Published: 14 Jul 2017

പണപ്പെരുപ്പം ബാധിക്കാതെ നിങ്ങളുടെ ഭാവിയെ സുരക്ഷിതമാക്കാൻ സ്വർണത്തിൽ നിക്ഷേപിക്കുക.

Invest in Gold to make your Future Inflation-Proof
നിങ്ങളുടെ പണത്തിൻറെ മൂല്യം വർദ്ധിപ്പിക്കുക, സമ്പത്ത് സൃഷ്ടിക്കുക, അത് സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ പണം പല തരത്തിലുള്ള ആസ്തി വിഭാഗങ്ങളിലേയ്ക്ക് മാറ്റുന്നതിനെക്കുറിച്ചുള്ള ശാസ്ത്രീയവും കലാപരവുമായ പ്രക്രിയയാണ് നിക്ഷേപം. വിവാഹം, ഒന്നും രണ്ടും വീടുകൾ വാങ്ങൽ, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയ്ക്കുവേണ്ടി പണം ചെലവിട്ടശേഷമുള്ള നിങ്ങളുടെ നിക്ഷേപമാണ് വിരമിച്ചശേഷമുള്ള ആകെയുള്ള വരുമാനമാർഗം. ഓരോ നിക്ഷേപവും രണ്ടു തരത്തിലുള്ള വരുമാനമാണ് നൽകുന്നത്, നാമമാത്രവും യഥാർത്ഥത്തിലുള്ളതും.

പത്തുലക്ഷം രൂപ പത്തു ശതമാനം പലിശയ്ക്ക് നിങ്ങൾ നിക്ഷേപിച്ചാൽ പ്രതിവർഷം ഒരു ലക്ഷം രൂപയെന്ന നാമമാത്രമായ വരുമാനമാണ് നിങ്ങൾക്കു ലഭിക്കുത്. യഥാർത്ഥത്തിൽ ഈ നിക്ഷേപത്തിൽനിന്ന് നിങ്ങളുടെ വരുമാനമെന്നത് നിങ്ങളുടെ ക്രയശേഷിയെ ആശ്രയിച്ചാണിരിക്കുന്നത്. പണപ്പെരുപ്പം അല്ലെങ്കിൽ വിലക്കയറ്റത്തിൻറെ നിരക്ക് എട്ടു ശതമാനമാണെങ്കിൽ ഈ സ്ഥിരനിക്ഷേപത്തിൽനിന്ന് നിങ്ങൾക്ക് ലഭിക്കുന്ന പലിശ വെറും 20,000 രൂപ അല്ലെങ്കിൽ രണ്ടു ശതമാനം മാത്രമായിരിക്കും. നികുതി കൂടി കണക്കിലെടുക്കുകയാണെങ്കിൽ സ്ഥിരനിക്ഷേപത്തിൽനിന്ന് നിങ്ങൾക്ക് ഒരു വരുമാനവും ലഭിക്കുകയില്ലെന്നുമാത്രമല്ല, ചിലപ്പോൾ നഷ്ടവും സംഭവിക്കും.

ദീർഘകാല നിക്ഷേപങ്ങളെ പണപ്പെരുപ്പത്തിൽനിന്ന് സംരക്ഷിക്കാം

നഷ്ടസാധ്യതയുള്ള ഓഹരി, റിയൽ എസ്റ്റേറ്റ് നിക്ഷേപം എന്നിവ പണപ്പെരുപ്പത്തെ അതിജീവിക്കുമെങ്കിലും അത്ര അപകട സാധ്യതയില്ലാത്ത ആസ്തി വിഭാഗങ്ങളായ ബോണ്ടുകൾ, ഡിബഞ്ചറുകൾ, സ്ഥിര നിക്ഷേപങ്ങൾ, പിഎഫ് അക്കൌണ്ടുകൾ എന്നിവ പണപ്പെരുപ്പ സാഹചര്യങ്ങളിൽ മോശമായ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ദീർഘകാല നിക്ഷേപം ആസുത്രണം ചെയ്യുമ്പോൾ സ്ഥിരനിക്ഷേപ ഉല്പന്നങ്ങൾ യുക്തമായിരിക്കാം. പക്ഷേ നിങ്ങളുടെ മൂലധനത്തിന് തീരെ ക്ഷതം സംഭവിക്കാതെ ആകർഷകമായ വരുമാനം തരുന്ന മാർഗങ്ങൾ തെരഞ്ഞെടുക്കേണ്ടത് അനുപേക്ഷണീയമാണ്

സ്വതവേയുള്ള മൂല്യം സ്വർണത്തെ പണപ്പെരുപ്പം തടയുന്നതിനുള്ള കവചമാക്കി മാറ്റുന്നുണ്ട്. കടപ്പത്രങ്ങളും മറ്റ് സാമ്പത്തിക സാമഗ്രികളും ബാഹ്യ ഘടകങ്ങളിൽനിന്ന് മൂല്യം ഉൾക്കൊള്ളുന്നവയാണ്. ബന്ധപ്പെട്ട കമ്പനിയുടെ പ്രവർത്തനം, രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥ എന്നിവയാണ് ഈ ബാഹ്യഘടകങ്ങൾ. ഓഹരികൾക്ക് മൂല്യം വർദ്ധിക്കുമെങ്കിലും കറൻസിയുടെ വിനിമയ നിരക്കിൽ വരുന്ന ശോഷണം യഥാർത്ഥത്തിൽ നിശ്ചലമായ സമ്പത്തിനെയാണ് കാണിക്കുന്നത്. അതേസമയം സ്വർണം, ഭൂമി, എണ്ണ തുടങ്ങിയ ക്രയവസ്തുക്കൾ സുസ്ഥിര ആസ്തികളാണ്. അവയെ പണപ്പെരുപ്പം ബാധിക്കുകയില്ല.

സ്വർണം-ആവശ്യവുംലഭ്യതയും

മികച്ച ഒരു കമ്പനിക്ക് പുതിയ ഓഹരികൾ പുറപ്പെടുവിക്കാം.സർക്കാരിന് പുതിയ കറൻസി നോട്ടുകൾ അച്ചടിക്കാം. അതേസമയം വായുവിൽനിന്ന് സ്വർണം നിർമിക്കാൻ കഴിയില്ല. സ്വർണം ഭൂമിയിൽനിന്ന് ഖനനം ചെയ്തെടുക്കുന്ന വിലപിടിപ്പുള്ള ലോഹമാണ്. അതിൻറെ ലഭ്യത പരിമിതമാണ്.

അതു മാത്രമല്ല, സ്വർണത്തിനുള്ള ഡിമാൻഡ് സാമ്പത്തിക മാനദണ്ഡങ്ങളെ ആശ്രയിച്ചല്ല നിലകൊള്ളുന്നത്. ചില വ്യവസായ ഉപയോഗങ്ങൾ ഒഴിച്ചുനിർത്തിയാൽ സ്വർണം വിനിയോഗിക്കുന്നത് ആഭരണങ്ങൾക്കും നിക്ഷേപങ്ങൾക്കുമായിട്ടാണ്. പണപ്പെരുപ്പം ഉല്പന്നങ്ങളുടെയും സേവനങ്ങളുടെയും ആവശ്യകത കുറച്ചാൽ സ്വാഭാവികമായും അത് ഓഹരികളെയും വായ്പാ വിപണിയെയും ദോഷകരമായി ബാധിക്കും. സ്വർണത്തിനു മാത്രമായുള്ള തനതു പ്രത്യേകതകൾ കാരണം പണപ്പെരുപ്പത്തിൻറെ ദോഷഫലങ്ങൾ അതിനെ ബാധിക്കുകയില്ല.

പണപ്പെരുപ്പത്തിനെതിരെ ദീർഘകാല സംരക്ഷണം

മനസിൽ പ്രത്യേകം സൂക്ഷിക്കേണ്ട ഒരു കാര്യം, സ്വർണം പണപ്പെരുപ്പത്തിനെതിരെയുള്ള ദീർഘകാല സംരക്ഷണമാണെന്നുള്ളതാണ്. നിങ്ങളുടെ പെൻഷൻ പണത്തെ പണപ്പെരുപ്പത്തിൻറെ ആഘാതത്തിൽനിന്ന് സംരക്ഷിക്കാൻവേണ്ടി സ്വർണത്തിൽ നിക്ഷേപിക്കുന്നത് നല്ല നീക്കമാണ്. പണപ്പെരുപ്പവും പലിശനിരക്കിലുള്ള ഏറ്റക്കുറച്ചിലുകളും ഹ്രസ്വകാലാടിസ്ഥാനത്തിൽ സ്വർണത്തിൻറെ വിലയിൽ വ്യത്യാസമുണ്ടാക്കിയെന്നിരിക്കും. കഴിഞ്ഞ 50-60 വർഷങ്ങളിൽ ഇന്ത്യയിലും ലോകത്തിലാകമാനവും സ്വർണത്തിൻറെ പ്രകടനം പരിശോധിക്കുകയാണെങ്കിൽ മറ്റൊരു ആസ്തിയും സ്വർണത്തെപ്പോലെ ഫലപ്രദമല്ലെന്നു കാണാം. പണത്തിൻറെ ക്രയശേഷി ഇടിയുന്നതിൽനിന്ന് നിക്ഷേപങ്ങളെ രക്ഷിക്കാൻ സ്വർണത്തിനു കഴിയുന്നതാണ് ഇതിനു കാരണം.

സാമ്പത്തിക പ്രശ്നങ്ങളിൽനിന്നുള്ള സുരക്ഷിതമായ അഭയമാർഗം

സംഖ്യകളെ മാറ്റിനിർത്തിയാൽ സ്വർണത്തിന് നിങ്ങളുടെ ദീർഘകാല നിക്ഷേപപ്രക്രിയയിൽ മന:ശാസ്ത്രപരമായ സ്വാധീനമുണ്ടെന്ന് മനസിലാക്കാൻ കഴിയും. കഴിഞ്ഞുപോയ ആയിരക്കണക്കിന് വർഷങ്ങളിൽ ലോകം നിരവധി വിനാശകരമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നിട്ടും സ്ഥിരമായി തുടരുന്ന ഒരു കാര്യം മനുഷ്യരാശിയ്ക്ക് സ്വർണത്തോടുള്ള അഭിനിവേശമാണ്.

സർക്കാരുകൾക്ക് വീഴ്ച സംഭവിക്കാം. വൻകിട കമ്പനികൾ പാപ്പരാകാം. എന്നാലും സ്വർണത്തിൻറെ മൂല്യം ഭാവിയിൽ കുറയാനുള്ള സാധ്യതയില്ല. അസ്വസ്ഥമായ കാലഘട്ടങ്ങളിൽ ഇതാണ് സ്വർണത്തെ നിക്ഷേപകരുടെ അഭയസ്ഥാനമാക്കി മാറ്റുന്നത്. സാമ്പത്തിക മാന്ദ്യവും പണപ്പെരുപ്പവും അടക്കിവാഴുന്ന കാലത്ത് ഓഹരികളെയും വായ്പാ സംവിധാനങ്ങളെയും മാത്രം കേന്ദ്രീകരിക്കുന്ന നിക്ഷേപനയത്തിന് തിരിച്ചടിയുണ്ടാകും. സ്ഥിരമായി സാവധാനം വാങ്ങിസൂക്ഷിക്കുന്ന സ്വർണം നിങ്ങളുടെ നിക്ഷേപ പ്രമാണങ്ങൾക്ക് കാര്യമായ നഷ്ടമുണ്ടാക്കുന്നില്ല. മാന്ദ്യകാലത്ത് നിങ്ങൾ നിക്ഷേപം നടത്തിയാൽപോലും സ്വർണം ധനലഭ്യതയ്ക്ക് തടസമുണ്ടാക്കുന്നില്ല.

സമാപ്തി

സ്വർണം പണമാക്കാനുള്ള പുതിയ നടപടികളുപയോഗിച്ച് സ്വർണ നിക്ഷേപത്തിലൂടെയുള്ള പലിശ വരുമാനമാർഗമാക്കാം. മാത്രമല്ല നിക്ഷേപകാലാവധിക്കനുസരിച്ച് സ്വർണമായോ പണമായോ ഈ പലിശ വാങ്ങാനാവും. ഒരു മാതൃകാലോകത്ത് പണപ്പെരുപ്പം പ്രശ്നമേയല്ല. മാത്രമല്ല, നിക്ഷേപം നടത്തി മാത്രം സമ്പത്ത് സൃഷ്ടിക്കാൻ കഴിയും. ഏറ്റവും ഫലപ്രദമായ മാർഗം നിങ്ങളുടെ പണത്തിൻറെ ഒരു ഭാഗം യഥാർഥ സ്വർണമായോ ഡീമാറ്റ് സ്വർണമായോ മാറ്റുന്നതാണ്.