Published: 19 Feb 2020

വരും ദശകങ്ങളിൽ സ്വർണവിപണി എങ്ങനെയൊക്കെയാണ് പരിഷ്കരിക്കപ്പെടാൻ പോകുന്നത്?

നിങ്ങൾ സ്വർണം വാങ്ങുന്ന രീതി തന്നെ സാങ്കേതികവിദ്യ മാറ്റുമോ? അമൂല്യമായ ആസ്തിയായി സ്വർണം തുടരുമോ? നിങ്ങൾ മക്കളുടെ ഭാവിക്കായി സ്വർണത്തിൽ നിക്ഷേപിക്കുമോ?

അടുത്ത മുപ്പത് വർഷങ്ങൾക്കുള്ളിൽ സ്വർണ വിപണി എങ്ങനെയൊക്കെ പരിഷ്കരിക്കപ്പെടും എന്നതിനെ കുറിച്ച് നിങ്ങൾ ആകാംക്ഷയോടെ ചിന്തിക്കുന്നുണ്ടെങ്കിൽ, വിദഗ്ധർ പറയാനുള്ളത് എന്തൊക്കെയാണെന്ന് നമുക്ക് കാണാം.

ലോകമെമ്പാടുമുള്ള വിപണി വിദഗ്‌ധർ സ്വർണവിപണിയുടെ പരിണാമത്തെ പറ്റിയുള്ള അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട് - സ്വർണ ഖനനത്തിന് ഉപയോഗിക്കുന്ന മാർഗ്ഗങ്ങളുടെ മാറ്റം മുതൽ കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതം വരെ അവർ വിലയിരുത്തുന്നു.

സാമ്പത്തിക വളർച്ച സ്വർണത്തിന്റെ ഡിമാൻഡിനെ ഉത്തേജിപ്പിക്കുന്നു

വരും വർഷങ്ങളിൽ, ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ ആയിത്തീരുവാനുള്ള കഴിവുള്ളതു കൊണ്ട്, ഇന്ത്യ എല്ലാ അർത്ഥത്തിലും വമ്പിച്ച കുതിച്ചു ചാട്ടത്തിന് സാക്ഷ്യം വഹിക്കാൻ സജ്ജമായിക്കഴിഞ്ഞു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ദ്രുതഗതിയിലുള്ള വളർച്ച സ്വർണ വിപണിക്ക് ഒരു അനുഗ്രഹം ആയിരിക്കും.

മധ്യവർഗ്ഗ കുടുംബങ്ങൾ വികസിക്കുന്നത് കൊണ്ടും, തൊഴിലെടുക്കാവുന്ന പ്രായത്തിലുള്ള ജനസംഖ്യ വർദ്ധിക്കുന്നതിനാലും, വരും വർഷങ്ങളിൽ ചെലവിടാൻ കഴിയുന്ന വരുമാനത്തിൽ തുടർച്ചയായ വർദ്ധനവ് ഉണ്ടാവുകയും സ്വർണത്തിന്റെ ഡിമാൻഡ് ഉയരുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

നൂറ്റാണ്ടുകളായി ഈ അമൂല്യലോഹത്തോടുള്ള സാംസ്കാരികമായ അഭിനിവേശം കാരണം, ഇന്ത്യ സ്വർണം ഉപയോഗിക്കുന്ന കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമായി തുടരുന്നു. സാമ്പത്തിക, രാഷ്ടീയ, സാമൂഹിക വളർച്ചകളുടെ പ്രേരണാശക്തി എന്ന നിലയിൽ ഇന്ത്യൻ മധ്യവർഗമായിരിക്കും സ്വർണ ഡിമാൻഡിൽ വലിയൊരു പങ്ക് നിർവഹിക്കുക.

സ്വർണ ഖനനവും ഉൽപ്പാദനവും പരിണാമത്തിന് സാക്ഷ്യം വഹിക്കാൻ പോവുകയാണ്

കഴിഞ്ഞ മുപ്പത് വർഷത്തെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ, സ്വർണ ഉൽപ്പാദനം ഇരട്ടിയായിരിക്കുന്നു. 2000-ത്തിന് ശേഷം പര്യവേക്ഷണ ബജറ്റുകൾ തുടർച്ചയായി ഉയർന്ന് കൊണ്ടിരിക്കുകയാണെങ്കിലും, കണ്ടെത്തപ്പെടുന്ന സ്വർണത്തിന്റെ തോത് കുറഞ്ഞു വരികയാണ്.

പ്രധാനമായും, ഉപകരണങ്ങളുടെ യന്ത്രവൽക്കരണം ഉൾപ്പെടെയുള്ള സാങ്കേതികവിദ്യയുടെ പുരോഗമനം മൂലം സമീപ വർഷങ്ങളിൽ സ്വർണ ഖനനം അടിസ്ഥാനപരമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കും. മെച്ചപ്പെട്ട കമ്പ്യൂട്ടിംഗ് ശേഷിയും കണക്റ്റിവിറ്റിയും അടുത്ത മുപ്പത് വർഷങ്ങൾക്കുള്ളിൽ സ്വർണം ഖനനം ചെയ്യുന്ന രീതിയെ മെച്ചപ്പെട്ടതാക്കി മാറ്റും.

കുഴികൾ കുഴിച്ച് നടത്തുന്ന ഖനനത്തിന് പകരം ഭൂഗർഭ ഖനനം കൂടുതലായി കടക്കും, അതുകൂടാതെ യന്ത്രവൽക്കരണവും സൗരോർജ്ജശക്തിയും, സുരക്ഷിതവും സുസ്ഥിരവുമായ ഖനനത്തിനും ഉൽപ്പാദന സമ്പ്രദായങ്ങൾക്കും സഹായകരമാവും.

ഇനിയങ്ങോട്ട് സാങ്കേതികവിദ്യ ആയിരിക്കും സ്വർണ നിക്ഷേപങ്ങളെ മുന്നോട്ട് നയിക്കുക

സാങ്കേതികവിദ്യാ രംഗത്തെ കുതിച്ചുയരുന്ന മുന്നേറ്റങ്ങൾ എല്ലാ മേഖലകളിലെയും പ്രവർത്തനരീതിയെ മാറ്റിമറിക്കുന്നു, സ്വർണ വിപണിയും ഇതിനൊരു അപവാദം അല്ലെന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ല. ഡിജിറ്റൽ സ്വർണത്തിലും സ്വർണ ETF-കളിലും (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ) നിക്ഷേപിക്കുന്നതും ട്രേഡ് ചെയ്യുന്നതും ഇപ്പോൾ സാധ്യമാണ്, ഇന്ത്യയിൽ സ്വർണം വാങ്ങുന്നതിനും വിൽക്കുന്നതിനും സമ്മാനമായി നൽകുന്നതിനും നിക്ഷേപം നടത്തുന്നതിനും നിക്ഷേപകരെ അനുവദിക്കുന്ന മൊബൈൽ ആപ്പുകളും ഉണ്ട്.

നിയമങ്ങളിൽ വന്നിരിക്കുന്ന മാറ്റങ്ങൾ, കടകളെ ആശ്രയിക്കുന്ന വിപണികളിൽ നിന്ന് എക്സ്ചേഞ്ചുകൾ പോലെയുള്ള കൂടുതൽ സുതാര്യമായ ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകളിലേക്ക് സ്വർണ വ്യാപാരത്തെ നയിക്കുകയാണ്. മൊബൈൽ ആപ്പുകളിലൂടെയുള്ള അനായാസകരമായ വ്യാപാരവും നിക്ഷേപവും പുതിയ തലമുറയെ ആകർഷിക്കും, അങ്ങനെ നിക്ഷേപകരുടെയും സ്വർണ ഉപയോക്താക്കളുടെയും കസ്റ്റമർ അടിത്തറ വിപുലീകരിക്കപ്പെടും.

സാമ്പത്തിക മാന്ദ്യം ഉള്ളപ്പോഴും സാമ്പത്തിക പ്രതിസന്ധി ഘട്ടങ്ങളിലും സ്വർണം ഹിതകരമായ ഒരു തിരഞ്ഞെടുപ്പ് ആയതിനാൽ, സ്വർണത്തിലുള്ള നിക്ഷേപം സ്ഥിരതക്കും പ്രതീക്ഷാനിർഭരമായ സാമ്പത്തിക വളർച്ചക്കും ഉണർവുള്ള തുടർച്ച നൽകും.

ഇന്ത്യൻ സ്വർണാഭരണ വിപണി തിളങ്ങുന്നത് തുടരും

ഇന്ത്യക്കാർക്ക് സ്വർണത്തോടുള്ള ആരാധനയ്ക്ക് ആമുഖത്തിന്റെ ആവശ്യം ഇല്ല. സ്വർണാഭരണങ്ങൾ, നൂറ്റാണ്ടുകളായി ഇന്ത്യൻ കുടുംബങ്ങൾക്ക് വിലയേറിയ സ്വത്തായി തുടരുന്നു. എന്നിരുന്നാലും, പഴയ തലമുറകളിൽ നിന്ന് വ്യത്യസ്തമായി, ഇന്നത്തെ പുതുതലമുറയിൽ പെട്ടവരുടെ കുടുംബങ്ങൾ സ്വർണം വാങ്ങുന്നതിന് കൂടുതൽ വിശ്വസനീയവും ആശ്രയിക്കാവുന്നതുമായ ഉറവിടങ്ങൾ തേടുന്നു. അതിനാൽ, ഇത്തരത്തിലുള്ള കസ്റ്റമർമാരെ ആകർഷിക്കുന്നതിനായി കൂടുതൽ ജ്വല്ലറി സ്ഥാപനങ്ങൾ ഹാൾമാർക്ക് ചെയ്ത സ്വർണാഭരണങ്ങൾ മാത്രം വിൽക്കുന്ന രീതിയിലേക്ക് മാറുകയാണ്. വരും വർഷങ്ങളിൽ ഇത് വർദ്ധിക്കാൻ മാത്രമേ പോകുന്നുള്ളൂ.

ഗ്രാമീണ ഇന്ത്യയുടെ വരുമാനവും ചെലവിടൽ ശേഷിയും വർദ്ധിക്കുന്നതിന് അനുസരിച്ച് ഇന്ത്യൻ സ്വർണാഭരണ ഡിമാൻഡും സാരമായ തോതിൽ വർദ്ധിക്കാൻ സാധ്യതയുണ്ട്. ഇന്ത്യൻ സ്വർണാഭരണ വിപണി കൂടുതൽ സംഘടിതവും ചിട്ടയുള്ളതും ആയിത്തീരുമെന്നാണ് ഇതിൽ നിന്ന് മനസിലാക്കേണ്ടത്. സ്വർണം റീസൈക്കിൾ ചെയ്യുന്നതിനും അപാരമായ സാധ്യതയാണുള്ളത് – നിലവിലുള്ള സ്വർണത്തിന്റെ 25,000 ടണ്ണാണ് റീസൈക്കിൾ ചെയ്യപ്പെടുക.

അനേകായിരം വർഷങ്ങളായി നമ്മുടെ ലോകത്തിന്റെ അവിഭാജ്യ ഘടകമായിരുന്നത് പോലെ, വരും ദശകങ്ങളിലും സ്വർണം വിലമതിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും അതിന് വിലയേറുകയും ചെയ്യും. വിദഗ്‌ധരുടെ അഭിപ്രായമനുസരിച്ച്, സ്വർണ നിക്ഷേപ ഉൽപ്പന്നങ്ങൾ കൂടുതൽ വ്യാപകമാകുമെങ്കിലും സാംസ്കാരിക ചടങ്ങുകളിൽ സ്വർണാഭരണങ്ങൾക്ക് തുടർന്നും സ്ഥാനം ഉണ്ടായിരിക്കും.

അതുകൊണ്ട്, സ്വർണം കരസ്ഥമാക്കുന്നതിനും അതിൽ നിക്ഷേപിക്കുന്നതിനും അത് അണിയുന്നതിനുമുള്ള രീതികൾ കാലങ്ങൾക്കനുസരിച്ച് മാറുമെങ്കിലും ഓരോ ഇന്ത്യൻ കുടുംബത്തിലും സ്വർണത്തിളക്കം തുടരുക തന്നെ ചെയ്യും.

Article Source