Published: 05 Sep 2017

മൈസൂരിലെ സുവർണ്ണ ദസേറ

തിന്മയ്ക്കുമേലുള്ള നന്മയുടെ വിജയമാണ് ദസേറ (ദസറ) ഉത്സവത്തിൽ ആഘോഷിക്കപ്പെടുന്നത്. വിജയദശമി എന്നും ഈ ആഘോഷം അറിയപ്പെടുന്നു. ദസേറ ഒൻപത് ദിവസത്തെ ഇന്ത്യയിലുടനീളമുള്ള നവരാത്രി ആഘോഷങ്ങളുടെ പരിസമാപ്തി കുറിക്കുന്നു.

ഇതേസമയത്ത് ഇന്ത്യയുടെ കിഴക്കും വടക്കുകിഴക്കുമുള്ള സംസ്ഥാനങ്ങൾ ദുർഗാദേവിയ്ക്കു സമർപ്പിക്കുന്ന ദുർഗാ പൂജയും ആഘോഷിക്കുന്നു. പുരാണകഥയനുസരിച്ച് ദുർഗാദേവി മഹിഷാസുരനെ വധിച്ച ദിവസത്തിന്റെ ഓർമ്മക്കായാണ് വിജയദശമി ആഘോഷിക്കുന്നത്. എന്നാൽ ഇന്ത്യയുടെ വടക്കും പടിഞ്ഞാറും തെക്കുമുള്ള സംസ്ഥാനങ്ങൾ ദസേറ ആഘോഷിക്കുന്നത് സീതയെ തട്ടിക്കൊണ്ടുപോയ രാക്ഷസനായ രാവണനുമേലുള്ള രാമന്റെ വിജയദിവസമായാണ്. ദസേറയുടെ മുന്നോടിയായി നടക്കുന്ന ഒൻപതു ദിവസത്തെ നവരാത്രി ആഘോഷം സമർപ്പിച്ചിരിക്കുന്നത് ദുർഗാസരസ്വതി ദേവതമാർക്കാണ്.

ഇന്ത്യയിലുടനീളം വലിയ ആഘോഷങ്ങൾ നടക്കുന്ന ഏറ്റവും മംഗളകരവും പവിത്രവുമായ ഉത്സവങ്ങളിലൊന്നാണ് ദസേറ. എന്നിരുന്നാലും, കർണ്ണാടക നഗരമായ മൈസൂരിലെ ദസേറ ആഘോഷമാണ് രാജ്യത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള ജനങ്ങളെ ആകർഷിക്കുന്ന എറ്റവും പ്രൗഢഗംഭീരമായ ഉത്സവമായി കണക്കാക്കുന്നത്. ദസേറ കർണ്ണാടകയ്ക്ക് അതിന്റെ ‘നാടഹബ്ബ’ (ദേശീയോത്സവം) ആണ്. രാജനഗരമായ മൈസൂർ ദസേറ ആഘോഷിക്കുന്നത് മഹിഷാസുരനെ കൊന്ന ചാമുണ്ഡേശ്വരിയുടെ (ദുർഗാദേവിയുടെ മറ്റൊരു രൂപം) വിജയത്തിന്റെ ഓർമ്മയ്ക്കായാണ്.

മൈസൂർ കൊട്ടാരത്തിൽ നിന്നാരംഭിക്കുന്ന ജംബോ സവാരി എന്നറിയപ്പെടുന്ന വർണ്ണശബളമായ ഘോഷയാത്ര ബന്നിമണ്ഡപത്തിൽ ചെന്നവസാനിക്കുന്നു. (ഭക്തർ ബന്നി മരത്തെ പൂജിക്കുന്ന സ്ഥലമാണ് ബന്നിമണ്ഡപം). ചാമുണ്ഡേശ്വരിദേവിയ്ക്കു സമർപ്പിച്ചിരിക്കുന്ന ഈ ഘോഷയാത്രയിൽ ദേവിയുടെ വിഗ്രഹം 750 കിലോയോളം തൂക്കം വരുന്ന ഒരു പടുകൂറ്റൻ സ്വർണ്ണഅമ്പാരിയിൽ വർണ്ണാലംകൃതമായ ആനപ്പുറത്ത് എഴുന്നളളിച്ച് കൊണ്ടുപോകുന്നു. ദക്ഷിണേന്ത്യയിലെ മറ്റു ഉത്സവങ്ങളെപ്പോലെ അണിയിച്ചൊരുക്കിയ ആനകൾ ജംബോ സവാരിയുടെ പ്രധാന ആകർഷണമാണ്. സുവർണ്ണ നെറ്റിപ്പട്ടവും വർണ്ണയുടയാടകളും മറ്റും അണിഞ്ഞായിരിക്കും ആനകളുടെ സവാരി. ഈ ഘോഷയാത്ര അവസാനിക്കുന്നത് ബന്നിമണ്ഡപമൈതാനത്തു നടക്കുന്ന ‘പഞ്ചിന കവയാട്ട്’ എന്നു വിളിക്കുന്ന പന്തമേന്തിയുള്ള പ്രകടനത്തിലാണ്.

മൈസൂർ കൊട്ടാരത്തിനുമുണ്ട് അതിന്റേതായ പ്രത്യേക ദസേറ ആഘോഷങ്ങൾ. നവരാത്രി ദിവസങ്ങളിലും ദസേറദിനത്തിലും കൊട്ടാരം ഒരുലക്ഷത്തോളം വരുന്ന അലങ്കാര ബൾബുകളാൽ പ്രകാശപൂരിതമായിരിക്കും. പൊതുജനങ്ങൾക്ക് മൈസൂർ രാജകുടുംബമായ വൊഡയാർ രാജാക്കൻമാരുടെ ചിന്നട സിംഹാസന അഥവാ രത്നസിംഹാസന എന്നറിയപ്പെടുന്ന സ്വർണ്ണസിംഹാസനം അടുത്തുനിന്നു കാണാനുള്ള അവസരം കൂടിയാണിത്. ഇന്ത്യയുടെ രാജകീയ പാരമ്പര്യത്തിന്റെ പ്രൗഢിയും പ്രതാപവും ഏറ്റവും ഗംഭീരമായി പ്രദർശിപ്പിക്കുന്ന ഒന്നാണ് മൈസൂരിലെ ദസേറ ഉത്സവം. അതുകൊണ്ടുതന്നെയാണ് മഹത്വമേറിയതും മംഗളകരവുമായ ഈ സംഭവം ഇന്ത്യാക്കാരുടെ ഒഴിച്ചുകൂടാനാവാത്ത കാഴ്ചയാകുന്നതും.