Published: 27 Sep 2017

സ്വർണ്ണത്തിന്റെ ഭാഗ്യനിധികൾ

സ്വർണ്ണം ഒരു ലോഹമായതിനാൽ അതുണ്ടാക്കാനാവില്ല; പ്രകൃതിയിൽ നിന്നേ ലഭിക്കുകയുള്ളു. ഭൂമിയുടെ ഉപരിഭാഗത്തുനിന്നാണ് സ്വർണ്ണം ഖനനം ചെയ്തെടുക്കുന്നത് എന്നതിനാൽ അത് നമുക്കുചുറ്റും എവിടെനിന്നും കണ്ടെത്തപ്പെടാം. ഭാഗ്യം തുണച്ചാൽ ചിലപ്പോൾ ആർക്കും എപ്പോൾ വേണമെങ്കിലും, എവിടെ നിന്നും സ്വർണ്ണനിധിയും ലഭിക്കാം. സാധാരണജനങ്ങൾ ആകസ്മികമായി പുരാതന നിധികുംഭങ്ങൾ കണ്ടെടുത്ത സംഭവങ്ങൾ പലപ്പോഴും ഉണ്ടായിട്ടുണ്ട്. സ്വർണ്ണം മാത്രമല്ല ചിലപ്പോൾ ലഭിക്കുക. അതിൽ മറ്റ് അപൂർവ്വലോഹങ്ങളും ഉണ്ടാകാറുണ്ട്. നിധികുംഭങ്ങൾ കണ്ടെത്തി ഞൊടിയിടയിൽ ജീവിതം മാറിമറിഞ്ഞ ചുരുക്കം ഭാഗ്യവാന്മാരിൽ ചിലരെയാണ് ഈ ലേഖനം പരിചയപ്പെടുത്തുന്നത്.

ഹോക്സ്ൻ ഹോർഡ്
തന്റെ ചുറ്റിക പാടത്ത് കാണാതെപോയത് കണ്ടുപിടിക്കാൻ ഇംഗ്ലണ്ടിലെ സുഫോൾക്കിലുള്ള ഹോക്സൻ ഗ്രാമത്തിലെ ഒരു കർഷകൻ തന്റെ സുഹൃത്തിൽ നിന്ന് അയാളുടെ മെറ്റൽ ഡിറ്റെക്ടർ കടം ചോദിച്ചു. 1992ൽ ഒരു ദിവസം തന്റെ ചുറ്റിക തിരഞ്ഞുകൊണ്ടിരിക്കുമ്പോൾ മെറ്റൽ ഡിറ്റക്ടർ കാണിച്ച സൂചനയ്ക്കു പിന്നാലെ പോയപ്പോൾ അയാൾ ഞെട്ടിപ്പിക്കുന്ന ഒരു കണ്ടുപിടുത്തം നടത്തി. മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിൽ ഒരു വമ്പൻ റോമൻ നിധിപേടകം. അതിൽ 15,000 വെങ്കലത്തിലും വെള്ളിയിലും സ്വർണ്ണത്തിലുള്ള റോമൻ നാണയങ്ങൾ, ഒപ്പം നൂറുകണക്കിന് സ്വർണ്ണത്തിന്റെയും വെള്ളിയുടെയും സ്പൂണുകളും ഫോർക്കുകളും ആഭരണങ്ങളും. ദയാലുവായ ആ കർഷകൻ തനിക്കു ലഭിച്ച മഹാസൗഭാഗ്യം മെറ്റൽ ഡിറ്റക്ടർ കടം നൽകിയ സുഹൃത്തുമായി പങ്കിട്ടു. രണ്ടുപേർക്കും ഏതാണ്ട് ഇന്ത്യൻ രൂപ 20 കോടി വീതം ലഭിച്ചു. അവരുടെ കണ്ടുപിടുത്തം ഇപ്പോൾ ബ്രിട്ടീഷ് മ്യൂസിയത്തിൽ പ്രദർശനത്തിനു വെച്ചിട്ടുണ്ട്.

ദ സാഡിൽ റിഡ്ജ് ഹോർഡ്
ഏതാണ്ട് ഈ അടുത്തകാലത്ത് നടന്ന സാഡിൽ റിഡ്ജ് ഹോർഡാണ് ഏറ്റവും അവിശ്വസിനീയമായ കണ്ടെത്തലുകളിൽ ഒന്ന്. 2013 ഫെബ്രുവരിയിൽ കാലിഫോർണിയിലെ സിയറ നെവ്ദ മലനിരകൾക്കടുത്തുള്ള സ്വർണ്ണമുറങ്ങുന്ന നാട് എന്നറിയപ്പെടുന്ന ഉൾനാടൻ ഗ്രാമത്തിലുള്ള തങ്ങളുടെ സ്ഥലത്തുകൂടെ സ്വന്തം നായയെ നടത്താനിറങ്ങിയ ദമ്പതിമാർ യാദൃശ്ചികമായി ഒരു പഴയ, തുരുമ്പുപിടിച്ച തകരപ്പാത്രം ദൂരെ നിന്നു കണ്ടു. കൗതുകം തോന്നിയ അവർ അത് പരിശോധിക്കാനായി അടുത്തു ചെന്നപ്പോൾ ആ പാത്രം ശൂന്യമായ, ഒന്നിനും കൊള്ളാത്ത ഒരു പാഴ്വസ്തുവല്ലെന്ന് തിരിച്ചറിഞ്ഞു. ആ പാത്രം നിറയെ ഗോൾഡൻ ഈഗിൾസ് എന്നറിയപ്പെടുന്ന 20 ഡോളറിന്റെ സ്വർണ്ണനാണയങ്ങളായിരുന്നു. കണ്ടെത്തിയ സമയത്തെ അതിന്റെ വില കണക്കാക്കിയത് ഇന്ത്യൻ രൂപ 65 കോടിയായിരുന്നു.