Published: 06 Sep 2017

ലോകത്തിന്റെ സുവർണ നഗരങ്ങൾ

Golden Temple in Punjab

ഏറ്റവും പ്രശസ്തമായ സ്വർണ്ണ നഗരമാണ് എൽ ഡൊറാഡോ. 'എൽ ഡൊറാഡോ' (സ്വർണ്ണ നഗരം) എന്ന പേരിന് പിന്നിലെ ഐതിഹ്യം എന്താണെന്നറിയാൻ കാലങ്ങളായി പല ഗവേഷകരും ശ്രമിക്കുകയും ഒരുപാട് പുസ്തകങ്ങൾ എഴുതുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ലോകത്തിലെ പല നഗരങ്ങൾക്കും 'സുവർണ നഗരം' എന്നോ 'സ്വർണ്ണ നഗരം' എന്നോ വിളിപ്പേരുകൾ ഉണ്ടെന്ന് നിങ്ങൾക്ക് അറിയാമോ? ഇത്തരം നഗരങ്ങളിൽ ഓരോന്നിന്റെയും വിളിപ്പേരിന് പിന്നിലെ കഥകൾ നാം ആരായാൻ പോവുകയാണ്, ചിലപ്പോൾ നിങ്ങളും അത്തരമൊരു വിളിപ്പേരുള്ള സ്ഥലത്തായിരിക്കാം താമസിക്കുന്നത്!

  1. ജോഹന്നെസ്‌ബെർഗ്, ദക്ഷിണാഫ്രിക്ക

    ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ജോഹന്നെസ്ബെർഗിന് 'ഇഗോളി' എന്നൊരു വിളിപ്പേരുണ്ട് എന്ന് നിങ്ങൾക്കറിയാമോ? സുലു ഭാഷയിൽ സ്വർണ്ണ നഗരം എന്നാണ് 'ഇഗോളി' എന്ന പേരിനർത്ഥം. ഒരു സ്വർണ്ണ ഖനന നഗരമായാണ് ജോഹന്നെസ്ബെർഗിന്റെ ഉത്ഭവം. വലിയ തോതിൽ സ്വർണ്ണ വ്യാപാരവും ഇവിടെ നടന്നിരുന്നു. ഇതാകാം ഈ വിളിപ്പേരിന് പിന്നിൽ.

  2. ദുബായ്, യുഎഇ

    സ്വർണ്ണം വാങ്ങുന്നവരുടെ പ്രിയപ്പെട്ട പറുദീസയാണ് ദുബായ്. മുന്നൂറിലധികം സ്വർണ്ണ റീട്ടെയിലർമാരുടെ സാന്നിധ്യമുള്ള പ്രശസ്ത ഗോൾഡ് സൂക്കിനെ തദ്ദേശവാസികളും വിദേശികളും ഒരുപോലെ ഇഷ്ടപ്പെടുന്നു, ഏത് സമയത്തും ഇവിടെ 10 ടണ്ണോളം സ്വർണ്ണം ഉണ്ടായിരിക്കും! ആഗോള സ്വർണ്ണ വ്യാപാരത്തിലേക്ക് വലിയ സംഭാവന നൽകുന്ന നഗരമാണ് ദുബായ്. 2016-ലെ കണക്കുകൾ പ്രകാരം, യുഎഇയിലെ സ്വർണ്ണ ഡിമാൻഡ് 49 ടണ്ണായിരുന്നു.

  3. കാഞ്ചീപുരം, ഇന്ത്യ

    തമിഴ് സാഹിത്യം അനുസരിച്ച്, തമിഴ്നാട്ടിൽ സ്ഥിതി ചെയ്യുന്ന നഗരമായ കാഞ്ചീപുരം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് 'കാചി' എന്നായിരുന്നു. പിന്നീട് 'സ്വർണ്ണ നഗരം' എന്നർത്ഥമുള്ള 'കാഞ്ചീപുരം' എന്ന പേര് രൂപപ്പെടുകയായിരുന്നു. കാഞ്ചീവരം പട്ടുസാരികൾക്ക് പ്രശസ്തമാണ് ഈ നഗരം. ഈ പട്ടുസാരികളുടെ പ്രത്യേകതയെന്ത്? കാഞ്ചീവരം സാരികളിൽ നിങ്ങൾ കാണുന്ന സ്വർണ്ണം യഥാർത്ഥ സ്വർണ്ണമാണ്, ആകർഷകമായ സാരി (zari) പാറ്റേൺ രൂപപ്പെടുത്തുന്നതിന് സ്വർണ്ണ നൂലുകളാണ് ഇതിൽ നെയ്തുപിടിപ്പിക്കുന്നത്. യഥാർത്ഥ കാഞ്ചീവരം പട്ടുസാരി കണ്ടുപിടിക്കുന്നതിനുള്ള വഴിയിതാ - നിങ്ങൾ ശ്രദ്ധാപൂർവ്വം സാരി നിരീക്ഷിക്കുകയാണെങ്കിൽ, സാരിയുടെ പ്രധാനഭാഗവും ബോർഡറും രണ്ട് പീസുകളാണെന്നും അവ തുന്നിപ്പിടിച്ചതാണെന്നും കാണാം. അങ്ങനെയെങ്കിൽ, നിങ്ങളുടെ മുന്നിലുള്ളത് യഥാർത്ഥ കാഞ്ചീവരം പട്ടുസാരി തന്നെ!

    Kanjeevaram Silk Sarees

  4. അമൃത്‌സർ, ഇന്ത്യ

    ഇന്ത്യയിൽ പഞ്ചാബിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് അമൃത്സർ. ഇന്ത്യയുടെ സ്വർണ്ണ നഗരമെന്നാണ് ഇത് അറിയപ്പെടുന്നത്, കാരണം സിഖ് മതക്കാരുടെ വിശുദ്ധ ആരാധനാലയമായ സുവർണ ക്ഷേത്രം ഈ നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്. തൊണ്ണൂറുകളിൽ 500 കിലോഗ്രാം 24 കാരറ്റ് സ്വർണ്ണം ഉപയോഗിച്ച് സുവർണ ക്ഷേത്രം പുനരുദ്ധാരണം നടത്തി എന്ന് നിങ്ങൾക്കറിയാമോ?

    ബന്ധപ്പെട്ടത്: 7 Amazing facts about the Golden Temple
  5. ജറുസലെം, ഇസ്രയേൽ

    പാട്ടുകളിൽ, സ്വർണ്ണനഗരം എന്നാണ് ജറുസലേമിനെ വിശേഷിപ്പിക്കുന്നത്. ഏറ്റവും പുരാതന ഇസ്ലാമിക സ്മാരകമായ 'ഡോം ഓഫ് ദ റോക്ക്' സ്ഥിതി ചെയ്യുന്നത് ജറുസലേമിൽ ആണെന്നതാകാം ഇതിന് കാരണം. ആദ്യത്തിൽ സ്വർണ്ണം കൊണ്ടാണ് ഈ ആരാധനാലയത്തിന്റെ താഴികക്കുടം നിർമ്മിച്ചത്,പിന്നീട് സ്വർണ്ണത്തിന് പകരം ചെമ്പും അലുമിനിയവും ഉപയോഗിച്ചു, തുടർന്ന് സ്വർണ്ണ ഇലകൾ കൊണ്ട് താഴികക്കുടം പൊതിഞ്ഞു.

  6. ബല്ലാരറ്റും ബെൻഡിംഗോയും, ഓസ്ത്രേലിയ

    ഓസ്ത്രേലിയയിലെ സ്വർണ്ണ നഗരങ്ങളായാണ് ബല്ലാരറ്റും ബെൻഡിംഗോയും അറിയപ്പെടുന്നത്, കാരണം 1800-കളിൽ ഇവിടെ വൻ സ്വർണ്ണ ശേഖരം കണ്ടെത്തിയിരുന്നു, തുടർന്ന് 'ഗോൾഡ് റഷ്' ഉണ്ടാവുകയും ചെയ്തു. അവിടെയെങ്കിലും അവകാശികളില്ലാത്ത സ്വർണ്ണ ശേഖരം കണ്ടെത്തിയാൽ, അനവധി ആളുകൾ ആ ഇടത്തേക്ക് പ്രവഹിക്കുന്നതിനെയാണ് ഗോൾഡ് റഷ് എന്ന് പറയുന്നത്. ബല്ലാരറ്റിലെ സ്വർണ്ണ ശേഖരം കണ്ടെത്തിയത്, 1851-ൽ ജെയിംസ് റീഗനാണ്. ഒരു സുഹൃത്തിനെ കാണാൻ പുറപ്പെട്ടതായിരുന്നു ജെയിംസ് റീഗൻ, പാടത്തിലൂടെ നടന്നുപോകാനാണ് അദ്ദേഹം തീരുമാനിച്ചത്, പാടത്തിലൂടെ നടന്ന അദ്ദേഹത്തിന് മുന്നിൽ സ്വർണ്ണ ശേഖരം പ്രത്യക്ഷപ്പെട്ടു. അങ്ങനെയാണ് ബല്ലാരറ്റിലെ ഗോൾഡ് റഷ് ഉണ്ടായത്. 1853-ൽ, ഏകദേശം 9000 കിലോ സ്വർണ്ണമാണ് ബല്ലാരറ്റിൽ നിന്ന് കുഴിച്ചെടുത്തത്. 1856-ൽ, ബല്ലാരറ്റിൽ നിന്ന് കുഴിച്ചെടുത്ത ഒരു സ്വർണ്ണക്കട്ടിയുടെ ചിത്രമിതാ.

    Replica of the welcome nugget

  7. വിസെൻസ, ഇറ്റലി

    വടക്കുകിഴക്കൻ ഇറ്റലിയിൽ സ്ഥിതി ചെയ്യുന്ന ഒരു കോസ്മോപൊളിറ്റൻ നഗരമായ വിസെൻസയ്ക്ക്, സ്വർണ്ണ നഗരം എന്നുകൂടി വിളിപ്പേരുണ്ട്. എന്നാൽ, സ്വർണ്ണപ്പണിക്കാരുടെ ലോക തലസ്ഥാനം എന്നൊരു പേര് കൂടി വിസെൻസയ്ക്ക് ഉണ്ടെന്ന് നിങ്ങൾക്കറിയാമോ? ഇതിന് കാരണം, ഇറ്റലിയിൽ നിർമ്മിക്കപ്പെടുന്ന സ്വർണ്ണാഭരണത്തിന്റെ അഞ്ചിലൊരു ഭാഗവും നിർമ്മിക്കുന്നത് ഇവിടെയാണ്.

    ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചില സ്വർണ്ണ നഗരങ്ങളായിരുന്നു മേൽപ്പറഞ്ഞ സ്ഥലങ്ങളൊക്കെയും. യാത്ര ചെയ്യാനുദ്ദേശിക്കുന്ന ഇടങ്ങളുടെ പട്ടികയിലേക്ക് ഇവയും ചേർക്കുക, സ്വർണ്ണത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തെ കുറിച്ച് കൂടുതലറിയുക.

    യാത്ര ചെയ്യാനുദ്ദേശിക്കുന്ന ഇടങ്ങളുടെ പട്ടികയിലേക്ക് ഇവയും ചേർക്കുക, യുഗങ്ങളായുള്ള സ്വർണ്ണത്തിന്റെ പ്രയാണം മനസ്സിലാക്കുക.

Sources:

Source1, Source2, Source3, Source4, Source5, Source6, Source7, Source8, Source9 Source10, Source11, Source12