Published: 27 Sep 2017

ഇന്ത്യയിൽ പുതിയ സ്വർണ്ണഖനികൾ വരവറിയിക്കുകയാണോ?

Indian Gold Mines - Renewed Search For Gold

ചരിത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഗ്രീക്ക് ചരിത്രകാരൻ ഹെറൊഡെറ്റസ്, ബി.സി. അഞ്ചാം നൂറ്റാണ്ടിൽ അദ്ദേഹത്തിന്റെ ‘ഹിസ്റ്ററീസ്’ എന്ന കൃതിയുടെ മൂന്നാം പുസ്തകത്തിൽ ഇന്ത്യയിൽ ഉറുമ്പുകൾ മണലിൽ നിന്ന് സ്വർണ്ണക്കട്ടികൾ വലിച്ചുകൊണ്ടുപോയിരുന്നതായി പറയപ്പെടുന്ന ഒരു കഥ പ്രതിപാദിക്കുന്നുണ്ട്. ആ കഥയുടെ ഉറവിടമോ അതിന്റെ പശ്ചാത്തലമോ കണ്ടെത്താൻ ഹെറൊഡെറ്റസ് മുതലുള്ള ചരിത്രകാരൻമാർ പല കാലഘട്ടങ്ങളിലായി പരിശ്രമിച്ച് പരാജയപ്പെട്ടിട്ടുണ്ട്. എന്നാൽ, ചിതൽപ്പുറ്റുകൾ പലപ്പോഴും സ്വർണ്ണനിക്ഷേപങ്ങളുടെ അടയാളമായി ദക്ഷിണാഫ്രിക്കയിലുള്ളവർ കണ്ടിരുന്നതായി പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഉപഭോക്താവായിട്ടും – വർഷത്തിൽ ഏതാണ്ട് 800-900 ടൺ വരെ – ഇന്ത്യ ഖനനം ചെയ്തെടുക്കുന്നത് തുലോം തുച്ഛമാണ്. കർണ്ണാടകയിലെ ഹട്ടി ഗോൾഡ് മൈനാണ് ഇന്ത്യയിലെ അവസാനത്തെ സ്വർണ്ണഖനി. 1902ൽ ഉത്പാദനം തുടങ്ങിയ അവിടെ നിന്ന് 2015ൽ ലഭിച്ചത് 45,000 ഔൺസ് മഞ്ഞലോഹമായിരുന്നു, അഥവാ ഏതാണ്ട് 1.275 ടൺ. ബാംഗളൂരിൽ നിന്ന് 45 കിലോമീറ്റർ അകലെയുള്ള കൊളാർ ഗോൾഡ് ഫീൽഡ്സ് 120 കൊല്ലം പ്രവർത്തിക്കുകയും 2001ൽ അടച്ചുപൂട്ടുകയും ചെയ്ത് കാലയളവിനിടയിൽ ഏകദേശം 800 ടൺ സ്വർണ്ണം ഉത്പാദിപ്പിച്ചു.

സ്ഥിതിഗതികൾ ഇങ്ങനെയൊക്കെയാണെങ്കിലും ഈ അടുത്തകാലത്തായി സ്വർണ്ണത്തിനായുള്ള പുനരന്വേഷണത്തിൽ വളരെയധികം ആവേശം കാണുന്നുണ്ട്. കൊളാർ ഗോൾഡ് ഫീൽഡ്സ് വീണ്ടും തുറക്കുന്നതിനെപ്പറ്റിയുള്ള സംസാരം ധാരാളമായി കേൾക്കുന്നു. അവിടെ ഇപ്പോഴും 2 ബില്ല്യൺ ഡോളറിലേറെ വിലവരുന്ന സ്വർണ്ണനിക്ഷേപമുണ്ടെന്ന് പറയപ്പെടുന്നു. ദക്ഷിണേന്ത്യയുടെ ഭൂഘടന സ്വർണ്ണനിക്ഷേപത്തിന് അനുയോജ്യമാണെന്നാണ് വിദഗ്ദ്ധാഭിപ്രായം. പുതിയ ഖനികൾ വികസിപ്പിച്ചെടുക്കാൻ നൽകിയ ടെണ്ടറിന്റെ പ്രാഥമിക ലിസ്റ്റിൽ മൂന്ന് സ്വർണ്ണഖനികളുണ്ട്.

2016 ഫെബ്രുവരിയിൽ വേദാന്താ റിസോഴ്സസ് എന്ന കമ്പനി ഛത്തീസ്ഗഡിലെ ബാഗ്മാര ഗോൾഡ് മൈൻസ് വികസിപ്പിച്ചെടുക്കാനുള്ള ലേലത്തിൽ വിജയിയായി. വേദാന്ത നേരത്തെതന്നെ അവരുടെ ചെമ്പിന്റെയും സിങ്കിന്റെയും ഖനികളിൽ നിന്ന് ഉപോൽപ്പന്നമായി സ്വർണ്ണമെടുത്തു വരുന്നു, ഒപ്പം ചെറിയ തോതിൽ വെള്ളിയും. കർണ്ണാടകയിൽ വീണ്ടും ഡെക്കാൻ ഗോൾഡ് മൈൻസ് എന്ന ലിസ്റ്റഡ് കമ്പനി അവരുടെ ഗനജൂർ പദ്ധതിയിൽ ഈ വർഷം ഖനനം ആരംഭിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു. വർഷത്തിൽ 1.3 ടൺ സ്വർണ്ണം ഉത്പാദിപ്പിക്കാനാവുമെന്നാണ് കണക്കാക്കുന്നത്.

തൊട്ടടുത്തുള്ള ആന്ധ്രാപ്രദേശിൽ സംസ്ഥാന സർക്കാർ ഓസ്ട്രേലിയൻ ഇന്ത്യൻ റിസോഴ്സസ് എന്ന കമ്പനിയുമായി കുർനൂലിൽ ഖനനമാരംഭിക്കാനായി ധാരണപത്രം ഒപ്പിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ റായൽസീമ പ്രദേശത്ത് സ്ഫടികക്കല്ലുകൾ അടങ്ങിയ പാറകളുടെ വൻ ശേഖരമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കുർനൂലിന് പുറമെ ആനന്ദ്പൂർ, ചിറ്റൂർ എന്നീ ജില്ലകളിലാണ് ഇവ ധാരാളമായുള്ളത്.

ചുരുക്കത്തിൽ, ഇന്ത്യയിൽ വീണ്ടും ഗോൾഡ് റഷ് ആരംഭിച്ചു എന്നാണ് തോന്നുന്നത്!