Published: 10 Aug 2017

നിയമപരമായി സ്വർണ്ണത്തിന്റെ ഉടമയായിരിക്കുന്നതുമായി ബന്ധപ്പെട്ട് നിങ്ങൾ അറിയേണ്ട കാര്യങ്ങൾ

2016 ഡിസംബറിൽ, ഇൻകം ടാക്സ് അധികൃതർ നടത്തുന്ന പരിശോധനയിൽ വെളിപ്പെടുത്താത്ത സ്വത്ത് കണ്ടെത്തുകയാണെങ്കിൽ പിഴ ചുമത്താൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചു. കണക്കുള്ളതും പൈതൃകമായി ലഭിച്ചതുമായ സ്വർണ്ണാഭരണങ്ങൾ കൈവശം വയ്ക്കുന്നതുമായി ബന്ധപ്പെട്ട് പരിധിയൊന്നും ഇല്ലെന്നിരിക്കെ തന്നെ, കണക്കില്ലാത്തതും പരിധിയിൽ അധികമുള്ളതുമായ സ്വർണ്ണം കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തിയാൽ നിങ്ങളിൽ നിന്ന് പിഴയീടാക്കുമെന്നാണ് ഇതിനർത്ഥം.


എത്രയാണ് പിഴ?

അനുവദനീയമായ പരിധിക്ക് മുകളിലുള്ള സ്വർണ്ണത്തിന്റെ മൂല്യത്തിന്റെ 60 ശതമാനവും 25 ശതമാനം സർചാർജ്ജുമാണ് പിഴയായി കണക്കാക്കിയിരിക്കുന്നത്. അതിനാൽ, നിങ്ങളൊരു വിവാഹിതയായ സ്ത്രീയാണെങ്കിൽ, കണക്കിൽപ്പെടാത്ത 750 ഗ്രാം സ്വർണ്ണം നിങ്ങളുടെ പക്കലുണ്ടെങ്കിൽ, 250 ഗ്രാം സ്വർണ്ണത്തിന് നിങ്ങൾ പിഴയൊടുക്കേണ്ടി വരും, സ്വർണ്ണത്തിന്റെ മൂല്യത്തിന്റെ (60+25)% അനുസരിച്ചാണ് ഇത് കണക്കാക്കപ്പെടുക.


എല്ലാ സ്വർണ്ണത്തിനും കണക്കുണ്ടാകണമോ?

മൂന്ന് സാഹചര്യങ്ങളിൽ മാത്രമാണ് നിങ്ങളുടെ പക്കലുള്ള സ്വർണ്ണത്തിന് കണക്കുണ്ടോ ഇല്ലയോ എന്ന കാര്യം പരിഗണിക്കാത്തത്.

അനുവദനീയമായ പരിധിക്കുള്ളിലാണ് നിങ്ങളുടെ പക്കലുള്ള സ്വർണ്ണം എന്നതാണ് ആദ്യ സാഹചര്യം. നിങ്ങൾ അവിവാഹിതയായ സ്ത്രീയാണെങ്കിൽ 250 ഗ്രാം സ്വർണ്ണവും വിവാഹിതയായ സ്ത്രീയാണെങ്കിൽ 500 ഗ്രാം സ്വർണ്ണവും കൈവശം വയ്ക്കാം. പുരുഷനായ കുടുംബാംഗത്തിന് 100 ഗ്രാം സ്വർണ്ണമാണ് കൈവശം വയ്ക്കാനാവുക. ഈ പരിധിക്കുള്ളിൽ കൈവശം വയ്ക്കുന്ന സ്വർണ്ണം നിയമവിധേയമാണ്. ഒരിക്കലും ഈ സ്വർണ്ണം സർക്കാർ പിടിച്ചെടുക്കില്ല. ഈ പരിധിക്ക് മുകളിൽ സ്വർണ്ണം കൈവശം വയ്ക്കുമ്പോഴാണ് പിഴ ബാധകമാവുന്നത്.

കാർഷിക വരുമാനം പോലെ, നികുതി അടയ്ക്കേണ്ടതില്ലാത്ത വരുമാനം, വെളിപ്പെടുത്തിയിട്ടുള്ള വരുമാനം അല്ലെങ്കിൽ നികുതി നിയന്ത്രണങ്ങളുടെ നിലവിലുള്ള വകുപ്പുകൾക്ക് കീഴിലോ ഭേദഗതി ചെയ്യപ്പെട്ടേക്കാവുന്ന വകുപ്പുകൾക്ക് കീഴിലോ നികുതി അടയ്ക്കേണ്ടതില്ലാത്ത ന്യായമായ വീട്ടുസമ്പാദ്യം എന്നിവ ഉപയോഗിച്ചാണ് സ്വർണ്ണമോ സ്വർണ്ണാഭരണങ്ങളോ വാങ്ങിയിരിക്കുന്നത് എന്നതാണ് രണ്ടാമത്തെ സാഹചര്യം. അതിനാൽ, അത്തരം സ്വർണ്ണത്തിന് കണക്കുണ്ടായിരിക്കേണ്ടതില്ല.

നിയമപരമായി, പൈതൃകമായി ലഭിച്ച സ്വർണ്ണവും വിശദീകരിക്കാൻ കഴിയുന്ന ഉറവിടങ്ങളിൽ നിന്ന് ആർജ്ജിച്ചിട്ടുള്ള സ്വർണ്ണാഭരണങ്ങളുമാണ് മൂന്നാമത്തെ സാഹചര്യം. നിലവിലെ നിയമങ്ങൾക്ക് കീഴിലും ഭാവി ഇൻകം ടാക്സ് ഭേദഗതികൾക്ക് കീഴിലും ഈ സ്വർണ്ണത്തിന് പിഴയീടാക്കുകയില്ല.

'വിശദീകരിക്കാൻ കഴിയുന്ന ഉറവിടങ്ങൾ' എന്നാലെന്ത്? നിങ്ങളുടെ സ്വർണ്ണം നിയമപരമായ ഉടമസ്ഥാവകാശമുള്ളതാണെന്നോ പൈതൃകമായി കിട്ടിയതാണെന്നോ, അതായത് കണക്കുള്ള 'വിശദീകരിക്കാൻ കഴിയുന്ന ഉറവിടങ്ങ'ളിൽ നിന്ന് ആർജ്ജിച്ചിട്ടുള്ളതാണെന്ന്, എങ്ങനെയാണ് തെളിയിക്കാൻ കഴിയുക?
 
  1. നിയമപരമായ ഉടമസ്ഥാവകാശം തെളിയിക്കുന്നതിന്, നിങ്ങളുടെ കൈവശമുള്ള, പൈതൃകമായി ലഭിച്ചിട്ടുള്ള സ്വർണ്ണത്തിനായി നിങ്ങളടച്ചിട്ടുള്ള വെൽത്ത് ടാക്സിന്റെ നികുതി രസീതികൾ ആവശ്യമാണ്.
  2. സ്വർണ്ണത്തിന്റെ ഉടമസ്ഥാവകാശം നിങ്ങളുടെ കൈവശം വന്നുചേർന്നിരിക്കുന്നത് ഒരു ഇഷ്ടദാന പത്രം വഴിയാണെങ്കിൽ, പാരമ്പര്യസ്വത്താണ് ഇതെന്ന് കാണിക്കുന്നതിന് ഇഷ്ടദാന പത്രത്തിന്റെ പകർപ്പ് ആവശ്യമായി വരും.
  3. സ്വർണ്ണം നിങ്ങൾക്ക് സമ്മാനമായി ലഭിച്ചിട്ടുള്ളതാണെങ്കിൽ, അത് തെളിയിക്കുന്നതിനുള്ള രേഖ നിങ്ങൾ കാണിച്ച് കൊടുക്കേണ്ടി വരും. സ്വർണ്ണത്തിന്റെ അളവ് ചില പരിധികൾക്കും മുകളിലാണെങ്കിൽ, നിങ്ങൾ നികുതി അടയ്ക്കേണ്ടി വന്നേക്കാം.
  4. നിങ്ങൾക്ക് സ്വർണ്ണാഭരണങ്ങൾ പാരമ്പര്യസ്വത്തായി ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും നിങ്ങൾ നികുതിയൊന്നും അടച്ചിട്ടില്ലെങ്കിലും, മൂല്യം വിലയിരുത്തൽ (വാല്യുവേഷൻ) റിപ്പോർട്ട് നൽകേണ്ടതുണ്ട്; സ്വർണ്ണാഭരണം പുതുക്കിപ്പണിതിട്ടുള്ള അല്ലെങ്കിൽ രൂപം മാറ്റിയിട്ടുള്ള സാഹചര്യത്തിൽ, ബന്ധപ്പെട്ട രസീതികൾ, ആവശ്യപ്പെടുന്ന സമയത്ത് നൽകേണ്ടതാണ്.
  5. സ്വർണ്ണാഭരണം പാരമ്പര്യമായി ലഭിച്ചതാണെന്നും പുതിയതായി വാങ്ങിയതല്ലെന്നും കാണിക്കുന്നതിന് നിങ്ങൾക്ക് വിവാഹ ഫോട്ടോകളോ മറ്റ് ആധികാരികമായ ചിത്രങ്ങളോ കാണിക്കാവുന്നതാണ്.
  6. മറ്റുള്ള വിലപിടിപ്പുള്ള വസ്തുക്കൾക്കൊപ്പം സ്വർണ്ണത്തിനും പരിരക്ഷ നൽകുന്ന ഹോം ഇൻഷൂറൻസ് നിങ്ങൾക്കുണ്ടെങ്കിൽ, വിശദീകരണത്തിനുള്ള രേഖയായി ഈ ഇൻഷൂറൻസ് പോളിസി ഉപയോഗിക്കാവുന്നതാണ്.
  7. സാമ്പത്തിക ഞെരുക്കം അനുഭവപ്പെട്ട സന്ദർഭങ്ങളിൽ സ്വർണ്ണം പണയം വച്ചതിന്റെ രസീതികളും ഈ ഉദ്ദേശ്യത്തിനായി ഉപയോഗിക്കാം.

ഇന്ത്യയിലെ ജനങ്ങൾ ഏകദേശം 23,000 ടണ്ണിലധികം സ്വർണ്ണം കൈവശം വയ്ക്കുന്നുണ്ടെന്നാണ് ഏകദേശക്കണക്ക്. ഏവരും വിലമതിക്കുന്ന ഈ ഉന്നതമായ സ്വത്ത്, പാരമ്പര്യസ്വത്തായി ലഭിച്ചതാണോ നിയമപരമായ വരുമാന സ്രോതസ്സ് ഉപയോഗിച്ച് വാങ്ങിയതാണോ എന്ന് വിശദീകരിക്കുന്നതിന്, സാധുതയുള്ള രേഖകൾ കൈവശം വയ്ക്കേണ്ടതുണ്ട്. എന്നിരുന്നാലും, നിങ്ങളുടെ കൈവശമുള്ള, പരമ്പരാഗതമായി ലഭിച്ച സ്വർണ്ണാഭരണം, നിയമപരമായ മാർഗ്ഗത്തിലൂടെ ആർജ്ജിച്ചതാണെന്ന് തെളിയിക്കുന്നതിന് ഒരു മാർഗ്ഗം മാത്രമല്ല ഉള്ളതെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്.

Sources:
Source1Source2Source3Source4Source5