Published: 20 Feb 2018

ബി നിലവറയിലെ രഹസ്യം

Sri Padmanabhaswamy Temple Vault B

നമുക്ക് കേരളത്തിന്റെ തലസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന പത്മനാഭ സ്വാമി ക്ഷേത്രത്തിലേക്കൊരു യാത്ര പോകാം. വാസ്തുഭംഗിയുള്ളൊരു മനോഹരമായ ക്ഷേത്രമാണിത്. ആയിരക്കണക്കിന് ഭക്തരാണ് പത്മനാഭ സ്വാമിയെ ദർശിക്കാൻ നിത്യവും വരുന്നത്. എന്നാൽ അധികാർക്കും അറിവില്ലാതിരുന്ന ഒരു രഹസ്യം ഈ ക്ഷേത്രത്തിനുള്ളിൽ ഒളിഞ്ഞിരിപ്പുണ്ട്. ഇപ്പോഴത് എല്ലാവർക്കും അറിയുകയും ചെയ്യാം. എന്താണത്?

നിധി - സ്വർണ്ണ സിംഹാസനവും കിരീടങ്ങളും നാണയങ്ങളും പ്രതിമകളും ആഭരണങ്ങളും വൈരങ്ങളും മറ്റ് വിലപിടിപ്പുള്ള കല്ലുകളും ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കളുടെ ശേഖരമാണിത്. സ്വർണ്ണം കൊണ്ട് നിറഞ്ഞിട്ടുള്ള ഒർഅറയിൽ പ്രവേശിച്ചാൽ ഉണ്ടാകുന്ന അനുഭൂതിയെ കുറിച്ച് ഓർത്തുനോക്കൂ.

എയിൽ തുടങ്ങി എഫ് വരെയുള്ള 6 രഹസ്യ അറകളാണ് ക്ഷേത്രത്തിലുള്ളത്. ഇതിൽ ബി നിലവറ മാത്രമേ തുറക്കാനുള്ളൂ. ബി നിലവറ തുറന്നാൽ പത്മനാഭ സ്വാമി കോപിക്കുമെന്നാണ് വിശ്വാസം. ബി നിലവറ അവിടെ നിൽക്കട്ടെ. തുറന്നിട്ടുള്ള എ, സി, ഡി, ഇ, എഫ് എന്നീ നിലവറകളിൽ എന്തൊക്കെയാണ് ഉള്ളതെന്ന് നമുക്ക് നോക്കാം.

നിലവറകളിൽ കണ്ടെത്തിയ വിലപിടിപ്പുള്ള വസ്തുക്കളിൽ ചിലത് ഇതാ - മഹാവിഷ്ണുവിന്റെ ശുദ്ധസ്വർണ്ണം കൊണ്ട് നിർമ്മിച്ച മൂന്നരയടി ഉയരത്തിലുള്ള ഒരു വിഗ്രഹം, 18 അടി നീളമുള്ള ഒരു മാല, 50 കിലോ ഭാരമുള്ള ഒരു കറ്റ, മാണിക്യവും ഇന്ദ്രനീലവും പതിച്ച സ്വർണ്ണ ചിരട്ടകൾ.

ഇവയ്ക്ക് പുറമെ ചാക്കുകണക്കിന് വിലപിടിപ്പുള്ള രത്നങ്ങളും നെക്ലേസുകളും പുരാതന കരകൗശലവസ്തുക്കളും ഉണ്ട്. സ്വർണ്ണ നാണയങ്ങളിലാകട്ടെ, നെപ്പോളിയന്റെ കാലത്തെ നാണയങ്ങളും റോമിൽ നിന്നുള്ള നാണയങ്ങളും കാണാം. "പല കാലങ്ങളിൽ നിന്നുള്ളവയാണ് ഈ നാണയങ്ങൾ. ചില നാണയങ്ങൾ ആകട്ടെ, ക്രിസ്തുവിന്റെ ജനനത്തിനും മുമ്പുള്ളവയാണ്," ഒരു റിപ്പോർട്ട് പറയുന്നു.

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഇങ്ങനെയൊരു നിധി ഒളിഞ്ഞ് കിടക്കുന്നുണ്ടെന്ന് നിലവറകൾ തുറക്കാൻ സുപ്രീം കോടതി ഉത്തരവിടും വരെ ആർക്കും അറിവില്ലായിരുന്നു. എല്ലാ നിലവറകളും തുറന്നെങ്കിലും ബി നിലവറ തുറന്നില്ല. ആ നിലവറയുടെ കവാടത്തിൽ ഒരു സർപ്പത്തിന്റെ ചിഹ്നമുണ്ട്. നിലവറ തുറന്നാൽ ശാപമേറ്റ് വാങ്ങേണ്ടി വരുമെന്ന് പഴമക്കാർ വിശ്വസിക്കുന്നു.

സുപ്രീം കോടതി വിധി ഉള്ളതിനാൽ ബി നിലവറ തുറക്കാൻ തന്നെ കോടതി നിയോഗിച്ച കമ്മറ്റി തീരുമാനിച്ചു. നിലവറയുടെ ആദ്യ വാതിൽ മരം കൊണ്ടാണ് നിർമ്മിച്ചിരുന്നത് കമ്മറ്റി അത് തുറന്നു. എന്നാൽ അതിന് പിന്നിൽ ഇരുമ്പ് കൊണ്ടുള്ള മറ്റൊരു വാതിൽ ഉണ്ടായിരുന്നു. അത് തുറക്കുന്നതിന് ഒരു ഇരുമ്പ് പണിക്കാരനെ കമ്മറ്റി ഏർപ്പാടാക്കി. എന്നാൽ അതിന് മുമ്പ് തന്നെ നിലവറ തുറക്കരുതെന്ന് ഉത്തരവ് തിരുവതാംകൂർ രാജകുടുംബം നേടിയിരുന്നു.

"തിരുവനന്തപുരത്തുകാർക്ക് ക്ഷേത്ര നിലവറ തുറക്കുന്നതിനോടും പരിശോധിക്കുന്നതിനോടും വിമുഖത ഉണ്ടായിരുന്നു. എന്നെ അത് അത്ഭുതപ്പെടുത്തി. ഇത്രയും വലിയ 'ദേശീയ നിധി' അമേരിക്കയിൽ ആയിരുന്നുവെങ്കിലോ? എന്നാൽ, ഇന്ത്യയിൽ ക്ഷേത്രങ്ങളിലെ ധനം സാമ്പത്തികമായല്ല, പകരം ആത്മീയമായാണ് പരിഗണിക്കപ്പെടുന്നത്..." ന്യൂയോർക്കുകാരനായ ജേക്ക് ഹാൽപൻ എഴുതിയ ലേഖനത്തിൽ പറയുന്നു. അതെ, ബി നിലവറ അങ്ങനെ തന്നെ തുടരട്ടെ, കുറച്ച് കാലത്തേക്കെങ്കിലും.