Published: 06 Jul 2017

ബഹുമാന്യത, അന്തസ്, പ്രൌഢി-ഇതൊക്കെയാണ് സ്വർണം വാങ്ങുന്നതിനുള്ള സാമൂഹികമായ മെച്ചങ്ങൾ

Respect, Status and Prestige—the Social Benefits of Buying Gold
പതിറ്റാണ്ടുകളോളം സാമ്പത്തിക വിദഗ്ധരെ കുഴക്കിയിരുന്ന ഒരു വൈരുധ്യമുണ്ട്-കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്ന ഒരു രാജ്യമാണെങ്കിൽ കൂടി ഇന്ത്യക്കാരാണ് ലോകത്തിൽ ഏറ്റവും കൂടുതൽ സ്വർണം വാങ്ങിക്കൂട്ടുന്നവർ. 2015ൽ മാത്രം ഇന്ത്യ 900 ടൺ സ്വർണമാണ് ഇറക്കുമതി ചെയ്തത്. മറ്റേതൊരു രാജ്യത്തെക്കാളും കൂടുതലാണെന്നു മാത്രമല്ല, ഇത് ലോകത്ത് വിതരണം ചെയ്യുന്ന സ്വർണത്തിൻറെ കാൽഭാഗം വരികയും ചെയ്യും.

സ്വർണത്തോടുള്ള ഇന്ത്യയുടെ ഈ അഭിനിവേശത്തിനുള്ള കാരണങ്ങൾ സൂക്ഷ്മമായി പരിശോധിക്കുകയാണെങ്കിൽ സമൂഹത്തിലെ ഈ വൈരുദ്ധ്യങ്ങൾക്ക് കാരണം കണ്ടുപിടിക്കാനാവും.ചരിത്രപരവും സാംസ്കാരികവും സാമൂഹികവുമാണ് ഈ കാരണങ്ങൾ. ഭംഗിയും ചമത്കാരവും വലിയൊരളവു വരെ സ്വർണത്തിന് അന്തസ് ചാർത്തുന്നുണ്ട്. പുരാതനകാലം മുതൽ സ്വർണത്തിന് ശ്രേഷ്ഠമായ പദവിയുണ്ട്. രാജാക്കന്മാരും ചക്രവർത്തിമാരും അവരുടെ കൊട്ടാരങ്ങൾ അലങ്കരിക്കുകയും പലപ്പോഴും തങ്ങളുടെ കാരുണ്യത്തിനു തെളിവായി സ്വന്തം ഭാരത്തിനു തുല്യമായ സ്വർണം ദരിദ്രർക്ക് സമ്മാനിക്കുകയും ചെയ്യുമായിരുന്നു.

ഇന്ത്യയിൽ സ്വർണം സമൃദ്ധിയുടെ ചിഹ്നമായാണ് കരുതപ്പെടുന്നത്. വധു വിവാഹത്തിന് അണിയുന്ന സ്വർണത്തിൻറെ തോത് അനുസരിച്ചാണ് അവളുടെ കുടുംബത്തിൻറെ സാമൂഹിക-സാമ്പത്തിക പദവികൾ കണക്കാക്കുന്നത്. സ്വർണവും അതിൻറെ പരിശുദ്ധിയും തമ്മിലുള്ള ചരിത്രപരമായ ബന്ധമാണ് 22 കാരറ്റ് സ്വർണത്തോടുള്ള അഭിനിവേശത്തിനു കാരണം. 22 കാരറ്റ് സ്വർണം ഏറ്റവും പരിശുദ്ധവും മേന്മയേറിയതുമാണെന്ന വിശ്വാസമുള്ളതുകൊണ്ട് ആ സ്വർണം സമൃദ്ധിയുള്ള കുടുംബത്തിൻറെ ഏറ്റവും മികച്ച സ്വത്തായി കണക്കാക്കപ്പെടുന്നു.

സാമ്പത്തിക മൂല്യത്തിനപ്പുറം, വധു അണിയുന്ന സ്വർണാഭരണങ്ങൾക്ക് വൈകാരിക മൂല്യവുമുണ്ട്. ഈ ആഭരണങ്ങൾ വധു ഭാവിയിൽ അവളുടെ കുട്ടികൾക്ക് കൈമാറുന്ന പൈതൃകസ്വത്തായാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ സ്വർണത്തിനെ കുടുംബത്തെ ഒന്നിച്ചുനിർത്തുന്ന ഘടകമായി കാണുന്നു. അങ്ങനെ സ്വർണം സമ്പത്തിനപ്പുറം പൈതൃകസ്മരണകളുടെയും വ്യക്തിവിശേഷങ്ങളുടെയും സൂചകവുമാണ്.

പ്രധാനപ്പെട്ട അവസരങ്ങളിലും ഉത്സവദിനങ്ങളിലും സമ്മാനം നൽകുന്നതിനായി സ്വർണം തെരഞ്ഞെടുക്കുന്നത് അതിൻറെ ജനപ്രിയമായ പ്രത്യേകതയാണ്. രക്ഷാകവചമോ മോതിരമോ നാണയമോ കട്ടിയോ ആയിക്കോട്ടെ സ്വർണം സമ്മാനമാക്കുന്നത് ദാതാവിൻറെ ആഡംബരത്തെയും മഹാമനസ്കതയെയും കുറിച്ച് വാ തോരാതെ സംസാരിക്കുന്നതിന് തുല്യമാണ്.

ആഡംബര കാറുകൾ വാങ്ങുന്നതിനും ഡിസൈനർ ഷൂസടക്കമുള്ള അലങ്കാരങ്ങൾക്കുമായി പണം വലിച്ചെറിയുന്ന ഇക്കാലത്ത് സ്വർണാഭരണങ്ങൾ യുക്തിപൂർണമായ നിക്ഷേപമാണെന്നുമാത്രമല്ല സമ്പത്തിൻറെ സംസ്കൃതവും പ്രൌഢവുമായ പ്രകടനമാണെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കാറുകളും ഷൂസും പോലെ സ്വർണം ഒരിക്കലും ഫാഷനു പുറത്തുപോകുന്നില്ല. മാത്രമല്ല എന്നും സ്വർണത്തിന് ആവശ്യക്കാരുമുണ്ടാകും.

സ്വർണത്തെക്കുറിച്ചുള്ള ഇത്തരം സാംസ്കാരികവും സാമൂഹികവുമായ ധാരണകൾ മനസിലാക്കിയാൽ അവ നേരത്തെ പറഞ്ഞ വൈരുധ്യങ്ങളുടെ കാരണങ്ങളിലേയ്ക്ക് നമ്മെ നയിക്കും. മാത്രമല്ല ഇവ സ്വർണം വാങ്ങുന്നതിൻറെ സാമൂഹികമായ നേട്ടങ്ങൾക്ക് പ്രാമുഖ്യം നൽകുകയും ചെയ്യും. സമ്പത്തിൻറെ ചിഹ്നമെന്ന തരത്തിലും കുടുംബ പ്രൌഢിയുടെ പ്രതീകമെന്ന നിലയിലും സമൂഹത്തിൽ പദവിയുടെ സൂചകമെന്ന നിലയിലും ഇന്ത്യയിൽ സ്വർണം മറ്റെന്ത് വസ്തുക്കളെക്കാളും പ്രധാനമാണ്.