Published: 20 Feb 2018

ശിവന്റെ ത്രിപുര വിമാനം – സാങ്കേതികത്തികവാർന്ന പുരാതന പറക്കുംയന്ത്രം

Lord Shiva’s Tripura Viman

നമ്മുടെ പുരാതന കാലത്ത് ആകാശയുദ്ധങ്ങളും പടയോട്ടങ്ങളും സർവ്വസാധാരണമായിരുന്നു എന്ന് നിങ്ങൾക്കറിയില്ലേ? ഫ്ലാഷ് ഗോർഡനും ബക്ക് റോജേഴ്സും സ്റ്റാർ ട്രെക്കും ഒന്നുമല്ലെന്ന് നമ്മുടെ പുരാണങ്ങൾ വായിച്ചാൽ ആർക്കും തോന്നിപോകും! അപ്പോൾ, ശരിക്കും ആകാശക്കപ്പലുക അക്കാലത്ത് നിലനിന്നിരുന്നുവോ? അവ കാണാൻ എങ്ങനെയായിരുന്നു? മഹാഭാരതത്തിൽ വിമാനത്തെക്കുറിച്ച് പറയുന്നുണ്ട്: ചിറകുകളുള്ള, വശങ്ങളിൽ ഇരുമ്പു ഘടിപ്പിടിച്ച ഒരു വ്യോമരഥമെന്ന്. മായൻ എന്ന അസുരൻ 12 മുഴം വ്യാസമുള്ള ഒരു പറക്കുംതളികയിൽ പായുന്നതായി പറയുന്നുണ്ട്. രാമായണത്തിൽ വിമാനത്തെ വിവരിക്കുന്നത് രണ്ടുനിലകളിൽ ഗോപുരങ്ങളും വാതിലുകളുമുള്ള, വൃത്താകൃതിയിലുള്ള വ്യോമയാനമെന്നമാണ്. അസുരരാജാവായ രാവണൻ ആകാശത്തിലെ തിളങ്ങുന്ന മേഘം എന്നുതോന്നിക്കുന്ന വ്യോമരഥത്തിൽ സഞ്ചരിക്കുന്നതിനെക്കുറിച്ചും പറയുന്നുണ്ട്.

ബി.സി. നാലാം നൂറ്റാണ്ടിൽ എഴുതപ്പെട്ട മഹർഷി ഭരദ്വാജിന്റെ വൈമാനിക ശാസ്ത്രം എന്ന രചന 1875 ൽ ഒരു ഇന്ത്യൻ ക്ഷേത്രത്തിൽ നിന്ന് കണ്ടെടുക്കുകയുണ്ടായി. വിമാനങ്ങൾ എങ്ങനെ പ്രവർത്തിപ്പിക്കണം, നീണ്ട പറക്കിലാനായി എടുക്കേണ്ട മുൻകരുതലുകൾ, അവയെ സംരക്ഷിക്കേണ്ട രീതികൾ തുടങ്ങിയവ വിശദമായി പ്രതിപാദിക്കുന്ന ഒരു സഹായഗ്രന്ഥമാണത്. ആകാശത്തിലൂടെ ആളുകളെ വഹിച്ചുകൊണ്ടുപോകുവാൻ ശേഷിയുള്ള സുവർണ്ണ യന്ത്രപ്പക്ഷികളെക്കുറിച്ച് ഋഗ്വേദത്തിലും പറയുന്നുണ്ട്. ഭഗവാൻ ശിവനുവേണ്ടി നിർമ്മിക്കപ്പെട്ടതെന്ന് കരുതുന്ന, കാറ്റിനോളം വേഗത്തിൽ സഞ്ചരിക്കുന്ന ത്രിപുര വിമാനം അഥവാ ത്രിപുരജിത് വിമാനം എന്ന് വിളിക്കുന്ന ആകാശക്കപ്പലിനെക്കുറിച്ച് വൈമാനിക ശാസ്ത്രത്തിൽ പറയുന്നുണ്ട്. സുര്യരശ്മികളിൽ നിന്ന് ഭവിക്കുന്ന ഊർജ്ജത്താൽ പ്രവർത്തിക്കുന്ന, മൂന്നുനിലകളുള്ള വലിയ പറക്കും വാഹനമാണെന്നാണ് ഇതിനെ വിവരിക്കുന്നത്. ആധുനികവിമാനങ്ങളെപ്പോലെ നീളത്തിലുള്ള ഒരു രുപമായിരുന്നു അതിന്.

അതിന് മൂന്ന് ആവരണങ്ങൾ അഥവാ തട്ടുകൾ ഉണ്ടായിരുന്നു. ഒരോ ആവരണത്തെയും ‘പുര’ എന്ന് വിളിക്കപ്പെട്ടു. ആ മൂന്ന് ആവരണങ്ങൾ കാരണമാണ് അതിനെ ത്രിപുര വിമാനം എന്നു വിളിച്ചത്. മൂന്ന് ആവരണങ്ങളിൽ ഓരോന്നും അതിനെ കടലിലും കരയിലും ആകാശത്തും സഞ്ചരിക്കാൻ യഥാക്രമം പര്യാപ്തമാക്കുന്നതായിരുന്നു. മൂന്നായി വിഭജിക്കാൻ കഴിയുന്ന ആ വിമാനം ത്രിനേത്ര എന്ന ലോഹം കൊണ്ടാണ് നിർമ്മിച്ചിരുന്നത്. വൈമാനിക ശാസ്ത്രത്തിൽ പറയുന്നത്, 100 അടി വീതിയും മൂന്നടി കനവുമുള്ള വൃത്താകൃതിയിലോ ചതുരാകൃതിയിലോ ഉളളതാണ് ഒന്നാം ഭാഗമെന്നാണ്. ഒപ്പമുള്ള 80 അടി നീളത്തിലും 3 അടി വീതിയിലും 5 അടി ഉയരത്തിലുമുള്ള ബോട്ടിന്റെ രൂപത്തിലുള്ള ഉപകരണം അതിനെ ജലത്തിൽ സഞ്ചരിക്കാൻ സഹായിക്കുന്നു. എന്നാൽ, കരയിൽ സഞ്ചരിക്കാനായി വിമാനത്തിന് ചക്രങ്ങൾ പുറത്തെടുക്കാൻ അനുവദിക്കുന്ന ഒരു ഘടനയുമുണ്ടായിരുന്നു. 80 അടി വീതിയും 3 അടി കനവുമായി വിമാനത്തിന്റെ രണ്ടാം തട്ട് ഒന്നാം ഭാഗത്തേക്കാൾ ചെറുതായിരുന്നു. ഇത്രയും ഉയർന്ന സാങ്കേതികവിദ്യകളുള്ള ഈ വിമാനത്തിൽ സൂര്യതപോപസംഹാര യന്ത്രം അഥവാ സൂര്യനിൽ നിന്ന് സംരക്ഷണം നൽകുന്ന ഉപകരണവും ഉണ്ടായിരുന്നു. സൂര്യരശ്മികളിൽ അടങ്ങിയിട്ടുള്ള ഇരുളിന്റെ അംശത്തെ വലിച്ചെടുത്ത് ശത്രുക്കളിൽ നിന്ന് സ്വയം മറഞ്ഞുനിൽക്കാനുള്ള ഗൂദ എന്ന ഗൂഢതന്ത്രവും ഈ വിമാനത്തിനുണ്ടായിരുന്നെത്രെ!

അപ്പോൾ നാം ഈ പുരാണ ഗ്രന്ഥങ്ങളെ വിശ്വസിക്കണോ? പരമ്പാഗത ചരിത്രകാരന്മാരും പുരാവസ്തുഗവേഷകരും ഇത്തരം രചനകളെ ചത്തുമരവിച്ച കുറച്ച് പുരാതന എഴുത്തുകാരുടെ കാടുകയറിയ ഭാവനയായി തമസ്ക്കരിക്കുന്നു. ആ വ്യോമയാനങ്ങൾ ശരിയ്ക്കും ഉണ്ടായിരുന്നെങ്കിൽ അവയിന്നെവിടെ? ഒരുപക്ഷേ, ലോകത്ത് പല ഭാഗത്തും കണ്ടെത്തപ്പെടുന്നു എന്നവകാശപ്പെടുന്ന UFO എന്ന പേരിലുള്ള തിരിച്ചറിയപ്പെടാത്ത പറക്കുംപേടകങ്ങൾ ഇവയായിരിക്കാം!