Published: 08 Sep 2017

ദക്ഷിണേന്ത്യയിൽ സ്വർണ്ണത്തിന്റെ പ്രാധാന്യം

ഇന്ത്യയ്ക്ക് സ്വർണ്ണത്തിനോടുള്ള പ്രണയം രഹസ്യമായൊരു സംഗതിയല്ല. എന്നാൽ, ഈ ലേഖനത്തിൽ നമ്മൾ ആരായുന്നത് ദക്ഷിണേന്ത്യയും സ്വർണ്ണവും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ്.

റോമൻ സാ‌മ്രാജ്യക്കാലത്ത്, കൊച്ചിയിൽ നിന്ന് വിവിധയിനം സുഗന്ധദ്രവ്യങ്ങൾ വാങ്ങുന്നതിന് കറൻസിയായി ഉപയോഗിച്ചിരുന്നത് സ്വർണ്ണമാണെന്ന് അറിയാമോ?

പുരാതന കാലം മുതൽ തന്നെ, എല്ലാ ദക്ഷിണേന്ത്യൻ സംസ്കാരങ്ങളിലും സ്വർണ്ണം ഗണ്യമായൊരു പങ്ക് വഹിച്ചിട്ടുണ്ട്, ഈ സംസ്കാരങ്ങളുടെ പാരമ്പര്യങ്ങളിലേക്ക് പ്രതാപം ചേർത്തിട്ടുമുണ്ട്.


സ്വർണ്ണവും ഉത്സവങ്ങളും

കേരളത്തിന്റെ പുതുവർഷാരംഭമായ വിഷുവിന് സ്വർണ്ണമെന്ന ലോഹവും അതിന്റെ നിറവും അത്യന്താപേക്ഷിതമാണ്. വിഷുക്കണി കണ്ടാണ് മലയാളികൾ അന്ന് ഉണരുക. സ്വർണ്ണവും പൂക്കളും പഴങ്ങളും ധാന്യങ്ങളും മറ്റും ഒരു താലത്തിൽ വച്ചാണ് വിഷുക്കണി ഒരുക്കുന്നത്. പുതുവർഷപ്പുലരിയിൽ വിഷുക്കണി കണ്ടുണർന്നാൽ, ആ വർഷം മുഴുവൻ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും കളിയാടുമെന്ന് വിശ്വസിക്കപ്പെടുന്നു.

തമിഴ്‌നാട്ടിൽ വലിയ ആവേശത്തോടെയാണ് ‘അക്ഷയ തൃതീയ’ ആഘോഷിക്കപ്പെടുന്നത്. വർഷത്തിൽ സ്വർണ്ണം വാങ്ങുന്നതിന് വളരെ ശുഭകരമായൊരു ദിവസമായാണ് ആളുകൾ അക്ഷയ തൃതീയയെ കാണുന്നത്, വിവാഹങ്ങളും മറ്റ് പ്രധാനപ്പെട്ട പരിപാടികളും അക്ഷയ തൃതീയ ദിനത്തിൽ നടത്തുന്നു. അക്ഷയ തൃതീയ ദിനത്തിൽ സ്വർണ്ണം വാങ്ങിയാൽ, ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ഉണ്ടാകുമെന്ന് ആളുകൾ വിശ്വസിക്കുന്നു. അതിനാൽ, ഈ ദിവസം ആളുകൾ സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നു, പ്രിയപ്പെട്ടവർക്ക് അത് സമ്മാനമായി നൽകുന്നു, ആവശ്യക്കാർക്ക് സംഭാവനയായും നൽകുന്നു.

ബന്ധപ്പെട്ടവ: സമ്മാനമായി സ്വർണ്ണം നൽകാൻ ഉത്തമമായ 8 അവസരങ്ങൾ


സ്വർണ്ണവും വിവാഹങ്ങളും

24 ജനുവരി 2017-ന് വേൾഡ് ഗോൾഡ് കൗൺസിൽ പുറത്തുവിട്ട 'ഇന്ത്യ ഗോൾഡ് റിപ്പോർട്ട്' പ്രകാരം, വിവാഹ ദിവസം ഒരു മലയാളി വധു ഏതാണ്ട് 320 ഗ്രാം സ്വർണ്ണം അണിയുന്നുണ്ടെന്ന് പറയുന്നു. തമിഴ്‌നാട്ടിൽ നിന്നും ആന്ധ്രാപ്രദേശിൽ നിന്നുമുള്ള ഒരു വധുവാകട്ടെ, വിവാവ ദിവസം ശരാശരി 300 ഗ്രാം സ്വർണ്ണാഭരണം അണിയുന്നു.

ദക്ഷിണേന്ത്യൻ വധു, വിവാഹ ദിവസം, അടി മുതൽ മുടി വരെ സ്വർണ്ണാഭരണങ്ങൾ അണിയുന്നു. മാതാപിതാക്കൾ മകൾക്ക് - വധുവിന് - വിവാഹ ദിവസത്തിൽ ഗണ്യമായൊരു അളവ് സ്വർണ്ണം സമ്മാനിക്കുന്നു. പുതിയ വീട്ടിൽ തങ്ങളുടെ ഭാവി ജീവിതം ശോഭനമാക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്.

ദക്ഷിണേന്ത്യയിൽ വധുവിനെ അണിയിച്ചൊരുക്കുന്നതിന് ഉപയോഗിക്കുന്ന ജനപ്രിയ വസ്ത്രം, സങ്കീർണ്ണമായ സ്വർണ്ണ എംബ്രോയിഡറികളുള്ള കസവ് സാരികളാണ് . വിവാഹ ദിവസം വധു സ്വർണ്ണത്തിൽ തിളങ്ങുന്നു, ആടയാഭരണങ്ങളാൽ വധുവിനെ കാണുമ്പോൾ ദിവ്യത്വം അനുഭവപ്പെടും.

കേരളത്തിൽ വിവാഹവുമായി ബന്ധപ്പെട്ട് മറ്റൊരു ആചാരവുമുണ്ട്. വരന്റെ കുടുംബം വധുവിന് ഒരു സാരി സമ്മാനിക്കുന്നു. സ്വർണ്ണത്തിൽ എംബ്രോയിഡറി വർക്കുകൾ ചെയ്തിട്ടുള്ള ഈ സാരിയെ വിളിക്കുന്ന പേര് 'മന്ത്രകോടി' എന്നാണ്. ഈ സാരിയിൽ നിന്ന് ഇഴകൾ പിരിച്ചെടുത്താണ് വധുവിന്റെ കഴുത്തിൽ അണിയുന്നതിനുള്ള 'മംഗളസൂത്രം' ഉണ്ടാക്കുന്നത്.

തമിഴ്നാട്ടിൽ മംഗളസൂത്രം അറിയപ്പെടുന്നത് 'താലി' എന്ന പേരിലാണ്, ഇതിന് 4 മുതൽ 8 ഗ്രാം വരെ തൂക്കമുണ്ടായിരിക്കും. സ്വർണ്ണമാലയിലാണ് താലി കൊരുക്കുന്നത്, പലരും താലിയ്ക്കൊപ്പം പലതും കൂട്ടിച്ചേർത്ത് വൈവിധ്യമുണ്ടാക്കാറുണ്ട്. ചിലർ താലിക്കൊപ്പം സ്വർണ്ണ നാണയം കൊരുത്തിടുന്നു, ചിലരാകട്ടെ സ്വർണ്ണ ഗോളകവും (ഗോൾഡ് റൗണ്ടൽ) ബൊട്ടും ചേർക്കുന്നു.

താലിയിൽ കൊത്തിയിട്ടുള്ള ഓരോ മോട്ടീഫും വ്യത്യസ്തമായ എന്തോ ഒന്നിനെ പ്രതിനിധീകരിക്കുന്നു. സ്വർണ്ണത്താലിയിൽ കൊത്തിയിട്ടുള്ള ശിവലിംഗം പ്രതിനിധീകരിക്കുന്നത് ഫലഭൂയിഷ്ഠതയെയാണ്, തുളസി രൂപം സൂചിപ്പിക്കുന്നത് പരിശുദ്ധിയെയാണ്.

ആന്ധ്രാപ്രദേശിൽ മംഗളസൂത്രം നിർമ്മിക്കുന്നത് സ്വർണ്ണത്തിന്റെ രണ്ട് നാണയങ്ങൾ കൊണ്ടാണ്. ആന്ധ്രാപ്രദേശിൽ മംഗളസൂത്രത്തെ പറയുന്നത് 'പുസ്തെലു' എന്നാണ്. പാരമ്പര്യം അനുസരിച്ച്, ഇതിലൊരു നാണയം വരന്റെ കുടുംബം നൽകുന്നതാണ്, മറ്റൊരെണ്ണം വധുവിന്റെ കുടുംബത്തിന്റേതാണ്, മണികൾ ഉപയോഗിച്ച് ഇവ വിഭജിച്ചിരിക്കും.


സ്വർണ്ണവും ചടങ്ങുകളും

ദക്ഷിണേന്ത്യൻ പാരമ്പര്യം അനുസരിച്ചുള്ള ഒരു ചടങ്ങാണ് അന്നപ്രശാൻ. ഈ ചടങ്ങിൽ വച്ച് ബന്ധുക്കളും സുഹൃത്തുക്കളും ആതിഥേയർക്ക് സ്വർണ്ണ നാണയങ്ങളും സ്വർണ്ണം കൊണ്ടുള്ള മറ്റിനങ്ങളും സമ്മാനിക്കുന്നു. കുഞ്ഞ് ആദ്യമായി ഖര ഭക്ഷണം കഴിക്കുന്ന ചടങ്ങാണ് ഈ അന്നപ്രശാൻ അല്ലെങ്കിൽ ചോറൂണ്. ഈ ചടങ്ങിന്റെ വേളയിൽ, കുഞ്ഞിന്റെ പിതാവ്, ഓരോ ഭക്ഷണ ഇനത്തിലും ഒരു സ്വർണ്ണ മോതിരം മുക്കുന്നു. തുടർന്ന് ഈ സ്വർണ്ണ മോതിരം കുഞ്ഞിന്റെ നാവിൽ തൊടുന്നു.


സ്വർണ്ണവും ആഭരണങ്ങളും

ഇന്ത്യയിലെ വലിയ നിരവധി ജ്വല്ലറി റീട്ടെയിലർമാരും കേരളത്തിൽ നിന്നുള്ള സ്ഥാപനങ്ങളാണ്. ആവശ്യത്തിന് സ്വർണ്ണം കയ്യിലുള്ളതിനാൽ, വർദ്ധിച്ചുവരുന്ന സ്വർണ്ണ ഡിമാൻഡ് നിറവേറ്റാൻ ഈ സ്ഥാപനങ്ങൾക്ക് കഴിയുന്നു. കേരളത്തിന്റെ സ്വർണ്ണ ഡിമാൻഡ് വളരെ വലുതാണ്. അതിനാലാണ് മധ്യ കേരളത്തിലെ കൊച്ചിയിൽ ഒരു ഗോൾഡ് സൂക്ക് ഗ്രാൻഡെ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ദുബായിലെ പ്രശസ്തമായ ഗോൾഡ് സൂക്കുകൾക്ക് സമാനമായിരിക്കും ഇത്!

അടുത്ത തവണ നിങ്ങളൊരു സ്വർണ്ണാഭരണം കയ്യിലെടുക്കുമ്പോൾ, നമുക്കും സ്വർണ്ണത്തിനും ഇടയിലുള്ള നീണ്ട ബന്ധത്തെ കുറിച്ചൊന്ന് ഓർക്കുക; എല്ലാ അതിർത്തികളെയും അതിലംഘിക്കുന്ന ബന്ധമാണ് നമുക്കും സ്വർണ്ണത്തിനും ഉള്ളത്.

ഇന്ത്യയിൽ, സ്വർണ്ണ മാർക്കറ്റുകൾക്ക് ഏറെ പ്രശസ്തമായ രണ്ട് സംസ്ഥാനങ്ങളാണ് കേരളവും തമിഴ്‌നാടും. ഈ രണ്ട് സംസ്ഥാനങ്ങളാണ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ്ണ വിപണികൾ എന്ന് വിശ്വസിക്കപ്പെടുന്നു. സ്വർണ്ണത്തിന്റെ വിപണി ഓഹരിയിൽ 40 ശതമാനം സംഭാവനയും വരുന്നത് ദക്ഷിണേന്ത്യയിൽ നിന്നാണ്. കിഴക്കേ ഇന്ത്യയും പടിഞ്ഞാറേ ഇന്ത്യയും ഒരുമിച്ചുചേർത്താൽ ഇതേ വിപണി ഓഹരി അനുപാതത്തിലുള്ള സംഭാവനയേ ലഭിക്കൂ.

Sources:

Source1, Source2, Source3, Source4, Source5, Source6, Source7, Source8, Source9, Source10, Source11, Source12, Source13, Source14