Published: 20 Feb 2018

ദുഷ്യന്ത മഹാരാജാവിന്റെ സ്വർണ്ണമോതിരം

How gold ring helped in reuniting King Dushyant & Shakuntala

“ഒരു മോതിരം അവരെയെല്ലാം ഭരിക്കാൻ, ഒരു മോതിരം അവരെ കണ്ടുപിടിക്കാൻ, ഒരു മോതിരം അവരെയെല്ലാം കൊണ്ടുവരാൻ, പിന്നെ ഇരുട്ടിൽ അവരെ ഒന്നാക്കാൻ.” ടോക്കിയന്റെ ആരാധകർക്ക് പരിചിതമായ ഒരു ഉദ്ധരണിയാണിത്. പക്ഷേ ഇവിടെ ഇന്ത്യയിൽ, രണ്ടു പ്രണയികളുടെ പുനഃസമാഗമത്തിന് കാരണമായ ഒരു മോതിരത്തിന്റെ കഥ പറയുന്നുണ്ട്.

ശകുന്തള എന്ന പേരുള്ള ഒരു കാനനസുന്ദരി കണ്വ മഹർഷിയുടെ ആശ്രമത്തിൽ അദ്ദേഹത്തിന്റെ വളർത്തുമകളായി ജീവിച്ചിരുന്നു. ഒരു ദിവസം നായാട്ടിനിറങ്ങിയ ഹസ്തിനപുരിയിലെ രാജാവായ ദുഷ്യന്തൻ ശുകന്തളയുടെ മാനിനെ അമ്പെയ്തു വീഴ്ത്തുന്നു. വേദനകൊണ്ട് പുളയുന്ന തന്റെ മാനിനെ ശകുന്തള കാണുകയും അതിനെ സമാധാനിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ആ മൃഗത്തോടുള്ള ശകുന്തളയുടെ അടുപ്പം കണ്ട് ദുഷ്യന്തന്റെ ഹൃദയം തരളമാകുന്നു. അദ്ദേഹം ആ മുനികുമാരിയോട് മാപ്പഭ്യർത്ഥിക്കുന്നു. അവൾ ദുഷ്യന്തന് മാപ്പ് നൽകുകയും മാനിനെ ശുശ്രൂഷിക്കാനായി തന്നടോപ്പം വസിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.

അധികം താമസിയാതെ അവർ പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്യുന്നു. ദുഷ്യന്തൻ അവൾക്ക് തന്റെ പേരു കൊത്തിയ ഒരു സ്വർണ്ണ വിവാഹമോതിരം സമ്മാനമായി നൽകി ഉടൻ തിരിച്ചുവന്ന് അവളെ കൂട്ടികൊണ്ടുപോകാമെന്ന വാഗ്ദാനാവുമായി തന്റെ രാജ്യത്തേക്ക് പോകുന്നു.

കുറച്ചു ദിവസങ്ങൾക്ക് ശേഷം ശകുന്തളയുടെ ആശ്രമത്തിലെത്തിയ ദുർവാസ്സാവ് മഹർഷി ദാഹജലം ചോദിച്ച് നിരവധി തവണ വാതിലിൽ മുട്ടുന്നു. ദുഷ്യന്തന്റെ ഓർമ്മയിൽ മുഴുകിയിരിക്കുകയായിരുന്ന ശകുന്തള അത് കേൾക്കാതെ പോകുന്നു. താൻ അപഹസിക്കപ്പെട്ടു എന്ന് തോന്നിയ മഹർഷി അവളെ ശപിക്കുന്നു. അവൾ ആരെക്കുറിച്ചാണോ ചിന്തിച്ചുകൊണ്ടിരുന്നത് അയാൾ അവളെ മറന്നുപോകും എന്നതായിരുന്നു ശാപം.

ആ ശാപവചസ്സുകൾ കേട്ട ശകുന്തള, തനിക്ക് മാപ്പ് നൽകാനായി യാചിക്കുന്നു. അവളുടെ അപേക്ഷ കേട്ട് മനസ്സലിഞ്ഞ മഹർഷി തനിക്ക് ശാപം തിരിച്ചെടുക്കാനാകില്ല, പക്ഷേ അതിൽ മാറ്റം വരുത്താനാകുമെന്നും, ദുഷ്യന്തനെ അവരുടേതായ എന്തെങ്കിലും വസ്തു കാണിക്കുകയാണെങ്കിൽ രാജാവ് അവളെ ഓർക്കുമെന്നും പറഞ്ഞു.

ശാപം ഫലിക്കുകയും ദുഷ്യന്തൻ ശകുന്തളയെ മറക്കുകയും ചെയ്യുന്നു. ശകുന്തള ദുഷ്യന്തന്റെ കൊട്ടാരത്തിലേക്ക് പോകാൻ തീരുമാനിക്കുന്നു. യാത്രാമദ്ധ്യേ നദിമുറിച്ച് കടക്കുമ്പോൾ അവളുടെ വിവാഹമോതിരം വെള്ളത്തിൽ വീഴുന്നു. ഒരു മത്സ്യം ആ സ്വർണ്ണമോതിരം വിഴുങ്ങുന്നു. ശകുന്തള കൊട്ടാരത്തിലെത്തിയപ്പോൾ ദുഷ്യന്തൻ അവളെ തിരിച്ചറിയുന്നില്ല.

ലജ്ജിതയായ ശകുന്തള തിരിച്ചുവന്ന് കാടിന്റെ മറ്റൊരു ഭാഗത്ത് വാസമുറപ്പിക്കുന്നു. അവിടെവെച്ച് ഒരാൺകുഞ്ഞിന് ജന്മം നൽകുന്നു. അവന് ഭരതൻ എന്ന് പേരിടുന്നു. വനത്തിലെ മൃഗങ്ങൾക്കിടയിൽ വളർന്ന ഭരതൻ ഒരു ധീരനായ കുട്ടിയായി തീരുന്നു.

വർഷങ്ങൾ കടന്നുപോയി. ദുഷ്യന്തൻ ശകുന്തളയെ ഓർത്തില്ല. അങ്ങനെയിരിക്കെ ഒരു ദിവസം ഒരു മീൻപിടുത്തക്കാരൻ ഒരു സ്വർണ്ണമോതിരവുമായി കൊട്ടാരത്തിലേക്ക് വരുന്നു. ആ മോതിരം ഒരു മത്സ്യത്തിന്റെ വയറ്റിൽ നിന്ന് കിട്ടിയതാണെന്നും നേരെ രാജാവിന്റെ അടുത്തേക്ക് പോന്നു എന്നും പറയുന്നു. ഒറ്റനോട്ടത്തിൽ തന്നെ ആ മോതിരം ദുഷ്യന്തൻ തിരിച്ചറിയുകയും ശാപഭംഗം സംഭവിക്കുകയും ചെയ്യുന്നു. ശകുന്തളയെ ഓർമ്മ വന്ന ദുഷ്യന്തൻ അവളെ കാണാനായി ആശ്രമത്തിലേക്ക് പായുന്നു. പക്ഷേ, അവളെ കണ്ടെത്താനാകുന്നില്ല. നിരാശനായി അദ്ദേഹം കൊട്ടാരത്തിലേക്ക് മടങ്ങുന്നു.

കുറച്ച് വർഷങ്ങൾക്ക് ശേഷം കാട്ടിലേക്ക് നായാട്ടിന് പോയ രാജാവ് സിംഹക്കുഞ്ഞുമായി കളിക്കുന്ന ഒരു ആൺകുട്ടിയെ കണ്ട് അത്ഭുതപ്പെടുന്നു. ആ കുട്ടി സിംഹക്കുഞ്ഞിന്റെ വായ് തുറന്ന് അതിനോട് പറഞ്ഞു: “ഓ, കാട്ടിലെ രാജാവേ! നിന്റെ വായ മുഴുവനായും തുറക്കൂ, ഞാൻ നിന്റെ പല്ലുകൾ എണ്ണട്ടെ.”

ഇത് ദുഷ്യന്തനെ രസിപ്പിക്കുന്നു. അദ്ദേഹം കുട്ടിയോട് അവന്റെ മാതാപിതാക്കൾ ആരെന്ന് ചോദിക്കുന്നു. താൻ ദുഷ്യന്തമഹാരാജാവിന്റെയും ശകുന്തളയുടെയും മകനാണെന്ന് കുട്ടി മറുപടി പറയുന്നു. ഉടനെത്തന്നെ അമ്മയുടെ അടുക്കലേക്കെത്തിക്കാൻ അദ്ദേഹം കുട്ടിയോട് പറയുന്നു.

അങ്ങനെ ആ കുടുംബം ഒന്നിക്കുകയും ഭരതൻ വളർന്ന് ഒരു മഹാനായ രാജാവായി മാറുകയും ചെയ്യുന്നു.