Published: 27 Sep 2017

സ്വർണ്ണം എല്ലായ്പ്പോഴും തൃപ്തിപ്പെടുത്തുമെന്ന് ബീർബൽ തെളിയിച്ചതെങ്ങനെ

നിങ്ങൾ ചരിത്ര പ്രേമിയാണെങ്കിലും ഇല്ലെങ്കിലും അക്ബർ ചക്രവർത്തിയുടെ രാജസദസ്സിലെ ബീർബലിന്റെ ബുദ്ധിസാമർത്ഥ്യത്തെ കുറിച്ച് നിങ്ങൾ കേട്ടിരിക്കും. ഒരിക്കൽ സ്വർണ്ണത്തിന്റെ മൂല്യവും ബീർബൽ തെളിയിക്കുകയുണ്ടായി. ആ കഥയിങ്ങനെയാണ് ബീർബലിന്റെ ബുദ്ധിസാമർത്ഥ്യം കണ്ട് രാജസദസ്സിലെ പലർക്കും മുഴുത്ത അസൂയ ഉണ്ടായിരുന്നു. അത്തരത്തിലൊരാൾ അക്ബറിന്റെ അളിയൻ തന്നെയായിരുന്നു. ബീർബലിനെ കുടുക്കാൻ അയാൾ തന്ത്രങ്ങൾ മെനഞ്ഞു. അങ്ങനെ ഒരു ദിവസം, ബീർബലിന്റെ സേവനം തനിക്ക് ആവശ്യമുണ്ടെന്നും എന്നാൽ ബീർബൽ ആ ജോലി ഏറ്റെടുക്കുമെന്ന് തനിക്ക് ഉറപ്പ് നൽകണമെന്നും അക്ബറിനോട് അളിയൻ അഭ്യർത്ഥിച്ചു. ഇത് കേട്ടതോടെ, ഞാൻ മന്ത്രിസ്ഥാനം രാജിവയ്ക്കുന്നു എന്ന് പറഞ്ഞ് ബീർബൽ രാജസദസ്സിൽ നിന്ന് ഇറങ്ങിപ്പോയി. തുടർന്ന്, അളിയനെ തന്നെ മന്ത്രിയാക്കാൻ അക്ബർ തീരുമാനിച്ചു.

പുതിയ മന്ത്രിയെ ഒന്ന് പരീക്ഷിച്ച് നോക്കാൻ അക്ബർ തീരുമാനിച്ചു. തന്റെ അളിയന് 300 സ്വർണ്ണ നാണയങ്ങൾ നൽകിക്കൊണ്ട് അക്ബർ പറഞ്ഞു, "ഇതാ 300 സ്വർണ്ണ നാണയങ്ങൾ. ഇവ ചെലവഴിക്കുക. എന്നാൽ ഒരു നിബന്ധനയുണ്ട്. ഈ ജീവിതത്തിൽ തന്നെ എനിക്ക് 100 സ്വർണ്ണ നാണയങ്ങൾ ലഭിക്കണം, 100 സ്വർണ്ണ നാണയങ്ങൾ എനിക്ക് സ്വർഗ്ഗത്തിലോ നരകത്തിലോ വച്ച് ലഭിച്ചാൽ മതി. ബാക്കിയുള്ള 100 നാണയങ്ങളാവട്ടെ ഇവിടെ വച്ചും അവിടെ വച്ചും ലഭിക്കുകയുമരുത്."

മന്ത്രി ആകെ ആശയക്കുഴപ്പത്തിലായി. ഊണും ഉറക്കവും ഉപേക്ഷിച്ച് ചിന്തിച്ചിട്ടും പോംവഴിയൊന്നും ലഭിക്കുന്നില്ല. അവസാനം ബീർലിന്റെ സഹായം തന്നെ തേടാമെന്ന് അയാൾ കരുതി. ബീർബലിനെ ചെന്നുകണ്ട് തന്റെ അവസ്ഥ മന്ത്രി ബോധിപ്പിച്ചു. ബീർബൽ പറഞ്ഞു, "നാണയങ്ങൾ എനിക്ക് തന്നേക്കൂ. ബാക്കിയൊക്കെ ഞാൻ നോക്കിക്കൊള്ളാം."

നാണയങ്ങളും കൊണ്ട് ബീർബൽ തെരുവിലേക്കിറങ്ങി. അപ്പോൾ, ധനികനായൊരു വ്യാപാരി തന്റെ മകന്റെ വിവാഹം ആഘോഷിക്കുന്നത് ബീർബൽ കാണാനിടയായി. വ്യാപാരിയുടെ പക്കലെത്തിയ ബീർബൽ 100 നാണയങ്ങൾ അയാൾക്ക് നൽകി. വിവാഹച്ചടങ്ങിന് ആശംസകൾ നൽകാൻ ചക്രവർത്തി തന്നെ അയച്ചതാണെന്നും 100 സ്വർണ്ണ നാണയങ്ങൾ ചക്രവർത്തിയുടെ സമ്മാനമാണെന്നും ബീർബൽ വ്യാപാരിയോട് പറഞ്ഞു.

തന്നെ ചക്രവർത്തി ബഹുമാനിച്ചതിനാൽ ആനന്ദപുളകിതനായ വ്യാപാരി, ഒരുപാട് സമ്മാനങ്ങളും ഒരു ബാഗ് നിറയെ സ്വർണ്ണ നാണയങ്ങളും ചക്രവർത്തിക്ക് സമർപ്പിക്കുന്നതിനായി ബീർബലിനെ ഏൽപ്പിച്ചു.

തുടർന്ന് ബീർബൽ പാവപ്പെട്ടവർ താമസിക്കുന്ന ഒരു ഗലിയിലെത്തി. വസ്ത്രങ്ങളും ഭക്ഷണങ്ങളും വാങ്ങാൻ ചക്രവർത്തി തന്നതാണെന്ന് പറഞ്ഞ് ബീർബൽ തന്റെ കയ്യിലുള്ള 100 സ്വർണ്ണ നാണയങ്ങൾ പാവപ്പെട്ടവർക്ക് നൽകി. അവർ ചക്രവർത്തിയെ വാഴ്ത്തി.

അവസാനം ബീർബൽ നഗരത്തിലെത്തി. ഒരു സംഗീതക്കച്ചേരിയും നൃത്തവും സംഘടിപ്പിച്ചു. ഇതിനാൽ 100 സ്വർണ്ണ നാണയങ്ങൾ ചെലവിടുകയും ചെയ്തു.അടുത്ത ദിവസം, അക്ബർ ചക്രവർത്തിയെ ബീർബൽ മുഖം കാണിച്ചു. മന്ത്രിയെ ചെയ്യാനേൽപ്പിച്ച കാര്യങ്ങളെല്ലാം താൻ ഭംഗിയായി ചെയ്തിട്ടുണ്ടെന്ന് ബീർബൽ ഉണർത്തിച്ചു. ബീർബൽ തന്റെ പരീക്ഷ ജയിച്ചത് എങ്ങനെയെന്നറിയാൽ ചക്രവർത്തിക്ക് ജിജ്ഞാസയായി. ബീർബൽ വിശദീകരിച്ചു, "വ്യാപാരിക്ക് നൽകിയ 100 സ്വർണ്ണ നാണയം സമ്മാനങ്ങളായും സ്വർണ്ണ നാണയങ്ങളായും ഈ ജീവിതത്തിൽ തന്നെ അങ്ങേക്ക് തിരികെ ലഭിച്ചിരിക്കുന്നു. പാവപ്പെട്ടവർക്ക് വേണ്ടി ചെലവിട്ട 100 സ്വർണ്ണ നാണയത്തിന് അള്ളാഹു അങ്ങേയ്ക്ക് പരലോകത്തിൽ വച്ച് പ്രതിഫലം നൽകും. സംഗീത കച്ചേരിക്കും നൃത്തത്തിനും ചെലവിട്ട പണം അങ്ങേയ്ക്ക് ഇവിടെയും അവിടെയും തിരികെ ലഭിക്കില്ല."

ആധുനിക ലോകത്തിലും, ഈ കഥ അർത്ഥപൂർണ്ണമാണ്.

  • സുഹൃത്തുക്കൾക്ക് ചെലവിട്ട പണം പലതരത്തിലും നിങ്ങൾക്ക് തിരികെ ലഭിക്കുന്നു.
  • കാരുണ്യ പ്രവൃത്തികൾക്ക് ചെലവിട്ട പണത്തിന് ഈശ്വരൻ പ്രതിഫലം നൽകുന്നു.
  • ആനന്ദ പ്രവർത്തനങ്ങൾക്ക് ചെലവിട്ട പണം ആസ്വദിക്കപ്പെടുന്നു!