Published: 27 Sep 2017

സ്വർണ്ണ ഖനന സാങ്കേതികവിദ്യകളുടെ കഥ

പുരാതന കാലത്ത് മനുഷ്യർ എങ്ങനെയാണ് സ്വർണ്ണം ഖനനം ചെയ്തിരുന്നത് എന്നോർത്ത് അത്ഭുതപ്പെട്ടിട്ടുണ്ടോ? സ്വർണ്ണ നിക്ഷേപം (ഗോൾഡ് ഡിപ്പോസിറ്റ്) രണ്ട് തരത്തിലാണ് സംഭവിക്കുന്നത്: ലോഡെയും പ്ലേസറും. ധാതു പാറയിൽ ഉൾച്ചേർന്ന നിലയിൽ കാണപ്പെടുന്നതാണ് ലോഡെ നിക്ഷേപങ്ങൾ. ഈ പാറക്കഷണങ്ങൾ പൊട്ടിച്ച് പൊടിച്ചെടുത്താണ് സ്വർണ്ണം വേർതിരിക്കുന്നത്. കാറ്റും മഴയുമേറ്റ ലോഡെ അല്ലെങ്കിൽ റീഫ് നിക്ഷേപങ്ങൾ ഒലിച്ചിറങ്ങുമ്പോൾ, സ്വർണ്ണം നദികളിലേക്ക് എത്തുന്നു. ഇത്തരം നിക്ഷേപങ്ങളാണ് പ്ലേസർ നിക്ഷേപങ്ങൾ (അല്ലുവിയൽ സ്വർണ്ണമെന്നും ഈ നിക്ഷേപത്തെ വിളിക്കുന്നു).

പുരാതന കാലത്ത് ഗ്രീക്കുകാരും റോമാകാരും “അല്ലുവിയൽ” സ്വർണ്ണത്തെയും “റീഫ്” സ്വർണ്ണത്തെയും പ്രയോജനപ്പെടുത്തിയിരുന്നു. പ്ലേസർ നിക്ഷേപങ്ങളെ പ്രയോജനപ്പെടുത്താൻ തുടങ്ങിയിട്ട് കാലം കുറേയായി. ബിസിൻ ഏഴാം നൂറ്റാണ്ടിൽ പ്ലേസർ നിക്ഷേപങ്ങളെ മനുഷ്യൻ സ്വർണ്ണമാക്കി മാറ്റിയിരുന്നു. മോളസ് പർവ്വതത്തിൽ നിന്നുള്ള ലാവ, ഏഷ്യാ മൈനറിന്റെ നദികളിലേക്ക് ഒഴുകിയിറങ്ങിയാണ് അത്തരം പ്ലേസർ നിക്ഷേപങ്ങൾ ഉണ്ടായത്. ഈ 'വെള്ള സ്വർണ്ണം' (ഇതിൽ മൂന്നിൽ രണ്ട് ഭാഗം സ്വർണ്ണവും മൂന്നിൽ ഒരു ഭാഗം വെള്ളിയുമാണ്) വേർതിരിച്ചെടുക്കാൻ വലിയ സാങ്കേതികവിദ്യകൾ ആവശ്യമുണ്ടായിരുന്നില്ല.

അയിര് സംസ്ക്കരിക്കുന്നതിനും ശുദ്ധീകരിക്കുന്നതിനും ഗ്രീക്കുകാരും ഈജിപ്ഷ്യന്മാരും ചൂള (ഫർണസ്) ഉപയോഗിച്ചു. ബിസി ആദ്യ നൂറ്റാണ്ടിലാണ് അവരിത് ചെയ്തിരുന്നത് എന്നോർക്കണം. ഇത്തരം സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നിർമ്മിച്ച സ്വർണ്ണത്തിന് 93.5 ശുദ്ധമായിരുന്നുവെന്ന് എഞ്ചിനീയർമാരും ഗവേഷകരും നടത്തിയ പരീക്ഷണങ്ങൾ തെളിയിക്കുന്നു.

ആധുനിക കാലത്ത് 'ഓപ്പൺ പിറ്റ്' ഖനനമാണ് നടത്തുന്നത്. ഉപരിതലത്തിന് അടുത്ത് സ്വർണ്ണമുണ്ടെങ്കിലാണ് ഈ രീതി പ്രയോജനപ്പെടുത്തുന്നത്. താരതമ്യേന ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദമുള്ളതുമായ രീതിയാണിത്. ഒരു വലിയ കുഴിയൊരുക്കുകയാണ് ഈ രീതിയിൽ ചെയ്യുന്നത്. തുടർന്ന് കുഴിക്ക് മുകളിലേക്ക് ഉപകരണങ്ങൾ എത്തിക്കുന്നതിന് പാതകളും രൂപപ്പെടുത്തുന്നു.

സ്വർണ്ണം വളരെ ആഴത്തിലാണെങ്കിൽ (ഉദാഹരണത്തിന് ദക്ഷിണാഫ്രിക്കയിലെ മിക്ക ഖനികളും ഇത്തരത്തിലുള്ളതാണ്), ടണലുകളുള്ള ഷാഫ്റ്റ് കുഴിക്കുന്നു. ഈ ടണലുകൾ സ്വർണ്ണ നിക്ഷേപത്തിന് അരികിലേക്ക് ഖനിത്തൊഴിലാളികളെ നയിക്കുന്നു. സാങ്കേതികമാണെങ്കിലും ഒരുപാട് പ്രയത്നം ആവശ്യപ്പെടുന്നുവെങ്കിലും സങ്കീർണ്ണതകൾ ഇല്ലാത്ത പ്രവൃത്തിയാണ് ഖനനം. സ്ഫോടകവസ്തുക്കൾ വയ്ക്കുന്നതിന് കുഴികൾ ഉണ്ടാക്കലും സ്ഫോടനം ഉണ്ടാക്കലും പിന്നീട് അവശിഷ്ടങ്ങൾ പുറത്തെടുക്കലുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. തുടർന്ന്, അയിര് സംസ്ക്കരിക്കുകയും സ്വർണ്ണം വേർതിരിക്കുകയും ചെയ്യുന്നു.

ഖനനത്തിന്റെയും സ്വർണ്ണം വേർതിരിക്കുന്നതിന്റെയും രീതികൾ വളരെ വ്യത്യാസപ്പെട്ടിട്ടുണ്ട്. പുതിയതായി വികസിപ്പിച്ചെടുത്തിട്ടുള്ള യന്ത്രങ്ങൾ കൂടുതൽ കൃത്യതയോടെ കുഴിക്കുന്നു. പരിസ്ഥിതിക്ക് ഗണ്യമായ തോതിൽ നാശവും വരുത്തുന്നില്ല. സ്വർണ്ണത്തിന്റെ വലിയ പിണ്ഡങ്ങൾ ഖനനം ചെയ്യുന്നതിനും അസാധാരണമായ ആഴങ്ങളിൽ കൂടുതൽ വിസ്തീർണ്ണത്തിൽ ഖനനം ചെയ്യുന്നതിനുമുള്ള കൂടുതൽ മെച്ചപ്പെട്ട യന്ത്രങ്ങൾ വികസിപ്പിച്ചെടുക്കുന്നതിനാണ് ഇപ്പോൾ ഈ വ്യവസായമേഖല ഊന്നൽ നൽകുന്നത്. എക്യുപ്മെന്റുകളിലെയും ടൂളുകളിലെയും മെച്ചപ്പെടുത്തലുകളിൽ ഓട്ടോമേറ്റഡ് റോബോട്ടുകളും ഉണ്ട്.

അസംസ്കൃത മെറ്റീരിയലുകളിൽ നിന്ന് സ്വർണ്ണം വേർതിരിച്ചെടുക്കുന്നതിന് ധാന്യത്തിന്റെ അന്നജം - സയനൈഡിന് പകരമായി - ഉപയോഗിക്കുന്ന, ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമുള്ള രീതി, നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞന്മാർ പരീക്ഷിച്ചിരുന്നു. പരിസ്ഥിതിക്ക് ഉണ്ടാവുന്ന ആഘാതം ലഘൂകരിക്കുന്ന സാങ്കേതികവിദ്യകൾ കണ്ടെത്തലാണ് മറ്റൊരു മേഖല.