Published: 22 Apr 2019

സ്വർണം ഇൻഷുറൻസ് എന്ന നിലയിൽനിന്ന് സ്വർണം നിക്ഷേപം എന്ന നിലയിലേക്ക്

gold bars

ഏതൊരു സാമ്പത്തിക പോർട്ട്‌ഫോളിയോയുടെയും രണ്ട് പ്രധാന തൂണുകളാണ് നിക്ഷേപവും ഇൻഷുറൻസും. നിങ്ങളുടെ പണം വളരുന്നതിന് നിങ്ങൾ നിക്ഷേപിക്കുകയും, സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് ഇൻഷ്വർ ചെയ്യുകയും വേണം.

നിങ്ങളുടെ പോർട്ട്ഫോളിയോയിൽ സ്വർണ്ണത്തിന്‍റെ പങ്ക് എന്താണ് - ഇത് ഒരു നിക്ഷേപ മാര്‍ഗമാണോ അതോ  നിക്ഷേപങ്ങള്‍ക്കായുള്ള ഒരു ഇൻഷുറൻസാണോ? നിങ്ങളുടെ പോർട്ട്‌ഫോളിയോയിൽ മറ്റൊരു ആസ്തിക്കും കഴിയാത്ത ചിലത് സ്വർണ്ണത്തിന് നൽകാൻ സാധിക്കും. ഇതിന് ഒരേസമയം ഒരു നിക്ഷേപ മാർഗ്ഗമായും സാമ്പത്തിക പ്രതിസന്ധിക്കെതിരായ ഒരു ഇൻഷുറൻസായും പ്രവർത്തിക്കാൻ കഴിയും. എങ്ങനെയെന്ന് കാണാം:

സ്വർണ്ണം ഇൻഷുറൻസ് എന്ന നിലയിൽ

ഏത് തരത്തിലുമുള്ള ഇൻഷുറൻസും അപ്രതീക്ഷിത പ്രതിസന്ധി മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ ലഘൂകരിച്ച് നിങ്ങളെ സംരക്ഷിക്കുന്നു. നിങ്ങളുടെ സാമ്പത്തിക പോർട്ട്ഫോളിയോയെ സംബന്ധിച്ചിടത്തോളം, അത് കൃത്യമായി ചെയ്യുന്ന ജോലിയാണ് സ്വർണ്ണത്തിന്. ഓഹരികളും ബോണ്ടുകളും പോലുള്ള പ്രധാന ആസ്തി വിഭാഗങ്ങളുമായി ഇതിനുള്ള പരസ്പര ബന്ധം കുറവായതിനാൽ, ഒരു സാമ്പത്തിക പ്രതിസന്ധി വേളയിൽ സ്വർണ്ണം മികച്ച രീതിയിൽ പെർഫോം ചെയ്യുന്നു.

ഉദാഹരണത്തിന് 2020-ലെ കോവിഡ് -19 മഹാമാരിയുടെ കാര്യം  നോക്കുക.

പകർച്ചവ്യാധി സമയത്ത് സ്വർണ്ണ വില കുത്തനെ ഉയർന്നു, 2020 ആഗസ്റ്റ് 6-ന് 10 ഗ്രാം 24k സ്വർണ്ണത്തിന് വില 57,950 രൂപയിലെത്തി.

തങ്ങളുടെ സ്വർണ്ണ നിക്ഷേപങ്ങളിൽ അഭയം കണ്ടെത്തിയ നിക്ഷേപകർക്ക്, അത് തങ്ങളുടെ നഷ്ടങ്ങൾ പരിഹരിച്ച് ലിക്വിഡിറ്റി നൽകുന്നതായി കാണാൻ സാധിച്ചു.

വില നിലവാരം ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന പണപ്പെരുപ്പത്തിന്‍റെ സമയങ്ങളിൽ പോലും നിക്ഷേപകർക്ക് സ്വർണ്ണം ഒരു സുരക്ഷാവലയായി മാറുന്നു. പരിമിതമായ വിതരണവും ഉള്‍ക്കൊള്ളുന്ന മൂല്യവും കണക്കിലെടുക്കുമ്പോൾ, സ്വർണ്ണത്തിന്‍റെ ആവശ്യകതയോ വിലയോ ഒരിക്കലും വലുതായി കുറയുന്നില്ല.

അത് മാത്രമല്ല; നിക്ഷേപകർ കറൻസിയുടെ  മൂല്യശോഷണത്തിനെതിരേ ഒരു രക്ഷയായും സ്വർണ്ണത്തെ ഉപയോഗിക്കുന്നു. ഡോളർ ദുർബലമാകുമ്പോൾ, സ്വർണ്ണത്തിന് കൂടുതൽ വില കൂടും. പേപ്പർ കറൻസി ഭീഷണിയിലാണെന്ന് തോന്നുമ്പോൾ ആളുകൾ സ്വർണ്ണത്തെ അഭയസ്വർഗമാക്കി അങ്ങോട്ട് തിരിയുന്നു.

ചരിത്രപരമായി തന്നെ, കറൻസികൾ അസാധുവാക്കപ്പെടുമ്പോഴോ അവയുടെ വാങ്ങൽ ശക്തി കുത്തനെ കുറയുമ്പോഴോ, അല്ലെങ്കിൽ ഓഹരി വിപണി തകരുമ്പോഴോ, നിക്ഷേപകരുടെ പോർട്ട്ഫോളിയോയിലെ സ്വർണ്ണം രക്ഷയ്‌ക്കെത്തിയിട്ടുണ്ട്.. പോര്‍ട്ട്ഫോളിയോയുടെ ഫലപ്രദമായ വൈവിധ്യവത്കരണമായി സ്വർണ്ണം പ്രവർത്തിക്കുന്നതിനാൽ അത് നിങ്ങളുടെ പോർട്ട്‌ഫോളിയോയിൽ വിവേകപൂർണ്ണമായ ഒരു കൂട്ടിച്ചേർക്കലാണ്.

സ്വർണം നിക്ഷേപം എന്ന നിലയിൽ

ഇൻഷുറൻസ് എന്ന നിലയിൽ സ്വർണ്ണം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിനൊപ്പം, കടുത്ത സാമ്പത്തിക സമയങ്ങളിൽ പോലും ആദായം നൽകുന്ന ലാഭകരമായ നിക്ഷേപ ആസ്തിയായി സ്വർണ്ണം സ്വയം തെളിയിച്ചിട്ടുണ്ട്.

ഉദാഹരണത്തിന്, ആഗോള തലത്തിലെ സ്വര്‍ണ നിക്ഷേപ ആവശ്യകത 2001 മുതലുള്ള കാലയളവില്‍ പ്രതിവർഷം ശരാശരി 15% വളർന്നു. അതേ കാലയളവിൽ അതിന്‍റെ വില ഏകദേശം പതിനൊന്ന് മടങ്ങാണ് വർദ്ധിച്ചത്.

മുൻകാലങ്ങളിൽ പലപ്പോഴും ഏറ്റവും ലാഭകരമായ ചില നിക്ഷേപ ആസ്തികളെക്കാൾ സ്വർണ്ണം മികച്ച പ്രകടനം കാഴ്ചവച്ചതായി നമുക്ക് കാണാം.

ദീർഘകാലാടിസ്ഥാനത്തിൽ സാമ്പത്തിക വളർച്ച സ്വർണ്ണത്തിന്‍റെ മൂല്യത്തെ പിന്തുണയ്ക്കുന്നു. പണപ്പെരുപ്പത്തിനെതിരായ ഒരു രക്ഷയായി പ്രവർത്തിക്കുന്നതിനൊപ്പം, ദീർഘകാലാടിസ്ഥാനത്തിൽ പകരം വയ്ക്കാനാകാത്ത വരുമാനം നല്‍കാനും സ്വര്‍ണ്ണത്തിന് സാധിക്കുന്നു. മറ്റ് ആസ്തി വിഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി, സ്വർണ്ണത്തിന്‍റെ മൂല്യം ഭൂമിശാസ്ത്രപരമായ അതിർത്തികളെയും പരമാധികാര കറൻസികളെയും മറികടക്കുന്നു. ഇത് എളുപ്പത്തിൽ ലഭ്യമായതും, സുതാര്യവും, മറ്റേതൊരു ആസ്തിയേക്കാളും എളുപ്പത്തില്‍ വിനിമയം നടത്താവുന്നതുമാണ്.

ഇക്കാലത്ത് സ്വർണം വാങ്ങുന്നതിനും വിൽക്കുന്നതിനും വിവിധ രീതികൾ രൂപം കൊണ്ടിട്ടുണ്ട്. ഫിസിക്കൽ ഗോൾഡിന് പുറമെ, ഗോൾഡ് എക്സ്ചേഞ്ച് ട്രേഡ് ഫണ്ടുകളും (ഇടിഎഫുകൾ) ഡിജിറ്റൽ ഗോൾഡും ആധുനിക ഇന്ത്യക്കാർക്ക് പുതിയ നിക്ഷേപ വഴികൾ തുറന്നു നൽകുന്നു. ആഭരണങ്ങളോ  നാണയങ്ങളോ വാങ്ങുമ്പോള്‍ പണിക്കൂലി,  സംഭരണം എന്നിവ സംബന്ധിച്ചുണ്ടാകാറുള്ള ആശങ്കകളും ഇവയുടെ കാര്യത്തില്‍ ഇല്ല. കൂടാതെ, സ്വർണ്ണ നിക്ഷേപത്തിലെ തുടക്കക്കാർക്ക് അവ ചെറിയ മൂല്യത്തിലും എളുപ്പത്തിൽ ലഭ്യമാണ്.

പരമ്പരാഗതമായുള്ള സ്വർണ്ണം വാങ്ങലോ പുതിയ മാർഗ്ഗങ്ങളിലൂടെയുള്ള വാങ്ങലോ ആവട്ടെ, സ്വര്‍ണ്ണം ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം അതുല്യവും വളരെ അനുയോജ്യവുമായ നിക്ഷേപ ഓപ്ഷനായി തുടരും. അതിനാൽ, നിങ്ങളുടെ നിക്ഷേപ പോർട്ട്‌ഫോളിയോയിൽ സ്വർണ്ണത്തെകണക്കാക്കുന്നത് ഇൻഷുറൻസായിട്ടാണെങ്കിലും നിക്ഷേപമായിട്ടാണെങ്കിലും, അത് യോഗ്യമായ ഒരു കൂട്ടിച്ചേർക്കലാണെന്ന് നിസ്സംശയം പറയാം.