Published: 21 Sep 2018

മീനാകാരി എന്ന മുഗൾ കലയുടെ ഉത്ഭവവും ചരിത്രവും

മുഗളന്മാരാണ് ഇന്ത്യയിൽ മീനാകാരി എന്ന പരമ്പരാഗത കല അവതരിപ്പിച്ചത് എന്നറിയാമോ?

പുരാതനവും സങ്കീർണ്ണവുമായ മീനാകാരിയിൽ 'മീനാകാർ' എന്ന് വിളിക്കപ്പെടുന്ന കലാകാരന്മാർ, സ്വർണ്ണത്തിന്റെ പ്രതലത്തിൽ തിളങ്ങുന്ന നിറങ്ങൾ പൂശുകയാണ് ചെയ്യുന്നത്.

ഏറ്റവും സങ്കീർണ്ണമായ ലോഹ അലങ്കാരപ്പണിയായി കണക്കാക്കപ്പെടുന്ന ഇനാമലിംഗിന് ഉയർന്ന നിലയിലുള്ള വൈദഗ്ധ്യവും കൃത്യതയും സമർപ്പണവും ആവശ്യമാണ്.

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട സ്വർണ്ണാഭരണ ശൈലിയായി മീനാകാരി മാറിയതിന് പിന്നിലെ കഥയെന്തെന്ന് നമുക്ക് മനസ്സിലാക്കാം.

ചുരുക്കത്തിൽ, സ്വർണ്ണത്തിൽ മീനാകാരി അലങ്കാരത്തിന്റെ പ്രക്രിയ ഇപ്രകാരമാണ്: ആദ്യം സ്വർണ്ണാഭരണത്തിന്റെ പ്രതലത്തിൽ ഉളി ഉപയോഗിച്ച് വിവിധ ഡിസൈനുകൾ കൊത്തിയുണ്ടാക്കുന്നു. തുടർന്ന് ഈ ഡിസൈനുകളെ വിവിധ ഇനാമൽ വർണ്ണങ്ങളും പൊടിയാക്കിയ ധാതുക്കളും ഉപയോഗിച്ച് അലങ്കരിക്കുന്നു. ആകർഷകമായ നിറങ്ങൾ അവതരിപ്പിക്കുന്ന സങ്കീർണ്ണമായ ഡിസൈനുകൾ, സ്പഷ്ടവും പരമ്പരാഗതവുമായ അത്യുജ്ജ്വല ഡിസൈനുകൾ സൃഷ്ടിക്കുന്നു.

പേർഷ്യൻ സൃഷ്ടി

മിന അല്ലെങ്കിൽ മിനൂ എന്ന പേർഷ്യൻ വാക്കിൽ നിന്നാണ് ,മീനാകാരി എന്ന പദം ഉരുത്തിരിഞ്ഞ് വന്നത്. പേർഷ്യൻ ഭാഷയിൽ മിന അല്ലെങ്കിൽ മിനൂ എന്ന വാക്കിനർത്ഥം സ്വർഗ്ഗം എന്നാണ്. ഇന്നത്തെ ആധുനിക മീനാകാരി സ്വർണ്ണാഭരണത്തിൽ പോലും പേർഷ്യൻ ശൈലിയുടെ സ്വാധീനം കാണാം.

മീനാകാരിക്കൊരു ഇന്ത്യൻ ആമുഖം

പതിനാറാം നൂറ്റാണ്ടിൽ, ഷാജഹാൻ ചക്രവർത്തിയുടെ രാജസദസ്സിൽ വച്ച്, രാജാ രാം സിംഗാണ് രാജസ്ഥാനിലേക്ക് മീനാകാരി അവതരിപ്പിച്ചത്. കലാരൂപങ്ങളെയും കലാകാരന്മാരെയും കയ്യയച്ച് പ്രോത്സാഹിപ്പിച്ചിരുന്ന ഷാജഹാൻ ചക്രവർത്തിയെ മീനാകാരി ശൈലി ആശ്ചര്യപ്പെടുത്തിക്കളഞ്ഞു. അദ്ദേഹം ലാഹോറിൽ നിന്ന് മീനാകാരി കലാകാരന്മാരെ ക്ഷണിച്ച് വരുത്തുകയും രാജിസ്ഥാനിലെ മേവാറിൽ ഇനാമലിംഗ് വർക്ക്ഷോപ്പുകൾ സ്ഥാപിക്കുകയും ചെയ്തു. താമസിയാതെ, ഇന്ത്യയിലെ മീനാകാരി വ്യാപാരത്തിന്റെ തലസ്ഥാനമായി രാജസ്ഥാൻ ഉയർന്നുവന്നു.

യഥാർത്ഥത്തിൽ വാസ്തുരംഗത്താണ് മീനാകാരി വർക്ക് ആദ്യം ഉപയോഗപ്പെടുത്തിയിരുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. ചുവരുകൾ, തൂണുകൾ, മേൽക്കൂരകൾ എന്നിവയൊക്കെ അലങ്കരിക്കാനാണ് മീനാകാരി ഉപയോഗിച്ചിരുന്നത്. എന്നാൽ മുഗൾ രാജകൊട്ടാരത്തിലെ സ്ത്രീജനങ്ങൾക്ക് ഈ ഡിസൈൻ വളരെ ഇഷ്ടമായി. അവരത് തങ്ങളുടെ സ്വർണ്ണാഭരണങ്ങളുടെ ഭാഗമാക്കാൻ ആഗ്രഹിച്ചു.

രാജസ്ഥാനും കടന്ന്

രാജസ്ഥാനിൽ ജനപ്രീതി നേടിക്കഴിഞ്ഞ്, മീനാകാരി പാരമ്പര്യം മുഗൾ സാമ്രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക്, വ്യാപിക്കാൻ തുടങ്ങി. ഈ കലാരൂപം ലഖ്നൗ, പഞ്ചാബ്, ഡെൽഹി എന്നിടങ്ങളിലേക്ക് പടർന്നു. താമസിയാതെ, സ്വർണ്ണം എനാമൽ ചെയ്യുന്നത് ഇന്ത്യ ഒട്ടാകെ വ്യാപിച്ചു. എന്നാൽ ഓരോ പ്രദേശത്തും ഈ രീതിക്ക് തനതായൊരു ടെക്നിക്കും ശൈലിയും ലഭിച്ചു.

ലഖ്നൗ മീനകർമാർക്കിടയിൽ പച്ചയും നീലയും ഇനാമലിംഗ് വളരെ ജനപ്രിയമായിരുന്നു, എന്നാൽ ബനാറസിലെ സ്വർണ്ണപ്പണിക്കാർ ആകട്ടെ, ഇരുണ്ട പിങ്കോ റോസ്-സ്വർണ്ണ നിറമോ ഉപയോഗിച്ചു, കൂടെ താമരയുടെ മോട്ടീഫും ഉപയോഗിച്ചു. പതിനേഴാം നൂറ്റാണ്ടിൽ ലഖ്നൗ അവാദിന്റെ രാജസദസ്സ് സന്ദർശിച്ച, പേർഷ്യൻ സ്വർണ്ണപ്പണിക്കാരാണ് ഈ പ്രത്യേക ശൈലി അവതരിപ്പിച്ചത്. പ്രതാപ്ഗഢ് അറിയപ്പെട്ടത്, മീനകരിയുടെ ഗ്ലാസ്സ് പെയിന്റിംഗ് ശൈലിക്കാണ്. ഏറ്റവും ആകർഷകങ്ങളായ മീനാകരി വർക്കുകൾ കാണപ്പെടുന്ന ജയ്പൂരിൽ ഇപ്പോഴും മീനകരി സ്വർണ്ണാഭരണങ്ങൾ നിർമ്മിക്കപ്പെടുന്നുണ്ട്.

മുഗളന്മാരാണ് മീനകരി ശൈലിയെ ഇന്ത്യയിൽ അവതരിപ്പിച്ചതെങ്കിലും, വലിയ താമസമില്ലാതെ ഇന്ത്യയിലെങ്ങും ഈ രീതിക്ക് പ്രചുരപ്രചാരം ലഭിച്ചു. ഇന്നും രാജ്യത്ത് ഉടനീളമുള്ള സ്വർണ്ണാഭരണ പ്രണയികൾ ആഘോഷമാക്കുന്നതാണ് മീനകരി ശൈലി.

ലോകമെമ്പാടുമുള്ള വ്യത്യസ്ത ഭരണാധികാരികളുടെയും സംസ്ക്കാരങ്ങളുടെയും സാന്നിധ്യം, ഷോകേസ് ചെയ്യപ്പെടേണ്ട നിരവധി കലാസൃഷ്ടികൾ ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്. വിപണിയിൽ ഇപ്പോഴും ഇവയിൽ ചിലത് കാണാം. ഇവയിൽ, കൊലുസുകളും ബ്രൂച്ചുകളും കർണ്ണാഭരണങ്ങളും മറ്റ് സ്വർണ്ണാഭരണങ്ങളും തൊട്ട് അമ്പലത്തിൽ ഉപയോഗിക്കുന്ന ചെറിയ സ്റ്റൂളുകളും കസേരകളും ആഭരണ പെട്ടികളും ഫോട്ടോ ഫ്രെയിമുകളും കീ ചെയിനുകളും വരെ ഉൾപ്പെടുന്നു. ഇത്തരത്തിലുള്ള ആഭരണങ്ങൾ നിർമ്മിക്കുന്നതിന് പ്രാഥമികമായും ഉപയോഗിക്കപ്പെട്ടത് സ്വർണ്ണമായിരുന്നു. സവിശേഷാവസരങ്ങളിൽ തങ്ങളുടെ ലുക്ക് ഗംഭീരമാക്കുന്നതിന് ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ പ്രിയ ആഭരണങ്ങളുമായിരുന്നു ഇവ.