്ങളുടെയും വ്യാപാരത്തിന്റെ അളവ് വർദ്ധിച്ചപ്പോൾ രാജ്യങ്ങളുടെ സമ്പത്ത് വ്യവസ്ഥപ്പെടുത്താനും നിയന്ത്രിക്കാനുമായി പേപ്പർ പണത്തിന്റെ ആവശ്യകത സംജാതമായി.

അങ്ങനെ ഗോൾഡ് സ്റ്റാൻഡേർഡ് എന്ന വ്യവസ്ഥ പണത്തിന്റെ മൂല്യം നിർണ്ണയിക്കാനുള്ള ഉപാധിയായി രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം നിലവിൽ വന്നു. യുദ്ധത്തിൽ തകർന്ന ലോകത്തിന് സ്വയം പുനർനിർമ്മിക്കാനുളള പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു അത്. രണ്ടു മഹായുദ്ധങ്ങൾക്കിടയിലുണ്ടായ മഹാമാന്ദ്യത്തിൽ നിന്ന് (ഗ്രെയ്റ്റ് ഡിപ്രഷൻ) കരകയറാൻ ലോകനേതാക്കൾ ഒത്തുകൂടി 1944ൽ ബ്രെട്ടൻ വുഡ്സ് എഗ്രിമെന്റ് എന്ന കരാറിനുകീഴിൽ അണിനിരന്നു. അത് ഒരു സ്വർണ്ണ കൈമാറ്റ വ്യവസ്ഥയ്ക്കു വഴിതെളിച്ചു. സ്വർണ്ണത്തിന്റെ വില അമേരിക്കൻ ഡോളറിൽ തീർച്ചപ്പെടുത്തിയായിരുന്നു അത്. അമേരിക്കൻ ഡോളർ തിരഞ്ഞെടുക്കാൻ കാരണം യുണൈറ്റ്ഡ് സ്റ്റേറ്റ്സ് അന്ന് രണ്ടു ലോകമഹായുദ്ധങ്ങളിലൂടെ കാര്യമായ പരിക്കുപറ്റാതെ കടന്നുവന്ന് ഏറ്റവും ശക്തമായ സമ്പദ്ഘടനയായി നിലനിൽക്കുകയായിരുന്നു. യുദ്ധങ്ങളിൽ തകർന്ന ശക്തരായിരുന്ന യൂറോപ്യൻ രാജ്യങ്ങളെപ്പോലെ അമേരിക്കയ്ക്ക് അടിസ്ഥാന സൗകര്യങ്ങളുടെ കേടുപാടുകൾ തീർക്കുകയോ ബോംബു വീണു തകർന്ന നഗരങ്ങൾ കെട്ടിപടുക്കുകയോ വേണ്ടിയിരുന്നില്ല. ഗോൾഡ് സ്റ്റാൻഡേർഡ് സ്ഥാപിച്ചത് വിപ്ലകരമായ ഒരു പരീക്ഷണമായിരുന്നു. അങ്ങനെയൊന്ന് അതിനുമുമ്പൊരിക്കലും ഉണ്ടായിട്ടില്ല. അത് അമേരിക്കയെ ലോകവിപണിയിലെ വൻ ശക്തിയാക്കിമാറ്റി.

ബ്രെട്ടൻ വുഡ്സ് എഗ്രിമെന്റിന്റെ ഫലമായി സ്വർണ്ണത്തിന്റെ വില ഔൺസിന് 35 ഡോളറായി സ്ഥിരപ്പെടുത്തി. ആ വില അടുത്ത 25 വർഷത്തേക്ക്, വിയറ്റ്നാം യുദ്ധംവരെ നിലനിന്നു. വിയറ്റ്നാം യുദ്ധം ഗോൾഡ് സ്റ്റാൻഡേർഡിന്റെ വീഴ്ച്ചയിൽ കലാശിക്കുകയും 1971ൽ അത് ഉപേക്ഷിക്കപ്പെടുകയും ചെയ്തു. ഇന്ന്, 2014ലെ നില പരിശോധിക്കുമ്പോൾ, ഒരു രാജ്യവും ഗോൾഡ് സ്റ്റാൻഡേർഡ് പാലിക്കുന്നില്ല. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, ഇന്നു നാം ജീവിക്കുന്ന ലോകത്ത് ഒരു കറൻസിയ്ക്കും സ്വർണ്ണത്തിന്റെ പിന്തുണയില്ല.

എന്നാലിത് രാഷ്ട്രങ്ങളെയും സർക്കാരുകളെയും അവരുടെ കരുതൽ സ്വർണ്ണത്തിനുമേലുള്ള പിടിവിടാൻ പ്രേരിപ്പിച്ചിട്ടില്ല. ഏപ്രിൽ 2017ലെ കണക്കനുസരിച്ച് 557 ടൺ സ്വർണ്ണശേഖരവുമായി ഇന്ത്യ ലോകരാഷ്ട്രങ്ങൾക്കിടയിൽ പത്താം സ്ഥാനം അലങ്കരിക്കുന്നു.