Published: 04 Oct 2018

നെയ്യാവുന്നതും അണിയാവുന്നതും കഴുകാവുന്നതുമായ സ്വർണ്ണം നിർമ്മിക്കുന്നത് എങ്ങനെ?

All you need to know about a new fabric threaded in 24 karat gold

കഴിഞ്ഞ പത്ത് വർഷത്തിൽ വസ്ത്ര വ്യവസായരംഗം വലിയ രീതിയിൽ പുരോഗമിച്ചിട്ടുണ്ട്. ത്രീഡി പ്രിന്റഡ് ഫാബ്രിക്സ് ആകട്ടെ, എൽഒടി അടിസ്ഥാനമാക്കിയ സ്മാർട്ടും ഇന്റരാക്റ്റീവുമായ വസ്ത്രമാകട്ടെ, സാങ്കേതികവിദ്യ ഫാഷൻ ലോകത്തെ മാറ്റി മറിക്കുകയാണ്.

അത്തരത്തിലുള്ള ഒരു കണ്ടുപിടുത്തം 2011-ൽ നടക്കുകയുണ്ടായി. 24 കാരറ്റ് സ്വർണ്ണത്തിൽ നെയ്തെടുത്ത പുതിയൊരു വസ്ത്രമായിരുന്നു ആ കണ്ടുപിടുത്തം. ഒരു ദശകത്തോളം നീണ്ടുനിന്ന വിപുലമായ ഗവേഷണത്തിന് ശേഷം, 'സ്വിസ് ഫെഡറൽ ലബോറട്ടറീസ് ഫോർ മെറ്റീരിയൽസ് സയൻസ് ആൻഡ് ടെക്നോളജി'യിലെ സ്വിസ് എഞ്ചിനീയർമാരുടെ ഒരു സംഘം, സ്വർണ്ണത്തെ വസ്ത്രമാക്കുന്നതിനുള്ള ഒരു വഴി കണ്ടെത്തി. അങ്ങനെ ആദ്യമായി സ്വർണ്ണം നെയ്യാവുന്നതും ധരിക്കാവുന്നതും കഴുകാവുന്നതുമായി മാറി.

സത്യത്തിൽ, രാജകുടുംബങ്ങൾ സ്വർണ്ണം പൂശിയ വസ്ത്രങ്ങൾ ധരിച്ച ചരിത്രത്തിന് ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ, ഇതാദ്യമായിട്ടായിരുന്നു, ശുദ്ധ സ്വർണ്ണത്തിന്റെ നൂലുകൾ ഉപയോഗിച്ച് ഒരു വസ്ത്രം നെയ്തെടുത്തത്. സ്വർണ്ണം കൊണ്ട് നെയ്തെടുത്തതും നെയ്യുമ്പോഴോ കഴുകുമ്പോഴോ ഒരു തേയ്മാനവും വരാത്തതുമായ ആദ്യത്തെ വസ്ത്രമാണിതെന്ന് EMPA ടീം അവകാശപ്പെടുന്നു.

ബന്ധപ്പെട്ട ലേഖനം: വസ്ത്ര വ്യവസായ രംഗത്ത് സ്വർണ്ണം ഉപയോഗിക്കുന്നത് എങ്ങനെ

എങ്ങനെയാണിത് ചെയ്യുന്നത്

സ്വർണ്ണ വസ്ത്രം ഉണ്ടാക്കുന്നതിന്, ഇനിപ്പറയുന്ന ഘട്ടങ്ങൾ പിന്തുടരേണ്ടതുണ്ട്:

  1. സൂക്ഷ്മ ഘടകങ്ങളായി സ്വർണ്ണത്തെ വിഭജിക്കാൻ അത്യന്താധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു. ഈ സൂക്ഷ്മ ഘടകങ്ങളെ നാനോമീറ്ററിലാണ് അളക്കുക
  2. വളരെ വേഗത്തിൽ ചലിക്കുന്ന ആർഗോൺ അയോണുകളുടെ പ്രവാഹത്തെ സ്വർണ്ണത്തിൽ പതിപ്പിക്കുന്നു, മെറ്റൽ ആറ്റങ്ങളെ നീക്കം ചെയ്യാനാണിത് ചെയ്യുന്നത്
  3. തുടർന്ന് പട്ടുനൂലിൽ, സ്വർണ്ണം നിറച്ചിട്ടുള്ള ഒരു ഗ്യാസ് ജെറ്റ് ഉപയോഗിച്ച്, സ്വർണ്ണത്തിന്റെ നേരിയ പാളി പൊതിയുന്നു
  4. തുടർന്ന് ഈ നൂൽ, ഒരു പ്ലാസ്മാ പ്രവാഹത്തിലൂടെ കടത്തിവിടുന്നു

വസ്ത്രത്തിന്റെ ഉപയോഗം

ബോ ടൈകളും പോക്കറ്റ് തൂവാലകളും വലിയ ടൈകളും നിർമ്മിക്കുന്നതിനാണ് ഈ വസ്ത്രം ഉപയോഗിക്കുന്നത്. കഴുത്തിൽ കെട്ടുന്ന ഒരു സാധാരണ ടൈയിൽ 8 ഗ്രാം സ്വർണ്ണമാണ് ഉണ്ടായിരിക്കുക. ഇതിന്റെ വില 7500 സ്വിസ് ഫ്രാങ്കുകളാണ് (ഏകദേശം 8500 അമേരിക്കൻ ഡോളർ).

അങ്ങേയറ്റം ഈട്

മനോഹാരിതയുടെയും ആഡംബരത്തിന്റെയും പ്രദർശനം മാത്രമല്ല സ്വർണ്ണ വസ്ത്രം; ഇതിന് അങ്ങേയറ്റം ഈട് ലഭിക്കും (കാരണം പട്ടാണ് അടിസ്ഥാന നൂലായി ഉപയോഗിക്കുന്നത്). ഇത് ഫ്ലെക്സിബിളും അണിയാവുന്നതും കഴുകാവുന്നതുമാണ്. ഈ വസ്ത്രം കഴുകിയാലും അതിന്റെ തിളക്കം നഷ്ടപ്പെടുകയില്ല.

ആഗോള തലത്തിലുള്ള ആഡംബര വസ്ത്ര ലോകത്തിലേക്കൊരു മുതൽക്കൂട്ടാണ് സ്വർണ്ണ വസ്ത്രത്തിന്റെ കണ്ടുപിടുത്തം. വൻ സാങ്കേതിക മുന്നേറ്റങ്ങൾ നടക്കുന്ന ഇക്കാലത്ത് നമുക്ക് ഒരുകാര്യം നിസ്സംശയം പറയാൻ കഴിയും: ഭാവിയിൽ സ്വർണ്ണവുമായി ബന്ധപ്പെട്ട് നമ്മെ അതിശയിപ്പിക്കുന്ന മറ്റ് പല കണ്ടുപിടുത്തങ്ങളും ഉണ്ടാകുമെന്ന്.

ബന്ധപ്പെട്ട ലേഖനം: കാലക്രമത്തിൽ സ്വർണ്ണത്തിന്റെ അർത്ഥത്തിന് സംഭവിച്ച പരിണാമം