Published: 09 Feb 2018

സ്വർണ്ണം - കൂടപ്പിറപ്പിനോടുള്ള സ്നേഹത്തിന്റെ പ്രതീകം

സഹോദരീസഹോദരങ്ങൾക്കിടയിൽ അനിർവചനീയമായൊരു ബന്ധമുണ്ട്, ഇടക്കൊക്കെ വഴക്കടിക്കുമെങ്കിലും ഇരുവർക്കും വിട്ടുപിരിയാൻ വയ്യാത്ത തരത്തിലുള്ള ഒരു ബന്ധം. ഹിന്ദുക്കൾ, ഈ സഹോദരസഹോദരി ബന്ധം വർഷത്തിൽ രണ്ട് തവണ ആഘോഷിക്കുന്നു. രക്ഷാബന്ധനും ഭായ് ദൂജുമാണ് ഈ അവസരങ്ങൾ.

രാജ്യത്തെ ഏറ്റവും വലിയ ഉത്സവമായ ദീപാവലിക്ക് തൊട്ട് താഴെയായി ഭായ് ദൂജിന് സ്ഥാനമുണ്ട്. പ്രദേശത്തെയോ സംസ്ഥാനത്തെയോ ആശ്രയിച്ച്, "ഭായ് പോത", "ഭായ് ബിജ്", "ഭാതൃ ദ്വിതീയ", "ഭാത്രി ദിത്യ" എന്നിങ്ങനെ പല പേരുകളിൽ ഭായ് ദൂജ് അറിയപ്പെടുന്നു. എന്തായാലും, ഇവയുടെയെല്ലാം അന്തസ്സത്ത ഒന്നുതന്നെയാണ്.

ഹിന്ദു പുരാണങ്ങൾ അനുസരിച്ച്, യമരാജൻ ഒരു ദിവസം തന്റെ സഹോദരിയായ യമിയെ കാണാനെത്തി. ഒരുപാട് കാലമായിരുന്നു ഇവരും തമ്മിൽ കണ്ടിട്ട്. തന്റെ സഹോദരനെ ആരതിയുഴിഞ്ഞും തിലകമണിയിച്ചും യമി സ്വീകരിച്ചു. യമരാജനെ ഒരു പുഷ്പമാല അണിയിച്ചു, വിശിഷ്ട്യ ഭോജ്യങ്ങൾ ഊട്ടുകയും ചെയ്തു. തന്റെ സഹോദരിയുടെ ചയ്തിയിൽ സംപ്രീതനായ യമരാജൻ പ്രഖ്യാപിച്ചു, 'സഹോദരിയാൽ ആരതി ഉഴിയപ്പെട്ട് തിലകമണിയിക്കപ്പെടുന്ന ഒരു സഹോദരനും ഭയമുണ്ടാവുകയില്ല' എന്ന്. മറ്റൊരു പുരാണം ഇങ്ങനെ പറയുന്നു. നരകാസുരനെ വധിച്ചതിന് ശേഷം ശ്രീകൃഷ്ണൻ നേരെ പുറപ്പെട്ടത് സഹോദരിയായ സുഭദ്രയെ കാണാനാണ്. യമി ചെയ്തത് പോലെ തന്നെ ആരതി ഉഴിഞ്ഞും തിലകമണിയിച്ചും മധുരപലഹാരങ്ങൾ നിരത്തിയും പുഷപമാല അണിയിച്ചും ശ്രീകൃഷ്ണനെ സുഭദ്ര സ്വീകരിച്ചു.

ഇക്കാരണത്താൽ, ഇന്നും സഹോദരിമാർ സഹോദരന്മാരെ ആരതി ഉഴിയുകയും തിലകം അണിയിക്കുകയും ചെയ്യുന്നു. ബന്ധം പുതുക്കുന്നതിനും പരസ്പരമുള്ള സ്നേഹം ഊട്ടിയുറപ്പിക്കുന്നതിനുമുള്ള ഉത്സവമാണ് ഇതെന്നതിനാൽ, ഒരുപാട് സന്തോഷവും സ്നേഹവും ഊഷ്മളതയും കൊണ്ടുവരുന്ന അവസരമാണിത്.

ഈ ദിവസം, സഹോദരന്മാർ സഹോദരിമാർക്ക് സമ്മാനങ്ങളും നൽകുന്നു. മിക്കപ്പോഴും ഈ സമ്മാനം പണത്തിന്റെയോ സ്വർണ്ണത്തിന്റെയോ രൂപത്തിൽ നൽകപ്പെടുന്നു. കമ്മൽ, മൂക്കുത്തി, വളകൾ എന്നിവയുടെ രൂപത്തിലാണ് ഇന്ത്യയുടെ പ്രിയപ്പെട്ട ലോഹമായ സ്വർണ്ണം സമ്മാനിക്കപ്പെടുന്നത്. മനോഹരമായ ഡിസൈനും സ്വകാര്യ സ്പർശവും ഉള്ള ഇത്തരം ആഭരണങ്ങൾ ഉറച്ചൊരു നിക്ഷേപമായും വർത്തിക്കുന്നു.

ഇന്ത്യയിൽ സ്വർണ്ണത്തിന്റെ മൂല്യം ഉയർന്നതാണ്, നിക്ഷേപത്തിനായി ഏറ്റവുമധികം പേർ തിരഞ്ഞെടുക്കുന്നതും സ്വർണ്ണത്തെയാണ്. ദീപാവലിക്ക് സ്വർണ്ണം വാങ്ങുന്നത് ആയിരക്കണക്കിന് വർഷങ്ങളായി തുടർന്ന് പോരുന്ന കാര്യം നമുക്കറിയാം. മുകളിൽ പറഞ്ഞ കാരണങ്ങളാണ് അതിന് പിന്നിൽ. ദീർഘകാലാടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ മഞ്ഞലോഹം മികച്ച ആദായം നൽകുമെന്ന് കാണാം. പ്രതിസന്ധി ഘട്ടങ്ങളിൽ സഹായത്തിനെത്തുമെന്ന പ്രത്യേകതയും സ്വർണ്ണത്തിനുണ്ട്. ഇവയ്ക്കൊക്കെ പുറമെ, സ്വർണ്ണത്തിന്റെ അനശ്വരമായ മഹോഹാരിതയും, ഈ ലോഹത്തെ ജനങ്ങൾക്കിടയിൽ ജനപ്രിയമാക്കാൻ കാരണമായി. തീർച്ചയായും, കൂടപ്പിറപ്പുകൾക്ക് നൽകാൻ സ്വർണ്ണത്തിനേക്കാൾ മികച്ച സമ്മാനം ഇല്ലതന്നെ!