Published: 20 Feb 2018

ഇന്ത്യൻ സ്വർണ്ണത്തിന്റെ യുഗങ്ങളിലൂടെയുള്ള യാത്ര

Evolution of Indian gold jewellery over the years

സ്വർണ്ണാഭരണങ്ങൾ ഇഷ്ടമല്ലാത്ത ഒരു ഇന്ത്യൻ സ്ത്രീയെ കണ്ടെത്തുക ദുഷ്ക്കരമാണ്. ആഭരണത്തോടുള്ള നമ്മുടെ ഭ്രമം ഇന്ന് തുടങ്ങിയതല്ല. 5000 വർഷം പഴക്കമുള്ള സിന്ധു നദീതട സംസ്ക്കാരകാലം മുതൽക്കേ ഈ ഭ്രമമുണ്ട്. ഇന്ത്യൻ സ്വർണ്ണാഭരണത്തിന്റെ ചരിത്രം സത്യത്തിൽ ഇന്ത്യയുടെ തന്നെ ചരിത്രത്തിന്റെ പ്രതിഫലനമാണ്. സാംസ്ക്കാരിക ചരിത്രത്തിന്റെയും സൗന്ദര്യബോധത്തിന്റെയും ആവിഷ്ക്കാരമാണ് ഇന്ത്യൻ സ്വർണ്ണാഭരണങ്ങൾ. ഇന്ത്യൻ സ്വർണ്ണാഭരണ ചരിത്രത്തിന് ഉപോൽബലകമായി സാഹിത്യവും ഐതിഹ്യവും പുരാവൃത്തങ്ങളും ഇതിഹാസങ്ങളും മറ്റ് പാഠങ്ങളുമുണ്ട്. ഇതൊക്കെയും ഇന്ത്യൻ സ്വർണ്ണാഭരണ പാരമ്പര്യത്തെ ലോകത്തിന് മുന്നിൽ അതുല്യമാക്കുന്നു.

വിവിധ കാലഘട്ടങ്ങളിലൂടെ ഇന്ത്യൻ സ്വർണ്ണാഭരണങ്ങൾ നടത്തിയ യാത്രയെ നമുക്കൊന്ന് അടുത്തറിയാം:

സിന്ധു നദീതട സംസ്ക്കാരം (2600 - 1900 BCE)

സിന്ധു നദീതട സംസ്ക്കാര കാലത്ത് ജീവിച്ചിരുന്ന ആളുകൾ സൗന്ദര്യബോധമുള്ളവരും സങ്കീർണ്ണമായ എഞ്ചിനീയറിംഗ് വൈദഗ്ധ്യങ്ങൾ ഉള്ളവരും അതിലുമുപരി സാംസ്ക്കാരികബോധം ഉള്ളവരുമായിരുന്നു. പിന്നിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ, സാങ്കേതികപരമായ മുന്നേറ്റങ്ങളല്ല നമ്മളെ അമ്പരപ്പിക്കുക, പകരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണപ്പെടുന്ന രൂപകൽപ്പനയുടെ തുടർച്ചയാണ്. സിന്ധു നദീതട സംസ്ക്കാര കാലത്ത് ശിരസ്സിൽ അണിഞ്ഞിരുന്ന സ്വർണ്ണ തകിടാണ് രാജസ്ഥാനി ബോർളയെ സ്വാധീനിച്ചിരിക്കുന്നത്. ജനപ്രിയ പുരാതന ശിൽപ്പികളിൽ ഒരാളായ ദീദാർഗഞ്ച് യക്ഷിയുടെ നെറ്റിയിൽ നിങ്ങൾക്കിത് കാണാം.

സംഘം കാലഘട്ടം (ബിസി നാലാം നൂറ്റാണ്ട് മുതൽ ബിസി രണ്ടാം നൂറ്റാണ്ട് വരെ)

മോഹൻജാദാരോ സംസ്ക്കാരത്തിന്റെ പതനത്തിന് ശേഷം, ഇന്ത്യൻ സ്വർണ്ണാഭരണങ്ങൾ കൂടുതൽ ലോലവും സങ്കീർണ്ണവുമായി മാറി.സംഘം കാലഘട്ടത്തിൽ രചിക്കപ്പെട്ടതും തമിഴിൽ മഹത്തായ അഞ്ച് ഇതിഹാസങ്ങളിൽ ഒന്നുമായ ചിലപ്പതികാരത്തിൽ, സ്വർണ്ണവും വിലപിടിപ്പുള്ള കല്ലുകളും മുത്തുകളും കൈകാര്യം ചെയ്തിരുന്ന ഒരു സമുദായത്തെ കുറിച്ച് പറയുന്നുണ്ട്. വിജയ നഗര സാംരാജ്യത്തിലെ ആളുകൾ അണിഞ്ഞിരുന്ന അത്യാകർഷകമായ സ്വർണ്ണാഭരണങ്ങളെ കുറിച്ച് 'ക്രോണിക്കിൾസ് ഓഫ് പായെസ്' എന്ന പുസ്തകത്തിൽ ഒരു പോർച്ചുഗീസ് സഞ്ചാരി എഴുതുന്നുണ്ട്. പവിഴങ്ങളും മരതകങ്ങളും കൊണ്ട് അലങ്കരിച്ചിരുന്ന സങ്കീർണ്ണവും ഭാരമേറിയതുമായ ആഭരണങ്ങൾ പ്രാരംഭകാലത്ത് നിർമ്മിക്കപ്പെട്ടിരുന്നത് ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങൾക്ക് ചാർത്താനായിരുന്നു. എന്നാൽ, ഭരതനാട്യം എന്ന നൃത്തകല ജനപ്രിയത നേടിയപ്പോൾ നർത്തകികളും ഇത്തരം ആഭരണങ്ങൾ അണിയാൻ തുടങ്ങി. പിന്നീട് സാധാരണക്കാരും ഇത്തരം ആഭരണങ്ങൾ ഏറ്റെടുക്കുകയായിരുന്നു.

മുഗൾ കാലഘട്ടം (1526- 1857)

പരമ്പരാഗത ഇന്ത്യൻ സ്വർണ്ണാഭരണങ്ങളെ മുഗൾ സാമ്രാജ്യം പരിപോഷിപ്പിച്ചു. അവർ നൂതന നിർമ്മാണ വിദ്യകൾ അവതരിപ്പിരിച്ചു. ഏഷ്യൻ ഡിസൈനും ഇന്ത്യൻ കരകൗശല മികവും ഒത്തുചേർന്നതോടെ അന്നുവരെ ലോകം കാണാതിരുന്ന ആഭരണങ്ങൾ അവതരിക്കാൻ കാരണമായി. ആഭരണങ്ങൾക്ക് ഇനാമലിംഗ് നൽകുന്ന വിദ്യ കണ്ടെത്തിയത് ടാക്സില എന്ന പുരാതന നഗരമാണ്. മുഗൾ ചക്രവർത്തിമാരുടെ കാലത്ത് ഈ വിദ്യ അതിന്റെ പരിപൂർണ്ണതയിലെത്തി. ഇതിനെ തുടർന്ന്, പുരാതന ഇന്ത്യൻ ഡിസൈനുകൾ, പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടുള്ള പൂക്കളുടെയും ജ്യോമട്രി ആകൃതികളുടെയും രൂപം കൈക്കൊണ്ടു. ഇന്ത്യൻ സ്വർണ്ണപ്പണിക്കാർ കാലക്രമത്തിൽ മുഗൾ കുന്ദൻ, ജഡാവു വിദ്യകളെ മികവുറ്റതാക്കി, തങ്ങളുടെ സ്വന്തം ഡിസൈനുകൾ ചേർത്ത് അതീവ സുന്ദരമായ സ്വർണ്ണാഭരണങ്ങൾ നിർമ്മിച്ചു.

ബ്രിട്ടീഷ് കാലഘട്ടം (1858 – 1947)

പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലും ഇന്ത്യൻ സ്വർണ്ണാഭരണ ഡിസൈനുകളെ കൊളോണിയൻ ഭരണകർത്താക്കൾ സ്വാധീനിക്കാൻ തുടങ്ങി. പ്രശസ്ത യൂറോപ്യൻ സ്വർണ്ണാഭരണ നിർമ്മാണ കമ്പനിയായ കാർട്ടിയർ, ഇന്ത്യൻ മഹാരാജാക്കന്മാർക്ക് വേണ്ടി ആഭരണങ്ങൾ നിർമ്മിക്കാൻ തുടങ്ങി. ഇന്ത്യൻ സ്വർണ്ണാഭരണ ഡിസൈനുകളെ യൂറോപ്യൻ ശൈലി സ്വാധീനിച്ചത് പോലെ ഇന്ത്യൻ ശൈലി യൂറോപ്യൻ ഡിസൈനുകളെയും സ്വാധീനിച്ചു. മാണിക്യം, ഇന്ദ്രനീലം, മരതകം തുടങ്ങിയ കല്ലുകൾ കൊണ്ട് അലങ്കരിക്കപ്പെടുന്ന, ഫ്ലോറൽ മോട്ടീഫുകൾ ദക്ഷിണേന്ത്യൻ ആഭരണങ്ങളുടെ മുഖമുദ്ര ആയിരുന്നു. യൂറോപ്യൻ ഡിസൈനുകളെ ഇത് സ്വാധീനിച്ചു.

ഇന്ത്യൻ സ്വർണ്ണാഭരണങ്ങളുടെ യാത്ര നീണ്ടതായിരുന്നു എങ്കിലും, ആഭരണങ്ങളുടെ മനോഹാരിത വർദ്ധിപ്പിക്കാനും ആഭരണങ്ങളോടുള്ള ഭ്രമം കൂട്ടാനും ഈ യാത്ര കാരണമായി. സമകാലിക ലോകത്തിൽ, ആധുനിക ശൈലികളെ അടിസ്ഥാനമാക്കിയുള്ള പുതിയ ഡിസൈനുകൾ നിലവിൽ വന്നിട്ടുണ്ടെങ്കിലും, സങ്കീർണ്ണവും അസാമാന്യ വൈശിഷ്ട്യവുമുള്ള പരമ്പരാഗത ഡിസൈനുകൾ ഇപ്പോഴും നമ്മെ കൊതിപ്പിക്കുന്നു.