Published: 27 Sep 2017

സമ്പദ്ഘടനയിൽ സ്വർണ്ണത്തിന്റെ പങ്ക്: ഒരു പുനർവിചിന്തനം

ആധുനിക സാമ്പത്തികശാസ്ത്രജ്ഞരിലേറെയും സ്വർണ്ണത്തെ വെറുമൊരു ഉല്പന്നം മാത്രമായാണ് കാണുന്നത്. പ്രത്യേകിച്ച്, പേപ്പർ പണം കണ്ടുപിടിച്ചതിനും ശേഷവും പിന്നീട് സാങ്കേതികവിദ്യകളിലുണ്ടായ പുരോഗതി പണത്തെ ഒരു കമ്പ്യൂട്ടർ ക്ലിക്കിലൊതുക്കിയപ്പോഴും (ഓൺലൈൻ പണിമിടപാടും ഓൺലൈൻ ബാങ്കിംഗും).

1991ൽ ഇന്ത്യാ ഗവൺമെന്റിന്റെ കൈവശം കുറച്ചാഴ്ച്ചത്തെ ഇറക്കുമതിക്ക് മാത്രമുള്ള വിദേശനാണ്യ കരുതൽ അവശേഷിച്ചപ്പോൾ, സമ്പദ്ഘടന മുന്നോട്ടു പോകാൻ അത്യന്താപേക്ഷിതമായ എണ്ണ ഇറക്കുമതി പ്രതിസന്ധിയിലായപ്പോൾ, നമുക്ക് നമ്മുടെ സ്വർണ്ണശേഖരത്തെ ആശ്രയിക്കേണ്ടി വന്നു. അതിലൊരു ഭാഗം പണയം വെച്ചാണ് രാജ്യത്തിന്റെ പണമടയ്ക്കാനുള്ള ശേഷിയെക്കുറിച്ചുള്ള ആഗോള ബാങ്കർമാരുടെ വിശ്വാസം വിണ്ടെടുത്തത്.

യുദ്ധങ്ങളും വലിയ സാമൂഹ്യപരിവർത്തനങ്ങളും സംഭവിക്കുമ്പോൾ, സാമ്രാജ്യങ്ങളും സർക്കാരുകളും മാറുമ്പോൾ, വലിയ സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടാവുമ്പോൾ, സ്വർണ്ണത്തിനു മാത്രമേ അതിന്റെ മൂല്യം നിലനിർത്താൻ സാധിച്ചിട്ടുള്ളു എന്ന് ചരിത്രം നിരവധി തവണ തെളിയിച്ചിട്ടുണ്ട്. അതെ, ഔദ്യോഗികമായി സ്വർണ്ണത്തിന് വ്യാവസായിക മൂല്യം മാത്രമേ കല്പിച്ചിട്ടുള്ളു എന്നത് സത്യമാണ്. എന്നാൽ സ്വർണ്ണം ലോകത്തിലെ ഏറ്റവും പുരാതനവും ഏറ്റവും ആദരിക്കപ്പെടുന്നതുമായ നാണയവ്യവസ്ഥയാണ്. രാജ്യങ്ങളുടെ പേപ്പർ പണത്തിന് മൂല്യം നഷ്ടപ്പെടുമ്പോൾ ബഹുമാനിക്കപ്പെടുന്ന ഏക വസ്തുവും അതാണ്.

ഇന്ത്യയിൽ കുടുംബങ്ങളും വ്യക്തികളും കൈവശം വെച്ചിരിക്കുന്ന സ്വകാര്യ സ്വർണ്ണത്തിന്റെ അളവ് ഇന്നുവരെ ഖനനം ചെയ്യപ്പെട്ടിട്ടുള്ളതിന്റെ പത്തു ശതമാനത്തിലേറെ വരുമെന്നാണ് പഠനങ്ങളും വിലയിരുത്തലുകളും പറയുന്നത്. ആഭരണങ്ങളും നാണയങ്ങളും കട്ടകളുമായി ഇത് ഏതാണ്ട് 24,000 മെട്രിക് ടൺ വരുമെന്നാണ് കണക്കാക്കുന്നത്. ഇന്ത്യാ ഗവൺമെന്റ് പലതവണ ഈ സ്വകാര്യശേഖരത്തിന്റെ കുറച്ചുഭാഗമെങ്കിലും നാണ്യമാക്കാൻ ശ്രമിച്ചിണ്ടെങ്കിലും അത് വേണ്ടത്ര വിജയിച്ചിട്ടില്ല.

സ്വർണ്ണമായി സൂക്ഷിച്ചിട്ടുള്ള സാമ്പാദ്യങ്ങളെ നിക്ഷേപമൂലധമായി പരിവർത്തനപ്പെടുത്തുന്നത് ഇന്ത്യയുടെ വളർച്ചയ്ക്ക് വലിയ മുതൽക്കൂട്ടാവുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. പരിശോധനകളെ മറികടക്കുന്ന സ്വർണ്ണ ഇറക്കുമതിയെക്കുറിച്ചും, രാജ്യത്തിന്റെ കറന്റ് അക്കൗണ്ടിനെയും വ്യാപാരശിഷ്ടത്തെയും കുറിച്ചും, അവയുണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ചും ഇന്ത്യയിലെ ഭരണാധികാരികൾ വേവലാതിപ്പെടുന്നു; പ്രത്യേകിച്ച് ഈ ആഗോള സാമ്പത്തിക ദുഷ്കരാവസ്ഥകളിൽ. എന്നിരുന്നാലും, സ്വർണ്ണത്തെ വെറുമൊരു ഉല്പന്നം മാത്രമായി കാണുന്നത് ഒന്നിനും പരിഹാരമല്ല.

എന്തൊക്കെയായാലും, പാശ്ചാത്യലോകത്തും പൗരസ്ത്യദേശത്തും സ്വർണ്ണത്തോടുള്ള നിലപാടുകളിൽ വ്യത്യാസമുണ്ട്. സ്വർണ്ണത്തെ പണമായി പരാമർശിക്കുമ്പോൾ ആളുകൾക്ക് അവിശ്വാസവും പുച്ഛവുമാണ്; പ്രത്യേകിച്ച് യുണൈറ്റഡ് സ്റ്റേസിൽ. എന്നാലിവിടെ, കിഴക്കൻ ദേശങ്ങളിൽ, രാജ്യങ്ങളും വ്യക്തികളും സ്വർണ്ണത്തെ സമ്പാദ്യമായി സ്വരൂപിച്ചു വയ്ക്കുന്നു. ഇന്ത്യയെ പോലുള്ള രാജ്യങ്ങൾ സ്വർണ്ണത്തെ ആദരിക്കുക കൂടി ചെയ്യുന്നു.

ജനങ്ങളുടെ സാമ്പത്തിക പെരുമാറ്റത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞർ ചില മുൻവിധികളെയും സാമ്പത്തിക വ്യവഹാരങ്ങളിലുള്ള അവയുടെ സ്വാധീനത്തെയും തിരിച്ചറിയുന്നുണ്ട്. അങ്ങനെയൊരു മുൻവിധിയാണ് സുരക്ഷാമൂല്യത്തെ സംബന്ധിച്ചുള്ളത്. അത് സ്വർണ്ണത്തിന് മാത്രം അവകാശപ്പെട്ടതാണ്. ഈ മഞ്ഞലോഹം കഷ്ടകാലങ്ങളിൽ പരമോന്നത സുരക്ഷ നൽകുമെന്നതാണ് ആ പക്ഷപാതം. ഇത് അനിശ്ചിതത്വത്തെ സംബന്ധിച്ചുള്ള നിക്ഷേപകരുടെ തീർപ്പുകൽപ്പിക്കലിനെ സ്വാധീനിക്കുന്നു.

സാമ്പത്തികശാസ്ത്രവും സംസ്കാരവും പാരമ്പര്യവുമായി കൂടിക്കുഴഞ്ഞു കിടക്കുന്ന ഇന്ത്യക്കാരുടെ സ്വർണ്ണത്തോടുള്ള സങ്കീർണ്ണ ബന്ധവും അത് അവരുടെ പെരുമാറ്റത്തെ സ്വാധീനിക്കുന്ന വിധവും കണക്കിലെടുക്കുമ്പോൾ ഒരുപക്ഷേ നമ്മുടെ സമ്പദ്ഘടനയിൽ സ്വർണ്ണത്തിന് നിർവ്വഹിക്കാൻ കഴിയുന്നതെന്തൊക്കെ എന്ന് പുനരാലോചിക്കുന്നതിൽ സാംഗത്യമുണ്ട്.