Published: 04 Sep 2017

പുരാതന റോമാക്കാർ ഇന്ത്യയെ സ്വർണ്ണ സമ്പന്നമാക്കി

പാട്രീഷ്യൻ റോമാക്കാർക്ക് ഇന്ത്യയുടെ ആഡംബരസൗന്ദര്യങ്ങളായ കരകൗശലവിദ്യകൾ, സുഗന്ധദ്രവ്യങ്ങൾ, അലങ്കാരവസ്തുക്കൾ, നെയ്ത്തറി ഉല്പന്നങ്ങൾ തുടങ്ങിയവയോട് വലിയ മതിപ്പായിരുന്നു. ഇന്ത്യൻ ആഡംബര ഉല്പന്നങ്ങളോട് റോമാക്കാർക്കുണ്ടായിരുന്ന അമിതാസക്തിയെക്കുറിച്ച് റോമൻ എഴുത്തുകാരനും തത്വചിന്തകനുമായ പ്ലിനി ദി എൾഡർ എഴുതിയിട്ടുണ്ട്. അദ്ദേഹം ഏഡി ഒന്നാം നൂറ്റാണ്ടിലെഴുതപ്പെട്ട പുസ്തകങ്ങളിൽ റോമിൽ നിന്ന് ഇന്ത്യയിലേക്കുള്ള സ്വർണ്ണത്തിന്റെ കുത്തൊഴിക്കിനെപ്പറ്റി പരാമർശിക്കുന്നുണ്ട്.

ആർ.എസ്. ശർമ്മ തന്റെ ‘ഇന്ത്യൻ ഫ്യൂഡലിസം’ എന്ന പുസ്തകത്തിൽ (1965) പ്ലിനിയുടെ ഖേദപ്രകടനം വിവരിക്കുന്നുണ്ട്. സ്വർണ്ണത്തേപ്പോലെ ദീർഘകാലമൂല്യമില്ലാത്ത സുഗന്ധദ്രവ്യങ്ങൾ, മസ്ലിൻ, പട്ട് തുടങ്ങിയ ആഡംബരവസ്തുക്കൾക്കു പകരമായി റോമിൽ നിന്ന് ദക്ഷിണേന്ത്യയിലേക്ക് ഒഴുകികൊണ്ടിരുന്ന സ്വർണ്ണത്തെക്കുറിച്ച്. സ്വർണ്ണവുമായി കൈമാറ്റം ചെയ്യപ്പെടുന്ന ഇന്ത്യൻ കയറ്റുമതി ഉല്പന്നങ്ങൾ ഉത്പാദനക്ഷമമല്ലാത്ത ആർഭാടങ്ങളാണെന്നും അതിന് റോം ഉപേക്ഷിച്ചു കളയുന്ന സ്വർണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ യാതൊരു വിലയുമില്ലെന്നായിരുന്നു പ്ലിനിയുടെ അഭിപ്രായം.

അക്കാലത്ത് റോമാക്കാർ സ്വർണ്ണത്തിന് വലിയ മൂല്യമാണ് കല്പിച്ചിരുന്നത്. സ്വർണ്ണം അവർക്ക് കറൻസി മാത്രമായിരുന്നില്ല, ഏതുതരം രൂപപരിണാമം വരുത്തിയും വിനിമയം ചെയ്യാനാവുന്ന ഒരാഡംബര വസ്തുകൂടിയായിരുന്നു. പ്ലിനി സ്വർണ്ണത്തിന്റെ ഉയർന്ന മൂല്യത്തെക്കുറിച്ചും അത് എങ്ങിനെ രാജകീയ ഉടയാടകളിൽ തുന്നിച്ചേർക്കപ്പെട്ടിരുന്നു എന്നതിനെക്കുറിച്ചും വാചാലനാകുമ്പോഴും മറ്റുരാജ്യക്കാർക്ക് സ്വർണ്ണത്തോടുള്ള ആർത്തിയെ വിമർശിച്ചിരുന്നു. ജേക്കബ് ഇസഗർ ആണ് തന്റെ ചരിത്രസംബന്ധിയായ ‘പ്ലിനി ഓൺ ആർട്ട് ആൻറ് സൊസൈറ്റി: ദി എൾഡർ പ്ലിനിസ് ചാപ്റ്റേഴ്സ് ഓൺ ദ ഹിസ്റ്ററി ഓഫ് ആർട്ട്’ എന്ന പുസ്തകത്തിൽ ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. “യാഥാസ്ഥിതികമായ കണക്കനുസരിച്ച് ഇന്ത്യയും ചൈനയും അറേബ്യൻ ഉപദ്വീപും ഞങ്ങളുടെ സാമ്രാജ്യത്തിൽ നിന്ന് വർഷത്തിൽ നൂറു മില്ല്യൺ റോമൻ നാണയം കൈക്കലാക്കിയിരുന്നു. അതായിരുന്നു ഞങ്ങളുടെ ആർഭാടത്തിന്റെയും സ്ത്രീകളെ സന്തോഷിപ്പിക്കുന്നതിന്റെയും വില. ഇവയിൽ എത്ര ശതമാനമായിരുന്നു ദൈവങ്ങൾക്കും മരിച്ചവരുടെ ആത്മാക്കൾക്കും വേണ്ടി ഇറക്കുമതി ചെയ്തിരുന്നത്?” (പ്ലിനി, ഹിസ്റ്റോറിയ നേച്ച്യുറ, 12.41.84).

ഇന്ത്യയുടെ പുരാതന സാഹിത്യമായ തമിഴ് സംഘകാല കൃതികളിലും റോമൻ വ്യാപാരികളെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. പുരാതന കപ്പലോട്ട വ്യവസായത്തെക്കുറിച്ച് ചാൾസ് ഏണസ്റ്റ് ഫായലിയുടെ ‘എ ഷോർട്ട് ഹിസ്റ്ററി ഓഫ് ദ വേൾഡ്സ് ഷിപ്പിംഗ് ഇൻടസ്ട്രി’ യിൽ സംഘകാല രേഖകളെ ഉദ്ധരിക്കുന്നുണ്ട്: “യവനൻമാരുടെ മഹാനൗകകൾ സ്വർണ്ണവുമായി വന്ന് കുരുമുളകുമായി തിരിച്ചുപോയി. മുസിരിസ് ശബ്ദമുഖരിതമായി.”

തുറമുഖ നഗരങ്ങളായിരുന്ന ബാർബാറിക്കം (ഇപ്പോഴത്തെ കറാച്ചി), ഗുജറാത്തിലെ ബറൂച്ച്, ദക്ഷിണേന്ത്യയിലെ മുസിരിസും അരിക്കമേടും ഇവയായിരുന്നു അക്കാലത്തെ പ്രധാന വ്യാപാരകേന്ദ്രങ്ങൾ. ഇവിടങ്ങളിലായിരുന്നു റോമൻ സ്വർണ്ണം കൂടതലായും എത്തിയിരുന്നത്. അതിപ്പോഴും അധികം നഷ്ടമാകാതെ നിലനിൽക്കുന്നു, പ്രധാനമായും വലിയ ക്ഷേത്രങ്ങളിൽ.