Published: 01 Sep 2017

മകന് ജഹാംഗീർ ചക്രവർത്തി സ്വർണ്ണം കൊണ്ട് തുലാഭാരം നടത്തിയപ്പോൾ

മുഗൾ ചക്രവർത്തിയായ ജഹാംഗീറിന്റെ മകനായിരുന്നു ഖുറാം രാജകുമാരൻ. ജൂലൈ 31, 1607-ന് ഖുറാം രാജകുമാരന് 15 വയസ്സായി. ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി തന്റെ മകനെ സ്വർണ്ണ നാണയങ്ങൾ കൊണ്ട് തുലാഭാരം നടത്താൻ ചക്രവർത്തി തീരുമാനിച്ചു. സത്യത്തിൽ തുലാഭാരം (വടക്കേ ഇന്ത്യയിൽ 'തുലാദാനം') എന്ന ചടങ്ങ് ഒരു ഹിന്ദു ആചാരമാണ്. എന്നാൽ ജഹാംഗീർ ചക്രവർത്തിയും മുത്തച്ഛനായ ഹൂമയൂൺ ചക്രവർത്തിയും മറ്റ് സംസ്ക്കാരങ്ങളിൽ നിന്ന് ആചാരങ്ങൾ കടം കൊള്ളുന്നതിൽ അഭിമാനം കൊള്ളുന്നവരായിരുന്നു.

ജഹാംഗീറിന്റെ പിതാവായ അക്ബർ ചക്രവർത്തി തുലാഭാരത്തെ, രാജകീയ ജന്മദിനാഘോഷങ്ങളുടെ ഭാഗമാക്കിയിരുന്നു. പ്രതിശാന്തിക്കോ പ്രായശ്ചിത്വത്തിനോ വേണ്ടിയുള്ള ആചാരമായി, രോഗമുള്ള സമയത്തും ദുരന്തങ്ങൾ സംഭവിക്കുമ്പോഴും തുലാഭാരം നടത്തുന്നത് പതിവായിരുന്നു.

ജഹാംഗീറിന്റെ ഓർമ്മകളുമായി ബന്ധപ്പെട്ട് ഒരു പെയിന്റിംഗ് ഉണ്ട്. തുസക്-ഇ ജഹാംഗീരി എന്നാണ് ഈ പെയിന്റിംഗിന്റെ പേര്. ജഹാംഗീറിന്റെ രാജസദസ്സിലെ ചിത്രകാരനായ മനോഹർ വരച്ച പെയിന്റിംഗ് ആണിത്. ഇപ്പോൾ ഈ പെയിന്റിംഗ് ഉള്ളത് ബ്രിട്ടീഷ് മ്യൂസിയത്തിലാണ്. സ്വർണ്ണം കൊണ്ട് നിർമ്മിച്ചിട്ടുള്ള തുലാസിൽ ഖുറം രാജകുമാരൻ ഇരിക്കുന്നതാണ് ഈ ചിത്രത്തിലുള്ളത്. തുലാസിനെ വിലപിടിപ്പുള്ള കല്ലുകളാലും ആഭരണങ്ങളാലും അലങ്കരിച്ചിരിക്കുന്നു. ഖുറം രാജകുമാരന്റെ മുന്നിൽ ഒരു പരവതാനി വിരിച്ചിട്ടുണ്ട്. അതിൽ അണ്ഡാകൃതിയിലും ചതുരാകൃതിയിലുമുള്ള ട്രേകളുണ്ട്. അവയിൽ കത്തികളും കഠാരകളും ചെറിയ സ്വർണ്ണം കൊണ്ടുള്ള ചെറിയ ജാറുകളും കപ്പുകളും സോസറുകളും കാണാം. എല്ലാത്തിലും വിലപിടിപ്പുള്ള കല്ലുകൾ പതിച്ചിട്ടുണ്ട്. രണ്ട് ട്രേകളിൽ വിലപിടിപ്പുള്ള വൈരങ്ങൾ പതിച്ച നെക്ലേസുകളുണ്ട്. രാജകുമാരന്റെ തൊട്ടടുത്ത് നിൽക്കുന്നത് ജഹാംഗീറിന്റെ സൈന്യാധിപനായ അബ്ദുൾ റഹീം ഖാൻ-ഇ ഖാനൻ ആണ്. ജഹാംഗീറിന്റെ ഓർമ്മകളുടെ പൂർത്തിയായ പകർപ്പിൽ നിന്നെടുത്ത ഒരു പെയിന്റിംഗാണ് ഇതെന്ന് വ്യക്തം.

വർഷത്തിൽ രണ്ട് തവണ, അതായത് ചാന്ദ്ര വർഷാരംഭത്തിലും സൂര്യവർഷാരംഭത്തിലും, തനിക്കോ മക്കളിൽ ഒരാൾക്കോ തുലാഭാരം നടത്തുന്നത് ജഹാംഗീറിന്റെ പതിവായിരുന്നു. തുലാഭാരം കഴിഞ്ഞാൽ, അതിന് ഉപയോഗിച്ച വിലപിടിപ്പുള്ള വസ്തുക്കളൊക്കെ പാവപ്പെട്ടർവർക്ക് ദാനമായി നൽകുന്നതായിരുന്നു ജഹാംഗീറിന്റെ രീതി.

രസകരമെന്ന് പറയട്ടെ, ഖുറാം രാജകുമാരൻ വളർന്ന് വലുതായി ഷാജഹാൻ എന്ന പേര് സ്വീകരിച്ചപ്പോൾ, ജഹാംഗീർ ചക്രവർത്തി തന്റെ മകളായ ജഹനാരയ്ക്കും തുലാഭാരം നടത്തുകയുണ്ടായി. തീപ്പൊള്ളലിൽ നിന്ന് ജഹനാര രക്ഷപ്പെട്ടതിന്റെ സ്മരണയ്ക്കാണ് ജഹാംഗീർ ഈ തുലാഭാരം നടത്തിയത്.

മുഗൾ കോടതിയിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പ്രതിനിധിയായി പ്രവർത്തിച്ചിരുന്ന സർ തോമസ് റോയ് (1581 – 1644), ഇത്തരമൊരു തുലാഭാരത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ജഹാംഗീറിന്റെ ജന്മദിനത്തിലായിരുന്നു ഈ തുലാഭാരം. റോയി ഇങ്ങനെ ഓർമ്മിക്കുന്നു, "സ്വർണ്ണം പൂശിയിട്ടുള്ള ഒരു ബീമിലാണ് സ്വർണ്ണം കൊണ്ട് നിർമ്മിച്ചിട്ടുള്ള കനത്ത തുലാസ് തൂങ്ങി നിന്നിരുന്നത്. തുലാസിന്റെ അരികുകളിൽ വിലപിടിപ്പുള്ള വൈരങ്ങളും രത്നങ്ങളും പതിച്ചിരുന്നു. തുലാസ് തൂക്കിയിരുന്നത് പട്ടുനൂലുകളാൽ ദൃഢമാക്കിയ സ്വർണ്ണ ചങ്ങലകൾ കൊണ്ടായിരുന്നു."

"ചക്രവർത്തി എത്തുകയും കാലുകൾ മടക്കി തുലാസിൽ ഇരിക്കുകയും ചെയ്തു. മറുതുലാസിൽ ബാഗുകൾ വച്ചുകൊണ്ടിരുന്നു. ആറ് പ്രാവശ്യം ബാഗുകൾ വച്ചപ്പോഴാണ് ചക്രവർത്തി ഇരുന്ന ഭാഗം ഉയർന്നത്." സ്വർണ്ണം, സ്വർണ്ണാഭരണങ്ങൾ, വിലപിടിപ്പുള്ള കല്ലുകൾ, സ്വർണ്ണത്തിന്റെയും ലിനന്റെയും പട്ടിന്റെയും തുണികൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയൊക്കെയായിരുന്നു തുലാഭാരത്തിന് ഉപയോഗിച്ചിരുന്നത്.