Published: 12 Sep 2017

സ്വർണ്ണ ചരിത്രത്തിലെ ചില നാഴികക്കല്ലുകൾ

A few milestones in the history of Gold

മനുഷ്യവംശത്തിന് സ്വർണ്ണത്തോടുള്ള അഭിനിവേശത്തിന് ഒരുപക്ഷേ ചരിത്രാതീതകാലത്തോളം പഴക്കമുണ്ട്. എന്നാണ് മനുഷ്യൻ ആദ്യമായി ഈ മഞ്ഞലോഹം കണ്ടുപിടിച്ചതെന്ന് തിട്ടമില്ലെങ്കിലും, ആദിമശിലായുഗകാലത്തെ, ബി.സി. 40,000 ത്തോളം വർഷം പഴക്കമുള്ള ഗുഹകളിൽ പുരാവസ്തുഗവേഷകർ സ്വർണ്ണപാളികൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ചരിത്രാതീതകാലത്തെ നമ്മുടെ പൂർവ്വികർ സ്വർണ്ണം ശേഖരിച്ചിരുന്നോ; ഉണ്ടെങ്കിൽ അതെങ്ങനെ; അഥവാ അവർ സ്വർണ്ണം അടങ്ങിയിരുന്ന ഗുഹകളിൽ താമസിക്കാൻ ഇടയായതാണോ; ഇതൊന്നും ഇതുവരെയും അറിവായിട്ടില്ല.

മനുഷ്യൻ സ്വർണ്ണം കൈകാര്യം ചെയ്തതിന്റെ ആദ്യത്തെ സ്ഥിരീകരിച്ച തെളിവ് ലഭിക്കുന്നത് നൈൽ നദിയുടെ നാടായ പുരാതന ഈജിപ്തിൽ നിന്നാണ്. ഈജിപ്ഷ്യൻ സാമ്രാജത്തിലെ ഫെറോഹമാരും പുരോഹിതരും വ്യാപകമായി സ്വർണ്ണം അവരുടെ ശവകുടീരങ്ങളിലും ആരാധനാലയങ്ങളിലും ഉപയോഗിച്ചിരിന്നു എന്നുമാത്രമല്ല, ആധുനികകാലത്ത് നാം കാണുന്ന സ്വർണ്ണപ്രഭയോടുള്ള ആസക്തി മനുഷ്യചരിത്രത്തിൽ ആദ്യമായി ദർശിക്കാനാവുന്നുതും അക്കാലത്താണ്. ലോകത്താദ്യമായി ഒരു നാണയ കൈമാറ്റ വ്യവസ്ഥ സൃഷ്ടിച്ച് സമൂഹത്തിൽ സ്വർണ്ണത്തിന്റെ മൂല്യം ഏകീകരിച്ചതും ഈജിപ്തുകാരാണ്. ഒരു കഷണം സ്വർണ്ണത്തിന് സമാനവലുപ്പത്തിലുള്ള രണ്ടര കഷണം വെള്ളി എന്നായിരുന്നു കണക്ക്.

ഈജിപ്തുകാർക്ക് ശേഷം സ്വർണ്ണം വ്യാപകമായി ഉപയോഗിച്ച മറ്റൊരു പ്രധാന സംസ്കൃതി ഗ്രീക്കുകാരുടേതായിരുന്നു. അവർ സ്വർണ്ണത്തെ സമൂഹത്തിലെ പദവിയുടെ ചിഹ്നമായും ദൈവങ്ങൾക്കും ദിവ്യപുരുഷൻമാർക്കുമിടയിലെ മഹത്വചിഹ്നമായുമാണ് കണ്ടിരുന്നത്. ഈജിപ്തിലെ പോലെത്തന്നെ ഗ്രീസിലും അത് സമ്പത്തിന്റെയും പദവിയുടെയും ചിഹ്നവും ഒരു നാണയവ്യവസ്ഥയുമായിരുന്നു. എന്നിരുന്നാലും, വിജയികൾക്ക് സ്വർണ്ണമെഡലുകൾ സമ്മാനിക്കുന്ന ഒളിംബിക് പാരമ്പര്യം തുടങ്ങിയത് പുതിയകാലത്തെ ഒളിംബിക്സിലാണെന്നു പറയാം. അതിന് ഗ്രീക്കുകാരുടെ ആചാരവുമായി യാതൊരു ബന്ധവുമില്ല.

കാലക്രമേണ സ്വർണ്ണം സമ്പത്തിന്റെ ചിഹ്നമായും, ലോകത്തിന്റെ പലഭാഗത്തും ഒരു നാണയവ്യവസ്ഥയായും, സ്ത്രീപുരുഷന്മാർക്കിടയിലെ ആഭരണമായും പ്രചുരപ്രചാരം നേടികൊണ്ടിരിന്നു. പതിനെട്ടാം നൂറ്റാണ്ടായപ്പോൾ സ്വർണ്ണം ആഗോളസമ്പദ്വ്യവസ്ഥയുടെ സുപ്രധാന ഭാഗമായി അംഗീകരിക്കപ്പെട്ടു. അമേരിക്കൻ കോൺഗ്രസ് 1792ൽ സ്വർണ്ണത്തിന്റെ ആധുനികചരിത്രം പാടെ മാറ്റിമറിക്കാൻ ശേഷിയുള്ള ഒരു നിയമം പാസാക്കി. ‘മിന്റ് ആന്റ് കോയിനേജ് ആക്ട്’ എന്ന പേരായ ആ നിയമം അമേരിക്കൻ ഡോളറിന് അനുശ്രണമായി സ്വർണ്ണത്തിന് ഒരു വില നിശ്ചയിച്ചു. സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഡോളറുകൾ, സ്പാനിഷ് റിയാൽ (സ്പാനിഷ് സാമ്രാജ്യത്തിന്റെ നാണയം) പോലെ, അനിഷേധ്യ നാണയങ്ങളായി മാറി. ഏതാണ്ട് ഒരു നൂറ്റാണ്ടിനു ശേഷം, 1873ലെ അമേരിക്കൻ ആഭ്യന്തരയുദ്ധത്തിന് തൊട്ടുപിറകെ വെള്ളിയെ ഔദ്യോഗിക നാണയത്തിൽ നിന്ന് ഒഴിവാക്കി ആദ്യമായി പേപ്പർ പണത്തെ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ഔദ്യോഗിക കറൻസിയായി പ്രഖ്യാപിച്ചു.

പിന്നീട് രണ്ടു ലോകമഹായുദ്ധങ്ങൾക്കു ശേഷം ആഗോളസമ്പദ്ഘടന തകർച്ചയിലായി. ആക്രമണങ്ങളും ബോംബുവർഷങ്ങളും തകർത്ത നഗരങ്ങൾ പുനർനിർമ്മിക്കേണ്ട ഭാരിച്ച ജോലിയിൽ മിക്ക വൻരാഷ്ട്രങ്ങൾക്കും ഏർപ്പെടേണ്ടിവന്നു. എന്നാൽ, രണ്ടുയുദ്ധങ്ങളിലും കാര്യമായി പരുക്കേൽക്കാതിരുന്ന അമേരിക്ക ലോകത്തിലെ ഏറ്റവും ശക്തമായ സമ്പദ്ഘടനയായി ഉയർന്നുവന്നു. അക്കാലത്താണ് അമേരിക്ക ഗോൾഡ് സ്റ്റാൻഡേർഡിന് രൂപം നൽകിയതും യു.എസ്. ഡോളറിനെ ആഗോള കറൻസിയാക്കിമാറ്റിയതും.

ഈ ലോകത്തെ രൂപപ്പെടുത്തുന്നതിൽ സ്വർണ്ണം വളരെ വലിയ പങ്കാണ് വഹിച്ചതെന്ന് നിസ്സംശയം പറയാം. എന്നാൽ, എങ്ങനെ ഒരു ജീവനില്ലാത്ത ലോഹത്തിന് ആയിരക്കണക്കിന് കൊല്ലങ്ങളായി, തുടർന്നും, ഭൂമിയിലെ മുഴുവൻ ജീവിതങ്ങളിലും സ്വാധീനം ചെലുത്തുന്ന ഒന്നായി നിലകൊള്ളാൻ കഴിഞ്ഞു എന്നത് ഈ ലോഹത്തിന്റെ നിഗൂഢവും അമാനുഷികവുമായ ശക്തിവിശേഷത്തെ വിളിച്ചോതുന്നു.