Published: 27 Oct 2021

നിക്ഷേപ ഉപാധിയെന്ന നിലയിൽ സ്വർണ്ണ ഓഹരികൾക്ക് ഒരു ആമുഖം

gold coin stacks

സ്വർണം ഒരു ദുര്‍ലഭമായ ചരക്കാണ്, പക്ഷേ ചരിത്രത്തിലുടനീളം എല്ലാകാലത്തും അതിന് ആവശ്യക്കാരേറെയുണ്ടായിരുന്നു. കേന്ദ്ര ബാങ്കുകള്‍ സർക്കാരുകള്‍  ഇന്‍സ്റ്റിറ്റ്യൂഷ്ണല്‍ നിക്ഷേപകര്‍ എന്നുമാത്രമല്ല, റീട്ടെയില്‍ നിക്ഷേപകര്‍ പോലും ഇതിന്‍റെ ആവശ്യക്കാരായി ഉണ്ട്. കാലക്രമേണ, സ്വാഭാവികമായി, പുതിയ സ്വർണ്ണ നിക്ഷേപ ഉപകരണങ്ങളായ ഗോൾഡ് ഇടിഎഫുകളും ഡിജിറ്റൽ ഗോൾഡും നിലവിൽ വന്നു, സ്വർണ്ണം കൂടുതൽ പ്രാപ്യമായി മാറി. അത്തരത്തിലുള്ള മറ്റൊരു നിക്ഷേപ ഉപകരണമാണ് ഗോൾഡ് ഫ്യൂച്ചറുകൾ. ആഗോളതലത്തിൽ നിരവധി പ്രമുഖ കമ്മോഡിറ്റി എക്സ്ചേഞ്ചുകൾ ഇത് വാഗ്ദാനം ചെയ്യുന്നു. സാധാരണ സ്വർണ്ണ നിക്ഷേപത്തെ അപേക്ഷിച്ച് കൂടുതൽ സങ്കീർണ്ണമാണ് ഫ്യൂച്ചറുകൾ. അതിനാൽ നിങ്ങൾ അവയിൽ നിക്ഷേപം നടത്താൻ ആലോചിക്കുകയാണെങ്കിൽ, അറിഞ്ഞിരിക്കേണ്ട ചിലത് ഇവിടെ നൽകുന്നു.

പല പുതിയ നിക്ഷേപകർക്കും ഈ പദം ഇനിയും അത്ര പരിചിതമല്ലെങ്കിലും, ഇന്ത്യയിൽ ഗോൾഡ് ഫ്യൂച്ചറുകളുടെ ട്രേഡിംഗ് അതിവേഗം വളരുക തന്നെയാണ്. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് അല്ലെങ്കിൽ എംസിഎക്സ് ആണ് രാജ്യത്ത് ഗോൾഡ് ഫ്യൂച്ചറുകളുടെ വ്യാപാരത്തില്‍ ഏർപ്പെട്ടിരിക്കുന്നത്. ആഗോള ഫ്യൂച്ചേര്‍സ് വിപണി പ്രതിദിനം 51 ബില്യൺ ഡോളറിന്‍റെ വ്യാപാരം നടക്കുന്ന തരത്തില്‍ വളരെ വലുതാണ്, എണ്ണ വിപണി മാത്രമാണ് ഇതിന് മുന്നിലായി ഉള്ളത്.

ഫ്യൂച്ചറുകളെ നിർ‌വചിക്കാം

ഏതൊരു ചരക്കിന്‍റെയും "ഫ്യൂച്ചേഴ്സ് ട്രേഡിന്" ഒരു നിശ്ചിത നിർവചനമാണുള്ളത്. ഒരു പ്രാമാണികമായ കരാർ വാങ്ങുന്നയാളെയും വിൽക്കുന്നയാളെയും തമ്മിൽ ബന്ധിപ്പിക്കുന്നു. ഭാവിയിലെ ഒരു തീയതിയിൽ, മുൻകൂട്ടി തീരുമാനിച്ച വിലയ്ക്ക്, വാങ്ങുന്നയാൾ വിൽക്കുന്നയാളിൽ നിന്ന് എത്ര ചരക്ക് വാങ്ങുമെന്ന് ഇത് വ്യക്തമാക്കുന്നു.

"ഗോൾഡ് ഫ്യൂച്ചറുകളെപ്പറ്റി" സംസാരിക്കുകയാണെങ്കിൽ, കരാറിന്‍റെ സമയത്ത് തീരുമാനിക്കപ്പെട്ട നിബന്ധനകളോടെ പിന്നീട് ഭാവിയില്‍ ഒരു ദിവസം നടത്തുന്ന  സ്വർണ്ണ വ്യാപാരത്തെയാണ് ഇത് പരാമർശിക്കുന്നത്. നിബന്ധനകൾ തീർപ്പാക്കുന്ന ദിവസത്തിലല്ല, സെറ്റിൽമെന്‍റ് ദിവസത്തിലാണ് യഥാർത്ഥ വിനിമയം സംഭവിക്കുന്നത്. കരാർ ഉണ്ടാക്കിയ തീയതിയിൽ വാങ്ങുന്നയാൾ പണം നൽകേണ്ടതില്ല (കുറഞ്ഞത് മുഴുവനും അടയ്‌ക്കേണ്ടതില്ല, നിങ്ങൾ നൽകുന്നത് "മാർജിൻ" ആണ്), കൂടാതെ വിൽപ്പനക്കാരൻ നിങ്ങൾക്ക് സ്വർണ്ണവും ആ ദിവസം നൽകില്ല.

വാങ്ങുന്നതിന്‍റെയും വിൽക്കുന്നതിന്‍റെയും അടിസ്ഥാന ആശയം എന്തെന്നാൽ, ഡെലിവറി സമയത്ത്, വിപണി നിരക്ക് കരാറില്‍ സമ്മതിച്ച വിലയേക്കാൾ കൂടുതലോ കുറവോ ആയിരിക്കും. വാങ്ങുന്നയാളും വിൽക്കുന്നയാളും ലാഭമാണ് ലക്ഷ്യംവെക്കുന്നത്.

ഗോൾഡ് ഫ്യൂച്ചറുകളുടെ നേട്ടങ്ങൾ

ഗോൾഡ് ഫ്യൂച്ചറുകളിൽ നിക്ഷേപിക്കുന്നതിന് ധാരാളം നേട്ടങ്ങളുണ്ട്. കേന്ദ്രീകൃത എക്സ്ചേഞ്ചുകളിലൂടെ ട്രേഡ് ചെയ്യുന്നതിനാൽ ഫ്യൂച്ചേഴ്സ് കരാറുകൾ യഥാർത്ഥ ട്രേഡിംഗ് കമ്മോഡിറ്റികളേക്കാൾ സാമ്പത്തിക നേട്ടങ്ങളും ഫ്ലെക്സിബിലിറ്റിയും വാഗ്ദാനം ചെയ്യുന്നു. ട്രേഡർമാർക്ക് കൂടുതൽ സാമ്പത്തിക നേട്ടങ്ങളുണ്ട്, കാരണം അവർക്ക് ഫിസിക്കല്‍ മാര്‍ക്കറ്റില്‍ ആവശ്യമുള്ളതിനേക്കാൾ വളരെ കുറഞ്ഞ മൂലധനം ഉപയോഗിച്ച് ഉയർന്ന മൂല്യമുള്ള കമ്മോഡിറ്റികൾ കൈകാര്യം ചെയ്യാൻ സാധിക്കുന്നു. ഒരു കരാർ ഉണ്ടാക്കുന്ന ഘട്ടത്തിൽ അവർക്ക് കൈയിൽ വേണ്ട തുക  പെർഫോമൻസ് മാർജിൻ മാത്രമാണ്. കരാറിലെ സ്വർണ്ണത്തിന്‍റെ യഥാർത്ഥ വിപണി മൂല്യത്തിന്‍റെ ഒരു അംശം മാത്രമാണ് ഈ മാർജിൻ.

ഗോൾഡ് ഫ്യൂച്ചറുകൾ കേന്ദ്രീകൃത എക്സ്ചേഞ്ചുകളിൽ വ്യാപാരം ചെയ്യുന്നതിനാൽ, അവ വളരെ എളുപ്പത്തില്‍ പണമാക്കി മാറ്റാനും സാധിക്കും. പോരാത്തതിന്, സ്വർണ്ണത്തിന്‍റെ സംഭരണത്തെക്കുറിച്ച് നിങ്ങൾ തൽക്കാലം വിഷമിക്കേണ്ടതില്ല, കാരണം വാങ്ങുന്നവർക്ക് സെറ്റിൽമെന്‍റ് തീയതിയിൽ മാത്രമേ സ്വർണം ലഭിക്കൂ. നിങ്ങൾക്ക് വേണമെങ്കിൽ നിങ്ങളുടെ കരാർ ഷോർട്ട്-സെൽ ചെയ്ത് സംഭരണത്തിന്‍റെ ആവശ്യകത പൂർണ്ണമായും ഇല്ലാതാക്കാവുന്നതാണ്. ഫ്യൂച്ചറുകൾക്ക് മറ്റ് സ്വർണ്ണ നിക്ഷേപങ്ങളേക്കാൾ റിസ്ക് കൂടുതലാണെങ്കിലും, നിങ്ങൾക്ക് ഉയർന്ന ലാഭം നേടിത്തരാൻ അവയ്ക്ക് സാധിക്കും. ഈ സവിശേഷതകൾ ഗോൾഡ് ഫ്യൂച്ചർ കരാറുകളെ ആകർഷകവും ലാഭകരവുമായ സ്വർണ്ണ നിക്ഷേപമാക്കി മാറ്റുന്നു.

പെർഫോമൻസ് മാർജിൻ

കരാർ ദിവസം അടച്ച മാർജിൻ തുക ഒരു സെക്യൂരിറ്റിയോ ഡെപ്പോസിറ്റോ ആയി കണക്കാക്കുന്നു. ഗണ്യമായ ലാഭത്തിലേക്കോ നഷ്ടത്തിലേക്കോ നയിച്ചേക്കാവുന്ന തരത്തില്‍ സൂക്ഷ്മ-സാമ്പത്തിക സാഹചര്യങ്ങളില്‍ അപ്രതീക്ഷിതമായ മാറ്റങ്ങൾ ഉണ്ടാകുമ്പോൾ, വാങ്ങുന്നവരോ വിൽപ്പനക്കാരോ കരാറിൽ നിന്ന് പിന്തിരിയുന്നതിൽ നിന്ന് ഇത് തടയുന്നു. വാങ്ങുന്നയാളോ വിൽക്കുന്നയാളോ ഇടപാടിൽ നിന്ന് അകന്നുപോകുന്നത് തടയാൻ ഒരു സ്വതന്ത്ര കക്ഷിക്ക് നൽകുന്ന ഒരു ഡ‍ൗൺ പേയ്‌മെന്‍റായി ഈ മാർജിനെ കണക്കാക്കാം. ഇന്ത്യയിൽ, ഈ സ്വതന്ത്ര സ്ഥാപനത്തെ ഫോർവേഡ് മാർക്കറ്റ് കമ്മീഷൻ (FMC) എന്നു പറയുന്നു, എഫ്എംസി ആണ് രാജ്യത്തിലെ കമ്മോഡിറ്റി ഫ്യൂച്ചേഴ്സ് വിപണിയെ നിയന്ത്രിക്കുന്നത്..

ഗോൾഡ് ഫ്യൂച്ചറുകളെ ബാധിക്കുന്ന ഘടകങ്ങൾ

ഗോൾഡ് ഫ്യൂച്ചറുകൾ ആത്യന്തികമായി സ്വർണ്ണ ചരക്ക് വിപണിയുടെ ഭാഗമായതിനാൽ, സ്വർണ്ണ വിപണിയെ ബാധിക്കുന്ന അടിസ്ഥാന ഘടകങ്ങൾ ഗോൾഡ് ഫ്യൂച്ചറുകളെയും ബാധിക്കുന്നു. ആഗോള സാമ്പത്തിക ഘടകങ്ങളായ പലിശ നിരക്കും ഡോളർ മൂല്യവും ഫ്യൂച്ചേഴ്സ് വിപണിയിൽ വലിയ സ്വാധീനം ചെലുത്തുന്നു. ഫ്യൂച്ചറുകളിൽ നിക്ഷേപിക്കുന്നതിന്, സൂക്ഷ്മ സാമ്പത്തിക സാഹചര്യങ്ങളെ കുറിച്ച് അവഗാഹം ഉണ്ടായിരിക്കേണ്ടതും, സ്വർണ്ണവും മറ്റ് ആസ്തികളും തമ്മിലുള്ള പരസ്പര ബന്ധം അറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ധാരണ ഉണ്ടായിരിക്കുകയും വേണം.

സ്വർണ്ണ ഉല്‍പ്പാദകർ, സ്വർണ്ണ ഖനിത്തൊഴിലാളികൾ, കേന്ദ്ര ബാങ്കുകൾ, സർക്കാരുകൾ എന്നിവയുമായി ബന്ധപ്പെട്ട സ്വർണ്ണത്തിന്‍റെ പൊതുവായ ആവശ്യവും വിതരണവും വിലയെ ബാധിക്കുന്നു. ഈ ഘടകങ്ങൾക്ക് പുറമേ, ഇന്ത്യൻ സംസ്കാരത്തിൽ സ്വർണ്ണത്തിന്‍റെ നിറസാന്നിദ്ധ്യമുള്ള ഉത്സവങ്ങളും വിവാഹങ്ങളും രാജ്യത്തിനകത്തെ ആവശ്യകതയെ സ്വാധീനിക്കുന്നു.

ഓർത്തിരിക്കേണ്ട കാര്യങ്ങൾ

ഗോൾഡ് ഫ്യൂച്ചറുകൾക്കും എക്സ്‌പയറി തീയതിയുണ്ട്. സെറ്റിൽമെന്‍റ് തീയതിക്ക് മുമ്പ് ചരക്കുകൾ വ്യാപാരം ചെയ്യുന്നില്ല, ഇടപാടുകൾ താൽക്കാലികമായി നിർത്തിവെക്കുന്നു. ഇത് ട്രേഡർമാർക്ക് അവരുടെ സാഹചര്യം കണക്കാക്കാൻ മതിയായ സമയം നൽകുന്നു. ട്രേഡർമാർക്ക് തിരഞ്ഞെടുക്കാൻ നിരവധി സ്റ്റാൻഡേർഡ് വലുപ്പങ്ങളിലുള്ള കരാറുകള്‍ വിപണിയിൽ ലഭ്യമാണ്. ഇത് കൂടുതൽ നിക്ഷേപസ‍ൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നു. മറ്റ് സ്വർണ്ണ അധിഷ്‌ഠിത നിക്ഷേപ ഉപകരണങ്ങൾ പോലെ ദീർഘകാല നിക്ഷേപങ്ങളായി ഗോൾഡ് ഫ്യൂച്ചറുകൾ സാധാരണയായി ഉപയോഗിക്കാറില്ല. കാരണം, വിപണി വിപരീത ദിശയിലേക്ക് നീങ്ങാൻ തുടങ്ങിയാൽ, ഊഹക്കച്ചവടക്കാർക്ക് വലിയ നഷ്ടം നേരിട്ടേക്കാം.

സ്വർണ്ണ വിപണിയുടെ ചലനം നിങ്ങൾ മനസ്സിലാക്കുകയും മികച്ച കണക്കുകൂട്ടലോടെയുള്ള അനുമാനങ്ങളിലേക്ക് നിങ്ങൾ എത്തുകയുമാണെങ്കിൽ, ഗോൾഡ് ഫ്യൂച്ചറുകൾ നിങ്ങൾക്ക് വലിയ ലാഭം നേടിത്തന്നേക്കാം. ഗോൾഡ് ഫ്യൂച്ചേഴ്സ് മാർക്കറ്റിലെ ട്രേഡിംഗിന് വെല്ലുവിളികളെ കുറിച്ചുള്ള ധാരണയും, ആഗോള സ്വർണ്ണ വ്യവസായത്തെക്കുറിച്ചുള്ള മികച്ച ധാരണയും ആവശ്യമാണ്.