Published: 04 Sep 2017

രണ്ടാം ലോകമഹായുദ്ധവും തുടർന്ന് സ്വർണ്ണത്തിന്റെ പങ്കും

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതും കൊളോണിയൽ ഭരണത്തിന് ആഗോള തലത്തിൽ തിരശ്ശീല വീണതും ഒരുമിച്ചായിരുന്നു. രണ്ട് ലോകമഹായുദ്ധങ്ങൾ കഴിഞ്ഞ്, വൻ രാഷ്ട്രങ്ങൾ പോലും വിഷയ ഘട്ടത്തിലായിരുന്ന സമയത്താണ് നമുക്ക്, 1947-ൽ സ്വാതന്ത്ര്യം ലഭിക്കുന്നത്. രണ്ട് ലോകമഹായുദ്ധങ്ങൾ വരുത്തിവച്ച നാശനഷ്ടങ്ങളിൽ നിന്ന് കരകയറാൻ ലോകരാഷ്ട്രങ്ങൾ ശ്രമിച്ചുകൊണ്ടിരുന്ന സമയമാണത്. ലോകമഹായുദ്ധങ്ങൾ രാജ്യങ്ങളിലെ സമ്പത്തെല്ലാം തീർത്തിരുന്നു.

രണ്ടാം ലോക മഹായുദ്ധത്തിനെ തുടർന്ന്, ഇന്ത്യയുടെ ഇറക്കുമതികളെല്ലാം സോവിയറ്റ് യൂണിയനിൽ നിന്നായിരുന്നു, കാരണം യുഎസുമായും പടിഞ്ഞാറൻ യൂറോപ്പുമായുള്ള ഇന്ത്യയുടെ രാഷ്ട്രീയ ബന്ധങ്ങൾ ദുർഘടമായിരുന്നു. 1980-കളുടെ അവസാനം വരെ ഇത് തുടർന്നു. അവസാനം സോവിയറ്റ് യൂണിയൻ നിലം പതിച്ചു. വൻ രാഷ്ട്രമായിരുന്ന സോബിയറ്റ് യൂണിയൻ ചെറിയ രാഷ്ട്രങ്ങളായി ചിന്നിച്ചിതറി.

1991-ൽ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ കാരണം പ്രധാനമായും കറൻസിയുടെ അവമൂല്യനം (ഡിവാല്യുവേഷൻ) ആയിരുന്നു. ആ സമയത്ത് നിക്ഷേപത്തിന്റെ അഭാവം ഉണ്ടായിരുന്നു. ഓഹരി വിലകൾ ഇടിയുന്നതിന് ഇതും ഒരു കാരണമായി. അതുവരെ ഇന്ത്യയ്ക്ക് ഉണ്ടായിരുന്നത് സ്വയം പര്യാപ്തമായ ഒരു രാഷ്ട്രമെന്ന പ്രശസ്തിയായിരുന്നു. പുറമെ നിന്ന് വാങ്ങിയ പണം തിരികെ നൽകുന്നതിൽ ഇന്ത്യ വിട്ടുവീഴ്ചയും ചെയ്യാറില്ലായിരുന്നു. എന്നാൽ ഏറ്റവും മോശം സാമ്പത്തിക സമയം നേരിടേണ്ടി വന്നതോടെ പിച്ച വച്ച് തുടങ്ങിയിരുന്ന രാഷ്ട്രം ഞെട്ടിപ്പോയി.

1980-കളിൽ ഉണ്ടായ ഫിസ്കൽ സന്തുലനമില്ലായ്മകളാണ് ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാനമായും കാരണമായത്. 1980-കളുടെ മധ്യത്തിൽ, വാങ്ങിയ പണം തിരിച്ചടയ്ക്കുന്നതിന് ഇന്ത്യയ്ക്ക് ബുദ്ധിമുട്ട് നേരിട്ട് തുടങ്ങി. തുടർന്ന് 1990-കളിൽ ഗൾഫ് യുദ്ധം സംജാതമായതോടെ സ്ഥിതിഗതികൾ വീണ്ടും മോശമായി. എണ്ണ വില കുതിച്ചുയർന്നതാണ് ഈ അവസ്ഥയ്ക്ക് കാരണമായത്. ഇന്ത്യയുടെ ക്രെഡിറ്റ് ശേഷി ഗണ്യമായി കുറഞ്ഞു. നിലവിലുണ്ടായിരുന്ന മുൻനിര നിക്ഷേപകർ ഇന്ത്യയിൽ നിന്ന് പണം പിൻവലിക്കാൻ തുടങ്ങി. വലിയ ഫിസ്കൽ കമ്മികളും വ്യാപാര കമ്മിയും ഒരുമിച്ച് വന്നതോടെ പുറമേയ്ക്കുള്ള പേമെന്റുകൾ നൽകാൻ കഴിയാതെ ഇന്ത്യ ബുദ്ധിമുട്ടി.

1990-കളുടെ അവസാനത്തോടെ പ്രതിസന്ധി രൂക്ഷമായി. ഭാഗ്യവശാൽ, നമ്മുടെ കൈവശം വലിയ അളവിൽ കരുതൽ സ്വർണ്ണ ശേഖരം ഉണ്ടായിരുന്നു. കടങ്ങൾ കൊടുത്തുതീർക്കാൻ ഈ സ്വർണ്ണം പ്രയോജനപ്പെടുത്താൻ സർക്കാരും ആർബിഐയും തീരുമാനിച്ചു. സ്വർണ്ണം പണയമായി നൽകിക്കൊണ്ട് വിദേശനാണ്യം കൊണ്ടുവരിക എന്നതായിരുന്നു ഇന്ത്യയ്ക്ക് മുന്നിലുള്ള ഏക മാർഗ്ഗം.

ഏപ്രിൽ 1991-ൽ, തിരിച്ച് വാങ്ങുമെന്ന നിബന്ധനയോടെ സർക്കാർ 20 ടൺ സ്വർണ്ണം പണയം വച്ചു. മുഴുവൻ പ്രതിസന്ധിയെയും മറികടക്കണമെന്ന ആർബിഐയുടെ ആഗ്രഹം നിറവേറ്റാൻ ഈ പണയം പര്യാപ്തമായിരുന്നില്ല. കാരണം ആർബിഐ ആക്ട് 1934-ലെ വകുപ്പകളിലെ മൂന്ന് നിബന്ധനകൾ അതിന് തടസ്സമായി നിന്നു. സ്വർണ്ണത്തിന് വൈകാരിക മൂല്യം ഉള്ളതിനാൽ വിൽക്കാൻ പാടില്ലെന്നും പണയം വയ്ക്കാനേ കഴിയുകയുള്ളൂവെന്നും നിബന്ധനകളിൽ ഉണ്ടായിരുന്നു. മറ്റ് കറൻസി അധികൃതരിൽ നിന്ന് കടം വാങ്ങാൻ മാത്രമേ ആർബിഐക്ക് കഴിയുമായിരുന്നുള്ളൂ.

അവസാനം, സ്വർണ്ണം പണയം വച്ചതിലൂടെ, 405 മില്യൺ ഡോളറിന്റെ വായ്പ സംഘടിപ്പിക്കാൻ ഇന്ത്യയ്ക്കായി. ആ സമയത്ത് ഇതൊരു വൻ തുക തന്നെയായിരുന്നു. അന്നത്തെ ആ സാമ്പത്തിക പ്രസന്ധിയെയും ഇന്ത്യയുടെ കരുതൽ സ്വർണ്ണ നിക്ഷേപം ആ ഘട്ടത്തിൽ രാഷ്ട്രത്തിന് തുണയായതിനെയും കുറിച്ച് ഇന്നും സാമ്പത്തിക വിദഗ്ധർ പരാമർശിക്കാറുണ്ട്.