Published: 09 Feb 2018

ഇന്ത്യയെ സ്വർണ്ണം രക്ഷിച്ച കഥ

ഇന്ത്യയുടെ സാമ്പത്തിക ചരിത്രം പരിശോധിക്കുമ്പോൾ, 1991-ന് പ്രധാനപ്പെട്ടൊരു സ്ഥാനമാണുള്ളത്, കാരണം പതിറ്റാണ്ടുകളായി പിന്തുടർന്ന് വന്ന സാമ്പത്തിക നയങ്ങൾ മാറ്റിമറിച്ചുകൊണ്ട് ഒരു സുസ്ഥിര സാമ്പത്തിക ശക്തിയാകാൻ ഇന്ത്യ ശ്രമങ്ങൾ നടത്താൻ തുടങ്ങിയ വർഷമാണിത്. എന്നാൽ അതിന് തൊട്ട് മുമ്പത്തെ വർഷത്തിൽ, അതായത് 1990-ൽ സാമ്പത്തികമായും രാഷ്ട്രീയമായും ഇന്ത്യയ്ക്ക് പ്രതിസന്ധികൾ നേരിടേണ്ടി വന്നു. ഈ വർഷത്തിന്റെ അവസാനമാകുമ്പോഴേക്ക്, വല്ലാത്ത സാമ്പത്തിക പ്രതിസന്ധിയിൽ രാഷ്ട്രം പെട്ടു. അപ്പോഴാണ് സ്വർണ്ണം സഹായത്തിനെത്തിയത്.

1989-ൽ കോൺഗ്രസ്സ് സർക്കാരിനെ തോൽപ്പിച്ചുകൊണ്ട് പുതിയ സർക്കാർ അധികാരത്തിൽ വന്നു. രാഷ്ട്രീയ അസ്ഥിരതയായിരുന്നു പിന്നീട് കണ്ടത്. നാഷണൽ ഫ്രണ്ട് സർക്കാരായിരുന്നു അപ്പോൾ ഇന്ത്യ ഭരിച്ചിരുന്നത്. പ്രധാനമന്ത്രിയാകട്ടെ വിപി സിംഗും. ഉയർന്ന ഇറക്കുമതിയും തീരെക്കുറഞ്ഞ കയറ്റുമതിയും കാരണം 1990 സെപ്‌തംബർ മാസത്തിൽ പ്രതിസന്ധി രൂപക്ഷമായി.

അന്തർദ്ദേശീയ തലത്തിൽ വലിയ തുകയാണ് ഇന്ത്യ നൽകാനുണ്ടായിരുന്നത്. ഇത് കൊടുത്തുതീർക്കാൻ ഇന്ത്യ ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിനെ (IMF) സമീപിക്കുകയും $550 മില്യൺ കടം വാങ്ങുകയും ചെയ്തു. എന്നാൽ ഇത്രയും ഭീമമായ തുക കടം വന്നതിന്റെ കാരണങ്ങൾ തിരുത്തുന്നതിനുള്ള നടപടികളൊന്നും കൈക്കൊണ്ടിരുന്നില്ല. എന്നാൽ, പിന്നീട് സ്ഥിതിഗതികൾ വീണ്ടും മോശമായി. നാഷണൽ ഫ്രണ്ട് സർക്കാർ വീണു. 1990 നവംബറിൽ കോൺഗ്രസ് പിന്തുണയോടെ ചന്ദ്രശേഖർ സർക്കാർ രൂപീകരിച്ചു.

1991 ജനുവരിയിൽ, ഇന്നത്തെ ധനമന്ത്രിയായിരുന്ന യശ്വന്ത് സിൻഹ വീണ്ടും ഐഎംഎഫിനെ സമീപിക്കുകയും രണ്ട് വായ്പകൾക്ക് അനുമതി വാങ്ങുകയും ചെയ്തു. $775 മില്യൺറ്റേതായിരുന്നു ഒരു വായ്പ. അടിയന്തിര ഘട്ടങ്ങളിൽ സഹായിക്കുന്നതിനുള്ള ഐഎംഎഫിന്റെ ഫണ്ടിൽ നിന്നാണ് അടുത്ത വായ്പയെടുത്തത്. $1.02 ബില്യന്റേതായിരുന്നു ഈ വായ്പ. 1991 ഫെബ്രുവരിയിൽ അവതരിപ്പിക്കാനിരിക്കുന്ന വാർഷിക ബജറ്റിൽ സാമ്പത്തിക പരിഷ്ക്കരണങ്ങൾക്ക് തുടക്കമിടും എന്ന ഉറപ്പാണ് വായ്പ നൽകുന്നതിന് ഐഎംഎഫ് വച്ച ഉപാധി.

ഫെബ്രുവരി പകുതിയോടെ ചന്ദ്രശേഖറിന് നൽകിയിരുന്ന പിന്തുണ കോൺഗ്രസ് പിൻവലിച്ചു, സർക്കാർ നിലം പൊത്തി ഫെബ്രുവരി 28-ന് മുഴുവൻ ബജറ്റ് അവതരിപ്പിക്കാൻ സർക്കാരിന് കഴിഞ്ഞതുമില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, തിരഞ്ഞെടുപ്പ് നടന്ന് പുതിയൊരു സർക്കാർ രൂപം കൊള്ളാൻ 1991 മെയ് മാസം വരെ കാത്തിരിക്കേണ്ടതുണ്ടായിരുന്നു. പുതിയ സർക്കാർ സത്യപ്രതിജ്ഞ എടുത്ത് കയറാൻ ജൂൺ മാസം വരെ കാത്തിക്കേണ്ടതുണ്ട് എന്നതിനാൽ സാമ്പത്തിക പ്രതിസന്ധി മൂർച്ഛിച്ചു.

1991 ഏപ്രിൽ മാസത്തിൽ, 'ഐഎംഎഫ്-ലോക ബാങ്ക് വസന്തകാല യോഗം' ചേർന്നു. ഇന്ത്യയുടെ സാമ്പത്തികകാര്യ സെക്രട്ടറി എസ്‌പി ശുക്ലയും ആർബിഐ ഗവർണർ എസ് വെങ്കടരമണനും യോഗത്തിൽ പങ്കെടുത്തു. യുഎസ്, ജപ്പാൻ, യുകെ, ഫ്രാൻസ്, നെതർലന്റ്സ് എന്നീ രാജ്യങ്ങൾ ചേർന്ന് രൂപം കൊടുത്ത 'എയ്ഡ് ഇന്ത്യൻ കോൺഫറൻസി'ൽ നിന്ന് ഒരു വായ്പയെടുക്കാൻ ഐഎംഎഫും ലോകബാങ്കും സഹായിക്കണമെന്ന് ഇന്ത്യ അഭ്യർത്ഥിച്ചു.

രാഷ്ട്രീയ കാരണങ്ങളാൽ, വാഗ്ദാനം ചെയ്തിരുന്ന സാമ്പത്തിക പരിഷ്ക്കാരങ്ങളൊന്നും ഇന്ത്യ കൊണ്ടുവന്നില്ല എന്നതിനാൽ ലോകരാഷ്ട്രങ്ങൾക്ക് ഇന്ത്യയോട് അസതുഷ്ടി ഉണ്ടായിരുന്നു. 'എയ്ഡ് ഇന്ത്യൻ കോൺഫറൻസ്' കൺസോർഷ്യം അംഗരാജ്യങ്ങളിൽ നിന്ന് $700 മില്യൺ വായ്പയാണ് ഇന്ത്യ അഭ്യർത്ഥിച്ചത്. അവസാനം ഇന്ത്യയുടെ അഭ്യർത്ഥനയ്ക്ക് പ്രതികരണമുണ്ടായി ജപ്പാൻ വായ്പയായി $150 മില്യൺ നൽകി, കൂടാതെ മറ്റൊരു $350 മില്യൺ നൽകാമെന്നും വാഗ്ദാനം ചെയ്തു. $400 മില്യണാണ് ജർമ്മനി അനുവദിച്ചത്. നെതർലന്റ്സ് ആകട്ടെ $30 മില്യൺ വായ്പയായി നൽകി.

ഇതിനാൽ, വിദേശ വിനിമയ കരുതൽ ശേഖരത്തെ $1 ബില്യണിന് മുകളിലാക്കി നിർത്താൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. എന്നാൽ ഇറക്കുമതി പാടെ കുറഞ്ഞതിനാൽ വ്യവസായ മേഖല തകരാൻ തുടങ്ങി. ഇന്ത്യൻ ബാങ്കുകൾ ഇഷ്യൂ ചെയ്യുന്ന ക്രെഡിറ്റ് ലെറ്ററുകൾ ആദരിക്കാൻ വിദേശ സപ്ലയർമാർ വിസമ്മതിച്ചു. ഇന്ത്യൻ ബാങ്കുകളിൽ നിന്നുള്ള ക്രെഡിറ്റ് ലെറ്ററുകൾക്കൊപ്പം അന്തർദ്ദേശീയ ബാങ്കുകളുടെ ഉറപ്പും വേണമെന്നായി. മെയ് ആരംഭത്തോടെ, ബാങ്ക് ക്രെഡിറ്റിൽ സർക്കാർ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി, ഇമ്പോർട്ട് ഫിനാൻസിന് മേൽ 25 ശതമാനത്തിന്റെ സർച്ചാർജാണ് സർക്കാർ ചുമത്തിയത്.

പ്രതിസന്ധി വീണ്ടും സങ്കീർണ്ണമായി. അന്തർദ്ദേശീയ തലത്തിൽ നൽകാനുള്ള പേയ്‌മെന്റുകൾ നൽകാൻ സർക്കാരിന് കഴിയാതെയായി. ഇന്ത്യ വീണ്ടും ഐഎംഎഫിനെ സമീപിച്ചു. 1991 മെയിൽ, $700 മില്യൺ വായ്പ ആവശ്യപ്പെട്ടു. ഐഎംഎഫിൽ നിന്നുള്ള വായ്പയില്ലാതെ കാര്യങ്ങൾ മുന്നോട്ട് പോകില്ലെന്നും എല്ലാ രാഷ്ട്രീയകക്ഷികളും അംഗീകരിച്ചു. രാജീവ് ഗാന്ധിയും എൽകെ അദ്വാനിയും വിപി സിംഗും ചന്ദ്രശേഖറും ഐഎംഎഫിൽ നിന്നുള്ള വായ്പയെടുക്കുന്നതിനെ അനുകൂലിച്ചു.

അപ്പോഴാണ് ആ ദുരന്തം സംഭവിച്ചത്. രാജീവ് ഗാന്ധി വധിക്കപ്പെട്ടു. തിരഞ്ഞെടുപ്പ് ആസന്നമായിരുന്ന സമയത്താണ്, മെയ് 21-ന്, ഈ ദുരന്തം സംഭവിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ നടക്കാനിരുന്ന റൗണ്ടുകൾ നീട്ടിവച്ചു. ജൂൺ അവസാനത്തോടെയേ പുതിയ സർക്കാർ രൂപീകൃതമാകൂ എന്ന് ഉറപ്പായി. ഇന്ത്യയെ സഹായിക്കാൻ സന്നദ്ധമാണെന്ന് ലോകബാങ്കും ഐഎംഎഫും നിരന്തരം പറഞ്ഞിരുന്നുവെങ്കിലും പുതിയ വായ്പയൊന്നും അവർ നൽകിയില്ല.

വിദേശ വിനിമയ കരുതൽ ശേഖരം $1 ബില്യണിലും താഴേക്ക് പോയി. അങ്ങനെ കാവൽ സർക്കാരായ ചന്ദ്രശേഖർ മന്ത്രിസഭ ധീരമായൊരു തീരുമാനമെടുത്തു. 20 ടൺ സ്വർണ്ണം വിറ്റ് $240 മില്യൺ സമാഹരിക്കുക. ആറ് മാസത്തിനുള്ളിൽ വിറ്റ സ്വർണ്ണം തിരികെ വാങ്ങുക മെയ് 30-ന് വിൽപ്പന നടന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അതീവ രഹസ്യമായാണ് ഈ വിൽപ്പനയ്ക്ക് ചുക്കാൻ പിടിച്ചത്. അങ്ങനെ, താൽക്കാലികമായിട്ടാണെങ്കിലും, രാഷ്ട്രത്തെ സ്വർണ്ണം സഹായിച്ചു.