Published: 12 Sep 2017

ഇന്ത്യൻ സ്വർണ്ണാഭരണങ്ങളുടെ പരിണാമം ദർശിക്കാം നാഷ്ണൽ മ്യൂസിയത്തിൽ

ബി.സി. 3000ൽ അഥവാ ഏകദേശം 5000 കൊല്ലങ്ങൾക്കു മുമ്പാണ് ഇന്ത്യൻ സ്വർണ്ണാഭരണങ്ങളുടെ ഉൽപ്പത്തി കണക്കാക്കുന്നത്. അന്നുമുതൽ ആഭരണങ്ങൾ ഇന്ത്യാക്കാരുടെ ജീവിതത്തിൽ സുപ്രധാന പങ്കാണ് വഹിച്ചിട്ടുള്ളത്. സ്വർണ്ണാഭരണങ്ങളെ പവിത്രവും മംഗളകരവുമായാണ് ഭാരതീയർ കാണുന്നത്. വളരെ അഭിമാനപൂർവ്വമാണ് അവരത് ധരിക്കുന്നത്.

ആഭരണപ്രേമികൾക്ക് അവരുടെ അഭിനിവേശത്തിൽ അഭിരമിക്കാനുളള ആനന്ദകരമായ അവസരമാണ് ന്യൂഡൽഹിയിലെ നാഷ്ണൽ മ്യൂസിയത്തിൽ ഒരുക്കിയിരിക്കുന്നത്. സിന്ധുനദീതട സംസ്കാരകാലം മുതൽ ഇന്ത്യയുടെ രാജഭരണകാലഘട്ടങ്ങളിലൂടെയുള്ള ഒരു ആഭരണദർശനപര്യടനം ഇവിടെ സാധ്യമാകുന്നു. 1949ൽ സ്ഥാപിക്കപ്പെട്ട നാഷ്ണൽ മ്യൂസിയം ഇന്ത്യയിലെ വലിയ മ്യൂസിയങ്ങളിൽ ഒന്നാണ്. ചരിത്രാതീതകാലംമുതൽ ഇന്നുവരെയുളള അമൂല്യമായ കലാസൃഷ്ടികളുടെയും ആഭരണങ്ങളുടെയും വിശാലമായ വൈവിധ്യം നാഷ്ണൽ മ്യൂസിയം അഭിമാനപൂർവ്വം പ്രദർശിപ്പിക്കുന്നു.

മ്യൂസിയത്തിലെ ‘ഡെക്കറേറ്റീവ് ഗാലറി’ വിഭാഗത്തിൽ സ്വർണ്ണാഭരണങ്ങളുടെ ഏറ്റവും സമഗ്രമായ ശേഖരം ദർശിക്കാവുന്നതാണ്. ആഭരണങ്ങൾക്കായി സമർപ്പിക്കപ്പെട്ട ഈ ഗാലറിയെ നാമകരണം ചെയ്തിരിക്കുന്നത് ‘അലങ്കാര’ എന്നാണ്. ഇവിടെ 250 ഓളം ആഭരണങ്ങളും അവയുമായി ബന്ധപ്പെട്ട വസ്തുക്കളും പ്രദർശിപ്പിക്കുന്നു. ദൈനംദിന ജീവിതത്തിൽ മുതിർന്നവരും കുട്ടികളും ഉപയോഗിക്കുന്ന ആഭരണങ്ങൾ മുതൽ ദേവീദേവൻമാരുടെ തിരുവാഭരണങ്ങളും അമൂല്യകലാസൃഷ്ടികളും വരെ ഇവയിൽ ഉൾപ്പെടുന്നു. പഴയകാലത്തേക്കുള്ള ഒരു തിരിഞ്ഞു നടത്തത്തിനു പ്രേരിപ്പിക്കുന്നതാണ് ഈ ചരിത്രകാഴ്ചകൾ.

ഹാരപ്പൻ, മോഹൻജൊദാരോ കാലത്തെ മണിമാലകൾ ആ യുഗത്തിലെ കലാമികവിന്റെ ദൃഷ്ടാന്തങ്ങളാണ്. ഇന്ത്യയിലെ രാജാക്കൻമാർ ഉപയോഗിച്ചിരുന്ന പ്രൗഢഗംഭീരമായ ആഭരണങ്ങൾ ആ അമൂല്യകലാസൃഷ്ടികൾക്കു പിന്നിലെ അമ്പരപ്പിക്കുന്ന കരകൗശലവൈദഗ്ദ്യത്തെ ഓർമ്മിപ്പിക്കുന്നു. മുഴുവൻ കാലഘട്ടങ്ങളിലെയും ആഭരണങ്ങൾ ലഭ്യമല്ലെങ്കിലും, മ്യൂസിയം അധികൃതർക്ക് മൗര്യ, ശുംഗ, ശതവാഹന, കുഷാന, ഗുപ്ത തുടങ്ങിയ രാജവംശങ്ങളുടെ കാലത്തെ ആഭരണങ്ങൾ ശേഖരിക്കാൻ കഴിഞ്ഞിട്ടുണ്ട്.

ആഭരണങ്ങൾക്കു പുറമെ ഡെക്കറേറ്റീവ് ഗാലറി തഞ്ചാവൂരിലെയും മൈസൂരിലെയും ശ്രേഷ്ഠമായ സ്വർണ്ണചിത്രങ്ങളും പ്രദർശിപ്പിക്കുന്നു. സ്വർണ്ണത്തിന്റെ സവിശേഷമായ ഉപയോഗം കൊണ്ട് ശ്രദ്ധേയമായ ഈ ചിത്രങ്ങൾ ഭാരതീയരുടെ സ്വർണ്ണാഭിനിവേശത്തെക്കുറിച്ചു തന്നെയാണ് പറയുന്നത്. പുരാണേതിഹാസങ്ങളും ദേവീദേവൻമാരുടെ കഥകളുമാണ് ഈ ചിത്രങ്ങളിലെ പ്രതിപാദ്യവിഷയങ്ങൾ.

ഡെക്കറേറ്റീവ് ഗാലറിയിൽ നാണയങ്ങളുടെ പ്രദർശനവുമുണ്ട്. ഗുപ്തൻമാരുടെയും മുഗളൻമാരുടെയും ഇൻഡോ-ബ്രിട്ടീഷ് കാലഘട്ടത്തിലെയും നാണയങ്ങൾ ഇവിടെ സന്ദർശകർക്ക് ദർശിക്കാം. ഗുപ്തകാലത്തെ സ്വർണ്ണനാണയങ്ങളാണ് ഏറെ നയനാനന്ദകരം.

മൊത്തത്തിൽ, നാഷ്ണൽ മ്യൂസിയം ഇന്ത്യൻ സ്വർണ്ണാഭരണങ്ങളുടെ പരിണാമത്തെ സാക്ഷ്യപ്പെടുത്തുന്നു. വിശ്രുതമായ ‘അലങ്കാര’യും മറ്റു ഗാലറികളും നാഷ്ണൽ മ്യൂസിയത്തെ തലസ്ഥാനനഗരിയായ ന്യൂഡൽഹിയിലെ ഒഴിച്ചുകൂടാനാവാത്ത ഒരു സന്ദർശനകേന്ദ്രമാക്കി മാറ്റുന്നു.