Published: 27 Sep 2017

കോലാർ സ്വർണ്ണ ഖനിയുടെ കഥ

Kolar Gold Fields

കർണാടകയുടെ തലസ്ഥാനമായ ബാംഗ്ലൂരിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കോലാർ ഗോൾഡ് ഫീൽഡ്സ് (KGF), ഇന്ത്യയിലെ ഏറ്റവും പഴയ സ്വർണ്ണ ഖനിയാണ്. ബിസി ഒന്നാം നൂറ്റാണ്ടിലും ചോള സാമ്രാജ്യം ഭരിച്ചിരുന്ന സമയത്ത് എഡി 900 മുതൽ എഡി 1000 വരെയും വിജയനഗര സാമ്രാജ്യ സമയത്ത് പതിനാറാം നൂറ്റാണ്ടിലും മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താന്റെ ഭരണക്കാലത്ത് പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലും ഈ ഖനിയിൽ നിന്ന് സ്വർണ്ണം ഖനനം ചെയ്യപ്പെട്ടിരുന്നുവെന്ന് ചരിത്ര രേഖകൾ പറയുന്നു. പല നൂറ്റാണ്ടുകളായി ദക്ഷിണേന്ത്യയിലെ ഭരണാധികാരികൾക്ക് കോലാർ ഖനി അളവറ്റ ധനം സമ്പാദിച്ച് നൽകിയിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും ആഴമുള്ള ഖനികളിൽ ഒന്നാണിത്. 1980-കളിലും 1990-കളിലും ഭൗമോപരിതലത്തിൽ നിന്ന് 3 കിലോമീറ്റർ താഴെ നിന്നാണ് സ്വർണ്ണം ഖനനം ചെയ്തിരുന്നത്. ആഫ്രിക്കയിൽ ചില ഖനികൾ മാത്രമാണ് ആഴത്തിന്റെ കാര്യത്തിൽ കോലാറിനെ കവച്ച് വയ്ക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കോലാർ ഖനിയെ ബ്രിട്ടീഷ് മൈനിംഗ് കമ്പനിയായ ജോൺ ടൈലർ ഏറ്റെടുത്തു. 1920-കളിൽ ഖനിയിൽ അവർ വൈദ്യുതി സ്ഥാപിച്ചു. അക്കാലത്ത് ദക്ഷിണേന്ത്യയിലെ മറ്റൊരിടത്തും വൈദ്യുതി ഉണ്ടായിരുന്നില്ലെന്ന് ഓർക്കണം! 1930-കളിൽ, ഖനിയുടെ ഒരു കിലോമീറ്റർ താഴ്ചയുള്ള കുഴിയിൽ നിന്ന് ജോൺ ടൈലർ കമ്പനിയുടെ ഓഫീസിലേക്ക് നേരിട്ട് വിളിക്കാൻ കഴിയുമെന്ന് കമ്പനി അഭിമാനിച്ചിരുന്നു.

അത്രയും ആഴത്തിൽ ഖനനം ചെയ്യുന്നതിന് സവിശേഷ എക്യുപ്മെന്റുകൾ ആവശ്യമാണ്. KGF-ന് ഉണ്ടായിരുന്നത് ലോകത്തിലെ ഏറ്റവും വലിയ വൈൻഡിംഗ് ഡ്രമ്മാണ്. 1940-കളിൽ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലാണ് ഈ ഡ്രം നിർമ്മിച്ചത്. ജോൺ ടൈലർ ഗ്രൂപ്പ് സ്ഥാപിച്ച മിക്ക ഉപകരണങ്ങളും 1990-കൾ വരെ നന്നായി പ്രവർത്തിച്ചിരുന്നു. ഇവയിൽ പല ഉപകരണങ്ങൾക്കും 50 വർഷമോ 100 വർഷമോ പഴക്കമുണ്ടായിരുന്നു! ഈ എക്യുപ്മെന്റുകൾ നിർമ്മിച്ച കമ്പനികളെയും ഈ എക്യുപ്മെന്റുകളിൽ ഭാരത് മൈൻസ് നടത്തിയിരുന്ന മെയിന്റനൻസിനെയും പുകഴ്ത്താതെ വയ്യ!

1880 മുതൽ 2001 വരെ, 120 വർഷത്തോളം, ആധുനിക രീതിയിലുള്ള ഖനനം തുടർന്നു. അവസാനം സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് ഗോൾഡ് മൈൻസ് ലിമിറ്റഡ് പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു. പ്രവർത്തന ചെലവ് ലഭിക്കുന്ന തരത്തിലുള്ള സ്വർണ്ണം കിട്ടാതായതോടെയാണ് ഈ ഖനി പ്രവർത്തനം അവസാനിപ്പിച്ചത്. എന്നാലും, KGF-ന്റെ കാലം കഴിഞ്ഞുവെന്ന് പറയാറായിട്ടില്ല.

ജൂലൈ 2010-ൽ, ഇന്ത്യയിലെ ഖനനം വീണ്ടും ആരംഭിക്കാമെന്ന് സുപ്രീം കോടതി വിധിച്ചു. സ്വർണ്ണ ഖനികൾ ഉൾപ്പെടെയുള്ള ഖനികളുടെ ലേലവും അനുവദിച്ചു. 2016-ൽ, നരേന്ദ്ര മോഡി സർക്കാർ KGF-ന്റെ ലേലം പ്രഖ്യാപിച്ചു. ഇന്ത്യയിലെ ആദ്യത്തെ വൈദ്യുതി നഗരമായിരുന്ന കോലാർ ഇപ്പോൾ, ആരും തിരിഞ്ഞ് നോക്കാത്തൊരു പ്രേത നഗരമാണ്. എന്നാൽ, വരും വർഷങ്ങളിൽ കോലാർ ഖനി വീണ്ടും പ്രവർത്തനമാരംഭിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.