Published: 21 Aug 2018

പരിസ്ഥിതി സൗഹൃദമുള്ള സാങ്കേതികവിദ്യയിൽ സ്വർണ്ണത്തിന്റെ പങ്ക്

Properties of gold helping in producing clean technology

ദശകങ്ങളായി സ്വർണ്ണം, സാങ്കേതികവിദ്യാ മേഖലയുടെ ഒഴിച്ചുകൂടാൻ പറ്റാത്ത ഘടകമാണ്. എന്നാൽ നാനോടെക്നോളജി എന്ന ശാസ്ത്രശാഖ ഉടലെടുത്തതോടെ, വാണിജ്യപരമായി പ്രായോഗികമായ സാങ്കേതികവിദ്യാപരമായ ഉപയോഗത്തിന് സ്വർണ്ണം കൂടുതൽ പ്രയോജനപ്പെടുത്തി വരുന്നുണ്ട്.

പരിസ്ഥിതി സൗഹൃദമുള്ള സാങ്കേതികവിദ്യകളിൽ സ്വർണ്ണം പ്രയോജനപ്പെടുത്തുന്ന ചില രീതികൾ ഇനിപ്പറയുന്നവയാണ്:

ഒരു കാറ്റലിസ്റ്റ് എന്ന നിലയിൽ

മെർക്കുറിയെ ഒഴിവാക്കിക്കൊണ്ട്

കെമിക്കൽ വ്യവസായ മേഖലയിലും പ്ലാസ്റ്റിക്ക് വ്യവസായ മേഖലയിലും മികച്ചൊരു ക്യാറ്റലിസ്റ്റ് ആയി സ്വർണ്ണത്തിന്റെ നാനോപാർട്ടിക്കിളുകൾ പ്രവർത്തിക്കുന്നു. വിനൈൽ ക്ലോറൈഡ് മോനോമെറിന്റെ (VCM) സിന്തസിസ് മെച്ചപ്പെടുത്താൻ സഹായിക്കുന്ന ആദ്യത്തെ സ്വർണ്ണം അടിസ്ഥാനമാക്കിയുള്ള ക്യാറ്റലിസ്റ്റ് രൂപകൽപ്പന ചെയ്തത് 2016-ലാണ്. ഇൻഡസ്ട്രിയൽ പൈപ്പുകളും ഇലക്ട്രോണിക്ക് കേബിളുകൾക്കുള്ള ഇൻസുലേഷനായും ഉപയോഗിക്കുന്ന പോളിനിനൈൽ ക്ലോറൈഡ് (PVC) രൂപപ്പെടുത്തുന്നതിനാണ് VCM ഉപയോഗിക്കുന്നത്.

വർഷങ്ങളായി, PVC-യുടെ സിന്തസിസിന് മെർക്കുറിയെ അടിസ്ഥാനമാക്കിയ കാറ്റലിസ്റ്റ് ആണ് ഉപയോഗിച്ചിരുന്നത്. ടൺ കണക്കിന് VCM ഉൽപ്പാദിപ്പിക്കേണ്ടതുണ്ട് എന്നതിനാൽ, എത്ര മെർക്കുറി വേണ്ടി വരുമെന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ. സ്വർണ്ണം കാറ്റലിസ്റ്റ് ആയി ഉപയോഗിക്കാം എന്ന് വന്നതോടെ ഉൽപ്പാദകർക്ക് വിഷകാരിയായ മെർക്കുറി ഒഴിവാക്കാൻ കഴിഞ്ഞു.

സ്വർണ്ണം കാറ്റലിസ്റ്റായി ഉപയോഗിക്കാമെന്ന് കണ്ടെത്തിയതോടെ, മെർക്കുറിയുമായി ബന്ധപ്പെട്ട മിനാമാറ്റ ഉടമ്പടി (2022-ഓടെ എല്ലാ ഫാക്റ്ററികളും മെർക്കുറി രഹിതമാക്കണം എന്നാണ് ഈ ഉടമ്പടിയുടെ വ്യവസ്ഥ), വലിയ ചെലവില്ലാതെ പാലിക്കാൻ ഉൽപ്പാദകരെ സഹായിക്കും. വലിയ ഉൽപ്പാദന ശാലകൾ സ്വർണ്ണത്തിലേക്ക് മാറുന്നതോടെ, ഈ മേഖലയിൽ മാത്രം 1-5 ടൺ ആവശ്യമായി വരും എന്ന് കണക്കാക്കുന്നു.

ഹരിത വൈദ്യുതി ഉൽപ്പാദിപ്പിക്കൽ

സ്വർണ്ണം കാറ്റലിസ്റ്റായി ഉപയോഗിക്കുന്നത് ഇന്ധന സെല്ലുകളിലാണ്. ഉപോൽപ്പന്നമായി വെള്ളത്തിനൊപ്പം വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ഇന്ധന സെല്ലുകൾ പരിസ്ഥിതി സൗഹൃദമുള്ള പവർ യൂണിറ്റുകളാണ്. എന്നാൽ, ഇവയുടെ പ്രവർത്തനത്തിന് ഹൈഡ്രജന്റെ ശുദ്ധമായ സ്ട്രീം ആവശ്യമാണ്, താഴ്ന്ന താപനിലയിൽ പ്രവർത്തിക്കുന്ന ഒരു കാറ്റലിസ്റ്റ് ഇല്ലാതെ ഇത് നടക്കില്ല. ഈ ആവശ്യകത നിറവേറ്റാൻ സ്വർണ്ണം അടിസ്ഥാനമാക്കിയുള്ള കാറ്റലിസ്റ്റിന്

ഈ ആവശ്യകത നിറവേറ്റാൻ സ്വർണ്ണം അടിസ്ഥാനമാക്കിയുള്ള കാറ്റലിസ്റ്റിന് കഴിയും എന്നതിനാൽ, വൈദ്യുതി ഉൽപ്പാദനത്തിൽ, ഭാവിയിൽ സ്വർണ്ണം ചെലുത്തുന്ന സ്വാധീനം വലുതായിരിക്കും.

ബന്ധപ്പെട്ട ലേഖനം: ശാസ്ത്രത്തിൽ സ്വർണ്ണം ഉപയോഗപ്പെടുത്തുന്ന 10 വഴികൾ

സൗരോർജ്ജം ശേഖരിക്കൽ

1960-കൾ മുതൽ ഗ്ലാസ്സിന് മുകളിൽ പൂശുന്ന നേർത്ത ആവരണമായി സ്വർണ്ണം ഉപയോഗിക്കപ്പെട്ട് വരുന്നുണ്ടെന്ന് നിങ്ങൾക്ക് അറിയാമോ?

സ്വർണ്ണത്തിന് ഇൻഫ്രാ-റെഡ് രശ്മികളെ ചെറുക്കാനുള്ള കഴിവുണ്ട്. ഗ്ലാസ്സുകളിൽ സ്വർണ്ണം പൂശുക വഴി കെട്ടിടത്തിന്റെ ഉള്ളിലേക്ക് ഇൻഫ്രാ-റെഡ് കണങ്ങൾ വരുന്നത് ഒഴിവാക്കാം. ഇങ്ങനെ, കെട്ടിടത്തിനുള്ളിൽ അമിതമായി ചൂട് എത്തുന്നത് തടയാം. ഇത് ഊർജ്ജ ഉപയോഗ ചെലവുകളെ കുറയ്ക്കുന്നു.

സൂര്യനിൽ നിന്നുള്ള ഊർജ്ജം വിപുലമായ തോതിൽ ശേഖരിക്കാനും വൈദ്യുതിയായി ഈ ഊർജ്ജം മാറ്റാനും വിവിധ തരത്തിലുള്ള സോളാർ സെല്ലുകളിൽ സ്വർണ്ണത്തിന്റെ നാനോ പാർട്ടിക്കിളുകൾ ഉപയോഗിച്ച് വരുന്നു. വിപുലമായ സാധ്യതയുള്ള സോളാർ സെൽ സാങ്കേതികവിദ്യകളിലൊന്നായി പരക്കെ കണക്കാക്കപ്പെടുന്ന പെറോവ്സ്കൈറ്റ് സോളാർ സെല്ലുകളിൽ സ്വർണ്ണത്തിന്റെ ഇലക്ട്രോഡുകൾ ഉപയോഗിക്കുന്നു.