Published: 10 Sep 2018

ഒരു തന്ത്രപ്രധാന ആസ്തി എന്ന നിലയിൽ സ്വർണ്ണത്തിന്റെ പ്രസക്തി

Reasons that make gold a strategic asset to invest in

മൂല്യത്തിന്റെ കലവറ, പ്രതീക്ഷകളുടെയും മനോവികാരങ്ങളുടെയും വാഹകൻ, ഒരു നാണയവ്യവസ്ഥ; സ്വർണ്ണത്തിന് അങ്ങിനെ പലവിധ അർത്ഥങ്ങളാണുള്ളത്. സ്വർണ്ണത്തിന്റെ ബഹുമുഖ ഗുണങ്ങൾക്കു പുറമെ, കഴിഞ്ഞ രണ്ടു ദശകങ്ങളിലായുണ്ടായ ഇന്ത്യയുടെ വൻ സാമ്പത്തിക പുരോഗതിയാണ് സ്വർണ്ണ ഉപഭോക്താക്കളുടെയും സ്വർണ്ണനിക്ഷേപകരുടെയും ഗണ്യമായ വളർച്ചയ്ക്ക് കാരണമായത്.

ഏതുവിഭാഗത്തിൽപ്പെട്ട നിക്ഷേപമായാലും സ്വർണ്ണം നാല് അടിസ്ഥാന കർമ്മങ്ങൾ നിർവഹിക്കുന്നു:

  • അതൊരു ദീർഘകാല ആദായ സ്രോതസ്സാണ്
  • അത് നഷ്ടസാധ്യതകൾ കുറയ്ക്കുന്നു, പ്രത്യേകിച്ച് രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വങ്ങളുടെ കാലത്ത്
  • നിക്ഷേപനഷ്ടമില്ലാതെ എളുപ്പത്തിൽ പണമാക്കിമാറ്റാവുന്ന ഒരാസ്തിയാണത്.
  • സർക്കാർ പുറത്തിറക്കുന്ന, ‘ഫൈയാറ്റ് കറൻസികൾ’ എന്നു വിളിക്കുന്ന, ഒരു മൂർത്ത വസ്തുവിന്റെ പിൻബലമില്ലാത്ത, നോട്ടുകൾ പോലുള്ളവയെ മൂല്യത്തിന്റെ കാര്യത്തിൽ സ്വർണ്ണം കടത്തിവെട്ടിയിട്ടുണ്ട്. ഫൈയാറ്റ് കറൻസികൾ അവയുടെ മൂല്യം നേടുന്നത് വിതരണവും ആവശ്യവും തമ്മിലുള്ള ബന്ധത്തിൽ നിന്നാണ്, അല്ലാതെ അവ നിർമ്മിക്കപ്പെട്ടിട്ടുള്ള വസ്തുവിൽ നിന്നല്ല.

ഒരു ശരാശരി പെൻഷൻ ഫണ്ടിലേക്ക് 10 ശതമാനത്തോളം സ്വർണ്ണം കൂട്ടിചേർത്താൽ അത് വരവ് വർദ്ധിപ്പിക്കുകയും അസ്ഥിരാവസ്ഥയെ കുറയ്ക്കുകയും ചെയ്ത് നഷ്ടസാധ്യത ക്രമീകരിക്കപ്പെട്ട ഉയർന്ന ആദായം ലഭ്യമാക്കുന്നുവെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ സമീപകാലത്ത് നടത്തിയ പഠനം വെളിവാക്കുന്നു.

ഉപഭോഗവും നിക്ഷേപവുമാണ് നിയന്ത്രിക്കുന്നത്

നിക്ഷേപകർക്ക് സ്വർണ്ണവിപണി രണ്ട് ആകർഷകമായ സവിശേഷതകൾ സമ്മാനിക്കുന്നു: (a) വിരളതയും (b) കേന്ദ്രബാങ്കുകൾ ഉൾപ്പടെയുള്ള സ്ഥാപന നിക്ഷേപകരെ ആകർഷിക്കാൻമാത്രം വലിപ്പമുള്ള വിപണിയും. വ്യക്തികളുടെയും രാജ്യത്തിന്റെയും ദീർഘകാല സമ്പത്ത് വികസിക്കുന്നതിനോടൊപ്പം ഒരു നിക്ഷേപം എന്ന നിലയിലും ആഭരണമെന്ന നിലയിലും സ്വർണ്ണത്തിന്റെ അവശ്യക്കാരും വർദ്ധിക്കുന്നു.

ആഡംബര വസ്തുക്കളായും ഇലക്ട്രോണിക് ഭാഗങ്ങളായും വൈവിധ്യമാർന്ന നിക്ഷേപ സാധ്യതകളായുമൊക്കെയുള്ള സ്വർണ്ണത്തിന്റെ വിവിധ ഉപയോഗങ്ങൾ അതിന്റെ ആവശ്യതകയെയും വിഭിന്നമാക്കുന്നു. കൂടാതെ, സ്വർണ്ണത്തിന്റെ ലഭ്യതയ്ക്കും സ്ഥിരതയുണ്ട്; സാമ്പത്തിക മാന്ദ്യത്തിന്റെ ഘട്ടങ്ങളിൽ പോലും.

ഒരിക്കലും നഷ്ടത്തിൽ കലാശിക്കുകയില്ലാത്ത ഈ നിക്ഷേപസാധ്യതകളാണ് ലോകമാനമുള്ള കേന്ദ്രബാങ്കുകളെ ഇതിലേക്ക് ആകർഷിക്കുന്നത്. 2010 മുതലുള്ള പ്രവണത പരിശോധിക്കുകയാണെങ്കിൽ, ഉയർന്നു വരുന്ന വിപണി സമ്പദ്ഘടനകളിലെ കേന്ദ്രബാങ്കുകളാണ് സ്വർണ്ണത്തിന്റെ ഏറ്റവും വലിയ ആവശ്യക്കാരായിട്ടുള്ളത്.

സ്വർണ്ണം ഒരു സുരക്ഷിതാശ്രയം എന്ന നിലയിൽ

ഏതു വ്യവസ്ഥാപരമായ പ്രശ്നങ്ങൾക്കിടയിലും കഴിഞ്ഞ 30 കൊല്ലക്കാലമായി സ്വർണ്ണത്തിന്റെ വില വർദ്ധിച്ചിട്ടുണ്ട്. വിപണിയിലെ മാറ്റങ്ങൾ വളരെയേറെ മേഖലകളെ ബാധിക്കുകയോ ഏറെനാൾ നീണ്ടുനിൽക്കുകയോ ചെയ്തപ്പോൾ സ്വർണ്ണം ഒരു ഫലപ്രദമായ രക്ഷയായി നിലനിന്നിട്ടുണ്ട്.

വിശാലമായ യു.എസ്. സമ്പദ്ഘടന മാന്ദ്യത്തിലേക്ക് വീണപ്പോൾ സ്വർണ്ണവില വളരെ പ്രകടമായി പ്രതികരിച്ചു. അതുപോലെത്തന്നെ, യൂറോപ്പിന് പുറത്തുള്ള നിക്ഷേപകർ 2015ലെ ഗ്രീക്ക് കടപ്രതിസന്ധിയെ മുഖവിലയ്ക്കെടുത്തുമില്ല.

സ്വർണ്ണം മറ്റ് ക്രയവസ്തുക്കളുടെയും ഓഹരികളുടെയും വിലസൂചികകളെപ്പോലെ അസ്ഥിരമല്ലെന്നതും പ്രധാനമാണ്. 2007 മുതൽ 2017 വരെയുള്ള കാലഘട്ടത്തിലെ അസ്ഥിരതയുടെ ചിത്രം താഴെകൊടുത്തിരിക്കുന്ന ചാർട്ടിൽ നിന്ന് വ്യക്തമാണ്.

സ്വർണ്ണവിലകൾ ഓഹരിവിലകൾക്ക് കടകവിരുദ്ധമായാണ് നീങ്ങുന്നത് എന്ന വസ്തുത നിക്ഷേപകരെ മറ്റു ആസ്തികളിൽ നിന്ന് സ്വർണ്ണത്തിന്റെ സുരക്ഷയിലേക്കാർഷിക്കുന്നു.

സ്വർണ്ണം ഒരു ആദായസ്രോതസ്സ് എന്ന നിലയിൽ

അനിശ്ചിതത്വത്തിന്റെ വേളകളിൽ സ്വർണ്ണം നിലനിർത്തുന്ന മൂല്യം ഏറെ പ്രസിദ്ധമാണ്. എന്നാൽ അധികം പേർക്ക് അറിയാത്ത കാര്യം ഈ ലോഹത്തിൽ നിന്നുള്ള ദീർഘകാല വരുമാനം ഓഹരികളിൽ നിന്ന് ലഭിക്കുന്നതിനോട് താരതമ്യം ചെയ്യാമെന്നതും അത് ക്രയവസ്തുക്കളേക്കാളും ബോണ്ടുകളേക്കാളും കൂടതുലാകുമെന്നതുമാണ്.

സ്വർണ്ണം വ്യാപാരം ചെയ്യപ്പെടുന്നത് വളരെ വലുതും അസ്ഥിരവുമായ ഒരു വിപണിയിലാണെങ്കിൽ അതിന്റെ സാന്നിദ്ധ്യം കുറവാണ്. കഴിഞ്ഞ 20 കൊല്ലങ്ങളിലായി ഖനികളുടെ ഉൽപാദനം വർഷത്തിൽ ശരാശരി 1.6% എന്ന തോതിലാണ് വളർന്നത്. ഉപഭോക്താക്കളും നിക്ഷേപകരും കേന്ദ്രബാങ്കുകളുമാണ് വലിയ ആവശ്യക്കാർ. ഒരു തന്ത്രപ്രധാന ആസ്തി എന്ന നിലയിലുള്ള സ്വർണ്ണത്തിന്റെ പങ്കിനെ ഇത് ഊട്ടിയുറപ്പിക്കുന്നു. ലോകത്തിൽ സ്വർണ്ണാവശ്യത്തിന്റെ 60 ശതമാനവും ഇന്ത്യ, ചൈന, മിഡിൽ ഈസ്റ്റ് എന്നീ രാജ്യങ്ങളിലാണ്.

പണപ്പെരുപ്പം 3 ശതമാനത്തിന് മേലയായിരിക്കുമ്പോൾ നിക്ഷേപകർക്ക് സംരക്ഷണമേകിക്കൊണ്ട് സ്വർണ്ണത്തിന്റെ വില 14 ശതമാനത്തിലേറെ ഉയർന്നിട്ടുണ്ട്.

നാണ്യച്ചുരുക്കത്തിന്റെ കാലത്തും സ്വർണ്ണം നല്ല പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെന്നാണ് ഓക്സഫോർ ഇക്ണോമിക്സ് നടത്തിയ പഠനം കാണിക്കുന്നത്.

എല്ലാ ആസ്തികളെയും തോൽപ്പിക്കാനുള്ള ആസ്തി

സ്ഥാപനനിക്ഷേപകർക്കാവശ്യം ഹ്രസ്വകാല നേട്ടങ്ങൾ പരമാവധിയാക്കുക എന്നതാണ്. എന്നാൽ, വ്യക്തികൾ നഷ്ടസാധ്യത കുറച്ച് ദീർഘകാല വരുമാനം കാംക്ഷിക്കുന്നവരാണ്. എളുപ്പം പണമാക്കാവുന്ന ഒരാസ്തിയാണ് എന്നതിനാൽ സ്വർണ്ണം കൈവശംവെക്കുക എന്നത് – അത് ഇ.ടി.എഫുകളുടെ രൂപത്തിലായാലും സ്വർണ്ണക്കട്ടികളായാലും നാണയങ്ങളായാലും – വ്യകതികൾക്കും സ്ഥാപനനിക്ഷേപകർക്കും കേന്ദ്രബാങ്കുകൾക്കും ഇണങ്ങുന്നതാണ്. ആവശ്യം വരുമ്പോൾ പെട്ടെന്ന് ഉപയോഗിക്കാൻ കഴിയും എന്നതാണ് അതിന് കാരണം.

സ്വർണ്ണത്തെ ഒരാഭരണം മാത്രമായി ഒരിക്കലും ഇനി കാണരുത്; അത് പ്രഥമഗണനീയമായ ഒരു നിക്ഷേപ വസ്തു കൂടിയാണ്.

ലേഖന ഉറവിടം- WGC റിപ്പോർട്ട്- ഒരു തന്ത്രപ്രധാന ആസ്തി എന്ന നിലയിൽ സ്വർണ്ണത്തിന്റെ പ്രസക്തി