Published: 29 Oct 2018

മിഡിൽ ഈസ്റ്റിലെ സ്വർണ്ണത്തിന്റെ പങ്ക്

A tête-à-tête with the love for Gold in Middle Eastern countries

നൂറ്റാണ്ടുകളായി മധ്യ കിഴക്കേഷ്യൻ സംസ്ക്കാരത്തിന്റെ ഒഴിച്ചുകൂടാൻ പറ്റാത്ത ഭാഗമാണ് സ്വർണ്ണം. ഇന്നും, ഇവിടെയുള്ള രാജ്യങ്ങളിൽ, സ്വർണ്ണത്തിന്റെ ആഴത്തിലുള്ള സാമ്പത്തിക, സാംസ്ക്കാരിക, സാമൂഹിക, സൗന്ദര്യപരമായ പ്രസക്തി തുടരുന്നുവെന്നതിൽ അത്ഭുതപ്പെടാനില്ല.

മിഡിൽ ഈസ്റ്റിൽ ആദ്യമായി സ്വർണ്ണം എത്തിയതെപ്പോൾ

മിഡിൽ ഈസ്റ്റിലെ സമൂഹങ്ങളിൽ സ്വർണ്ണത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള പ്രധാനപ്പെട്ട വിവര സ്രോതസ്സായി ബൈബിൾ പരാമർശങ്ങൾ പരിഗണിക്കപ്പെടുന്നു. അക്കാലങ്ങൾ ഏറ്റവും വലിയ സാമ്പത്തിക മാനദണ്ഡമായാണ് സ്വർണ്ണം പരിഗണിക്കപ്പെട്ടിരുന്നത്. മൂന്ന് അളവുകളിലാണ് സ്വർണ്ണം സാമ്പത്തിക വിനിമയത്തിന് ഉപയോഗിക്കപ്പെട്ടിരുന്നത്: അര ഷെക്കെലും ഷെക്കെലും താലന്തും. സ്വർണ്ണത്തിന്റെ 'താലന്ത്' ആയിരുന്നു ഏറ്റവും വലിയ സാമ്പത്തിക മാനദണ്ഡം. ഈ വിനിമയ യൂണിറ്റിന് 35 കിലോ ഭാരം ഉണ്ടായിരുന്നു. 'ഷെക്കെൽ' എന്നാൽ സങ്കര സ്വർണ്ണമായിരുന്നു. ഇലെക്‌ട്രം എന്നോ ഹരിത സ്വർണ്ണമെന്നോ ഇതിന് വിളിപ്പേരും ഉണ്ടായിരുന്നു. പൊതുവെ ഉപയോഗിക്കപ്പെട്ടിരുന്ന സാമ്പത്തിക വിനിമയ യൂണിറ്റായ ഷെക്കെലിന് 11.3 ഗ്രാം തൂക്കമുണ്ടായിരുന്നു. ഇതിനർത്ഥം 3000 ഷെക്കെലുകൾ ചേർന്നാൽ ഒരു താലന്തായി എന്നാണ്.

രസകരമായ വസ്തുത: ഒരു താലന്ത് സ്വർണ്ണത്തിന് ഇന്ന് ഏകദേശം 432,132 ഡോളർ മൂല്യമുണ്ട് !

ഇതൊരു തുടക്കം മാത്രമായിരുന്നു; പിന്നീട്, സാമ്പത്തിക വിനിമയ യൂണിറ്റ് എന്ന നിലയിൽ നിന്നും ആഭരണങ്ങൾ എന്ന നിലയിലേക്ക് സ്വർണ്ണത്തിന്റെ പദവി ഉയർന്നു.

ട്രാൻസ്കോണ്ടിമെന്റൽ മേഖലയിലെ ആദ്യത്തെ അലങ്കാരപ്പണിക്ക് ബിസി 2400-ത്തോളം പഴക്കമുണ്ടെന്ന് അനുമാനിക്കപ്പെടുന്നു. മെസോപൊട്ടാമിയയിലെ (ഇപ്പോഴത്തെ ഇറാഖ്) ഒരു രാജകീയ സിമിത്തേരിയിലാണിത് കണ്ടെത്തിയത്. ഈ കാലഘട്ടം മുതൽ, ആരാധനാലയങ്ങളും ശവക്കല്ലറകളും പ്രതിമകളും ആയുധങ്ങളും ഗ്ലാസ്സ് കൊണ്ടുണ്ടാക്കിയ വസ്തുക്കളും മറ്റും അലങ്കരിക്കാൻ സ്വർണ്ണം ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ടാകണം. കൂടാതെ, 6000 വർഷങ്ങളായി, മിഡിൽ ഈസ്റ്റിലെ പുരാതന സംസ്ക്കാരങ്ങളിൽ ആഭരണമായും സ്വർണ്ണം ഉപയോഗിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

സ്വർണ്ണത്തിന്റെ വിപുലമായ ഉപയോഗം, കാലക്രമത്തിൽ പല കണ്ടുപിടുത്തങ്ങൾക്കും വഴി വച്ചു. അക്കാലങ്ങളിൽ നിന്നുള്ള ചില രസകരമായ കണ്ടെത്തലുകൾ നമുക്കൊന്ന് നോക്കാം.

സ്വർണ്ണത്തിന്റെ ശുദ്ധി അളക്കുന്നതിനുള്ള ഏറ്റവുമ്പഴയ രീതികളിലൊന്ന് 'ഫയർ അസേ' എന്നാണ് അറിയപ്പെട്ടിരുന്നത്. ഫ്യൂഷൻ പ്രക്രിയയിലൂടെ സ്വർണ്ണത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുന്ന രീതിയാണിത്. ബിസി മൂന്നാം നൂറ്റാണ്ടിൽ ബാബിലോണിയക്കാരാണ് ഈ രീതി കണ്ടുപിടിച്ചത്.

കുറച്ച് നൂറ്റാണ്ടുകൾക്ക് ശേഷം, സ്വർണ്ണത്തിന്റെ ദൃഢതയും ഈടും വർദ്ധിപ്പിക്കുന്നതിനും സ്വർണ്ണത്തിന് വിവിധ നിറങ്ങൾ കൊടുക്കുന്നതിനും സ്വർണ്ണത്തിലേക്ക് മറ്റ് ലോഹങ്ങൾ ചേർക്കാമെന്ന് ഈജിപ്തുകാർ കണ്ടുപിടിച്ചു.

ഏതാണ്ട് ഇതേ കാലഘട്ടത്തിൽ തന്നെയാണ് ലോസ്റ്റ്-വാക്‌സ് കാസ്റ്റിംഗ് എന്ന് വിളിക്കപ്പെടുന്ന ഒരു കാസ്റ്റിംഗ് രീതി (മെഴുക് ശിൽപ്പത്തിൽ നിന്ന് ഒരു സ്വർണ്ണ ശിൽപ്പം പുനരാവിഷ്ക്കരിക്കുന്ന രീതി) പരീക്ഷിച്ച് നോക്കാൻ ഈജിപ്തുമാർ ആരംഭിച്ചത്. മികച്ച സങ്കീർണ്ണമായ ശിൽപ്പങ്ങൾ ഉണ്ടാക്കാൻ ഇപ്പോഴും ഈ രീതി ഉപയോഗിക്കപ്പെടുന്നു.

പുരാതന മിഡിൽ ഈസ്റ്റിൽ സ്വർണ്ണം പ്രധാനപ്പെട്ട പങ്ക് വഹിച്ചിരുന്ന മറ്റ് പല രീതികളും ഉണ്ടായിരുന്നു. ഇന്ന്, ആഗോള സ്വർണ്ണ കമ്മ്യൂണിറ്റിയിൽ, മിഡിൽ ഈസ്റ്റ് എങ്ങനെയാണ് സ്വർണ്ണത്തിന്റെ പങ്കിനെ മുന്നോട്ട് കൊണ്ടുപോയിരിക്കുന്നതെന്ന് നമുക്ക് കാണാം:

സ്വർണ്ണത്തിനായുള്ള ആധുനിക ഡേ ഹബ്

ലോകത്തിൽ സ്വർണ്ണത്തിന്റെ ഏറ്റവും വലിയ ഉറവിടവും ഏറ്റവും വലിയ രണ്ടാമത്തെ വിപണിയും ആണ് മിഡിൽ ഈസ്റ്റ്. ദുബായ് നഗരം അറിയപ്പെടുന്നത് തന്നെ 'സ്വർണ്ണത്തിന്റെ നഗരം' എന്നാണ്. ആഗോള സ്വർണ്ണ വിപണിയിൽ ദുബായ് നഗരത്തിന്റെ പങ്ക് വളരെ വലുതാണ്.

എന്നാൽ, ഇത് എങ്ങനെയാണ് സംഭവിച്ചത്?

1900 കാലഘട്ടത്തിൽ, ദുബായിൽ നികുതി ഉണ്ടായിരുന്നില്ല, നഗരമാകട്ടെ കച്ചവട സൗഹൃദവുള്ള ഒന്നായിരുന്നു. ഇതിനാൽ, നഗരത്തിലേക്ക് കച്ചവടക്കാർ ആകർഷിക്കപ്പെട്ടു. കച്ചവടക്കാർ നിരവധി കടകൾ ദുബായിൽ തുടങ്ങി. ഇവയിൽ പലതുജ്മ് സ്വർണ്ണക്കടകൾ ആയിരുന്നു. ഏതൊരു സ്വർണ്ണ വിപണിക്കും അത്യാവശ്യമായ ചേരുവകളെല്ലാം ദുബായ് ഒരുക്കിക്കൊടുത്തു. സുരക്ഷയും സുരക്ഷിതത്വവും കച്ചവടം ചെയ്യുന്നതിനുള്ള ലാളിത്യവും മറ്റും അവിടെ ഉണ്ടായിരുന്നു. സ്വർണ്ണത്തിന്റെ വിതരണത്തിന്റെയും ഡിമാൻഡിന്റെയും ഉറവിടങ്ങളും നഗരം ഒരുക്കിക്കൊടുത്തു. ഇന്ന്, ദുബായ് നഗരത്തിലെ പ്രശസ്തമായ ഗോൾഡ് സൂക്കിൽ 400-ലധികം റീട്ടെയിലും ഹോൾസെയിലുമായ സ്ഥാപനങ്ങൾ ഉണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ റീട്ടെയിൽ സ്വർണ്ണ വിപണിയാണിത്. ഏറ്റവും മികച്ച സ്വർണ്ണാഭരണം തിരഞ്ഞെടുക്കാൻ ലോകമെമ്പാടുമുള്ള സ്വർണ്ണ പ്രണയികൾ ദുബായ് നഗരം സന്ദർശിക്കുന്നു.

പണത്തിന്റെ രൂപത്തിലായാലും സ്വർണ്ണത്തിന്റെ രൂപത്തിലായാലും, മിഡിൽ ഈസ്റ്റിലെ രാജ്യങ്ങൾ സ്വർണ്ണത്തിന് അതീവ പ്രാധാന്യം നൽകുന്നു, കാരണം രാഷ്ട്രീയവും സാമ്പത്തികവുമായ അസ്ഥിരതകളുടെ സമയത്ത് സ്വർണ്ണം സ്ഥിരത നൽകുന്നു. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ വാങ്ങപ്പെടുന്ന സ്വർണ്ണത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും സമ്പാദ്യമായാണ് വാങ്ങപ്പെടുന്നത്. ബാങ്കിംഗ് സംവിധാനം ഇപ്പോഴും എത്തിച്ചേർന്നിട്ടില്ലാത്ത ഗ്രാമീണ മേഖലകളിൽ കയ്യിലുള്ള സ്വർണ്ണം അത്യാവശ്യ ഘട്ടങ്ങളീൽ പണമാക്കി മാറ്റാൻ ആളുകൾക്ക് കഴിയുന്നു. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ സ്ത്രീകൾക്ക് ഒരു സാമ്പത്തിക സുരക്ഷിത ബോധവും സ്വർണ്ണം പകരുന്നുണ്ട്. ആപത്ത് കാലത്ത്, കയ്യിലുള്ള സ്വർണ്ണം തങ്ങളെ രക്ഷിക്കുമെന്ന് സ്ത്രീകൾ കരുതുന്നു.