Published: 27 Sep 2017

വിവാഹ ദിവസത്തിൽ ഏറ്റവും കൂടുതൽ സ്വർണ്ണം ധരിക്കുന്നതാര്?

"ഇന്ത്യാസ് ഗോൾഡ് മാർക്കറ്റ്: ഇവലൂഷൻ ആൻഡ് ഇന്നൊവേഷൻ" എന്ന പേരിൽ വേൾഡ് ഗോൾഡ് കൗൺസിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം, വിവാഹ ദിവസത്തിൽ ഏറ്റവും കൂടുതൽ സ്വർണ്ണം ധരിക്കുന്നത് കേരളത്തിലെ സ്ത്രീകളാണ്. ഒരു കേരളീയ വധു ശരാശരി 40 പവൻ അല്ലെങ്കിൽ 320 ഗ്രാം സ്വർണ്ണാഭരണങ്ങളാണ് വിവാഹ ദിവസത്തിൽ അണിയുന്നത്.

തമിഴ്നാട്ടിലെയും ആന്ധ്രാപ്രദേശിലെയും സ്ത്രീകളും പിന്നിലല്ല. അവർ ശരാശരി 300 ഗ്രാം സ്വർണ്ണാഭരണങ്ങളാണ് വിവാഹ ദിനത്തിൽ അണിയുന്നത്. വേൾഡ് ഗോൾഡ് കൗൺസിലിന്റെ (ഇന്ത്യ) മാനേജിംഗ് ഡയറക്ടറായ പിആർ സോമസുന്ദരം, ഫിനാൻഷ്യൽ എക്സ്പ്രസ്സിന് അനുവദിച്ച അഭിമുഖത്തിൽ, "ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ നവവധുക്കൾ 280 മുതൽ 320 ഗ്രാം സ്വർണ്ണാഭരണങ്ങൾ വരെ അണിയുന്നു, രാജ്യത്തെ മറ്റേതൊരു പ്രദേശത്തേക്കാൾ കൂടുതലാണിത്. ഇന്ത്യൻ സ്വർണ്ണാഭരണ വിപണിയുടെ 40 ശതമാനവും കയ്യാളുന്നത് ദക്ഷിണേന്ത്യ ആണെന്നതിൽ അതിനാൽ തന്നെ അത്ഭുതമില്ല" എന്ന് പറയുന്നു.

ഇന്ത്യൻ വധുവിന് നൽകുന്ന സ്വർണ്ണത്തെ 'സ്ത്രീധനം' എന്ന് വിളിക്കുന്നു. വാസ്തവത്തിൽ, വിവാഹസമയത്ത്, ഒരു സ്ത്രീയ്ക്ക് അവളുടെ കുടുംബം നൽകുന്ന ധനമാണിത്. അവൾക്ക് സമ്മാനിക്കപ്പെടുന്ന സ്വർണ്ണം ശുഭകരമാണെന്ന് മാത്രമല്ല, സമ്പത്തിന്റെയും സുരക്ഷയുടെയും അടയാളം കൂടിയാണ്. പുരാതന കാലം മുതൽക്കേ ഉള്ളൊരു ആചാരമാണിത്. സ്ത്രീക്ക് ആവശ്യമുള്ളപ്പോൾ ഉപയോഗിക്കുന്നതിന്, മാതാപിതാക്കൾ മകൾക്ക് തങ്ങളുടെ സ്വത്തിന്റെ ഒരു ഭാഗം നൽകുന്ന ആചാരമാണിത്.

ഇന്ത്യയിൽ മുഴുവൻ കാണപ്പെടുന്ന ഒരു സമ്പ്രദായമാണിത്. "ഇന്ത്യാസ് ഗോൾഡ് മാർക്കറ്റ്: ഇവലൂഷൻ ആൻഡ് ഇന്നൊവേഷൻ" എന്ന റിപ്പോർട്ട് പ്രകാരം, "ഇന്ത്യയിൽ വാങ്ങപ്പെടുന്ന 40 മുതൽ 50 ശതമാനം വരെയുള്ള സ്വർണ്ണാഭരണങ്ങളും സ്വർണ്ണ നാണയങ്ങളും വിവാഹങ്ങൾക്കായാണ് വാങ്ങുന്നത്. ഓരോ വർഷവും ഇന്ത്യയിൽ എത്ര വിവാഹങ്ങൾ നടക്കുന്നു എന്നതിന് ഔദ്യോഗിക കണക്കുകൾ ഒന്നുമില്ലെങ്കിലും, 80 ലക്ഷത്തിനും ഒരു കോടിക്കും ഇടയിൽ വിവാഹങ്ങൾ നടക്കുന്നതായി കണക്കാക്കപ്പെടുന്നു." ഇപ്പോഴും യുവ തലമുറ പരമ്പരാഗത മൂല്യങ്ങളിൽ വിശ്വസിക്കുന്നതിനാൽ, ഈ സംഖ്യ വർദ്ധിക്കാനാണ് സാധ്യത.

വിവാഹാവസരത്തിൽ സ്വർണ്ണം വാങ്ങുന്നത് വധു മാത്രമല്ല. "വധുവിന്റെ അടുത്ത ബന്ധുക്കൾക്ക് സമ്മാനിക്കുന്നതിനായും ചെറിയ സ്വർണ്ണാഭരണങ്ങൾ വാങ്ങാറുണ്ട്. കൂടാതെ വിവാഹാവസരത്തിൽ വരനും സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നു" എന്ന് റിപ്പോർട്ടിൽ പറയുന്നു.

വിവാഹ ദിവസങ്ങൾ ശുഭകരമായ ദിനങ്ങളായാണ് കണക്കാക്കപ്പെടുന്നത്. ആ ദിവസത്തിൽ ഒരു ശരാശരി കേരളീയ വധു അണിയുന്ന ആഭരണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം: മുല്ലമൊട്ട് മാല (മുല്ലമൊട്ടുകളോ ഇതളുകളോ ഉള്ള നീളമുള്ള സ്വർണ്ണ മാലയാണിത്), സ്വർണ്ണ നാണയ കർണ്ണാഭരണവുമൊത്തുള്ള ലക്ഷ്മി മാല, പാലക്കൽ നെക്ലേസ് (പവിഴത്തിന്റെയും മരതകത്തിന്റെയും ഒരു സംയോജനമാണിത്), നാഗപട താലി, മാങ്ങാ മാല, കാശുമാല, പൂത്താലി മാല, കരിമണി മാല. ഇത്രയും ചോയ്സുകൾ ഉള്ളതിനാൽ 320 ഗ്രാം സ്വർണ്ണാഭരണങ്ങൾ അണിയുന്നതിന് നമുക്കവളെ കുറ്റം പറയാൻ കഴിയുമോ?