Published: 11 Sep 2017

മുംബൈയിലെ ഏറ്റവും ധനസമൃദ്ധമായ ക്ഷേത്രം

മുബൈയിൽ നിങ്ങൾ ‘’ഗണപതി ബപ്പാ’’ എന്ന് ഉറക്കെ വിളിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഉറപ്പായും ‘’മോറിയ’’ എന്ന മറുപടി (കോറസായി) ലഭിക്കുന്നതാണ്, അത്രയ്ക്കുമുണ്ട് മുംബൈയിൽ പ്രിയപ്പെട്ട ഗണേശ ഭഗവാന്റെ പ്രശസ്തി.

മുബൈയിലെ എല്ലാ പരിശുദ്ധ സ്ഥലങ്ങളിലും വെച്ച്, ശ്രീ സിദ്ധിവിനായക ക്ഷേത്രമാണ് ഏറ്റവും പ്രശസ്തവും ഭക്തർ പതിവായി സന്ദർശിക്കുന്നതുമായ ക്ഷേത്രം. ഭഗവാൻ ഗണപതിക്ക് സമർപ്പിച്ചിട്ടുള്ള ഈ ക്ഷേത്രം 1801-ൽ ദേവു ബായ് പട്ടേലാണ് പണി കഴിപ്പിച്ചത്. അദ്ദേഹത്തിന് കുട്ടികൾ ഇല്ലായിരുന്നു. കുട്ടികൾ ഇല്ലാത്ത സ്തീകൾക്ക് വേണ്ടിയാണ് ദേവു ബായ് പട്ടേൽ ഈ ക്ഷേത്രം പണി കഴിപ്പിച്ചത്, നിർഭാഗ്യവതികളായ ഈ സ്ത്രീകൾക്ക് ഭഗവാൻ ഗണപതിയോട് ആഗ്രഹങ്ങൾ സാധിച്ചുതരാൻ പ്രാർത്ഥിക്കാനുള്ള ഒരു സ്ഥലം ഒരുക്കുക എന്നായിരുന്നു പട്ടേലിന്റെ ഉദ്ദേശ്യം.

ശ്രീ സിദ്ധിവിനായക് ക്ഷേത്രത്തിൽ ഇടക്കിടെ ബോളീവുഡ് താരങ്ങളും രാഷ്ടീയക്കാരും ദേശീയ തലത്തിലും അന്തർദ്ദേശീയ തലത്തിലും പ്രമുഖരായിട്ടുള്ള വ്യക്തികളും ദർശനത്തിന് എത്താറുണ്ട്. ഈ ജനപ്രീതി കാരണം, ഈ പരിപാവനമായ ക്ഷേത്രം, മുംബൈയിൽ ഏറ്റവും സംരക്ഷിക്കപ്പെടുന്ന ആരാധനാലയങ്ങളിലൊന്നാണ്. വർഷങ്ങളായുള്ള വിപുലീകരണത്തിലൂടെ ഈ സിദ്ധിവിനായക ക്ഷേത്രമിന്ന് മുംബൈയിലെ ഏറ്റവും സമ്പന്നവും പ്രശസ്തവുമായ ക്ഷേത്രമായി മാറിയിരിക്കുന്നു.

തുടക്കത്തിൽ ചെറുതായിരുന്ന ഈ ആരാധനാലയം, 1993-ൽ ആകർഷകമായ ക്ഷേത്രമായി പുനരുദ്ധരിക്കപ്പെട്ടു. ക്ഷേത്രത്തെ അവിശ്വസനീയമായ രീതിയിൽ അടിമുടി മാറ്റുകയാണ് ഈ പുനരുദ്ധാരണത്തിൽ ചെയ്തത്. പുരാതന രീതിയിലുള്ള വാസ്തുശൈലി ആണ് പുനരുദ്ധാരണത്തിൽ ഉപയോഗിച്ചത്. ക്ഷേത്രത്തിന്റെ അഭിവൃദ്ധി, അതിന്റെ നിർമ്മാണത്തിൽ ഉപയോഗിച്ചിരിക്കുന്ന സ്വർണ്ണത്തിന്റെ അളവിൽ നിന്നും വ്യക്തമാണ്.

ശ്രീ സിദ്ധിവിനായക ക്ഷേത്രം ഇന്ന് സ്വർണ്ണ തകിടുകൊണ്ടുള്ള കുംഭങ്ങളുള്ള (കലശം) അനേകം കോണുകളുള്ള ഒരു കെട്ടിട സമുച്ചയമാണ്. ഗണേശ വിഗ്രഹത്തിന്റെ നേരെ മുകളിലാണ് നടുവിലുള്ള പ്രധാന കുംഭം സ്ഥാപിച്ചിരിക്കുന്നത്. 1500 കിലോ സ്വർണ്ണ തകിട് കൊണ്ടുള്ള ഈ കുംഭം ദൂരെ നിന്നും ക്ഷേത്ര ദർശനം നടത്തുന്ന ഭക്തന്മാരെ ഗണേശ ഭഗവാന്റെ അനുഗ്രഹം നേടാൻ സഹായിക്കുന്നു. മുംബൈയിലെ തിരക്കേറിയ സമയങ്ങളിൽ ക്ഷേത്രത്തിനുള്ളിൽ എത്തിപ്പെടുന്നത് ദുഷ്കരമാകുമ്പോൾ അകലെ നിന്ന് ഈ സ്വർണ്ണ കുംഭം ദർശിച്ചാണ് ഭക്തർ സായൂജ്യമടയുന്നത്. ക്ഷേത്രത്തിലെ മറ്റു കുംഭങ്ങളും സ്വർണ്ണത്താൽ പണിതതാണ്, അതുപോലെ തന്നെ അഷ്ടകോണാകൃതിയിൽ ഉള്ള ശ്രീകോവിലിന്റെ മുകൾ ഭാഗവും സ്വർണം കൊണ്ട് പൊതിഞ്ഞിരിക്കുന്നു. ഇത് ഗണേശ വിഗ്രഹത്തിന്റെ നേരെ മുകളിലായാണ് സ്ഥിതിചെയ്യുന്നത്.

ക്ഷേത്രത്തിൽ മറ്റു കാണിക്കകൾക്കൊപ്പം, സ്വർണ്ണക്കട്ടികളും ആഭരണങ്ങളും ഉൾപ്പെടെ, വലിയ അളവിൽ സ്വർണ്ണമെത്തുന്നുണ്ട്. ചിലപ്പോൾ സ്വർണ്ണം പണമാക്കി മാറ്റുവാൻ വേണ്ടി, ഭക്തർ കാണിക്കയായി അർപ്പിച്ച ആഭരണങ്ങൾ ക്ഷേത്ര ഭാരവാഹികൾ ലേലം ചെയ്യാറുണ്ട്. ക്ഷേത്രം ലേലം സംഘടിപ്പിക്കുന്നത് പ്രശസ്ത വ്യക്തികളുടെ മുന്നിൽവെച്ചാണ്. അക്ഷയ ത്രിതീയ, ചതുർത്ഥി എന്നിങ്ങനെയുള്ള വിശേഷ ദിവസങ്ങളിലാണ് ലേലം നടക്കുക. 2016-17 വർഷത്തിൽ, ക്ഷേത്രം 11 ലക്ഷത്തിന്റെ സ്വർണ്ണാഭരണങ്ങൾ പണമാക്കി മാറ്റി.

സ്വർണ്ണ ലേലം കൂടാതെ, 2016ൽ, ശ്രീ സിദ്ധിവിനായക ക്ഷേത്രം, കേന്ദ്ര സർക്കാരിന്റെ ഗോൾഡ് മോണിറ്റൈസേഷൻ സ്കീമിൽ (ജിഎംഎസ്) പങ്കെടുക്കുന്ന ആദ്യത്തെ ക്ഷേത്രമായി മാറി.12 മുതൽ 24 ക്യാരറ്റ് വരെ ഉള്ള 50 കിലോഗ്രാം സ്വർണ്ണം, ജിഎംഎസ് പദ്ധതിക്ക് കീഴിൽ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ ശാഖയിൽ ക്ഷേത്ര സമിതി നിക്ഷേപിച്ചു. ഈ ഇടക്കാല നിക്ഷേപത്തിൽ നിന്ന് 2.25 ശതമാനം പലിശ ക്ഷേത്രം നേടുന്നുണ്ട്, ഈ നിക്ഷേപം 12-വർഷം വരെ ക്ഷേത്ര നിർവാഹക സമിതിക്ക് നീട്ടുമെന്നാണ് അറിയുന്നത്. ജിഎംഎസ് പദ്ധതിയിൽ ക്ഷേത്രങ്ങളും മറ്റ് ആരാധനാലയങ്ങളും സജീവമായി പങ്കുചേരണമെന്ന് നിരന്തരം അഭ്യർത്ഥിക്കുന്ന കേന്ദ്ര സർക്കാർ സിദ്ധിവിനായക ക്ഷേത്രത്തിന്റെ ഈ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.