Published: 18 May 2018

എന്തുകൊണ്ട് ക്രിപ്റ്റോകറൻസികൾക്ക് ഒരിക്കലും സ്വർണ്ണത്തിനു പകരം നിൽക്കാനാവില്ല?

Know why gold is a better investment than cryptocurrency

മാതൃകാപരമായ ഒരു നിക്ഷേപ പദ്ധതിയ്ക്കായുള്ള അന്വേഷണത്തിൽ നിങ്ങൾ ക്രിപ്റ്റോകറൻസികൾ എന്നു വിളിക്കപ്പെടുന്നവയെ പരിചയപ്പെടാൻ ഇടയായിട്ടുണ്ടാകാം. 2017ൽ ഏറ്റവും നന്നായി പ്രവർത്തിച്ച ഡിജിറ്റൽ ആസ്തികളിലൊന്നായ ക്രിപ്റ്റോകറൻസികൾ ലോകത്തിലെ വികേന്ദ്രീകത ഡിജിറ്റൽ കറൻസിയുടെ മുഖമായി പ്രതിഷ്ഠനേടികൊണ്ട് വാർത്തകളിൽ നിറഞ്ഞിരുന്നല്ലോ.

ക്രിപ്റ്റോകറൻസികളുടെ കഴിഞ്ഞ വർഷമുണ്ടായ ക്രമാതീതമായ വിലവർദ്ധന അവയെ സ്വർണ്ണവുമായി താരതമ്യം ചെയ്യാനും, ഒരുവേള ഒരു നിക്ഷേപ വസ്തു എന്ന നിലയിൽ സ്വർണ്ണത്തിനു പകരം നിൽക്കാനുമുള്ള സാധ്യതയെപ്പറ്റിയും സംവാദങ്ങൾ കൊഴുത്തു. സ്വർണ്ണത്തിന്റെയും ക്രിപ്റ്റോകറൻസികളുടെയും വിതരണരീതികൾ തമ്മിൽ സാമ്യമുണ്ടെന്നും ഇവ രണ്ടും സർക്കാർ പുറത്തുവിടുന്ന വിനിമയ യൂണിറ്റുകളെല്ലന്നും ചില സാമ്പത്തിക വ്യഖ്യാതാക്കൾ വാദിച്ചു. പക്ഷേ വിദഗ്ദ്ധരുടെ അഭിപ്രായം മറ്റൊന്നാണ്.

ക്രിപ്റ്റോകറൻസികൾ സ്വർണ്ണത്തെയപേക്ഷിച്ച് തികച്ചും വ്യത്യസ്തമായ നിക്ഷേപ പദ്ധതിയേയാണ് പ്രതിനിധാനം ചെയ്യുന്നത്. ഒന്നാമതായി, സ്വർണ്ണം ഒരു നിക്ഷേപ ആസ്തി എന്ന നിലയിൽ വളരെ കുറവ് അസ്ഥിരതയുള്ളതും വളരെയെളുപ്പം പണമായി മാറ്റാവുന്നതുമാണ്. ക്രിപ്റ്റോകറൻസികൾ ഇലക്ട്രോണിക് ഇടപാടുകളിൽ മാത്രം ഉപയോഗിക്കാനായി വികസിക്കപ്പെട്ടിട്ടുള്ളവയാണെങ്കിൽ, സ്വർണ്ണത്തിന്റെ ഉപയോഗവും ആവശ്യകതയും വളരെയേറെ വിഭിന്നമാണ്. മറ്റൊരു വ്യത്യാസം, സ്വർണ്ണം ഒരു മൂർത്തമായ വസ്തുവാണെന്നതാണ്. എന്നാൽ ക്രിപ്റ്റോകറൻസികൾക്ക് സാങ്കൽപ്പിക അസ്തിത്വമാണുള്ളത്. ഒരു നിയന്ത്രിതവും സുതാര്യവുമായ മാർക്കറ്റിൽ സ്വർണ്ണം വാങ്ങാനും വിൽക്കാനും സാധിക്കുമെന്നതിനാൽ അത് വാങ്ങുന്നവർക്ക് കൂടുതൽ ആത്മവിശ്വാസം ലഭിക്കുന്നു.

എന്തിനധികം പറയുന്നു, സ്വർണ്ണം വാങ്ങുന്നതും വിൽക്കുന്നതും പൂർണ്ണമായും അംഗീകൃതവും നിയന്ത്രിതവുമാണ്. ക്രിപ്റ്റോകറൻസികൾക്ക് ആഗോള വിനിമയ സ്ഥാപനങ്ങളുണ്ടെങ്കിലും അവ സാധാരണ സ്വയം നിയത്ന്രിതവും സർക്കാരുകളുടെ പിന്തുണയില്ലാത്തവയുമാണ്. കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലി തന്റെ 2018ലെ ബജറ്റ് പ്രസംഗത്തിൽ ക്രിപ്റ്റോകറൻസികളെ ഒരു നിയമാനുസൃത വിനിമയ സമ്പ്രദായമായി സർക്കാർ അംഗീകരിക്കുന്നില്ലെന്നും, ക്രമവിരുദ്ധ ഇടപാടുകളിൽ ക്രിപ്റ്റോ ആസ്തികളുടെ ഉപയോഗം ഒഴിവാക്കാൻ ആവശ്യമായ എല്ലാ നടപടികളും എടുക്കുമെന്നും പ്രസ്താവിച്ചു.

ക്രിപ്റ്റോകറൻസികൾക്കിടയിൽത്തന്നെയുള്ള കിടമത്സരമാണ് പരിഗണിക്കേണ്ട മറ്റൊരു ഘടകം. നിലവിൽ 1,400 ലേറെ ക്രിപ്റ്റോകറൻസികൾ ലഭ്യമാണ്. അവയിൽ ബിറ്റ്കൊയിൻ ആണ് ഏറ്റവും മുൻപന്തിയിലുള്ളത്. എന്നാൽ, പുതിയ സാങ്കേതികവിദ്യയ്ക്ക് ബിറ്റ്കൊയിനടക്കമുള്ള ഏതൊരു ക്രിപ്റ്റോകറൻസിയുടെയും മൂല്യത്തിനും വിതരണത്തിനുമേൽ വിനാശകരമായ ഫലങ്ങൾ ഉളവാക്കാൻ സാധിക്കും.

ചുരുക്കത്തിൽ, ക്രിപ്റ്റോകറൻസികൾ ആഗോള സാമ്പത്തിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നേക്കാമെങ്കിലും, സ്വർണ്ണം അതിന്റെ ബൃഹത്തായ ആന്തരിക ധനമൂല്യം കാത്തുസൂക്ഷിച്ചുകൊണ്ട് തുടർന്നും നിലനിൽക്കും. സ്വർണ്ണം വിലക്കയറ്റത്തെ ചെറുക്കുന്ന സംരക്ഷണവേലിയായി പ്രവർത്തിക്കുന്ന ഒരു സുപ്രധാന ആസ്തിയാണെന്നതും, സമ്പത്ത് സംരക്ഷിക്കുന്നതിന്റെയും മൂല്യ വർദ്ധനവിന്റെയും ഉത്കൃഷ്ടമാത്രകയാണെന്നതുമാണ് അതിനു കാരണം.

ക്രിപ്റ്റോകറൻസികളുടെ വളർച്ച 2017ലെ സ്വർണ്ണവിലയുടെ ഉയർച്ചത്താഴ്ച്ചകളെ ബാധിച്ചില്ലെന്നത് ഏറെ ഉറപ്പുതരുന്ന വസ്തുതയാണ്. അതിനർത്ഥം ക്രിപ്റ്റോകറൻസികളുടെ പ്രചാരം സ്വർണ്ണ വില്പനയ്ക്ക് യാതൊരു ഭംഗവും വരുത്തിയില്ലെന്നതാണ്. എങ്ങനെയാണ് സ്വർണ്ണവും ക്രിപ്റ്റോകറൻസികളും വ്യത്യസ്തമാകുന്നതെന്ന് കൃത്യമായി അറിയാൻ താഴെയുള്ള വീഡിയോ കാണുക: